Tuesday, September 28, 2010

മാറുന്ന ക്യൂബയും ഫിഡല്‍ കാസ്‌ട്രോയും

ദി അറ്റ്‌ലാന്‍ഡിക്' മാസികയുടെ ലേഖകന്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ് ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടിന്റെ പരിഭാഷ. അരനൂറ്റാണ്ട് പിന്നിടുന്ന ക്യൂബന്‍ കമ്യൂണിസ്റ്റ് മാതൃകയെ കാസ്‌ട്രോ തള്ളിപ്പറഞ്ഞത് ഈ അഭിമുഖ സംഭാഷണ വേളയിലാണ്.

ഹവാനയില്‍ എന്നെ കാത്തിരുന്നത് നിരവധി അസാധാരണ കാര്യങ്ങളായിരുന്നു. ഡോള്‍ഫിന്‍ പ്രദര്‍ശനമുള്‍പ്പെടെയുണ്ട് അവയില്‍. എങ്കിലും ഫിഡല്‍ കാസ്‌ട്രോയുടെ സ്വയവിമര്‍ശനമായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി എനിക്ക് തോന്നിയത്. കമ്മ്യൂണിസ്റ്റ് ഏകാധിപതികളുമായി എനിക്ക് ഏറെ പരിചയമില്ല. അതിലുമധികം കമ്മ്യൂണിസ്റ്റേതര ഏകാധിപതികളുമായാണ് ഞാന്‍ സംവദിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ക്യൂബന്‍ മിസൈല്‍ പ്രശ്‌നം കൈകാര്യം ചെയ്തത് തെറ്റായ രീതിയിലാണെന്ന് കാസ്‌ട്രോ സമ്മതിക്കാന്‍ തയ്യാറായപ്പോള്‍ ഞാനൊന്ന് അമ്പരന്നു. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു. ഞങ്ങള്‍ ആദ്യം കണ്ട ദിനത്തില്‍ ഉച്ചഭക്ഷണത്തിനിരിക്കുമ്പോഴായിരുന്നു കാസ്‌ട്രോയുടെ മറ്റൊരു കുമ്പസാരം. ചെറിയൊരു മേശയ്ക്കു ചുറ്റുമിരിക്കുകയായിരുന്നു ഞങ്ങള്‍. കാസ്‌ട്രോ, അദ്ദേഹത്തിന്റെ പത്‌നി ഡാലിയ, മകന്‍ അന്റോണിയോ, സര്‍ക്കാരിന്റെ വാര്‍ത്താമാധ്യമ വകുപ്പിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്‍ റാന്‍ഡി അലോന്‍സോ, എന്നോടൊപ്പം വന്ന പരിഭാഷകയും ലാറ്റിന്‍ അമേരിക്കന്‍ പണ്ഡിതയുമായ ജൂലിയ സ്വെയ്ഗ് എന്നിവരായിരുന്നു അപ്പോഴുണ്ടായിരുന്നത്.
 
