Showing posts with label കണ്ണൂര്‍. Show all posts
Showing posts with label കണ്ണൂര്‍. Show all posts

Thursday, December 3, 2009

കണ്ണൂര്‍ ഗാങ്;സി.പി.എമ്മിലെ അര്‍ബുദം

ജനശക്തിയില്‍ കെ.എസ്.ഹരിഹരന്‍ എഴുതിയ ലേഖനം.

കേരളത്തിലെ സിപിഐഎം നേതൃത്വത്തിലെ അധീശ ശക്തിയെന്ന നിലയിലാണ്‌ കണ്ണൂര്‍ ഗാങ്‌ പേരെടുത്തത്‌. പൊളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ , മറ്റൊരു പൊളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാന ആഭ്യന്തര-ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ , കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇ പി ജയരാജന്‍ , പി കെ ശ്രീമതി സംസ്ഥാന സമിതി അംഗങ്ങളായ പി ജയരാജന്‍ , എം വി ജയരാജന്‍ , പി ശശി, കെ പി സഹദേവന്‍ തുടങ്ങിയവരാണ്‌ ഗാങിലെ പ്രമാണിമാര്‍ , പ്രകാശന്‍ മാസ്റ്റര്‍ എം എല്‍എ, ശൈലജടീച്ചര്‍ എം എല്‍ എ, സി കെ പി പത്മനാഭന്‍ എം എല്‍ എ തുടങ്ങിയവരൊക്കെ കണ്ണൂര്‍ ഗാങിന്റെ ഓരം ചാരി നില്‍ക്കുന്നവരാണെങ്കിലും പൂര്‍ണ്ണമായും കണ്ണൂര്‍ ഗാങിന്‌ സ്വീകാര്യരല്ല. കണ്ണൂര്‍ ജില്ലാക്കമ്മറ്റി അംഗം മാത്രമായ സഹകാരി ഇ നാരായണനാണ്‌ ഗാങിന്റെ മാനേജര്‍ . നേതാക്കളുടെ വീടു നിര്‍മ്മാണം, കുടുംബാംഗങ്ങളുടെ കല്യാണ നിശ്ചയം, വിവാഹങ്ങളിലെ മുഖ്യകര്‍മ്മി, സഹകരണമേഖലയില്‍ സിപിഐഎംന്റെ നിതാന്തശത്രുവായ എം വി രാഘവനുമായുള്ള ബന്ധം നിലനിര്‍ത്താനുള്ള പാലമായി പ്രവര്‍ത്തിക്കല്‍ തുടങ്ങിയ ഭാരിച്ച ചുമതലകളുള്ള ഇ നാരായണന്‍ ഇപ്പോള്‍ പിണറായി വിജയന്റെ മകന്റെ കല്യാണം വിജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്‌.

ബഹുജനസംഘടനാ രംഗത്ത്‌ പ്രബലരാണെന്ന്‌ അഭിനയിക്കുന്ന ടി വി രാജേഷ്‌, എ എന്‍ ഷംസീര്‍ തുടങ്ങിയ ചിന്ന വേഷങ്ങളും പരാമര്‍ശിക്കപ്പെടേണ്ടവര്‍ തന്നെ. ദേശാഭിമാനിയിലും കൈരളിയിലും വിവിധ ബഹുജനസംഘടനാരംഗത്തുമൊക്കെ ഈ ഗാങിനുവേണ്ടി ആഭിചാരക്രിയ ഏറ്റെടുത്തു നടത്തുന്നവരുടെ നീണ്ട നിരയുമുണ്ട്‌. സിപിഐഎമ്മിനെ ജനങ്ങള്‍ക്കിടയില്‍ അപഹാസ്യരാക്കുന്നതില്‍ നിര്‍ണ്ണായക സംഭാവന നല്‍കുന്ന കണ്ണൂര്‍ ഗാങിന്റെ ഏറ്റവും വലിയ മൂലധനം എന്തും ചെയ്യാനുള്ള സന്നദ്ധതയാണ്‌. തങ്ങളാഗ്രഹിക്കുന്നത്‌ ഏതു വഴിയിലൂടെയും നേടിയെടുക്കാനുള്ള ശേഷിയാണ്‌ ഈ ഗാങിനെ നിലനിര്‍ത്തുന്ന ഘടകം. ജനാധിപത്യ മൂല്യമോ രാഷ്‌ട്രീയ ധാര്‍മ്മികതയോ, സത്യസന്ധതയോ ഒന്നും വിലവെക്കാത്ത ഈ പ്രവൃത്തിക്ക്‌ `പാര്‍ട്ടിക്കുവേണ്ടിയുള്ള ത്യാഗം' എന്ന ചെല്ലപ്പേരുമുണ്ട്‌. ചെയ്യുന്നതൊക്കെ പാര്‍ട്ടിക്കുവേണ്ടി എന്നാണ്‌ അവകാശവാദം. പാര്‍ട്ടിയെന്നാല്‍ പാര്‍ട്ടി സെക്രട്ടറിയും ഉപഗ്രഹങ്ങളും എന്നതാണ്‌ നില. കണ്ണൂരിലെ സാധാരണ മനുഷ്യരുടെ പാര്‍ട്ടി ഭക്തിയെ മറയാക്കി എങ്ങനെ കച്ചവടം കൊഴുപ്പിക്കാം എന്നാണ്‌ ഗാങിന്റെ ചിന്ത. പണവും അധികാരവുമാണ്‌ ഗാങിന്റെ ലഹരി. അതിനുള്ള വഴി എങ്ങനെയും ഗാങ്‌ കണ്ടെത്തും.

