Thursday, January 7, 2010

ഇത്‌ എന്തിന്റെ ലക്ഷണമാണ്‌?

:രാമദാസ്‌ കതിരൂര്‍


അബ്ദുല്‍നാസര്‍ മഅ്ദനിയെയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നാരോപിച്ച്‌ കേരളത്തിലെ വളരെ കുറച്ച്‌ മഹല്ല്‌ ഇമാമുമാര്‍ എറണാകുളത്ത്‌ മാര്‍ച്ച്‌ നടത്തുകയുണ്ടായി.
പങ്കാളിത്തം കൊണ്ട്‌ ചെറുതാണെങ്കിലും ഭാവികേരളത്തില്‍ സംഭവിക്കുവാന്‍ പോകുന്ന പലതിന്റെയും തുടക്കമാവുമൊ എന്നതാണ്‌ എല്ലാവരും ഭയപ്പെടുന്നത്‌. എന്തായിരിക്കും ഇത്തരമൊരു മാര്‍ച്ച്‌ നടത്താന്‍ ഇമാമുമാരെ പ്രേരിപ്പിച്ചത്‌. കേരള മുസ്ലീം സമൂഹത്തിന്‌ മഅ്ദനി നല്‍കിയ സംഭാവനകള്‍ എന്താണ്‌? എന്തിനാണ്‌ അഞ്ചുനേരം നിസ്കരിക്കുന്ന സൂഫിയയെന്ന്‌ കൂടെ കൂടെ മഅ്ദനി പറഞ്ഞുകൊണ്ടിരിക്കുന്നത്‌. സ്വന്തം ഭാര്യ വിശുദ്ധയെന്ന്‌ മാധ്യമങ്ങളുടെ മുമ്പില്‍ സാക്ഷ്യപ്പെടുത്താന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടോ?
ഞാന്‍ തീവ്രവാദം മതിയാക്കിയെന്ന്‌ പറഞ്ഞുകൊണ്ട്‌ കഴിഞ്ഞ കുറെ കാലങ്ങളായി മഅ്ദനി ചാനലുകളില്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്നത്‌ നോക്കൂ, പാലക്കാട്‌ സിറാജ്നീസ്സയെ വെടിവെച്ച്‌ കൊന്നപ്പോള്‍, കാട്ടൂരില്‍ ആലി മുസ്ല്യാര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍, തേവലക്കര അലവികുഞ്ഞ്‌ മൗലവി വധിക്കപ്പെട്ടപ്പോള്‍ ഞാന്‍ പ്രസംഗിച്ചിരുന്നു.

അത്‌ തെറ്റായിപ്പോയി. ഇനി അതുണ്ടാവില്ല. അതുകൊണ്ട്‌ ഞാന്‍ തീവ്രവാദം മതിയാക്കി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൂടെ നില്‍ക്കാന്‍ വേണ്ടിയുള്ള ഒരഭ്യാസം എന്നതിലപ്പുറം ഇതിനെയാരും മുഖവിലക്കെടുത്തില്ല. മേല്‍പ്പറഞ്ഞ സംഭവങ്ങളെ അതാത്‌ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കേരളത്തിലെ മതേതരമനസ്സ്‌ മുഴുവനും മുസ്ലീം ജനവിഭാഗങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്തു. തേവലക്കര അലവികുഞ്ഞ്‌ മൗലവിയുടെ കൊലപാതകം കേരളത്തെ ആകമാനം പ്രക്ഷുബ്ധമാക്കിയിട്ടും ഇമാമുമാര്‍ മാര്‍ച്ച്‌ നടത്തിയതായി അറിവില്ല. പന്ത്രണ്ട്‌ വയസ്സുകാരി സിറാജ്നീസ്സ വെടിവെച്ച്‌ കൊല്ലപ്പെട്ടത്‌ കരുണാകരന്‍ സര്‍ക്കാരിനെ ഏറെ ഉലച്ച സംഭവമായിരുന്നു. അത്തരം വിഷയങ്ങളില്‍ കുറച്ചധികം തീഷ്ണമായ നിലപാട്‌ സ്വീകരിച്ച മഅ്ദനിയെ ആയിരുന്നില്ല കേരള മുസ്ലീങ്ങള്‍ എതിര്‍ത്തിരുന്നത്‌.

