Thursday, February 25, 2010

മാർക്സിസ്റ്റുകളുടെ ദളിതുപീഢനം

ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, ....
അങ്ങനെ ഒട്ടേറെ മഹത്വ്യക്തികൾ നടത്തിയ സാമുദായിക നവോത്ഥാനപരിശ്രമങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും, ഹൈന്ദവമൂല്യവാദിയായ സ്വാ‍മിവിവേകാനന്ദൻ പോലും
ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ, ഭ്രാന്തിൽ നിന്നും ഒരു
പരിധിവരെ മോചിപ്പിക്കാൻ സാധിച്ചു. ജാതിചിന്ത മനസ്സിൽ നിന്നും ഒഴിഞ്ഞു പോയില്ലെങ്കിലും ‘പീഢനകലക’ളായ തൊട്ടുകൂടായ്മ, ഭ്രഷ്ട്, തീണ്ടൽ, ശാരീരികപീഢനം തുടങ്ങിയവയൊക്കെ അവസാനിപ്പിക്കാനും ബാഹ്യതലത്തിൽ മാനവിക മൂല്യങ്ങളെ  മാനിച്ചു കൊണ്ട് ജീവിക്കുവാൻ വിമ്മിഷ്ടത്തോടെയെങ്കിലും മലയാളി തയ്യാറായി. മറ്റു സംസ്ഥാനങ്ങൾക്ക് ഇന്നും ഇക്കാര്യത്തിൽ കാര്യമായി മുന്നേറാനാട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇവിടെ രൂപം കൊള്ളാനും അവരുടെ സന്ദേശം സമൂഹം ഉൾക്കൊള്ളുവാനും കാരണം സാമൂഹികവും സാംസ്ക്കാരികവുമായ ഈ ഉണർവാണ്. ആത്മീയവും സാംസ്ക്കാരികവുമായ ഈ മുന്നേറ്റത്തെ എറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോയത് കമ്മ്യൂണിസ്റ്റ് കക്ഷികളാണെന്നാണ് വെയ്പ്പ്.(വിപ്ലവകരമായ ഒരു സാമൂഹിക നവോത്ഥാനം ഇവിടെ നടന്നിട്ടില്ല എന്നത് വാസ്തവം)
നമ്മുടെ അയൽ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ജാതി പീഢനം പ്രത്യേകിച്ച് ദളിതർക്കു നേരെയുള്ള ക്രൂതകൾ അവിരാമം
മുന്നേറിക്കോണ്ടിരിക്കുന്നു. അവിടെ, പ്രമുഖ കമ്മ്യൂണിസ്റ്റ് കക്ഷിയായ CPM, ദളിതരേയും സവർണ്ണരേയും വേർതിരിച്ചു കൊണ്ട് സവർണ്ണർ കെട്ടിയുയർത്തിയ
 അയിത്ത മതിൽ രണ്ടിടത്തു പൊളിച്ചതായി നാമറിഞ്ഞു എന്നാൽ ഈ കാര്യം മുഖ്യധാരാ മാധ്യമങ്ങളൊന്നും കൊട്ടിഘോഷിച്ചുമില്ല. CPM വിരുദ്ധമായ മാധ്യമ സിൻഡിക്കേറ്റായിരിക്കാം അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ തമസ്ക്കരിക്കുന്നത്. ഈ വലിയ കാര്യത്തെ   മുൻനിറുത്തിക്കൊണ്ട്‘ജനജാഗ്രത’യെന്ന പ്രോ-സി. പി. എം ബ്ലോഗിൽ  പോസ്റ്റു വരികയും പ്രമുഖ CPM ബ്ലോഗറന്മാരും അനുഭാവികളും, CPM സവർണ്ണാഭിമുഖ്യമുള്ള പാർട്ടിയാണെന്ന ദളിതു-പിന്നോക്ക വിമർശനങ്ങളെയും മുൻവിധികളെയും, വ്യംഗ്യമായി ചില ന്യൂനോക്തികളുപയോഗിച്ച് തോണ്ടിക്കൊണ്ട് കമന്റുകളുമിട്ടിരുന്നു. അതെ, CPM, ദളിതർക്കും ആദിവാസികൾക്കും  വേണ്ടി ചെയ്യുന്ന ആത്മാർത്ഥമായ കാര്യങ്ങൾ, അവർ തിരിച്ചറിയുന്നില്ലെങ്കിൽ ആർക്കാണു ദേഷ്യം വരാത്തത് !

പക്ഷെ വളരെ പഴക്കമുള്ള, CPM നുമേലുള്ള ഈ ആരോപണം അസ്ഥാനത്തൊന്നുമല്ലെന്ന്, കേരളത്തിൽ അവർ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. തമിഴ്നാട്ടിൽ കാണിക്കുന്നത് പാർട്ടി വളർത്താനുള്ള ചില ഗിമ്മിക്കുകൾ മാത്രമാണ്. ദളിതരും പിന്നോക്കരും ഉൾപ്പെടുന്ന അടിസ്ഥാന വർഗ്ഗത്തെ കൈയിലെടുത്ത്, പാർട്ടി വളർന്നു കഴിഞ്ഞാൽ, അവരെ വിറകുവെട്ടികളും വെള്ളം കോരികളുമാക്കി നിലനിർത്തുക എന്ന തന്ത്രം തന്നെയാണ് അവർ ഇവിടുത്തെയും പോലെ അവിടെയും പ്രയോഗിക്കുവാൻ പോകുന്നത്. സി പി എം സവർണ്ണതാല്പര്യങ്ങൾ   സംരക്ഷിക്കുന്നവർ മാത്രമല്ല, ദളിതുവിരുദ്ധർ കൂടിയാണ് (കേരളത്തിൽ ദളിതരെ അപേക്ഷിച്ചു നോക്കുമ്പോൾ പ്രമുഖ ജാതിയായ ഈഴവരും ഇന്ന് അർത്ഥസവർണമാരാണ്). ശക്തമായ ഈ ആരോപണത്തിനുള്ള വർത്തമാനകാലത്തെ ഏറ്റവും നല്ല ഉദാഹരണമാണ് പയ്യന്നൂരിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി CPM- ന്റെയും CITU- വിന്റെയും നേതൃത്വത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ‘ചിത്രലേഖാവധം ’!!

