Friday, January 15, 2010

ബി‌എം‌എസ്...ഇത് വേണമായിരുന്നോ?

ഇന്ന് കേരളത്തിന്റെ ദേശീയോത്സവമായി മാറിയിരിക്കുകയാണ് ഹര്‍ത്താല്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ എന്ന കലാപരിപാടിയിലേക്ക് ബി‌എം‌എസിന്റെ വകയായും ഒന്ന് വന്ന് ചേര്‍ന്നിരിക്കുന്നു. ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണെങ്കിലും ജനതയെ ബുദ്ധിമുട്ടിക്കുക എന്നതിനോട് ഒട്ടുമേ യോജിക്കുക സാധ്യമല്ല. ബി‌എം‌എസ് പോലൊരു സംഘടനയ്ക്ക് പ്രതിഷേധത്തിനു മറ്റു നിരവധി മാര്‍ഗങ്ങള്‍ ആരായാമായിരുന്നു എന്നതാണു സത്യം.

സംസ്ഥാനത്തോ കേന്ദ്രത്തിലോ ഭരണം ഇല്ലെങ്കിലും ബി‌എം‌എസിനെതിരെ ആരോപണങ്ങള്‍ക്ക് കുറവുണ്ടാകയില്ല എന്നിരിക്കെ, എന്തിനായിരുന്നു ഈ ഹര്‍ത്താല്‍? വിലക്കയറ്റം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അവരെ നോക്കി കൊഞ്ഞനം കുത്തുകയും ബിജെപി സംസ്ഥാനങ്ങളിലെ വിലനിലവാരം വാരിക്കൊടുക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന്റെ മുന്നില്‍ ഹര്‍ത്താല്‍ കൊണ്ട് എന്തു പ്രയോജനം? അത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നല്ലാതെ?

വെറും ട്രേഡ്‌യൂണിയനിസത്തിലേക്ക് ബി‌എം‌എസ് എത്തിച്ചേരരുതായിരുന്നു. തൊഴിലാളികള്‍ എന്നത് മനുഷ്യസമൂഹത്തിലെ ഒരു അവിഭാജ്യഘടകമാണെന്നും അവര്‍ പ്രത്യേക വര്‍ഗമല്ല എന്നും ഉള്ള മഹത്തായ എകാത്മതാ ദര്‍ശനം പഠിപ്പിച്ച ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ദര്‍ശനങ്ങളില്‍ നിന്നുമുള്ള വ്യതിചലനമായിപ്പോയി അത്. വര്‍ഷത്തില്‍ ബി‌എം‌എസ് നടത്തിയ ഒന്നാമത്തെ (എന്ന് തോന്നുന്നു) ഹര്‍ത്താലാണ് ഇതെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ച് സംഘടനയുടെ കരുത്തു തെളിയിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട് അടുക്കുന്ന പ്രവൃത്തിയില്‍ ബി‌എം‌എസ് ഖേദിക്കേണ്ടിയിരിക്കുന്നു.

ഹര്‍ത്താല്‍ ഒരു സമരമാര്‍ഗമാണ്. അതിനു മുന്‍പുള്ള മാര്‍ഗങ്ങള്‍ എല്ലാം അടയുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ട, ഇരുതലമൂര്‍ച്ചയുള്ള മാര്‍ഗം. ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനെ അനുകൂലിക്കുന്നവര്‍ക്ക് പങ്കെടുക്കാം എന്നല്ലാതെ ആരേയും തടയാന്‍ ആര്‍ക്കും അവകാശമില്ല. അത് മനുഷ്യാവകാ‍ശലംഘനം തന്നെയാണ്. ഏകാത്മതാമാനവദര്‍ശനത്തില്‍ വിശ്വസിക്കുന്ന ബി‌എം‌എസ് ആ സംസ്കാരത്തില്‍ നിന്നും അകന്ന് ട്രേഡ്‌യൂണിയനിസത്തിലേക്ക് പോകാന്‍ പാടില്ലായിരുന്നു. തങ്ങളുടെ ഹര്‍ത്താലില്‍ എല്ലാവരേയും നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുക എന്നതല്ല, എല്ലാവരും സ്വയമേവ പങ്കെടുക്കുക എന്നതാണ് സംഘടനയുടെ വിജയം. അതായിരുന്നു ഠേംഗ്‌ഡിജി ഉയിര്‍ നല്‍കിയ ബി‌എം‌എസിന്റെ സംസ്കാരം. എന്നാല്‍ സംഘടന ജനമനസുകളില്‍ നിന്ന് അകന്നേക്കുമോ എന്ന് സംശയിക്കേണ്ട രീതിയിലാണ് ഇത്തരം ഹര്‍ത്താല്‍ നടത്തുന്നതിലൂടെ ബി‌എം‌എസ് പ്രവര്‍ത്തിക്കുന്നത്.

ഹര്‍ത്താലുകളില്ലാതെയും കാര്യങ്ങള്‍ നടത്തുവാനാകുമെന്ന് തെളിയിച്ചു കാട്ടിയ നരേന്ദ്രമോഡിയുടെ ഉദാഹരണം - വര്‍ഷങ്ങളായി ഒരു ഹര്‍ത്താല്‍ പോലും നടക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത് - ബി‌എം‌എസ് പഠിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ഭാഗമായി തൊഴിലാളികളെ കാണുകയും തൊഴിലാളികളുടെ ഉയര്‍ച്ചയിലൂടെ സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ ഉന്നതി ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന വൈശിഷ്ട്യമാര്‍ന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ തൊഴിലാളികളെ ഉപകരണാമായി ദര്‍ശിക്കുന്ന പ്രത്യയശാസ്ത്രങ്ങളിലേക്ക് അധഃപതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഇനിയെങ്കിലും ഹര്‍ത്താല്‍ പോലുള്ളവ ഒഴിവാക്കി ജനങ്ങള്‍ സ്വയം പങ്കെടുക്കുന്ന സമരമുറകള്‍ സ്വീകരിക്കുക. അല്ലാതെ ഹര്‍ത്താല്‍ കൊണ്ടൊന്നും നമ്മുടെ സര്‍ക്കാര്‍ നന്നാവാന്‍ പോന്നില്ലെന്നേ!

ഈ പോസ്റ്റ് :::അഹങ്കാരം::: എന്ന ബ്ലോഗിലും വായിക്കാം

No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com