കോയമ്പത്തൂര്‍ സ്ഫോടന കേസ്‌ മാധ്യമങ്ങളില്‍ നിറഞ്ഞ്‌ നിന്ന സമയങ്ങളില്‍ കേസ്സില്‍ പ്രതികളാക്കപ്പെട്ടിരുന്ന കോഴിക്കോടുകാരായ രണ്ടുപേരെ പാക്കിസ്ഥാനിലേക്ക്‌ പരിശീലനത്തിനായി അയച്ചത്‌ മഅ്ദനിയായിരുന്നു എന്ന വാര്‍ത്ത വായനക്കാര്‍ വായിച്ചതാണ്‌. അന്നത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്‌ ഹൈദരാബാദിലെ ത്വരീഖത്ത്‌ കേന്ദ്രത്തില്‍ വെച്ച്‌ ഒസാമ ബിന്‍ ലാദനുമായി മഅ്ദനി ദീര്‍ഘനേരം സംസാരിച്ചു എന്നതാണ്‌. പിന്നീട്‌ ലാദനെ കണ്ടെന്ന വാര്‍ത്ത മഅ്ദനി നിഷേധിച്ചുവെങ്കിലും ത്വരീഖത്ത്‌ കേന്ദ്രത്തില്‍ പോയില്ല എന്നു പറഞ്ഞില്ല. അവിടെ നിന്നിങ്ങോട്ട്‌ മണിയെന്ന യൂസഫിനെ ഒളിപ്പിക്കല്‍ വരെ മഅ്ദനി തിരുത്തേണ്ടതൊന്നും തിരുത്താതെയും, ചുമതലകള്‍ ഭാര്യയെ ഏല്‍പ്പിച്ചതിനെയുമാണ്‌ എതിര്‍ത്തു പോന്നത്‌.

അഭയ കേസ്സില്‍ സിസ്റ്റര്‍ സ്റ്റെഫിയയുടെ കന്യകാത്വം പരിശോധിക്കണമെന്ന്‌ വരെ പറഞ്ഞ നീതി-ന്യായസംവിധാനമാണ്‌ നമ്മുടെ മുമ്പിലുള്ളത്‌. അന്ന്‌ മാര്‍ച്ച്‌ നടത്താന്‍ പാതിരിമാരോ, പത്രസമ്മേളനം നടത്താന്‍ സച്ചിദാനന്ദന്മാരോ ഉണ്ടായില്ല. നിയമം നിയമത്തിന്റെ വഴിയെ പോകാന്‍ കേരളീയ മനസ്സ്‌ പറഞ്ഞു. ശബരിമല തന്ത്രി കണ്ഠരര്‌ മോഹനരെ നീചമായ രീതിയില്‍ വേട്ടയാടിയപ്പോഴും സന്തോഷ്‌ മാധവനെ പോലെയുള്ളവരെ കഴുത്തിന്‌ പിടിച്ച്‌ വിചാരണ ചെയ്തപ്പോഴും കേരളത്തിന്റെ മനസ്സ്‌ നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ എന്നത്‌ തന്നെയായിരുന്നു.പക്ഷേ സൂഫിയയെ രാജ്യദ്രോഹകുറ്റത്തിന്‌ ചോദ്യം ചെയ്യുമ്പോഴേക്കും മഹല്ല്‌ ഇമാമുമാരും പണ്ഡിത സഭകളും രംഗത്ത്‌ വരുന്നത്‌ എന്തിന്റെ ലക്ഷണമാണെന്ന്‌ കേരളം ഭയത്തോടെയാണ്‌ കാണുന്നത്‌.