ചിത്രലേഖയെന്ന ദളിതുയുവതി, ശ്രീഷ്കാന്ത് എന്ന തീയൻ/ചോവ യുവാവുമായി പ്രണയത്തിലായി, അയാളെ വിവാഹവും കഴിച്ചു. പോരെ പൂരം! ചിത്രലേഖയുടെ ഭര്‍‌ത്താവായ, ശ്രീഷ്കാന്തിന്റെ സഹോദരിയുടെ ഭര്‍‌ത്താവ് P.A.രവീന്ദ്രൻ, പോലീസ് മന്ത്രിയുടെ പേഴ്സണല്‍‌ സ്റ്റാഫില്‍‌ പെടുമ്പോള്‍‌, തീയന്മാർ ഈ അപമാനം ഒരുവിധം സഹിച്ചാൽ തന്നെ പാർട്ടിക്കു സഹിക്കാൻ പറ്റുമോ ? CPM ന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ വിപ്ലവം വരുന്ന കാലത്ത്, മാനുഷരെല്ലാരുമൊന്നായി തീരുന്ന മുഹൂർത്തത്തിൽ സാക്ഷാത്ക്കരിക്കേണ്ട ‘മതേതരജാതിരഹിത സോഷ്യലിസ്റ്റ് പ്രണയം’ ഇന്നേ പ്രാവർത്തികമാക്കിയാൽ എങ്ങനെ ക്ഷമിക്കും?! അതോടെ ‘ചിത്രലേഖാവധം ബാലെ’ ആരംഭിക്കുകയായി. CITU  എന്ന തൊഴിലാളിവർഗ്ഗ ബഹുജന സംഘടനയെ ആരാച്ചാരാക്കി, പൂച്ച എലിയെ കൊല്ലും പോലെ കടിച്ചും മാന്തിയും കീറിയും വിണ്ടും അനങ്ങുമ്പോൾ തട്ടിക്കളിച്ചും രസിച്ചും കൊണ്ടിരിക്കുകയാണ് CPM. ആരെങ്കിലും ചോദിച്ചാൽ CPM നുകൈയ്യൊഴിയാൻ എളുപ്പമാണ്, കാരണം CITU-വിലുള്ള തൊഴിലാളികളെല്ലാം CPMകാരല്ലെന്ന സാങ്കേതിക ന്യായം പറയാം. ഇതു പച്ചക്കള്ളമാണെന്നു ഏതു പൂച്ചക്കുഞ്ഞിനും അറിയാം.

2001- ലായിരുന്നു ചിത്രലേഖയുടെയും  ശ്രീഷ്കാന്തിന്റെയും  വിവാഹം. ശ്രീഷ്കാന്തിനെ വീട്ടിൽ നിന്നും പുറത്താക്കി. അന്നു രാത്രി  CPM-കാർ  ചിത്രലേഖയുടെ അമ്മാവന്റെ വീട്ടിൽ നിന്നും ശ്രീഷ്കാന്തിനെ കട്ടിലോടു കൂടി വെളിയിലിട്ട് തല്ലിച്ചതച്ച്, പിടിച്ചുകൊണ്ടുപോയി. കൂടാതെ അയാളുടെ വണ്ടി എടുത്തു കൊണ്ടു പോകുകയും ചെയ്തു. മറ്റൊരവസരത്തിൽ രാത്രിയിൽ
പണികഴിഞ്ഞു വരുമ്പോൾ പാർട്ടിക്കാർ അയാളെ വളഞ്ഞുവെച്ചു തല്ലുകയും മൂക്കിന്റെ പാലം ഇടിച്ചു തകർക്കുകയും ചെയ്തു. ഇയാൾ DYFI പ്രവർത്തകനായിരുന്നു. ജേഷ്ഠൻ CITU നേതാവായിരുന്നു. അച്ഛൻ CPM, ‘നടക്കുതാഴ’ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. അടിമുടിസർവ്വം കമ്മ്യൂണിസ്റ്റുകളായ ഒരു കുടുംബം പോലും ഒരു പുലച്ചിയുമായുള്ള മിശ്രവിവാഹം ഉൾക്കൊള്ളാനാവാതെ, അയാളെ കൊല്ലാൻ ശ്രമിക്കുമ്പോൾ എന്തുതരം മനുഷ്യത്വമായിരിക്കും ഇവർക്കുള്ളത്. എന്നിട്ടും അവർ കമ്മ്യൂണിസ്റ്റുകാർ എന്ന പേരിൽ ഊറ്റം കൊള്ളുന്നു.