കാസ്‌ട്രോ ഭക്ഷണം കഴിക്കുന്നതിലായിരുന്നു ഞാന്‍ ശ്രദ്ധയൂന്നിയത്. ഉദരരോഗങ്ങളായിരുന്നല്ലോ അദ്ദേഹത്തെ മരണവക്രത്തിലെത്തിച്ചത്. അതിനാല്‍ അദ്ദേഹം കഴിച്ച ഓരോ ഇനവും കൃത്യമായി ഞാന്‍ മനസില്‍ കുറിച്ചിട്ടു. കുറച്ചേ അദ്ദേഹം ഭക്ഷിച്ചുള്ളൂ-ഒരല്‍പ്പം മീന്‍, സാലഡ്, ഒലീവ് എണ്ണയില്‍ മുക്കിയ റൊട്ടി, പിന്നെ ഒരു ഗ്ലാസ് റെഡ് വൈന്‍. ഭക്ഷണത്തിനിടെ കൊച്ചുകാര്യങ്ങളായിരുന്നു ഞങ്ങള്‍ സംസാരിച്ചിരുന്നത്. നേരത്തെ ഇറാനെക്കുറിച്ചും ഗള്‍ഫ് മേഖലയെക്കുറിച്ചും മൂന്നുമണിക്കൂറോളം അദ്ദേഹം വര്‍ത്തമാനം പറഞ്ഞിരുന്നു. അതിനാല്‍ അത് പിന്നീട് വിഷയമാക്കിയില്ല. ''അന്യരാജ്യങ്ങള്‍ക്ക് ക്യൂബന്‍ മോഡല്‍ പിന്തുടരാനാവുമെന്ന് കരുതുന്നുണ്ടോ?'' - പെട്ടെന്ന് ഞാന്‍ ചോദിച്ചു
ഉടനെയായിരുന്നു ഉത്തരം -'' ഞങ്ങള്‍ക്കുപോലും ഒരിക്കലും പറ്റുന്നതല്ല അത്!''.
ഞാന്‍ നടുങ്ങിപ്പോയി. ക്യൂബന്‍ വിപ്ലവ നായകനാണോ ഇപ്പറയുന്നത്? അദ്ദേഹത്തിന്റെ വാചകങ്ങള്‍ പൂര്‍ണമായി വ്യാഖ്യാനിക്കാന്‍ ഞാന്‍ ജൂലിയയോട് പറഞ്ഞു.

വ്യാഖ്യാനം ഇങ്ങനെ: ''വിപ്ലവത്തിന്റെ ആശയങ്ങള്‍ അദ്ദേഹം നിരാകരിക്കുന്നില്ല. എന്നാല്‍ ക്യൂബന്‍ മോഡലില്‍ രാജ്യത്തിന്റെ സാമ്പത്തിക ജീവിതത്തില്‍ സര്‍ക്കാരിന് വലിയ പങ്ക് വഹിക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്.''
ജൂലിയ വീണ്ടും വിശദീകരിച്ചു: ''സഹോദരന്‍ കൂടിയായ നിലവിലുള്ള പ്രസിഡന്റ് റൗളിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിന് വേണ്ടി കളമൊരുക്കുകയാണ് കാസ്‌ട്രോ. യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് ആശയങ്ങളിലുണ്ടാക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് പാര്‍ട്ടിയിലും ഉദ്യോഗസ്ഥവൃന്ദത്തിലുമുണ്ടാകുന്ന എതിര്‍പ്പിനെ മറികടക്കാനുള്ള ഒരു തന്ത്രമാണിത്. രാജ്യത്തിന്റെ സമ്പദ് രംഗത്ത് പാര്‍ട്ടിക്കുള്ള സ്വാധീനം റൗള്‍ ഇപ്പോള്‍ത്തന്നെ അയച്ചുകൊണ്ടിരിക്കുകയാണ്.
 
ചെറുകിട ബിസിനസുകാര്‍ക്ക് പ്രവര്‍ത്തിക്കാമെന്നും വിദേശനിക്ഷേപകര്‍ക്ക് ക്യൂബയിലെ റിയല്‍ എസ്റ്റേറ്റില്‍ പ്രവേശിക്കാമെന്നും അദ്ദേഹം ഈയിടെ പ്രഖ്യാപിച്ചിരുന്നു. (ഈ പ്രഖ്യാപനത്തിലൊരു രസകരമായ വശം കൂടിയുണ്ട്. അമേരിക്കക്കാര്‍ക്ക് ക്യൂബയില്‍ നിക്ഷേപം നടത്താനാകില്ല എന്നതാണത്. ഇതുപക്ഷേ, ക്യൂബന്‍ നയംകൊണ്ടല്ല, അമേരിക്കന്‍ നയം മൂലമാണ്. യു എസ് സര്‍ക്കാരിന്റെ ഉപരോധനയങ്ങള്‍ നിമിത്തമാണ് ഈ സ്വതന്ത്ര വിപണി പരീക്ഷണത്തില്‍ പങ്കുകൊള്ളാന്‍ അമേരിക്കക്കാര്‍ക്ക് സാധിക്കാതാവുന്നത്. പിന്നീടിതില്‍ സര്‍ക്കാരിന് ഖേദിക്കേണ്ടിവരുമെന്നുറപ്പ്. കാരണം യൂറോപ്യന്മാരും ബ്രസീലിയന്മാരുമായി ചേര്‍ന്ന് ക്യൂബക്കാര്‍ മികച്ച ഹോട്ടലുകളെല്ലാം സ്വന്തമാക്കിയിരിക്കും.)