സിസ്റ്റര്‍ സ്റ്റെഫി ശിരോവസ്ത്രധാരിയാണെന്ന്‌ ആരും വിളിച്ച്‌ പറഞ്ഞുകൊണ്ടേയിരുന്നില്ല. ശിരോവസ്ത്രമണിഞ്ഞ്‌ ജയിലില്‍ പോകുന്നതും കുരിശ്‌ പിടിച്ച്‌ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച്‌ വിങ്ങികരയുന്നതും വിശ്വാസസമൂഹം പക്വതയോടെ കണ്ട്‌ നിന്നു. ദീര്‍ഘകാല തടവിനിടയില്‍ ഒരിക്കല്‍ പോലും നടുവേദനയോ, വയറുവേദനയോ ഉണ്ടായില്ല. ഒരിക്കലും സര്‍ക്കാര്‍ ആശുപത്രിയിലെ ശീതീകരിച്ച മുറി തുറന്നുമില്ല. വീല്‍ ചെയര്‍ ഉന്തുന്നതാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന്‌ ധരിച്ച സിറാജ്മാര്‍ ഇവരുടെ മനസ്സിലെ അമര്‍ഷം കാണാതിരുന്നത്‌ തന്നെയാണ്‌ നല്ലത്‌. സൂഫിയ കുറ്റവാളിയാണെന്ന്‌ ആരും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ തെളിവുകള്‍ എല്ലാം സൂഫിയക്ക്‌ എതിരാണ്‌ താനും. എന്തുകൊണ്ട്‌ സൂഫിയയ്ക്ക്‌ വിചാരണ നേരിട്ടുകൂടാ. സിസ്റ്റര്‍ സ്റ്റെഫിയക്കും, ശോഭാ ജോണ്‍ അടക്കമുള്ളവര്‍ക്കും ഇല്ലാത്ത എന്താണ്‌ സൂഫിയക്ക്‌ പ്രത്യേകമായുള്ളത്‌. ഒരു സമുദായത്തെ മുഴുവനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഈ ഇമാമുമാര്‍ എന്തിനിതു ചെയ്യണം.

എന്താണ്‌ കേരളീയ മുസ്ലീങ്ങള്‍ക്ക്‌ മഅ്ദനി നല്‍കിയ സംഭാവന എന്ന്‌ മാര്‍ച്ച്‌ നടത്തിയ ഇമാമുമാര്‍ പരിശോധിച്ചിട്ടുണ്ടോ? കണ്ണൂര്‍ ജില്ലയിലെ കാടാച്ചിറ കോട്ടൂരില്‍ അല്‍-അബ്രാര്‍ എന്ന ഭവനത്തിലെ നാല്‌ പേര്‍ ജയിലിലാണ്‌. എറണാകുളം കലൂരിലുള്ള അല്‍-അബ്രാര്‍ പോലെ ഇരുനില മാളികയല്ലിത്‌. അവിടെ ശീതീകരിച്ച മുറികളുമില്ല. മഅ്ദനിയോടുള്ള ആരാധന മൂത്ത്‌ സ്വന്തം കുടിലിന്‌ അല്‍-അബ്രാര്‍ എന്ന്‌ പേരിട്ടെന്ന്‌ മാത്രം. സൂഫിയക്ക്‌ നടുവേദന വരുമ്പോള്‍ വീല്‍ ചെയര്‍ ഉന്താന്‍ സിറാജുണ്ട്‌. പക്ഷേ ഇവിടെ മുഖത്തോട്‌ മുഖം നോക്കിയിരിക്കുന്ന ആറ്‌ മനുഷ്യക്കോലങ്ങളാണ്‌. പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന വെറും സ്ത്രീ രൂപങ്ങള്‍. സൂഫിയയെ പോലെ കുട്ടികള്‍ ഉണ്ട്‌ ഇവര്‍ക്കും. പറക്കമുറ്റാത്ത പൈതലുകള്‍. ഇവരുടെ മക്കള്‍ കരയുന്നത്‌ തല്‍സമയം കാണിക്കാന്‍ ചാനലുകള്‍ ഇല്ലാതെ പോയത്‌ ഇവരുടെ കുറ്റം കൊണ്ടല്ല. മാര്‍ച്ച്‌ നടത്തിക്കഴിഞ്ഞ്‌ സമയമുണ്ടെങ്കില്‍ ഈ സഹോദരികള്‍ മാനത്തോടെ ജീവിക്കാന്‍ അല്‍പ്പം ഭക്ഷണമെങ്കിലും എത്തിക്കാന്‍ ശ്രമിക്കണം.