പയ്യന്നൂരിലെ എടാട്ട് തുരുത്തിറോഡ് എന്ന സ്ഥലത്തു ജീവിക്കുന്ന ചിത്രലേഖ, ജനകീയാസൂത്രണം വഴി ഓട്ടോ ഡ്രൈവിംഗ് പഠിച്ച്, P.M.R.Y- വഴി ലോണെടുത്ത് 2004-ൽ ഓട്ടോ വാങ്ങി. എടാട്ട് സ്റ്റാൻഡിൽ കിടന്ന് ഓടുവാൻ വേണ്ടി, CITU-വിൽ മെംബർഷിപ്പ് എടുത്താൽ മാത്രം വണ്ടിയോടിക്കാൻ അനുവദിക്കൂ എന്നറിഞ്ഞതു കൊണ്ട്, അതിന് അപേക്ഷിച്ചു. മൂന്നുമാസം താമസം വരുത്തിയ ശേഷം മനസ്സില്ലാമനസ്സോടെ മെംബർഷിപ്പു കൊടുത്തു.

എന്നാൽ അതോടെ പീഢനങ്ങളും ആരംഭിച്ചു. ആദ്യം ഭർത്താവ് ശ്രീഷ്കാന്താണ് വണ്ടിയോടിക്കാൻ തുടങ്ങിയത്. അപ്പോൾ
പുറകിലത്തെ ചില്ല് തല്ലി പൊട്ടിച്ചു. ഫോൺ വഴികിട്ടുന്ന ട്രിപ്പ് കൊടുക്കാതായി. ഒരുതരം ഒറ്റപ്പെടുത്തലും വിവേചനവും!, പണി കിട്ടാതെ പട്ടിണി കിടക്കേണ്ടി വന്നപ്പോൾ താൻ വരത്തനായിട്ടായിരിക്കും പ്രശ്നങ്ങൾ എന്നു വിചാരിച്ച്

നാട്ടുകാരിയായ ഭാര്യ തന്നെ വണ്ടിയോടിക്കട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ ചിത്രലേഖ വണ്ടിയോടിക്കാൻ തുടങ്ങി.
“ ഓ.... പൊലച്ചി നന്നായിപ്പോയല്ലോ, പൊലച്ചി വണ്ടിയോടിക്കാൻ തൊടങ്ങിയല്ലോ...”എന്നെല്ലാം സഹപ്രവർത്തകരും മറ്റും പരിഹസിക്കാനും അസഭ്യം പറയാനും തുടങ്ങി. എല്ലാം സഹിച്ചു കൊണ്ട് അവർ ജോലി ചെയ്യുവാൻ തുടങ്ങി. ഭർത്താവ് പയ്യന്നൂരിൽ വാടകയ്ക്ക് വണ്ടിയോടിക്കാനും പോയി.

2005 -ൽ  CITU, നടത്തിയ നവമിപൂജയിൽ രണ്ടുപേരുടെയും വണ്ടികൾ പൂജിക്കുവാൻ കൊടുത്തു. വെളുപ്പിന് പൂജ കഴിഞ്ഞ് വണ്ടിയെടുക്കാൻ ചെന്നപ്പോൾ ചിത്രലേഖയുടെ വണ്ടിയുടെ റെക്സിൻ ബ്ലേഡുപയോഗിച്ച് കീറിയിട്ടുണ്ടായിരുന്നു. CPM- ന്റെ അറിയപ്പെടുന്ന ഗുണ്ടയായ മറ്റൊഒരു ഓട്ടോ ഡ്രൈവറായിരുന്നു റെക്സിൻ കീറിയത്. കാര്യം ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്, വേണ്ടി വന്നാൽ ‘നിന്നെയും കത്തിക്കും’എന്നാ‍ണ്. യൂണിയനോട് പരാതിപ്പെട്ടപ്പോൾ അവരും കൈയ്യൊഴിഞ്ഞതിനാൽ പോലീസിൽ പരാതി കൊടുത്തു. പോലീസിൽ പ്രതിയെ വിളിപ്പിച്ചപ്പോൾ എല്ലാ CITU ഓട്ടോ ഡ്രൈവറന്മാരും നേതാവും പഞ്ചായത്തു മെംബറുമെല്ലാം സ്റ്റേഷനിലെത്തി, അവൾ തന്നെ കീറിയതാണെന്നും മദ്യപിക്കുന്നവളും വേശ്യയുമാണെന്നും ഒപ്പുശേഖരണം നടത്തി പരാതികൊടുത്തു. എങ്കിലും പോലീസ്, ഇനിയും ഇങ്ങനെ ഉണ്ടാകില്ലെന്ന് പറഞ്ഞ് ചിത്രലേഖയെ ഒപ്പിടുവിച്ച് മടക്കി അയച്ചു.