ക്ഷമിക്കുക, മുഖ്യവിഷയത്തില്‍ നിന്ന് വ്യതിചലിച്ചുപോയി. ഏറെ നേരമെടുത്ത് ഉച്ചഭക്ഷണം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു കാര്യം വ്യക്തമായി-കാസ്‌ട്രോ വളരെ ക്ഷീണിതനാണ്, ഏതാണ്ട് പൂര്‍ണമായി വിരമിച്ച  അവസ്ഥയിലാണ് അദ്ദേഹം. പിറ്റേന്ന് തിങ്കളാഴ്ച. നേതാക്കളൊക്കെ സാമ്പത്തിക ഇടപാടുകള്‍ തിരക്കിട്ട് നടത്തുന്ന ദിനം, വിമതര്‍ തടങ്കല്‍ പാളയങ്ങളിലേക്ക് നീങ്ങുന്നു. പക്ഷേ ഫിഡലിന് മാത്രം തിരക്കില്ല. അതുകൊണ്ട് അദ്ദേഹം ചോദിച്ചു - ''എന്നോടൊപ്പം ഡോള്‍ഫിന്‍ ഷോ കാണാന്‍ താല്‍പര്യമുണ്ടോ?''
''ഡോള്‍ഫിന്‍ ഷോ?''-ഞാന്‍ ചോദിച്ചു.
''അതേ. ഡോള്‍ഫിനുകള്‍ അസാമാന്യ ബുദ്ധിയുള്ള ജീവികളാണ്'' - കാസ്‌ട്രോയുടെ നിരീക്ഷണം.

പിറ്റേന്ന് രാവിലെ ക്യൂബയിലെ യഹൂദ വിഭാഗത്തിന്റെ അധ്യക്ഷയായ അഡെല ഡ്വോറിനുമായി കാണാമെന്ന് നിശ്ചയിച്ചിരുന്ന കാര്യം അപ്പോഴാണോര്‍ത്തത്. അക്കാര്യം ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു.
''അവരെയും കൊണ്ടുവരൂ'' - കാസ്‌ട്രോയുടെ ഉപദേശം.
തിങ്കളാഴ്ചകളില്‍ അക്വേറിയം അവധിയായിരിക്കുമെന്ന് തീന്‍മേശയുടെ അരികിലിരുന്ന ആരോ പറഞ്ഞു.
അപ്പോള്‍ കാസ്‌ട്രോയുടെ കടുത്ത സ്വരം -''എന്തായാലും നാളെ അത് തുറന്നിരിക്കും.''
പിറ്റേന്ന് പ്രഭാതത്തില്‍ അഡെലയെ സിനഗോഗില്‍നിന്ന് കൂട്ടി ഞങ്ങള്‍ ഡോള്‍ഫിന്‍ ഹൗസിലെത്തി. വാതില്‍പ്പടിയില്‍ വച്ചുതന്നെ കാസ്‌ട്രോയെ കണ്ടു. ക്യാമറക്കണ്ണില്‍പ്പെടാതെ അദ്ദേഹം അഡെലയെ ചുംബിച്ചു (ഒരു പക്ഷേ അത് അഹമ്മദ് നെജാദിനുള്ള സന്ദേശമാകാം).

