Monday, February 8, 2010

യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്...

മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം....

-കെ.എം. ഷാജി പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്
(മാതൃഭൂമി - 2 ഫിബ്രവരി 2010)

കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറയില്‍ മുച്ചുന്തിപ്പള്ളി എന്ന പേരില്‍ ഒരു മുസ്‌ലിം ആരാധനാലയമുണ്ട്. 13-ആം നൂറ്റാണ്ടില്‍ മുച്ചിയന്‍ എന്ന അറബ് കച്ചവടപ്രമാണി നിര്‍മിച്ച പള്ളിയാണത്. മുച്ചിയന്റെ പള്ളി കാലാന്തരത്തില്‍ മുച്ചുന്തിപ്പള്ളിയായി. പള്ളിക്കകത്ത് ഒരു ദ്വിഭാഷാ ശിലാലിഖിതമുണ്ട്. വട്ടെഴുത്തുലിപിയിലും അറബിലിപിയിലും എഴുതിയ ഒരു ശിലാലിഖിതം. അത് ആദ്യമായി വായിച്ചെടുത്തത് ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണനും ഡോ.എം.ആര്‍. രാഘവവാരിയരും ചേര്‍ന്നാണ്. ആ ശിലാലിഖിതത്തില്‍ അന്നത്തെ സാമൂതിരിരാജാവ് മുച്ചുന്തിപ്പള്ളിയുടെ ദൈനംദിനച്ചെലവുകള്‍ക്ക്‌കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും മലപ്പുറം ജില്ലയിലെ പുളിക്കലിലും ഭൂമി കൊടുത്തതിനെപ്പറ്റി പറയുന്നുണ്ട്. ഒരുമുസ്‌ലിം ദേവാലയത്തിന്റെ ദിനേനയുള്ള ചെലവുകള്‍ക്കായി ഹിന്ദുവായ ഒരുരാജാവ് സ്ഥലം പതിച്ചുനല്‍കിയ ഇത്തരം ചരിത്രരേഖകള്‍ ഇന്ത്യാ ചരിത്രത്തില്‍ അപൂര്‍വമത്രെ. ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക സഹജീവനത്തിന്റെ ഉത്തമനിദര്‍ശനമായി മുച്ചുന്തിപ്പള്ളി ഇപ്പോഴും കുറ്റിച്ചിറയിലുണ്ട്.

ഇനി നമുക്ക് 13-ആം നൂറ്റാണ്ടില്‍ നിന്ന് 16-ആം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലേക്ക് വരാം. പൊന്നാനിയില്‍ വസിച്ചിരുന്ന മുസ്‌ലിം മതപണ്ഡിതനായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം 1583-ല്‍ എഴുതിയ 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന ഗ്രന്ഥത്തില്‍ മലബാറിലെ ജനങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു അധ്യായമുണ്ട്. അതില്‍ ജാതിവ്യവസ്ഥയും പുലപ്പേടി, പറപ്പേടി തുടങ്ങിയ അനാചാരങ്ങളും മരുമക്കത്തായവും സംബന്ധവും ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവുമെല്ലാം ചര്‍ച്ചചെയ്യുന്നുണ്ട്. കൂട്ടത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം സമുദായബന്ധം എങ്ങനെയായിരുന്നുവെന്നും ശൈഖ് സൈനുദ്ദീന്‍ വിവരിക്കുന്നുണ്ട്.

തന്റെ ദേശത്തെ മുസ്‌ലിം പള്ളികളിലെ ഖാദിമാര്‍ക്കും ബാങ്ക്‌വിളിക്കുന്നവര്‍ക്കും സമൂതിരിയാണ് ശമ്പളം നല്‍കിയിരുന്നത്. മാത്രമല്ല, കുഞ്ഞാലിമരയ്ക്കാര്‍മാരുടെ നാവികപ്പടയ്ക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ മുക്കുവ കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ വീതം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനെയും സാമൂതിരിമാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു എന്ന് സൈനുദ്ദീന്‍ എഴുതുന്നു.