കണ്ണൂരിലെ സിപിഐഎം നേതാക്കളെ സംബന്ധിച്ചിടത്തോളം ഈ ഗാങിനെ എതിര്‍ക്കുകയോ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയോ ചെയ്യുന്നത്‌ ആത്മഹത്യാപരമാണ്‌. ഒ ഭരതന്‍ , സി കണ്ണന്‍ , പാച്ചേനി കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ അനുഭവം കണ്‍മുന്നിലുണ്ട്‌. മികച്ച കേഡര്‍മാരായിരുന്നിട്ടും പ്രവര്‍ത്തന പാരമ്പര്യമുണ്ടായിരുന്നിട്ടും രാഷ്‌ട്രീയ ജീവിതത്തിന്റെ ഒടുവില്‍ വെറും നോക്കുകുത്തികളായി അവസാനിക്കേണ്ടിവന്നവരാണവര്‍ . കെ പി മമ്മു മാസ്റ്റര്‍ , ജെയിംസ്‌ മാത്യു തുടങ്ങിയവര്‍ നേതൃപാടവം പ്രകടിപ്പിച്ചവരാണെങ്കിലും ഗാങിന്റെ അപ്രീതിക്കിരയായതിനാല്‍ നിശ്ശബ്‌ദരായി മൂലക്കൊതുങ്ങിയവരാണ്‌. ഇന്നത്തെ നിലയില്‍ സിപിഐഎം സൈദ്ധാന്തികനായി പോലും വളരാന്‍ ശേഷിയുള്ള എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗമാണെങ്കിലും ഇ പി ജയരാജനൊപ്പം പ്രാമാണ്യം നേടാന്‍ കഴിയാതെ പോയയാളാണ്‌. ഇ പി ജയരാജനെപ്പോലെ എന്തും വെട്ടിവിഴുങ്ങാന്‍ സന്നദ്ധനല്ലാത്തതു തന്നെ കാരണം. കെ കെ ശൈലജടീച്ചര്‍ കൂത്തുപറമ്പില്‍ നിന്ന്‌ എം എല്‍ എ ആയ കാലത്ത്‌ പി ജയരാജന്റെ രോഷം നന്നായി അനുഭവിച്ചറിഞ്ഞതാണ്‌. സി കെ പി പത്മനാഭനും ശൈലജടീച്ചറും പ്രബലമായ രണ്ട്‌ ബഹുജനസംഘടനകളുടെ സംസ്ഥാന നേതാക്കളാണെങ്കിലും കണ്ണൂരില്‍ അവരുടെ സ്ഥാനം പാര്‍ട്ടിയുടെ മുന്‍നിരയിലല്ല. തങ്ങള്‍ക്ക്‌ ഭാവിയില്‍ ഭീഷണിയായി വരാനിടയുള്ള ഏതൊരാളെയും കണ്ണൂര്‍ ഗാങ്‌ ഒതുക്കും.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വേലിയേറ്റ കാലത്താണ്‌ കണ്ണൂര്‍ ആവേശം ജനിപ്പിക്കുന്ന പദമായി കേരളത്തിലെങ്ങും സംസ്ഥാനത്തിനു പുറത്തുപോലും പ്രചാരം നേടിയത്‌. സമരോത്സുകമായ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തനത്തിന്റെ പര്യായമെന്ന നിലയ്‌ക്കും ധീരരും ത്യാഗികളുമായ സഖാക്കളുടെ കേന്ദ്രമെന്ന നിലയ്‌ക്കുമാണ്‌ കണ്ണൂര്‍ അറിയപ്പെട്ടത്‌. കണ്ണൂരില്‍ നിന്നുള്ള സഖാക്കള്‍ക്ക്‌ എവിടെയും ആദരവും സ്‌നേഹവും ലഭിച്ചു. പക്ഷേ ഇപ്പോഴോ? ഇപ്പോള്‍ കണ്ണൂര്‍ ആവേശം ജനിപ്പിക്കുന്ന ഒരു പേരല്ല. കച്ചവട രാഷ്‌ട്രീയത്തിന്റെയും അഴിമതിയുടെയും അഹന്ത നിറഞ്ഞ പെരുമാറ്റത്തിന്റെയും നാറുന്ന ദല്ലാള്‍പ്പണിയുടെയും അധാര്‍മ്മിക ജീവിതത്തിന്റെയും ചുരുക്കപ്പേരായി കേരളത്തിലാകെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വേലിയിറക്കത്തിന്‌ കണ്ണൂര്‍ ഗാങ്‌ നേതൃത്വം നല്‍കുന്നു. ഇന്ന്‌ കണ്ണൂര്‍ അപഹാസ്യമായ രാഷ്‌ട്രീയ പ്രയോഗങ്ങളുടെ ഒരിടമായി തരംതാണിരിക്കുന്നു. ഈ നേതാക്കളുടെ വരും തലമുറപോലും ജീര്‍ണ്ണിച്ചു കഴിഞ്ഞതിന്റെ ദൃഷ്‌ടാന്തങ്ങള്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്‌. നക്ഷത്രവേശ്യകളുമായുള്ള സൗഹൃദവും ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ആത്മബന്ധവും ബോംബും പേറിയുള്ള പാതിരായാത്രയുമൊക്കെയായി `വിത്തുഗുണം പത്തു ഗുണമെന്ന' നിലയ്‌ക്കാണ്‌ അവരുടെ വരവ്‌.