നീലവെളിച്ചം നിറഞ്ഞ വലിയൊരു മുറിയിലേക്കാണ് ഞങ്ങള്‍ പോയത്. നേരെനോക്കിയാല്‍ ചില്ലുകൊണ്ടുള്ള കൂറ്റന്‍ ഡോള്‍ഫിന്‍ ടാങ്ക് കാണാം. ഹവാന അക്വേറിയത്തിലെ ഡോള്‍ഫിന്‍ ഷോയാണ് ലോകത്തില്‍ ഏറ്റവും മികച്ചതെന്ന് കാസ്‌ട്രോ വിശദീകരിച്ചു. പൂര്‍ണമായും സവിശേഷമാണിത്. വെള്ളത്തിനടിയിലുള്ളതായതുകൊണ്ടാകാം ഇങ്ങനെയൊരു വിശേഷണം. മൂന്ന് മുങ്ങല്‍ വിദഗ്ധര്‍ ശ്വസനോപകരണങ്ങളില്ലാതെയെത്തി ഡോള്‍ഫിനുകളോടൊപ്പം അക്രോബാറ്റിക്‌സ് നടത്തി.

''ഡോള്‍ഫിനെ ഇഷ്ടമാണോ?''-കാസ്‌ട്രോയുടെ ചോദ്യം.
അതെ എന്ന് ഞാന്‍ മറുപടി നല്‍കി.
കാസ്‌ട്രോ ഉടനെ അക്വേറിയം ഡയറക്ടര്‍ ഗ്വില്ലര്‍മോ ഗാര്‍ഷ്യയോട് വരാന്‍ പറഞ്ഞു. (അവധിയായിട്ടും എല്ലാ ജീവനക്കാരും അക്വേറിയത്തില്‍ സ്വയമെത്തിയിരുന്നു)
ഗില്ലര്‍മോ എത്തി ഞങ്ങളോടൊപ്പമിരുന്നു.
''ഗോള്‍ഡ്‌ബെര്‍ഗ്, ഡോള്‍ഫിനുകളെക്കുറിച്ച് ചോദിച്ചോളൂ'' - കാസ്‌ട്രോ പറഞ്ഞു.
''എന്തുതരം ചോദ്യങ്ങള്‍?'' - ഞാന്‍.
''നിങ്ങളൊരു പത്രപ്രവര്‍ത്തകനാണ്. നല്ല ചോദ്യങ്ങള്‍ ചോദിക്കാം'' - അദ്ദേഹം വിശദമാക്കി. ഞാന്‍ ചോദിക്കാനൊരുമ്പെടുംമുമ്പേ ഗില്ലര്‍മോയെ ചൂണ്ടി കാസ്‌ട്രോയുടെ വാചകം - ''ഡോള്‍ഫിനെക്കുറിച്ച് ഇയാള്‍ക്ക് ഒന്നുമറിയില്ല. ശരിക്കും ഇയാളൊരു അണുശാസ്ത്രജ്ഞനാണ്.''
''ആണോ?''
''അതെ''- ഖേദപൂര്‍വമായിരുന്നു ഗില്ലര്‍മോയുടെ ഉത്തരം.
''എന്തിനാണ് നിങ്ങള്‍ അക്വേറിയത്തിന്റെ ചുമതല നോക്കുന്നത്?'' എന്റെ ചോദ്യത്തിന് പൊട്ടിച്ചിരിയോടെ കാസ്‌ട്രോയാണ് മറുപടി പറഞ്ഞത്.
''അണുബോംബ് ഉണ്ടാക്കാതിരിക്കാനാണ് ഞങ്ങള്‍ ഇയാളെ ഇവിടെ തളച്ചിട്ടിരിക്കുന്നത്.''
''ക്യൂബയില്‍ സമാധാനകാര്യങ്ങള്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ ആണവോര്‍ജം ഉപയോഗിക്കുന്നത്'' - ഗില്ലര്‍മോ വിശദീകരിച്ചു.
''ഇറാനില്‍ ഇങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല''- ഞാന്‍ മറുപടി നല്‍കി.
അംഗരക്ഷകര്‍  കൊണ്ടുവന്ന പ്രത്യേക കസേരയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന ചെറിയൊരു കമ്പിളിപ്പുതപ്പ് ചൂണ്ടിക്കാട്ടി കാസ്‌ട്രോ പറഞ്ഞു, '' ഇത് പേര്‍ഷ്യനാണ്.'' വീണ്ടും ചിരി.
''ഇനി ഡോള്‍ഫിനെക്കുറിച്ച് ചോദിക്കു?'' കാസ്‌ട്രോ എന്നെ വിടുന്ന മട്ടില്ല.
''ഡോള്‍ഫിന് എത്ര തൂക്കം വരും?'' എന്റെ ചോദ്യം.
''നൂറ് നൂറ്റമ്പത് കിലോ വരും''
''ഇവയെ എങ്ങനെയാണ് പരിശീലിപ്പിക്കുന്നത്?''
അത് നല്ലൊരു ചോദ്യമാണെന്ന് കാസ്‌ട്രോ ഇടക്കുകയറി പറഞ്ഞു.