കേരളചരിത്രത്തില്‍ നിന്ന് ഇന്നത്തെ തലമുറയ്ക്ക് അചിന്ത്യമായ രണ്ട് ഉദാഹരണങ്ങളെടുത്ത് പറഞ്ഞത് കൊളോണിയല്‍ പൂര്‍വകേരളത്തില്‍ ഹിന്ദു-മുസ്‌ലിം സമുദായബന്ധങ്ങള്‍ എവ്വിധമായിരുന്നുവെന്നും സമുദായങ്ങള്‍ തമ്മിലുള്ള വിസ്മയാവഹമായ സാഹോദര്യവും സഹജീവനവും എങ്ങനെ പുലര്‍ത്തുന്നു എന്നും വരച്ചുകാട്ടാനാണ്. ഇരുസമുദായങ്ങളിലെയും വര്‍ഗീയ-തീവ്രവാദശക്തികള്‍ സമുദായങ്ങള്‍ തമ്മില്‍ കടുത്ത സംശയരോഗവും ഭ്രാന്തമായ വിദ്വേഷവുമുണ്ടാക്കാന്‍ മല്‍സരിക്കുന്ന ഇക്കാലത്ത് ചരിത്രനിരപേക്ഷമായി കാര്യങ്ങളെ സമീപിക്കുന്നത് ശരിയല്ല. അത്തരം സമീപനം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ക്ക് ഊര്‍ജംപകരുക മാത്രമേ ചെയ്യൂ.

തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സമുദായം അസന്ദിഗ്ധമായി അംഗീകരിക്കേണ്ട ചില പരമാര്‍ഥങ്ങളുണ്ട്. ഒന്നാമതായി, കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു സൂക്ഷ്മന്യൂനപക്ഷം തീവ്രവാദത്തിന്റെ രണോല്‍സുകരഥ്യകളിലേക്ക് ആനയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ഒരുചെറിയ വിഭാഗം മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കുന്നതില്‍ തീവ്രവാദാശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആശ്ലേഷിക്കുന്ന ചില മുസ്‌ലിം സംഘടനകള്‍ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാമതായി, അതിശക്തമായ സാമ്പത്തിക സ്രോതസ്സിന്റെ പിന്‍ബലം ഇവര്‍ക്കുണ്ട് എന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സജീവസാന്നിധ്യമായ മുസ്‌ലിം ലീഗിന്റെ മുഖപത്രംപോലും പലഘട്ടങ്ങളില്‍ സാമ്പത്തികമായി നിസ്സഹായാവസ്ഥയിലായപ്പോള്‍ (ഇപ്പോഴും) തീവ്രവാദസംഘടനകളുടെ സാരഥ്യത്തിലുള്ള പത്രങ്ങള്‍ക്ക് പണത്തിന് ഇന്നേവരെ ഒരു മുട്ടുമുണ്ടായിട്ടില്ല. എവിടെ നിന്നാണ് ഈ ധനപ്രവാഹം? മുന്‍ ഇന്റലിജന്‍സ് ഐ.ജി.യായിരുന്ന ജേക്കബ് പുന്നൂസ് ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ 50,000 കോടിയുടെ ഹവാലപണമുണ്ടെന്നാണ്. ഇതില്‍ 10 കോടി പോലും ഇന്നേവരെ പിടിച്ചെടുത്തതായി അറിയില്ല. തീവ്രവാദത്തിന്റെ വേരറുക്കാന്‍ തീവ്രവാദികളുടെ സാമ്പത്തിക ഉറവിടത്തിന്റെയും തായ്‌വേരറുക്കണം. ആ ദിശയില്‍ നമ്മുടെ പോലീസ് എന്താണ് ചെയ്തിട്ടുള്ളത്?

മൂന്നാമതായി, കേരളത്തിലെ മുസ്‌ലിങ്ങളെപ്പോലെ മതസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും അനുഭവിക്കുന്ന മുസ്‌ലിങ്ങള്‍ ലോകത്തിലെ ഏത് രാജ്യത്തുണ്ട് എന്ന് മുസ്‌ലിങ്ങള്‍ ആത്മപരിശോധന നടത്തണം. മുസ്‌ലിങ്ങള്‍ ഇരകളാണ്, അരക്ഷിതരാണ് എന്ന് എന്‍.ഡി.എഫും പി.ഡി.പി.യും ജമാഅത്തെ ഇസ്‌ലാമിയും മാത്രമല്ല, സി.പി.എം. തലയിലേറ്റിനടക്കുന്ന ചില അന്തസ്സാരവിഹീനബുദ്ധിജീവികളും പറഞ്ഞുനടക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ഇരയുടെ നിസ്സഹായാവസ്ഥയുമില്ല, വേട്ടക്കാരന്റെ നികൃഷ്ടമാനസികാവസ്ഥയുമില്ല. അവര്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ മുസ്‌ലിങ്ങളെക്കാളും സുരക്ഷിതവും സ്വതന്ത്രവും നിര്‍ഭയവുമായ ജീവിതമാണ് നയിക്കുന്നത്. ഈ സത്യത്തിന്റെ സ്ഫടികത്തിനു മുകളിലാണ് അരക്ഷിതവാദത്തിന്റെയും ഇരവാദത്തിന്റെയും കാളകൂടം ചിലര്‍ ചൊരിയുന്നത്.

