Showing posts with label അയോധ്യ. Show all posts
Showing posts with label അയോധ്യ. Show all posts

Friday, January 1, 2010

ഇരകളും വേട്ടക്കാരും

വൈകിയാണെങ്കിലും മുസ്ലീം സമൂഹത്തിനു ചോരകുടിയന്‍ കുറുക്കന്മാരെ തിരിച്ചറിയുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു എന്നത് ആശ്വാസകരമാണ്.... ഡിസംബര്‍ 14നു മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനം :

ഇരകളും വേട്ടക്കാരും
പി.കെ. അബ്ദുള്‍റഊഫ്‌

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ.

കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്. അതിന് മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ് കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്.ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട് കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത് പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്മരിപ്പിച്ച് ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക് പ്രശ്‌നത്തെ എത്തിച്ച് കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്ചകള്‍ കണ്ട് അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തു.ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ് എന്ന് മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്തിത്വം. അടുത്തകാലത്ത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്. മുസ്‌ലിം ലീഗ് ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ് പ്രധാനം. എങ്കിലും കോണ്‍ഗ്രസ്് പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലകൊണ്ട്, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന് സ്വന്തം ജീവിതംകൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട് സ്​പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്.എസ്., സംഘ്പരിവാര്‍ എന്നൊക്കെപ്പറഞ്ഞ് വെറുതെ ഒച്ചവെച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ് ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്ക്ക് കൊടുക്കുകയാണ് ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്തുകൊണ്ട് സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ, അവരെ നാം തിരിച്ചറിയണം.

(ലേഖകന്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്)


Also Posted in ::: അഹങ്കാരം C/o Ahamkaram :::

Friday, November 27, 2009

അയോധ്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍..

അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടത് വലിയ ജനാധിപത്യ ധ്വംസനമായി മിക്ക മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇസ്ലാമിക സംഘടനകളും എല്ലാവര്‍ഷവും ആഘോഷിക്കുന്നു, ആചരിക്കുന്നു.. (തീവ്ര)ഹിന്ദുക്കള്‍ തകര്‍ത്ത മതേതര മസ്ജിദ് ആയിട്ടാണ് എല്ലാവരും പ്രചരിപ്പിക്കുക. എല്ലാ ഡിസെംബര് മാസങ്ങളില്‍ ഉയര്‍ത്തുന്ന ഓര്‍മ്മപ്പെടുത്തലിനു പുറമേ ഓരോ കമ്മിഷനും ഓരോ ഇലെക്ഷനും വരുമ്പോള്‍ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തും.. ഇസ്ലാമിക വിശ്വാസികള്‍ക്ക് ഐക്യ ധാര്‍ഷ്ട്യം പ്രഖ്യാപിക്കും.. ആരെങ്കിലും അയോധ്യയിലെ ശ്രീ രാമ ജന്മ ഭുമിയുടെ ചരിത്രത്തിലേക്കും ആ ഭൂമിയില്‍ ഹിന്ദുക്കള്‍ എന്ത് കൊണ്ടാണ് അവകാശം ഉന്നയിക്കുന്നതെന്നും ചര്‍ച്ച ചെയ്യാറുണ്ടോ? അതിലെ ന്യായാന്യായം വിശകലനം ചെയ്യാറുണ്ടോ? ഉത്തരം 'ഇല്ല' എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഹിന്ദുക്കളുടെ വിശ്വാസത്തിനോ അവകാശത്തിനോ ഈ രാജ്യത്തില്‍ ഒരു വിലയും ഇല്ല എന്ന് ഓര്‍മിപ്പിക്കുന്ന സംഭവമായാണ് അയോധ്യയെക്കുറിച്ചുള്ള ഓരോ ചര്‍ച്ചയും ഹിന്ദുക്കള്‍ വീക്ഷിക്കുന്നത്. ഹിന്ദുക്കള്‍ എന്ന് പറയുന്നവര്‍ ആരാണ് എന്നൊക്കെ മറുചോദ്യം ചോദിക്കാന്‍ ഇവിടെ ആളുകള്‍ ഉണ്ടാകുമെന്നും അറിയാം. അര്‍ദ്ധ സത്യമോ അസത്യമോ എത്ര പ്രചരിപ്പിച്ചാലും അവ സത്യമാകില്ലല്ലോ. ഈയൊരു വിശ്വാസം മാത്രമാണ് ഹിന്ദുക്കളുടെ ഉള്ളിലെ ആല്മാഭിമാനം തല്ലി ക്കെടുത്താത്തത്. ആരും തന്നെ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടതിനെ ന്യായീകരിക്കുന്നുണ്ടാവില്ല. അതേസമയം അത് ഹിന്ദുക്കളുടെ പുണ്യ കേന്ദ്രങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ച മുസ്ലീം ഭരണാധികാരിയുടെ ഇതര മതത്തിനോടുള്ള വിരോധത്തിന്റെ അവശിഷ്ടമാണ് എന്നതിലും തര്‍ക്കമില്ല. ഒരിക്കല്‍ ആ മന്ദിരം ഇസ്ലാമിക വിശ്വാസികളുടെയും സമ്മതത്തോടെ തകര്‍ക്കപ്പെടുകയും ഹിന്ദുക്കളുടെ വിശാസത്തിനനുസരിച്ച് ഒരു ക്ഷേത്രം അവിടെ നിര്‍മിക്കുകയും ചെയ്യപ്പെടെണ്ടതാണ്. അങ്ങനെ ഉണ്ടാകാതിരിക്കുമ്പോള്‍ ആണ് ആ വിഷയം ഒരു ജനതയുടെ അഭിമാനത്തിനും വിശ്വാസത്തിനും ക്ഷതമേല്‍പ്പിച്ചു കൊണ്ട് നിലനില്‍ക്കുക. തങ്ങള്‍ക്കു ഒരു പ്രാധാന്യവും ഇല്ലാത്ത ഒരു കെട്ടിടം വലിയ ഒരു ജന വിഭാഗത്തിന്റെ അഭിലാഷത്തിനു എതിരാകാന്‍ മാത്രമായി നിര്‍ത്തി സംരക്ഷിക്കുമ്പോള്‍ മുസ്ലീം സമൂഹത്തിന്റെ ഏതു വിശ്വാസമാണ് സംരക്ഷിക്കപ്പെടുക? രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒരു മതസമൂഹത്തിന്റെ അപചയം അല്ലെ വെളിപ്പെടുത്തുക? ആ കെട്ടിടത്തിന്റെ അവകാശവാദം മുസ്ലീങ്ങളുടെതായി സമ്മതിച്ചാല്‍ തന്നെ എത്രയോ പണ്ടേ അവര്‍ക്കായി മറ്റൊരു ആരാധനാലയം പ്രസ്തുത കെട്ടിടത്തിനരികില്‍ പണിതു നല്‍കാമെന്ന പരിഹാരം സംഘപരിവാര്‍ ഉള്‍പ്പടെ ഉള്ള ഹൈന്ദവ സംഘടനകള്‍ എന്നേ മുന്നോട്ടു വച്ചിട്ടുള്ളതാണ്‌! ഇതില്‍ നിന്ന് തന്നെ ഹിന്ദുക്കള്‍ ഈ വിഷയത്തില്‍ രാഷ്ട്രീയമല്ല കളിക്കുന്നത് എന്ന് സുവ്യക്തമാണ്. എന്നിട്ടും മുസ്ലീങ്ങള്‍ പിടിവാശി കാട്ടുന്നത് എന്തിനു വേണ്ടി? മുസ്ലീങ്ങള്‍ എന്ന് പറയുമ്പോള്‍ സത്യം മറക്കപ്പെട്ടതിനാല്‍ ചിന്തിച്ചു പോകുന്ന മുസ്ലീങ്ങളെ ഉദ്ദേശിച്ചിട്ടില്ല എന്ന് പറയട്ടെ. സത്യം അവരില്‍ നിന്നും മറക്കപ്പെട്ടിട്ടുള്ളത് അവരുടെ കുറ്റമല്ലല്ലോ. പ്രസ്തുത കെട്ടിടത്തില്‍ ഹിന്ദുക്കള്‍ വര്‍ഷങ്ങളായി ആരാധന നടത്തി വരുന്നതാണ്.. ഏതെങ്കിലും മുസ്ലീങ്ങള്‍ ആരാധനക്കായി അവിടെ പോകുന്നും ഇല്ല. മത സൌഹാര്‍ദത്തിനു വേദിയാകാമായിരുന്ന ഈ വിഷയത്തിനെ ഈ പരുവത്തിലാക്കിയത് ആരാണ്? എന്തിനു വേണ്ടി?