വിശദമായ ഉത്തരം നല്‍കാന്‍ അക്വേറിയത്തിലെ മൃഗഡോക്ടര്‍മാരിലൊരാളെ ഗില്ലര്‍മോ വിളിച്ചുവരുത്തി. സീലിയ എന്ന യുവതി. അല്‍പനേരം കഴിഞ്ഞ് അന്റോണിയോ കാസ്‌ട്രോ അവളുടെ രണ്ടാമത്തെ പേരും പറഞ്ഞു. ഗുവേരയെന്നായിരുന്നു അത്.
''നിങ്ങള്‍ ചെഗുവേരയുടെ മകളാണോ?'' - ഞാന്‍ അവളോട് ചോദിച്ചു.
അതേ എന്ന് അവള്‍ മറുപടി നല്‍കി.
''നിങ്ങളിവിടെ ഡോള്‍ഫിനുകളുടെ ഡോക്ടറാണോ?''
''അക്വേറിയത്തിലെ എല്ലാത്തരം ജീവികളെയും ഞാന്‍ നോക്കാറുണ്ട്'' - സീലിയ പറഞ്ഞു. ചെഗുവേരയ്ക്ക് മൃഗങ്ങളെയും ഇഷ്ടമായിരുന്നുവെന്ന് അന്റോണിയോ കൂട്ടിച്ചേര്‍ത്തു.
ഷോ തുടങ്ങാന്‍ നേരമായി. ലൈറ്റുകള്‍ മങ്ങിത്തുടങ്ങി. മുങ്ങല്‍ വിദഗ്ദ്ധര്‍ വീണ്ടും ജലോപരിതലത്തിലെത്തി. പിന്നെ ഷോ. കാസ്‌ട്രോ അവകാശപ്പെട്ടതു ശരിതന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച  ഡോള്‍ഫിന്‍ ഷോ ആയിരുന്നു അത്.
- പരിഭാഷ: ക്ലീറ്റസ് കാക്കനാട്

Wednesday, September 15, 2010

അംബേദ്കറുടെ ഇസ്ലാം വിരോധം !