പിറ്റേന്ന് സ്റ്റാന്റിലെത്തിയ ചിത്രലേഖയെ അസിസ്റ്റന്റ് യൂണിയൻ സെക്രട്ടറിയും മറ്റും ചേർന്ന് വണ്ടിയിൽ നിന്നും വലിച്ചു പുറത്തിട്ടു മർദ്ദിച്ചു. വണ്ടി പാർക്കിംഗ് ലൈനിൽ നിന്നും തള്ളിമാറ്റി. തന്നെ ഓടിക്കാനാനുവദിച്ചില്ലെങ്കിൽ ആരും വണ്ടിയോടണ്ട എന്ന പ്രതിഷേധ നിലപാടെടുത്ത ചിത്രയെ “പൊലച്ചി, നായിന്റെ മോളെ, നീ ബാക്കിയുണ്ടെങ്കിലല്ലെ നിനക്ക് വണ്ടിയോടിക്കാൻ പറ്റൂ, നിന്നെയൊക്കെ കൊന്നാൽ ആരാ ചോദിക്കാൻ വരുക” എന്നു പറഞ്ഞ് രമേശൻ എന്നയാൾ, അയാളുടെ ഓട്ടോ ഇടിപ്പിച്ചു അവരെ കൊല്ലാൻ ശ്രമിച്ചു. ഒഴിഞ്ഞുമാറിയതിനാൽ കാലിലൂടെ വണ്ടികയറി അവർ ആശുപത്രിയിലായി. പ്രതിയെ പോലീസ് പിടിച്ചു കൊണ്ടു പോയി. രമേശനെ പോലീസ് മർദ്ദിച്ചുവെന്നു പ്രതിഷേധിച്ച് പാർട്ടിക്കാരെല്ലാവരും പോലീസ് സ്റ്റേഷൻ വളഞ്ഞു. ഈ കേസിൽ രമേശനെ 25,000 രൂപ പിഴയും ഒരു മാസം കഠിന തടവിനും വിധിച്ചു. ശിക്ഷ അയാൾ അനുഭവിച്ചോയെന്ന് അറിയില്ലെന്നാണ് ചിത്രലേഖ പറയുന്നത്.

രണ്ടു മാസത്തിനു ശേഷം അർത്ഥരാത്രിയിൽ വീട്ടുമുറ്റത്തു കിടന്ന അവരുടെ ഓട്ടോ തീയിട്ടു നശിപ്പിക്കപ്പെട്ടു. കുറച്ചുമാസം കഴിഞ്ഞ് ഭർത്താവിനെ വെട്ടിക്കൊല്ലാൻ ആളെ വിട്ടു. എന്നാൽ ഈ ഗൂഢാലോചന അറിയിക്കാൻ വന്ന അനിയത്തിയുടെ ഭർത്താവിനാണ് ആളുമാറി വെട്ടേറ്റത്. വണ്ടി കത്തിച്ചതിന് പട്ടിജാതി വികസന വകുപ്പിൽ നിന്നും കിട്ടിയ 10,000 രൂപയുടെ ധനസഹായം അനിയന്റെ ചികിത്സയ്ക്ക് ചിലവായി. ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യത്തിൽ പേടിയോടെയാണെങ്കിലും അല്പം പ്രതികരണശേഷിയുള്ളവർ ചേർന്ന് ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. സുൽഫത്ത് ടീച്ചർ കൺവീനറായ കമ്മിറ്റി ഭീഷണിക്കിടയിലും പൊതുയോഗം നടത്തി കാര്യങ്ങൾ വിശദീകരിച്ചു. ടീച്ചറുടെയും ചിത്രലേഖയുടെയും പേരിൽ അശ്ലീലപോസ്റ്ററുകൾ യോഗസ്ഥലത്ത് പാർട്ടിക്കാർ ഒട്ടിച്ചു. പോലീസ് ഇതിനെതിരെ സ്വമേധയാ കേസെടുത്തു. ആക്ഷൻ കമ്മിറ്റി വാടകയ്ക്ക് ഇവർക്ക് ഓട്ടോയെടുത്ത് കൊടുക്കുകയും  7,500 രൂപയോളം പിരിവെടുത്തു  കൊടുക്കുകയും ചെയ്തു. പിന്നെ കമ്മിറ്റി പിരിച്ചുവിട്ടു. കുറച്ചു വ്യക്തികൾ ചേർന്ന് പുതിയ ഓട്ടോ വാങ്ങികൊടുത്തു. എന്നാൽ കൂട്ടത്തിൽ പാർക്കുചെയ്യാൻ അനുവദിക്കാത്തതിനാൽ ആരും വണ്ടിയിൽ കയറാൻ വരാത്ത അവസ്ഥയിൽ പയ്യന്നൂർ ടൌണിൽ മുൻസിപ്പാലിറ്റി പെർമിറ്റിന് അപേക്ഷ കൊടുത്തു. അവിടെയും കാർഡിനായി CITU വിനെ സമീപിച്ചപ്പോൾ രാഷ്ട്രപതി വന്നു പറഞ്ഞാലും തരില്ലായെന്നാണറിയിച്ചത്. പിന്നീട് BMS, INTUC തുടങ്ങിയവരുടെ ഭൂരിപക്ഷ തീരുമാന പ്രകാരം നാലുമാസം കാത്തിരുന്ന ശേഷമാണ് കാർഡ് കിട്ടുന്നത്. പിന്നെ കുറേനാൾ കുഴപ്പമൊന്നുമില്ലാതെ പോകുകയായിരുന്നു. 
2010 ജാനുവരി 20 രാവിലെ, പയ്യന്നൂരിലെ പെരുമ്പയിലുള്ള മെഡിക്കൽ ഷോപ്പിനു മുന്നിൽ ചിത്രലേഖ ഓട്ടോ കൊണ്ടു വന്നു നിറുത്തി. ഭർത്താവ് മകനു മരുന്നു വാങ്ങാൻ ഓട്ടോയിൽ നിന്നും ഇറങ്ങി. അവിടെയുണ്ടായിരുന്ന ഒരു ഓട്ടോക്കാരൻ വന്നു പറഞ്ഞു  “വണ്ടിയെടുത്ത് മാറ്റ് നായിന്റമോളെ...ആരോടു ചോദിച്ചിട്ടാ ഇവിടെ വണ്ടി വെച്ചത് ” ട്രിപ്പ് ഓടാൻ വന്നതല്ലെന്നും മരുന്ന് വാങ്ങി ഉടനെ പോകുമെന്നു പറഞ്ഞിട്ടും കേൾക്കാതെ യൂണിയൻകാർ മനഃപൂർവ്വം വളഞ്ഞു വെച്ച് പ്രശ്നമുണ്ടാക്കി പോലീസിനെ വിളിപ്പിച്ചു. മദ്യം കുടിച്ചിട്ട് ലഹളയുണ്ടാക്കിയെന്ന് യൂണിയൻകാർ പരാതിപ്പെട്ടതനുസരിച്ച് കേസെടുത്തു. ചിത്രയോ ഭർത്താവോ പറയുന്നത് കേൾക്കാൻ പോലും തയ്യാറാകാതെ അവരെ മർദ്ദിക്കുകയും ഉന്തിതള്ളി ജീപ്പിലിട്ട് ചിത്രയുടെ കരണത്തും നെഞ്ചത്തും അടിക്കുകയുക് ചെയ്തു. അടിവയറ്റിൽ ബൂട്ടിട്ടു ചവിട്ടി. വനിതാ പോലീസാണിതു ചെയ്തത്. കൂടാതെ മുഴുവൻ യൂണിയൻകാരും ജീപ്പു വളഞ്ഞ് അവരെ രണ്ടു പേരേയും
അടിച്ചു. ഭർത്താവിനോട് അയാളെയും അവളെയും കത്തിക്കുമെന്നു പറഞ്ഞു. യൂണിയൻകാരും പോലീസും  ചേർന്നുള്ള ഒത്തുകളിയായിരുന്നു അവിടെ നടന്നത്.