നാലാമതായി, ഈയിടെ പിടിക്കപ്പെട്ട തീവ്രവാദികളെ വെള്ളപൂശാനെന്നോണം ഇതൊക്കെ സാമ്ര്യാജ്യത്വ-ഫാസിസ്റ്റ് ഒളിയജന്‍ഡയുടെ ഭാഗമാണ് എന്ന് നൂറാവര്‍ത്തി പറയുന്ന സംഘടനകള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. അവരില്‍ പ്രധാനികള്‍ ജമാഅത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫും പി.ഡി.പി.യുമാണ്. എന്തു സംഭവിച്ചാലും സാമ്രാജ്യത്വം, ഫാസിസം, ഭരണകൂടഭീകരത എന്നൊക്കെപ്പറഞ്ഞ് ഉരുട്ടിക്കൊടുത്താല്‍ മുസ്‌ലിം സമുദായം അത് വെള്ളംചേര്‍ക്കാതെ വിഴുങ്ങും എന്ന മൂഢധാരണ ഇക്കൂട്ടര്‍ ആദ്യം കൈയൊഴിയണം. ഇവര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, മുസ്‌ലിം സമുദായം ഈ തീവ്രവാദികളുടെ ബാധ്യത ഏറ്റെടുത്തിട്ടില്ല എന്നതാണ്. മുസ്‌ലിം ലീഗും, നദ്‌വത്തുല്‍ മുജാഹിദ്ദീനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും അതായത് മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഈ തീവ്രവാദികളെ അഗണ്യകോടിയില്‍ തള്ളിയിട്ടേയുള്ളൂ.

ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന, എന്നാല്‍ 'മതേതരനടന'ത്തില്‍ സ്ഥിരമായി 'എ' ഗ്രേഡ് നേടുന്ന സംഘടനകള്‍ക്കാണ് തടിയന്റവിട നസീറിന്റെയും സര്‍ഫറാസ് നവാസിന്റെയും സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയുടെയും സൂഫിയ മഅദനിയുടെയും മറ്റും കാര്യത്തില്‍ വ്യാകുലതയും വേദനയും. അതെന്തുകൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ചിന്താധാരകളെയും അതിന്റെ ആത്യന്തികലക്ഷ്യത്തെയും (ഇന്ത്യയില്‍ ഇസ്‌ലാമികഭരണകൂടം സ്ഥാപിക്കുക) അടുത്തറിഞ്ഞവര്‍ക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല.

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇത്രയേറെ വഷളാക്കിയതില്‍ മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് ഊറ്റംകൊള്ളുന്ന സി.പി.എമ്മിന്റെ പങ്ക് ചെറുതല്ല. ബാബറിമസ്ജിദ് ഹിന്ദുത്വവിധ്വംസകശക്തികള്‍ തകര്‍ത്തകാലത്ത് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ നേതാവായിരുന്ന സേട്ടുസാഹിബും വിരലിലെണ്ണാവുന്ന കുറച്ച് അണികളും മുസ്‌ലിംലീഗിന് 'തീവ്രത' പോരാ എന്നാരോപിച്ച് ഐ.എന്‍.എല്‍. എന്ന പാര്‍ട്ടിയുണ്ടാക്കി. ബാബറിമസ്ജിദ് ധ്വംസനവേളയില്‍ അതിവൈകാരികമായ വര്‍ഗീയരാഷ്ട്രീയത്തിലേക്ക് മുസ്‌ലിംലീഗ് കൂപ്പുകുത്തിയിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമായിരുന്നു? പകരം അങ്ങേയറ്റം പരിപക്വവും മതേതരവുമായ ഒരുരാഷ്ട്രീയ നിലപാടാണ് യശഃശരീരനായ ശിഹാബ്തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് സ്വീകരിച്ചത്. പക്ഷേ, ലീഗിന്റെ 'തീവ്രതാരാഹിത്യ'ത്തില്‍ രോഷാകുലരായവര്‍ തട്ടിക്കൂട്ടിയ പാര്‍ട്ടിയെ സി.പി.എം. പുണരുന്നതാണ് പിന്നീട് കണ്ടത്. അതുകഴിഞ്ഞ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ത്തന്നെ തീവ്രവാദചിന്താസരണികളുടെ പ്രത്യയശാസ്ത്ര ആയുധപ്പുരയായ ജമാഅത്തെ ഇസ്‌ലാമിയെയും തങ്ങളുടെ കൂടാരത്തിലേക്ക് സി.പി.എം. ആനയിച്ചു. പിന്നെ പി.ഡി.പി.യുടെ ഊഴമായി. മഅദനിയുടെ ജീവചരിത്രം സി.പി.എം. രണ്ടായി പകുത്തു - ജയിലില്‍ പോകുന്നതിനു മുമ്പുള്ള മതതീവ്രവാദിയായ മഅദനി/ജയില്‍ മോചിതനായ മതേതരമഅദനി എന്ന രീതിയില്‍.