ആമുഖം:-ഞാനിട്ട ‘കൈവെട്ടും മുസ്ലീം പ്രതിനായകത്വവും’ എന്ന പോസ്റ്റില്‍ ശ്രീ.മുരളി(murali)-യുടെ കമന്റില്‍, അംബേദ്ക്കറൈറ്റുകള്‍ക്ക് മുസ്ലീം ജനതയോടുള്ള സാഹോദര്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. അത്, ബുദ്ധമതത്തെ നശിപ്പിച്ച മതമാണ് ഇസ്ലാം എന്നതുകൊണ്ടാണത്രെ !. വായൂജിത് (വിഹഗ വീഷണം)സമാനമായൊരു നിരീക്ഷണമാണു നടത്തിയിരിക്കുന്നത്. സംഘപരിവാരങ്ങളുടെ നിരവധി കമന്റുകളില്‍ "മുസ്ലീം ഭീകര"രില്‍ നിന്നും ദലിതരെ രക്ഷപെടുത്തേണ്ടതിന്റെ ആവശ്യവും സമൂഹത്തെ ശുദ്ധീകരിക്കേണ്ടുന്ന അടിയന്തര കടമയും അക്കമിട്ടു പറയുന്നു. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ മുസ്ലീം പേടി കാരണം ഏതാണ്ട് ഉന്മാദാവസ്ഥയിലുമാണ്. യുക്തിവാദികള്‍, മാര്‍ക്സിസ്റ്റുകള്‍, തികഞ്ഞ മാനവികതാവാദികള്‍(?) എന്നിവര്‍  ആഗോളഭീകരരായി ഇസ്ലാമിനെ കാണുമ്പോള്‍, കീഴാളപക്ഷത്തുനിന്നും ചിലതു സൂചിപ്പിക്കേണ്ടിവരുന്നു.