ഏകദേശം രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാക്കിയ ദമ്പതികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാക്കി കേസെടുത്ത് ജാമ്യത്തിൽ വിടാൻ പറഞ്ഞിട്ടും വഴങ്ങിയില്ല. യൂണിയൻകാർ മുഴുവൻ തമ്പടിച്ചിരുന്ന സ്റ്റേഷനിൽ, വൈകിട്ട് ആറുമണിക്ക് ശേഷം പോലീസ് മോണിറ്ററിംഗ് കമ്മിറ്റി മെംബർ അയ്യപ്പൻമാഷ് വന്ന ശേഷമാണ് ഇവരെ വിടുന്നത്. വീടിന്റെ പണിക്കു വേണ്ടി കടം വാങ്ങിയ 10,000 രൂപ ഓട്ടോയിലുള്ള കാര്യം പോലീസിനെ ഓർമ്മിപ്പിച്ചിട്ടും ഓട്ടോ സ്റ്റേഷനിലേക്കെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല്ല. അങ്ങനെ പതിനായിരവും പോയി.യൂണിയൻകാരല്ലാത്ത ചിലർ വന്ന് ചിത്രയെ തല്ലുന്നത് മൊബയിലിൽ ഫോട്ടോ എടുത്തപ്പോൾ പോലീസ് അവരുടെ കോളറിനു പിടിച്ചു മൊബൈൽ വാങ്ങി ഫോട്ടോ മായ്ച്ചു കളഞ്ഞു.  ബൂട്ടിട്ട് അടിവയറ്റിൽ ചവിട്ടെറ്റതിനാൽ ബ്ലീഢിംഗ് ഉണ്ടായി. ഒരു ദിവസം ആശുപത്രിയിൽ കിടന്നു.കാശില്ലാത്തതിനാൽ അടുത്ത ദിവസം തിരിച്ചു പോരുന്നു. അങ്ങനെ ഇപ്പോൾ അവരെ പണിയെടുത്തു ജീവിക്കാൻ വയ്യാ‍ത്ത അവസ്ഥയിലാക്കി. ഈ സംഭവം അന്നു റിപ്പോർട്ടു ചെയ്തത് നേര് ’ നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയും മറ്റു ചില അന്തിപ്പത്രങ്ങളും മാത്രമാണ്. മറ്റ് മുഖ്യധാരക്കാരാരും സംഭവം അറിഞ്ഞില്ല. പോലീസും പത്രക്കാരും കൂടി എഴുതിയത് “മദ്യലഹരിയിൽ ബഹളം വെച്ചതിനും ഗതാഗതം സ്തംഭിപ്പിച്ചതിനും കേസെടുത്തു”എന്നായിരുന്നു.
ഇതിനു മുൻപ് ശ്യാമള എന്ന വനിതയുടെ ഓട്ടോയും കത്തിച്ചിട്ടുണ്ട്. ദളിതയായ എലിസബത്ത്, റഹ്മത്ത് ഇവരെല്ലാവരും പീഢനങ്ങളും  ശല്യവും സഹിക്കാനാവാതെ പണിയുപേക്ഷിച്ച് പോയവരാണ്. എല്ലാവർക്കുമെതിരെ ഒരേ ആയുധമാണ് യൂണിയന് പ്രയോഗിക്കാനുണ്ടായിരുന്നത്. അസന്മാർഗി, വേശ്യ, മദ്യപിക്കുന്നവൾ...അങ്ങിനെ !
   
ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പ്രൊ.ഗെയിൽ ഓംവേദത്ത്, ദില്ലി യൂണിവേസിറ്റിയിലെ പ്രൊ.നിവേദിതാ മേനോൻ, രണ്ടു പ്രാദേശിക പൊതുപ്രവർത്തകരായ വി.ഗീത, കെ.കെ.പ്രീത എന്നിവരുടെ സംഘം പയ്യന്നൂരും പരിസരത്തും ചിത്രലേഖ, സാക്ഷികൾ, ഓട്ടോ യൂണിയൻ, പോലീസ് എന്നിവരിൽ നിന്നും നടത്തിയ തെളിവെടുപ്പിൽ യൂണിയന്റെയും പോലീസിന്റെയും ഭാഷ്യങ്ങളിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നു കണ്ടെത്തി. സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ, ഈ മേഘലയിലെ ദളിതുവനിതാ ഓട്ടോ തൊഴിലാളികൾക്കു നേരെ ക്രൂരമായഭീഷണിപ്പെടുത്തൽ, ലൈംഗിക പീഢനം, ലൈംഗിക വിവേചനം, ജാത്യാവഹേളനം, സദാചാരപരമായ ദുരാരോപണങ്ങൾ എന്നിവ യൂണിയന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും അവരുടെ ഓട്ടോകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈ വേട്ടയ്ക്കു പിന്നിൽ, സാമൂഹികജീവിതത്തിന്റെയും പൊതുവ്യവഹാരങ്ങളുടെയും അതിരിനു വെളിയിൽ ജീവിക്കേണ്ട ഹീനജാതികളായ ദളിതർ പൊതുതൊഴിലിൽ കൈവെക്കുമ്പോഴുള്ള അസഹിഷ്ണുത, ജാതിപരമായ അയിത്തം, ഭ്രഷ്ട് ഇവയ്ക്കൊപ്പം ലിംഗപരമായ വിവേചനവും അസഹിഷ്ണുതയും, മിശ്രവിവാഹം ചെയ്തതിലുള്ള വൈരാഗ്യം തുടങ്ങി അനേക കാരണങ്ങൾ കണ്ടെത്തുവാൻ കഴിയും .
       
കേരളത്തിൽ ജാതി ഒരു സംഘർത്മാക സാമൂഹിക ഘടകമാണോ, ഇവിടെ ജാതി പീഢനം നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് ബൂലോകത്തുള്ള ഭൂരിപക്ഷ സവർണ്ണപക്ഷക്കാരും വെച്ചുപുലർത്തുന്നത്. കഴിഞ്ഞുപോയ പലസംവാദങ്ങളിലും പലരുടെയും കണ്ടെത്തൽ ഇത്തരത്തിലായിരുന്നു. എന്നാൽ അവിരാമം ദളിതുപീഢനം കേരളത്തിലും നടക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. കാര്യങ്ങൾ അറിയുന്നുണ്ടെങ്കിലും അവർ കണ്ണടച്ചിരുട്ടാക്കുന്നത് സംവരണം അട്ടിമറിക്കുകയെന്ന മറ്റൊരു ലക്ഷ്യത്തോടെയാണ്.

ഇന്ത്യയിലെ ജാതിവ്യവസ്ഥ ‘ശ്രേണീകൃത’മാവുന്നത് തൊഴിലിനേയും  തൊഴിലെടുക്കുന്നവരെയും ഉച്ചനീചാവസ്ഥകൾക്കുള്ളിൽ അടയാളപ്പെടുത്തി വിഭജിക്കുന്നതു കൊണ്ടാണ്. ജാതിയില്‍‌ മുകളിലേക്ക് ആഢ്യത്വവും, കീഴോട്ട് മ്ലേച്ഛത്വവുമാണ്. അതുതന്നെ തൊഴിലിന്റെ കാര്യത്തിലും. തൊഴിലില്‍‌ ജാതിക്കപ്പുറം ലിംഗപരവുമായ തീര്‍‌പ്പും ശക്തമാണ്. ജാതിപരമായ അയിത്തം ഭ്രഷ്ട്, തീണ്ടൽ, തൊടീൽ തുടങ്ങിയ സനാതനധർമ്മത്തിന്റെ മിച്ചമൂല്യങ്ങൾ ഭാരതീയന്റെ മനസ്സിൽ നിന്നും ഒരിക്കലും വിട്ടൊഴിയുന്നില്ല. അതു സാധ്യമാകണമെങ്കിൽ സനാതനമൂല്യങ്ങളും ഹൈന്ദവമതവും തകർന്നേ മതിയാകു.വർഗ്ഗസമരം ഇതിനൊരു പരിഹാരമാകുന്നില്ലെന്നു മാത്രമല്ല ഹൈന്ദവമൂല്യങ്ങൾക്കൊപ്പം ഫാഷിസം കൂടി ചേരുമ്പോഴുള്ള മാനസികാവസ്ഥയിലാണ് സഖാക്കൾ. ഒരുകാലത്ത് സ്ത്രീകള്‍‌ സൈക്കിള്‍‌ ചവിട്ടുന്നത് കൌതുകത്തിനപ്പുറം അഹങ്കാരമായി കണക്കാക്കുന്ന സമൂഹമായിരുന്നു നമ്മള്‍‌. ഇതിന്റെ ബാക്കിയാണ് ആട്ടോറിക്ഷാ ഡ്രൈവറാകുന്ന സ്ത്രീകളോട് പുരുഷകേസരികളുടെ അസഹിഷ്ണുത. എന്നാൽ ഇതു ദളിതയായതിനാല്‍‌ തീവ്രത കൂടി നുരഞ്ഞു പൊങ്ങുന്നുവെന്നു മാത്രം.