ഹിന്ദുക്കളുടെ അവകാശവാദത്തിനെ ചരിത്രത്തിന്റെ തെളിവുകള്‍ അപര്യാപ്തം എന്ന മുട്ടാന്യായം ഇറക്കി വര്‍ഷങ്ങളായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ്‌-ഇടതു കക്ഷികള്‍ എന്ത് ലാഭമാണ് നേടുന്നതെന്ന് വ്യക്തം. ഹിന്ദുക്കളുടെ അവകാശത്തിനെ പിന്തുണച്ച ബി ജെ പ്പി ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തില്‍ 'തൊട്ടുകൂടാന്‍' പറ്റാത്ത കക്ഷിയായി മുദ്ര കുത്തപ്പെട്ടതും ഹിന്ദുക്കള്‍ ഒരു വോട്ട് ബാങ്ക് അല്ല എന്നും അത്തരം ബാങ്കുകള്‍ക്കേ ഈ ജനാധിപത്യത്തില്‍ സ്ഥാനമുള്ളൂ എന്നുമുള്ള വസ്തുത എത്ര ദയനീയമാണ്? പ്രതീകാല്മിക കര്‍സേവ നടത്തിയവരില്‍ ചിലര്‍ വികാരാധിക്യം കൊണ്ട് തര്‍ക്കമന്ദിരം തകര്‍ക്കാന്‍ ഒരുമ്പെട്ടതിനെ എതിര്‍ക്കുന്ന ബി ജെ പ്പി, സംഘ നേതാക്കള്‍ അതൊരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന് അന്നത്തെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലാകും. അതുകൊണ്ട് തന്നെയാണ് അതിനെ പിന്നീടും ഈ നേതാക്കള്‍ അനുകൂലിക്കാത്തതും. എന്നാല്‍ തത്വാധിഷ്ടിതമായ ഈ നിലപാടാണ് അയോധ്യ വിഷയത്തിനെ പിന്നീട് പിന്നോട്ടടിച്ചത് എന്ന് പറയാതിരിക്കാന്‍ വയ്യ. തീവ്ര ആശയക്കാര്‍ ആയിരുന്നെങ്കില്‍ ഇന്നും അയോധ്യ വിഷയത്തിനെ പഴയതിനേക്കാള്‍ വലുപ്പത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന ശക്തിയുള്ള സംഘടനയാണ് സംഘപരിവാര്‍. വിശ്വാസ തീവ്രതയില്‍ അന്ധത ബാധിക്കാത്ത ഏതൊരു മുസ്ലീമിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാവും തലച്ചോറും ബലി കൊടുക്കാത്ത ഏതൊരു സാധാരണക്കാരനും ഹിന്ദുക്കളുടെ അവകാശവാദത്തിലെ ന്യായം മനസ്സിലാക്കാന്‍ സാധിക്കും. അല്ലാത്തവര്‍ മറുചോദ്യം ഉന്നയിച്ചു രാഷ്ട്രീയം കളിക്കും. ഹിന്ദുക്കളുടെ സ്ഥാനത്ത് മുസ്ലീങ്ങലോ കൃസ്ത്യാനികളോ ആയിരുന്നു ഇതേ വിഷയം ഭൂലോകത്ത് ഇന്ത്യയില്‍ ഉള്‍പ്പടെ എവിടെയും ഉയര്‍ത്തിയിരുന്നുവെങ്കില്‍ പ്രശ്നപരിഹാരം ഒരു മാസത്തിനുമേല്‍ നീണ്ടു പോകുമായിരുന്നോ എന്ന് ചിന്തിച്ചു പോയാല്‍ തെറ്റാണോ? മുസ്ലീങ്ങള്‍ ആയിരുന്നെങ്കില്‍ എത്ര ബോംബു സ്ഫോടനങ്ങള്‍, കലാപങ്ങള്‍ രാജ്യം സാക്ഷ്യം വഹിച്ചേനെ.. കൃസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ എത്ര ലോക രാജ്യങ്ങള്‍ സമ്മര്‍ദം ചെലുതുമായിരുന്നു.. എന്നും ചിന്തിച്ചു പോകുന്നു. ഇങ്ങനെ ചിന്തിക്കാന്‍ കാരണം ഒരുപക്ഷെ ഈ ലേഖനത്തിന്റെ കര്‍ത്താവ്‌ ഒരു തീവ്രഹിന്ദുഭീകരന്‍ ആയതു കൊണ്ടാവാം.. അതെ, അതുകൊണ്ട് തന്നെ.., അങ്ങനെ ചിന്തിച്ചാല്‍ അല്ലെ അതൊരു മതേതര ചിന്ത ആകൂ..


ഓഫ്‌ - ഈ പോസ്റ്റ്‌ സതയുടെ ബൂലോകം എന്ന ബ്ലോഗ്ഗിലും വായിക്കാം.
.
വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com