ഇന്ത്യാചരിത്രത്തില്‍ അതിക്രമങ്ങളുടേയും  അധിനിവേശങ്ങളുടെയും ഭരണാധികാര സ്ഥാപനങ്ങളുടെ തകര്‍ച്ചകളുടെയും കഥകള്‍ ഒരുപാടുണ്ട്. അതില്‍  ബുദ്ധമതത്തിന്റെ തകര്‍ച്ചയില്‍ ഇസ്ലാംഭരണാധികാരികളുടെ പങ്ക് അംബേദ്ക്കര്‍ ഊന്നിപ്പറയുന്നുമുണ്ട്. പക്ഷേ എന്തുകൊണ്ട് 'ബ്രാഹ്മണിസം' തകര്‍ന്നില്ല എന്ന ചോദ്യം നിര്‍ണായകമാണ് ! ബുദ്ധമതത്തിന്റെ തകര്‍ച്ചയോടൊപ്പം തന്നെ ബ്രാഹ്മണിസത്തിന്റെ ബീഭത്സമായ ഉയിര്‍ത്തെഴുന്നേല്‍ക്കലാണ് ദലിതുകളുടെയും മറ്റ് പാര്‍ശ്വവത്കൃതരുടെയും വിമോചനത്തിന് വിലങ്ങു തടിയാകുന്നത്. മൌര്യ രാജാധികാരത്തെ തകര്‍ത്തുകൊണ്ടാണ് ബ്രാഹ്മണാധിപത്യത്തിന്റെ സുദീര്‍ഘകാലം തുടങ്ങുന്നത്. ചില ഇടുങ്ങിയ മതബോധമുള്ള മുസ്ലീം ഭരണാധികാരികള്‍ ബ്രാഹ്മണിസവുമായി സന്ധിചെയ്ത് സ്വയം വരേണ്യവല്‍ക്കരിക്കുകയും ചെയ്തു. ഇവരുടെ ചിന്താശൂന്യതയാണ് ബുദ്ധമതത്തിന്റെ സര്‍വ്വനാശത്തിനു വഴിയൊരുക്കിയത്. ഇതേ സമയം ഇസ്ലാമിക നൈതികത ഉള്‍കൊണ്ട് ചില ഭരണാധികാരികള്‍ എടുത്ത നടപടികള്‍ കീഴാള ജനസമൂഹത്തിന്റെ അതിജീവനത്തിനും കാരണമായി എന്ന് ഗെയില്‍ ഓംവേദ് നിരീക്ഷിക്കുന്നു. (കീഴാള മുന്നേറ്റമായ ഭക്തിപ്രസ്ഥാനത്തിനു കാരണമായത് ഇസ്ലാമിക ദാര്‍ശനിക പദ്ധതികളായിരുന്നുവെന്നും കൂടി അവര്‍ പറയുന്നുണ്ട്).അതായത് ഏറ്റുമുട്ടലിന്റേയും ഇഴുകിച്ചേരലിന്റേയും വഴിയില്‍ ഭരണകൂടം സ്ഥാപിക്കപ്പെടുമ്പോള്‍, മതം എന്ന നിലക്ക്  കീഴാള ജനതയെ വലിയതോതില്‍ ആകര്‍ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്തത് ഇസ്ലാമാണ്. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുകയും ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ വിജയവും ഹിന്ദു നവോത്ഥാന പരിശ്രമങ്ങളും ഇസ്ലാമിന്റെ അപരത്വവത്ക്കരണവും അന്യവത്ക്കരണവും ഏതാണ്ട് പൂര്‍ണ്ണമായി. ദേശീയ പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമുക്കിത് വായിച്ചെടുക്കാം. ഹിന്ദു മധ്യവര്‍ഗ്ഗബോധം കഥകളിലൂടെയും രൂപകങ്ങളിലൂടെയും നിര്‍മ്മിച്ചെടുത്ത് അടിത്തട്ടിലേക്കു വ്യാപിപ്പിച്ചതാണ് ദേശത്തെ ‘നെടുകേ പിളര്‍ന്നവര്‍ ‘ എന്ന മുസ്ലീമിനുള്ള ഖ്യാതി. അതിന്റെ വര്‍ത്തമാനകാലതുടര്‍ച്ചയാണ് ‘മതരാഷ്ടം’, ‘സദാചാരകോടതി” (ശരിയത് / താലിബാന്‍) എന്നീ ‘ഭീകര രൂപങ്ങളെ’ ന്യൂനപക്ഷ വര്‍ഗ്ഗീയഭീകരതയായി അടയാളപ്പെടുത്തുകയും രണ്ടാംതരം പൌരത്വം കല്പിക്കുകയും ദേശക്കൂറ് തെളിയിക്കേണ്ടത് ബാധ്യതയാവുകയും ചെയ്യുന്നത്. അതിന് കമ്മ്യൂണിസ്റ്റെന്നോ, സോഷ്യലിസ്റ്റന്നോ ഭേദമില്ല (കെ.ഇ.എന്‍/പോക്കര്‍ എന്നിവരുടെ ഗതികേട് നോക്കണേ!).മുപ്പത് കോടി ജനസംഖ്യയുള്ളൊരു മത സമൂഹത്തില്‍ പ്രതിരോധം തീര്‍ക്കുന്ന ഒരു ചെറിയ പ്രസ്ഥാനത്തെ നോക്കിയാണ് ഈ ഹാലിളക്കം എന്നറിയണം.
          