കുറ്റിപ്പുറത്ത് ഇവരെല്ലാം കൂടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പടനീക്കം നടത്തിയത്. എന്നിട്ട് ഇപ്പോള്‍ എന്തായി? ഇ.ടി. ഇന്ത്യന്‍ പാര്‍ലമെന്റിലും മഅദനിയും കൂട്ടരും ഒന്നിനുപിറകെ ഒന്നായി പൊന്തിവരുന്ന തീവ്രവാദക്കേസുകളുടെ 'ബ്രേക്കിങ് ന്യൂസ്' കേട്ട് ഞെട്ടി ടി.വി.ക്കുമുമ്പിലും ഇരിക്കുന്നു. (ചിലര്‍ ജയിലിലും) സി.പി.എമ്മിന്റെ അപകടകരമായ ഈ അടവുനയം ആവിഷ്‌കരിച്ചവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു; ലീഗിനെ ദുര്‍ബലമാക്കാനും ക്രമേണ തകര്‍ക്കാനുമുള്ള എളുപ്പവഴി മുസ്‌ലിം സമുദായത്തിലെ തീവ്രവാദ പ്രതിലോമ ശക്തികളെ കൂടെ നിര്‍ത്തുന്നതാണ്. ഇത്തരം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ കൂടെയുണ്ടെങ്കില്‍ മുസ്‌ലിങ്ങളുടെ വോട്ടുമുഴുവന്‍ തങ്ങളുടെ ബാലറ്റ് പെട്ടിയില്‍ വീഴും. കേരളത്തിലെ മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും തീവ്രവാദ ചിന്താധാരകളുമായി അനുഭാവം പുലര്‍ത്തുന്നവരാണെന്ന തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങേയറ്റം കമ്യൂണിസ്റ്റ് വിരുദ്ധവും മതേതരവിരുദ്ധവുമായ ഈ നയം അവര്‍ സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കേരളീയര്‍ക്ക് ഒരുകാര്യം മനസ്സിലായി. മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും മതേതര ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരും തീവ്രവാദ ചിന്താരൂപങ്ങളെ അവജ്ഞയോടെ വീക്ഷിക്കുന്നവരുമാണ്. മാത്രമല്ല, തീവ്രവാദി സംഘടനകളുമായി കൂട്ടുകൂടിയാല്‍ മതേതരമായി ചിന്തിക്കുന്ന ഹിന്ദുവോട്ടര്‍മാര്‍ മതേതര കക്ഷികളെ പാഠം പഠിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഏത് സ്‌കൂള്‍ വിദ്യാര്‍ഥിക്കും ഗ്രഹിക്കാവുന്ന ഈ പാഠം പക്ഷേ, ഗമണ്ടന്‍ ബുദ്ധിജീവികളാണെന്ന് നടിക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

മുസ്‌ലിംലീഗിന് പരിമിതികളും പരാധീനതകളും ഇല്ലെന്നോ അതിന് തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നോ പറയുന്നില്ല. പക്ഷേ, ഒരു കാര്യം അനിഷേധ്യമാണ്. കേരളത്തിലെ മുസ്‌ലിങ്ങളെ മതേതരജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാക്കുന്നതിലും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആത്മാഭിമാനത്തോടെ പങ്കാളികളാക്കുന്നതിലും മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചെറുതല്ല. ഇത് നമ്മുടെ മണ്ണാണെന്നും ഈ മണ്ണില്‍ കാലുകുത്തിയാണ് നാം നില്‍ക്കുന്നതെന്നുമുള്ള രാഷ്ട്രബോധത്തിന്റെ ആന്തരികവത്കരണം മുസ്‌ലിം സമുദായത്തില്‍ പ്രസരിപ്പിക്കുന്നതിലും ലീഗ് വിജയിച്ചിട്ടുണ്ട്. മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം. 13-ാം നൂറ്റാണ്ടിലെ ആ ലിഖിതമൊന്ന് മനസ്സിരുത്തി വായിക്കണം. അപ്പോള്‍ മനസ്സിലാകും എന്തായിരുന്നു കേരളമെന്ന്, എങ്ങനെയിരിക്കണം കേരളമെന്ന്.



ഈ ലേഖനവും ഇതിന്മേല്‍ വന്ന കമന്റുകളും നടന്ന ചര്‍ച്ചയും ഇവിടെ വായിക്കാം...

No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com