മുമ്പൊക്കെ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ പാര്‍ട്ടിയാണ്‌ സര്‍വ്വസ്വവും. പാര്‍ട്ടിക്കുവേണ്ടി മരിയ്‌ക്കുന്നതും കൊല്ലുന്നതും ശരിയെന്നു കരുതുന്നവരാണവര്‍. ഒരുതരം പ്രാകൃതമായ ഗോത്രപ്പോര്‌ അവരുടെ ചോരയില്‍ കലര്‍ത്തിവിടാന്‍ കഴിഞ്ഞിടത്താണ്‌ കണ്ണൂര്‍ ഗാങിന്റെ വിജയം. പാര്‍ട്ടിക്ക്‌ തെറ്റുപറ്റില്ല എന്ന ധാരണ സൃഷ്‌ടിക്കാനും പാര്‍ട്ടി അച്ചടക്കം പരമപ്രധാനമാണെന്ന്‌ അണികളെ ബോധ്യപ്പെടുത്താനും സദാ കണ്ണൂര്‍ ഗാങ്‌ പരിശ്രമിക്കാറുണ്ട്‌. ഈ ``പാര്‍ട്ടി വികാര'' മാണ്‌ നേതൃത്വം വിറ്റ്‌ കാശാക്കുന്നത്‌.