ഇന്ത്യയില്‍‌ ആദ്യമായി കര്‍‌ഷകതൊഴിലാളിക്ക് സംഘടയുണ്ടാവുന്നതും, വിലപേശല്‍‌ ശക്തിയാവുന്നതും കേരളത്തിൽ, കുട്ടനാട്ടിലാണ്. കമ്മ്യൂണിസ്റ്റു മേൽക്കൈയിൽ‌ അതു രൂപംകൊള്ളുമ്പോള്‍‌ ‌ ജാതി-ജന്മിത്വവിരുദ്ധവും, മനുഷ്യാവകാശപരവുമായ നിലപാടില്‍‌ ഉറച്ചു നിന്നിരുന്നു. അതിനാൽ പുരോഗമനപരമായ ഇടതു ചേരിയിൽ വന്‍‌തോതില്‍‌ ബുദ്ധിജീവികളും, കലാകാരും, സാമൂഹ്യ പ്രവര്‍‌ത്തകരും അണി നിരക്കുകയും കമ്മ്യൂണിസ്റ്റുകളായി മാറുകയും ചെയ്തു. നാട്ടില്‍‌ ചെറുതും വലുതുമായ എല്ലാ സാമൂഹ്യപ്രശ്നങ്ങളും ഏറ്റെടുക്കാന്‍‌ തക്ക പ്രാപ്തരും ധീരരുമായിരുന്നു കമ്മ്യൂണിസ്റ്റുകൾ. അതുകൊണ്ട്
നിലവിലുണ്ടായിരുന്ന ജാതിസംഘടനകള്‍‌ വിട്ട് ദലിത്-പിന്നോക്ക ജനസമൂഹങ്ങള്‍‌ കമ്മ്യൂണിസ്റ്റു പാര്‍‌ട്ടിയില്‍‌ അഭയം തേടി. എഴുപതുകളുടെ അവസാനംവരെ ഇതു തുടര്‍‌ന്നുഎണ്‍‌പതില്‍‌ മുന്നണിഭരണത്തിലൂടെ മാര്‍‌ക്സിസ്റ്റുകള്‍‌ അധികാരം കൈയേറിയതു മുതല്‍‌ വ്യവസയ-സര്‍‌വ്വീസ് മേഖലയിലെ ട്രേഡുയൂണിയനുകള്‍‌ ശക്തമായി.അവർ പാര്‍‌ട്ടിയിലെ‌ നിര്‍‌ണ്ണായക സ്ഥാനമായി. ബൂർഷ്വാസംഘടിത തൊഴിലാളി വര്‍‌ഗ്ഗത്തിന്റെ മുഷ്ക്ക് കേരളം കണ്ടു തുടങ്ങി. പാര്‍‌ലമന്ററി ജനാധിപത്യം പ്രായോഗിക പരിപാടിയാകുമ്പോള്‍ -പോലും, തൊഴിലാളിവര്‍‌ഗ്ഗ സര്‍‌വ്വാധിപത്യമെന്ന ആത്യന്തികലക്ഷ്യം  സ്വപ്നങ്ങളില്‍‌ നുരയുന്നതു കൊണ്ടാകാം, പ്രാഥമിക ജനാധിപത്യ മര്യാദകള്‍‌ പോലും പാലിക്കാന്‍‌ കഴിയാതെ പാർശ്വവത്ക്കരിക്കപ്പെട്ടരെ ചവിട്ടിയരച്ചു പോകുന്നത്.
അതേ കാലത്താണ്, വടക്കേമലബാറില്‍‌ ആറെസ്സെസ്സ്--മാര്‍‌ക്സിസ്റ്റു സംഘട്ടനങ്ങളുടെ തുടര്‍‌കഥയുണ്ടാവുന്നത്. അതിലൂടെ പോലീസ് വേട്ടയും, പ്രതിരോധവും, അരാജകത്വവും. അങ്ങനെയാണ് പാര്‍‌ട്ടിഗ്രാമങ്ങള്‍- എല്ലാകക്ഷികള്‍‌ക്കും ഉണ്ടാവുന്നത്. അതില്‍‌ അകപ്പെടാതെ നോക്കാന്‍‌ സാധാരണക്കാരനാവില്ല. മതമൌലീകവാദികള്‍‌ ഊരുവിലക്കിയാല്‍‌ ആരെങ്കിലും കാണും, പാര്‍‌ട്ടി വിലക്കിയാല്‍‌ ഒരാളും അടുക്കില്ല.