ഇസ്ലാംപേടി എനിക്കും ഉണ്ടായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. കാരണം ഒരടഞ്ഞ മത സമൂഹമായായിരുന്നു ഇക്കാലമത്രയും അത് നിലനിന്നത്. എന്നാല്‍ ഉല്പതിഷ്ണുക്കളായ ഒരു
വിഭാഗം സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുകയും കീഴാളപ്രസ്ഥാനങ്ങളോട് ഐക്യപ്പെടുകയും ചെയ്യുന്നു. ചെങ്ങറ പോലെ നിര്‍ണ്ണായകവും, ചരിത്രപരവുമായ ഒരു സമരത്തിനെ എല്ലാ മുഖ്യധാരാ പ്രസ്ഥാനങ്ങളും എതിര്‍ക്കുകയും അവഗണിക്കുകയും ചെയ്ത ഘട്ടത്തില്‍ ‘സോളിഡാരിറ്റി’യെന്ന യുവജന സംഘടനയാണ് സഹായവുമായെത്തിയതെന്ന് , സലീന പ്രാക്കാനം (മാധ്യമം ആഴ്ചപ്പതിപ്പില്‍) അനുസ്മരിക്കുന്നു. ഡി എച്ച് ആര്‍ എം ഭരണകൂടത്താലും പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാലും ആക്രമിക്കപ്പെടുകയും വര്‍ക്കല കൊലപാതകം ഇവരുടെ മേല്‍ കെട്ടിവെച്ച് അവരെ ഭീകരരായി ചിത്രീകരിച്ച്  അടിച്ചമര്‍ത്തുകയും ചെയ്തപ്പോള്‍, കൊല്ലം -തിരുവനന്തപുരം ജില്ലകളിലെ ബാര്‍ അസോസിയേഷനുകളുടെ,  നിയമ സഹായം കൊടുക്കണ്ട എന്ന തീരുമാനപ്രകാരം അഡ്വക്കേറ്റുമാര്‍ വക്കാലത്ത് ഏറ്റെടുക്കണ്ട എന്ന് ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തപ്പോള്‍ സോളിഡാരിറ്റി, SDPI തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മാത്രമാണ് മനുഷ്യത്വപരമായി നിയമസഹായം കൊടുത്ത് അവരെ സഹായിക്കാന്‍ തയ്യാറായതെന്നും അതിന്റെ നേതാക്കള്‍ പറയുന്നു. കൂടാതെ NCHRO, PUCL ഉം സഹായിച്ചു. (ഭീകരന്മാരുടെ അജണ്ടയെന്നും പറഞ്ഞ് ചാടി വീഴുമെന്നറിയാം).
 

ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രവും ആഴ്ചപ്പതിപ്പും പൌരസമൂഹത്തിനു മുന്നില്‍ വന്‍സംവാദ സാദ്ധ്യതയാണ് തുറന്നത്. അതിലൂടെയാണ് ദലിത് വിഷയങ്ങളും സംവാദങ്ങളും കുറേയെങ്കിലും പുറത്തു വന്നത്.(മാതൃഭൂമി ആഴ്ച്പ്പതിപ്പ് പിന്നീടാണ് ഈ ലൈനെടുത്തത്). മൂലധന ശേഷി തീരെയില്ലാത്ത ഒരു സമൂഹത്തിന് അതുണ്ടാക്കിയ ഗുണം ചെറുതല്ല.

അംബേദ്ക്കറെ ഇസ്ലാം വിരുദ്ധനായി സ്ഥാപിക്കുന്നവരുടെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. വിഭജനനാന്തര ആധുനിക-ജനാധിപത്യ ഭരണ സംവിധാനത്തില്‍ സംവരണം അടക്കം ന്യുനപക്ഷ പദവിയും പരിഗണനകളും സ്ഥാപിച്ചു കൊടുത്തത് മഹാനായ ബാബാസാഹിബ് അംബേദ്ക്കര്‍ തന്നെയാണ്. ഈ പരിരക്ഷകളും സിവില്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാവാന്‍ മുസ്ലീം സമൂഹത്തിനു കാരണമായിട്ടുണ്ട്. അതിന്റെ ആന്തരികമായ ശേഷി ബഹുസ്വരതയെ നിര്‍ണയിക്കുന്ന വ്യവഹാരമായി നിലനില്‍ക്കും. അത് ന്യൂനപക്ഷ വര്‍ഗീയതയെന്ന കമ്മ്യ്യുണിസ്റ്റ്/(കു)യുക്തിവാദങ്ങളില്‍ തട്ടി തകരുന്നതല്ല.
                                     - ചാര്‍വാകന്‍
കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക
വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com