കണ്ണൂര്‍ ഗാങിന്റെ രണ്ടാമത്തെ വിജയം പാര്‍ട്ടി സഖാക്കളെ സഹകരണ സ്ഥാപനങ്ങളുമായി കെട്ടിയിടുന്നതിലാണ്‌. സഹകരണ സ്ഥാപനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന പ്രതീതി സൃഷ്‌ടിച്ച്‌ പണം ചോര്‍ത്തുകയാണ്‌ നേതൃത്വത്തിന്റെ കൗശലം. സഹകരണ ബാങ്കുകളില്‍ ജോലി നല്‍കി പാര്‍ട്ടി നേതൃത്വത്തിന്‌ ഓശാന പാടാനുള്ള അടിമകളെ സൃഷ്‌ടിക്കുക മാത്രമല്ല ദരിദ്രരായ മനുഷ്യരെ വായ്‌പയുടെ പേരില്‍ വിധേയത്വമുള്ളവരാക്കി നിലനിര്‍ത്താനും സഹകരണ സ്ഥാപനങ്ങളിലൂടെ സാധിക്കും. അതുകൊണ്ടു തന്നെ സഹകരണമേഖലയാണ്‌ പാര്‍ട്ടിയുടെ കറവപ്പശു. സഹകരണബാങ്കുകളുടെ കെട്ടിടനിര്‍മ്മാണം, വായ്‌പയിലൂടെ പണം ചോര്‍ത്തല്‍ എന്നീ ധനാഗമ മാര്‍ഗ്ഗങ്ങള്‍ക്കു പുറമെ ബാങ്കിന്റെ കാറും മറ്റു സൗകര്യങ്ങളുമുപയോഗിച്ച്‌ വിവിധ തട്ടുകളിലെ നേതാക്കളെ ഒപ്പം നിര്‍ത്താനും സാധിക്കും. സഹകരണ സ്ഥാപനങ്ങളേക്കാള്‍ ഭംഗിയായി ഇക്കാര്യം സാധിച്ചെടുക്കാനുള്ള വഴിയായാണ്‌ വിസ്‌മയപാര്‍ക്ക്‌ അടക്കമുളള പുത്തന്‍ നിര സ്ഥാപനങ്ങള്‍ സമീപകാലത്ത്‌ കണ്ണൂരില്‍ തലപൊക്കുന്നത്‌. എ കെ ജി ആശുപത്രി പരിയാരം മെഡിക്കല്‍ കോളേജ്‌ അടക്കമുള്ള ആശുപത്രികളും നിരവധി വ്യാപാരസ്ഥാപനങ്ങളിലെ പങ്കാളിത്തവുമൊക്കെ ഇപ്പോള്‍ കണ്ണൂര്‍ ഗാങിന്‌ പണം കൊയ്‌തെടുക്കാന്‍ തുണയാകുന്നു.

സാമ്പത്തിക ജീവിതത്തിലെ അധാര്‍മ്മികതയേക്കാള്‍ ഭയാനകമാണ്‌ കണ്ണൂര്‍ ഗാങിന്റെ മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തികള്‍ . പാര്‍ട്ടിയെ സംരക്ഷിക്കാനെന്ന പേരില്‍ രൂപപ്പെടുത്തിയിട്ടുള്ള കൊലപാതകസംഘങ്ങളെ ഉപയോഗിച്ച്‌ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ മൂടിവെക്കാനുള്ള വഴിയാണ്‌. രക്തദാഹികളായ നേതൃസംഘം ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ചാണ്‌ വിമര്‍ശകരെ വകവരുത്തുന്നതും വരുതിക്കു നിര്‍ത്തുന്നതും. പാര്‍ട്ടിയോട്‌ ഇടഞ്ഞാല്‍ മരണമോ അംഗവൈകല്യമോ കേസില്‍ പ്രതിചേര്‍ക്കലോ ഉറപ്പാണ്‌. കണ്ണൂരില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നാലേ കണ്ണൂര്‍ ഗാങിന്റെ ചോരക്കൊതിയും പ്രതികാരവാഞ്‌ഛയും എത്രയെന്ന്‌ വെളിപ്പെടുകയുള്ളു. ഇക്കാര്യത്തില്‍ കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരെപ്പോലും ഭയപ്പെടുത്തി നിഷ്‌ക്രിയരാക്കുന്നതില്‍ കണ്ണൂര്‍ ഗാങ്‌ വിജയിച്ചിട്ടുണ്ട്‌. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുന്ന കണ്ണൂര്‍ ഗാങ്‌ തങ്ങളുടെ വിമര്‍ശകരുടെ ചോരകണ്ടേ അടങ്ങുകയുള്ളു. ഓരോ പ്രദേശത്തും പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയും ആസൂത്രണത്തോടെയും നടക്കുന്ന ആക്രമണങ്ങള്‍ ഈ ലക്ഷ്യം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌. പാര്‍ട്ടിയെയാകെ ക്രിമിനല്‍വല്‍ക്കരിക്കുകയാണ്‌ ഇതിലൂടെ സംഭവിച്ചത്‌.