ചിത്രലേഖയുടെ വിവരം അന്വേക്ഷിക്കാന്‍‌ ചെന്ന അയ്യപ്പന്‍ മാഷ് , സ്റ്റാന്റില്‍‌ ചെന്ന് ഒരോട്ടോ വിളിച്ച് ചിത്രലേഖയുടെ വീട്ടില്‍‌ പോകണമെന്നു പറഞ്ഞു. പത്തുമുപ്പതു പേര്‍‌ വളഞ്ഞ് അടുത്ത ചോദ്യം‘കൈയും കാലും വേണോ, അതോ അവടെ വീട്ടില്‍‌ പോണോ?’ മാഷു പറഞ്ഞത്, ഇതെല്ലാം വേണം. തൊഴിലാളിവര്‍ഗ്ഗ സ്നേഹം  വഴിഞ്ഞൊഴുകുന്നതു കാണണമെങ്കില്‍‌ അവിടെ പോകണം. സ്വയം തൊഴില്‍‌ പദ്ധതിപ്രകാരം, ലോണെടുത്ത് ഓട്ടോ വാങ്ങി ഓടിച്ച് കുടുംബം പുലര്‍‌ത്താന്‍‌ ശ്രമിച്ച ദരിദ്ര ദലിത് യുവതിയെ ശത്രുസൈന്യത്തോടെന്നപോലെ പെരുമാറുന്ന തൊഴിലാളി മനസ്സിനെ നമ്മള്‍‌ എങ്ങനെ വായിച്ചെടുക്കും. പക്ഷെ പ്രാദേശിക ജനതയുടെ പിന്തിരിപ്പൻ ജാതി- ജന്മി സാംസ്ക്കാരികാവസ്ഥയാണ് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്ന് പറഞ്ഞ് പാർട്ടിയ്ക്ക് ഒരിക്കലും കൈയ്യൊഴിയാനാവില്ല. ഒരു ബദൽ സംസ്ക്കാരത്തിന്റെയും സാമൂഹിക തുല്യതയുടെയും പ്രത്യയശാസ്ത്രം വിളിച്ചു കൂവുന്ന പാർട്ടിയുടെ കേരളനേതൃത്വത്തിന് മൃഗീയമായ മനുഷ്യത്വരഹിതമായ അവരുടെ സഖാക്കളുടെ പ്രവൃത്തി അറിഞ്ഞില്ലെന്നു പറയാൻ കഴിയില്ല. എന്തു കൊണ്ട് ഈ അതിക്രമത്തെ നിയന്ത്രിച്ചില്ല എന്നുള്ളതിന് സമാധാനം പറയാൻ ബാധ്യതയുണ്ട്. അതുപോലെ ബൂലോഗത്തെ കമ്മ്യൂണിസ്റ്റ് സിംഹങ്ങൾക്കും അനുഭാവികൾക്കും. കള്ളന്മാരല്ലെങ്കിൽ അവർ വാതുറക്കുമെന്നു പ്രതീക്ഷിക്കാം !!

ഈ വരുന്ന മാർച്ചു മാസം 12 ആം തീയതി (തീരുമാനം ആയില്ല.) പയ്യനൂരുവെച്ചു കൂടുന്ന കണ്‍‌വന്‍‌ഷനില്‍‌, കാഞ്ചഇളയ്യാ, ചന്ദ്രഭാനുപ്രസാദ് എന്നിവരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍‌. ജാതിക്കും മതത്തിനും എതിരെ വിട്ടു വീഴ്ച്ചയില്ലാതെ, സാംസ്ക്കാരികവും രാഷ്ട്രീയവുമായി പോരാടുകയുകയും മാതൃകാ ജീവിതത്തിന് ആഹ്വാ‍നം ചെയ്യുന്നത് തങ്ങൾ മാത്രമണെന്നത്  വെറും ഗീർവാണവും പുറംപൂച്ചും മാത്രമാണെന്നും തെളിയിച്ചു കഴിഞ്ഞു. എന്തുതരം നവോത്ഥാനമാണ് CPM സാംസ്ക്കാരിക കേരളത്തിൽ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയത് ? സ്വന്തം അണികളിലും അനുയായികളിലും എന്ത് മാനവിക മൂല്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന നിലയിൽ CPM  ഊട്ടിയുറപ്പിക്കാനായത്?തങ്ങളിൽ ജാതിമതചിന്തകളില്ലെന്നും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടുന്ന വീരശൂര പരാക്രമികളാണ് തങ്ങളെന്നും യാതൊരു ഉളുപ്പുമില്ല്ലാതെ വിളിച്ചു പറയാൻ ലജ്ജയെന്നൊരു സാധനമുണ്ടോ സഖാക്കൾക്ക് ?! ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പോലും !

കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തിലെ ഉൾപ്പിരിവ് വ്യക്തമാണ്. രാഷ്ട്രീയക്കാർ രണ്ടു ഇസത്തിന്റെ അടിസ്ഥാനത്തിൽ പല ചേരിയിലാണെങ്കിലും ദളിതുവിരുദ്ധതയുടെ കാര്യത്തിൽ ഒറ്റചേരിയിലാണ്. കോൺഗ്രസ്സ്, ബിജെപ്പി, ജനദാദൾ, കമ്മ്യൂണിസ്റ്റുകൾ . കടുവകൾ വലതായാലെന്ത് ? ഇടതായാലെന്ത് ? നിറം സവർണ്ണം തന്നെ ! അതായത് കോരനു കുമ്പിളിൽ കഞ്ഞി !!
------------------------------------

ഈ പോസ്റ്റ് ഇവിടെയും വായിക്കാം
മാനവിക നിലപാടുകൾ


(അവലംബം:-പത്ര വാർത്തകൾ, മാധ്യം വാരിക 2010 ഫെബ്രുവരി 8, ബ്ലോഗ് വായന-http://keralaletter.blogspot.com/2010/02/dalits-ight-against-
bias.html)
----------------------------------


No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com