ഇതാണ്‌ കേരള മുസ്ലീങ്ങള്‍ക്ക്‌ മഅ്ദനി നല്‍കിയ സംഭാവന. ഇതിനെയാണ്‌ പണ്ഡിതസഭ മഹത്വവല്‍ക്കരിച്ചത്‌ കേരള അമീര്‍ ഇസ്ലാമിക വിപ്ലവകാരി എന്ന്‌ പ്രകീര്‍ത്തിച്ചത്‌. എങ്കിലും നമുക്ക്‌ ആശ്വസിക്കാന്‍ വഴിയുണ്ട്‌. കേരളത്തിലെ പ്രമുഖ ഇസ്ലാമിക നേതാക്കളാരും ഇതുവരെ മഅ്ദനിയുടെ നാക്കില്‍ കുടുങ്ങിയിട്ടില്ല. മഅ്ദനി ജയിലില്‍ നിന്നും ഇറങ്ങിയതിന്‌ ശേഷം കേരളത്തിലെ ഇസ്ലാമിക പണ്ഡിതന്മാരെയെല്ലാം നേരിട്ട്‌ കാണാന്‍ ശ്രമിച്ചു. കോഴിക്കോട്‌ ആസ്ഥാനമായുള്ള പ്രമുഖ പണ്ഡിതനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ എന്റെ സ്ഥാപനത്തില്‍ വന്ന്‌ എന്നെ കാണുന്ന സാഹചര്യം ഉണ്ടാവരുത്‌ എന്നതായിരുന്നു. നിരവധി തവണ മഅ്ദനി ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍ മറ്റൊരിടത്ത്‌ കൂടി കാഴ്ച നടത്തി മടങ്ങി വന്ന അദ്ദേഹം തന്റെ വിശ്വസ്തരായ അനുയായികളോട്‌ പറഞ്ഞത്‌ മാര്‍ച്ച്‌ നടത്തുന്ന ഇമാമുമാര്‍ കേള്‍ക്കണം. ഞാന്‍ ആരെയും കൂടെ കൊണ്ട്‌ പോകാത്തത്‌ നിങ്ങള്‍ വഴിതെറ്റി പോകാതിരിക്കാനാണ്‌.മഅ്ദനിയുടെ നാക്ക്‌ അതാണ്‌ എന്നതായിരുന്നു. മാര്‍ച്ച്‌ നടത്താന്‍ പത്ത്‌ ഇമാമുമാര്‍ ഉണ്ടെങ്കില്‍ കേരളത്തില്‍ എന്തുമാവാം എന്ന സ്ഥിതി വരാതിരിക്കാന്‍ ജാഗ്രത വേണം.

(കടപ്പാട്:വീക്ഷണം )

1 comment:

ANGER said...

MADNIYE NYAYEEKARIKKAN ARUM SRAMICHITTILLA.INDIAN CORT VIDHIKKUNNA SIKSHAYUM KODUKKANAM.PAKSHE 9 VARSHAM JAIL JEEVITHAM KAZHINJU KODATHI VERUTHE VITTAPPOL KERALEEYA SAMOOHATHODU MADANI CHOTHIKKUNNA ORU CHODYAMUNDU 'ENTE MAKKAL PICHA VECHU NADANNATHU JAIL VARANTHAKALILANU AVAR KANDU PADICHATHU POLICU KARUDEYUM KALLANMARUDEYUM MUKHANGALIL NINNANU,ENTE BHARYAYUDE DHAMBATHYAJEEVITHAM JAILARAKALIL KERI ALAYANULLATHAYIRUNNU'.9 VARSHAM JAIL VASAM ANUBHAVICHA KODATHI VERUTHE VITTA ORU MANUSHYANE INIYUM ATHE POLORU SAHACHARYATHILEKKU THALLIVIDAN ORU INDIAN POURAN ENNA NILAYIL NINGALKENGANE SADHIKKUM.SOOFIYA THETTU CHEYTHITTUNDENKIL SIKSHIKKANAM ATHINU POLICUKARUM PATHRAKKARUM CHERNNU KOLLAKKOLA CHEYYUKAYALLA VENDATHU.IVIDE ORU PATTIYE THALLIKKONNAL CHOTHIKKAN MANUSHYAVAKASHA COMMISION UNDU ENNAL 'AYIRAM KUTTAVALIKAL RAKSHAPETTALUM ORU NIRAPARADHI POLUM SIKSHIKKAPPEDARUTHU'ENNU VISHVASIKKUNNA NAMMUDE RAJYATHU NIRAPARADHIKAL SIKSHIKKAPPEDATHIRIKKATTE ENNU VISHVASIKKUNNAVAR PRATHIKARIKKUM SWABHAVIKHAM....

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com