`ഭയമാണ്‌ ' കണ്ണൂര്‍ നേതൃത്വത്തിന്റെ വിജയരഹസ്യം, എപ്പോഴും ശത്രുക്കള്‍ പ്രസ്ഥാനത്തെ ആക്രമിക്കാന്‍ ഒരുക്കം നടത്തുന്നു എന്ന തോന്നല്‍ ജനിപ്പിച്ച്‌ അണികളെ ഭയചകിതരാക്കുക. ഈ സ്ഥിതിക്ക്‌ സാധൂകരണം നല്‍കാന്‍ മനഃപൂര്‍വ്വം ആക്രമണങ്ങള്‍ സംഘടിപ്പിക്കുക. മറ്റു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെല്ലാം സിപിഐഎമ്മിനെ വേട്ടയാടാന്‍ കാത്തു നില്‍ക്കുന്നു എന്ന്‌ സദാ പ്രചരിപ്പിക്കുക. യാതൊരു വിമര്‍ശനവും പാര്‍ട്ടിക്കകത്തും പുറത്തും ഉയര്‍ന്നു വരാതെ നോക്കുക. ഈ പരിതഃസ്ഥിതി നിലനിര്‍ത്തി കോടികള്‍ സമ്പാദിക്കുകയും ആര്‍ഭാടങ്ങളില്‍ ആമഗ്നരാകുകയും ചെയ്യുക. ഈ നിലയിലാണ്‌ കണ്ണൂര്‍ ഗാങിന്റെ രാഷ്‌ട്രീയപ്രവര്‍ത്തനം പുരോഗമിക്കുന്നത്‌. അതിപ്പോള്‍ കണ്ണൂരിന്റെ അതിര്‍ത്തികളും കടന്ന്‌ ഇതര ജില്ലകളിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നു. എല്ലാ ജില്ലകളിലേയും പാര്‍ട്ടി നേതൃത്വം കണ്ണൂര്‍ ഗാങിന്റെ ചെറിയ പതിപ്പുകളായി അധഃപതിച്ചിരിക്കുന്നു. തൃശ്ശൂരിലും എറണാകുളത്തും കോട്ടയത്തും തിരുവനന്തപുരത്തുമൊക്കെ കൊച്ചു കൊച്ചു പിണറായിമാരും ജയരാജന്മാരും വളര്‍ന്നു വന്നിരിക്കുന്നു. മസില്‍ പവറും മണിപവറും ഒരേപോലെ ഉപയോഗിച്ച്‌ ഫാസിസ്റ്റ്‌ ഘടനയുള്ള ഒരു പാര്‍ട്ടിയാക്കി അവര്‍ സിപിഐ എമ്മിനെ മാറ്റിക്കഴിഞ്ഞിരിക്കുന്നു.

കണ്ണൂരില്‍ മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും പരാജയം സിപിഐഎമ്മിനെ കാത്തു നില്‍ക്കുന്നതിന്‌ മറ്റു കാരണങ്ങളൊന്നുമില്ല. ജനങ്ങള്‍ക്ക്‌ ധീരമായും സ്വതന്ത്രമായും നിലപാടെടുക്കാന്‍ പോളിങ്‌ ബൂത്തിലേ കഴിയൂ എന്ന അവസ്ഥയുള്ളതിനാല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും കണ്ണൂര്‍ ഗാങ്‌ ഏറെക്കാലത്തേക്ക്‌ തോറ്റുകൊണ്ടേയിരിക്കും. സിപിഐ എമ്മിനെ ബാധിച്ച ഈ അര്‍ബുദം മുറിച്ചു മാറ്റുന്നില്ലെങ്കില്‍ ആ പാര്‍ട്ടി ചരിത്രത്തിലേക്ക്‌ പിന്‍വാങ്ങുന്ന ചുറ്റുപാടാണ്‌ കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നത്‌. കണ്ണൂര്‍ ഗാങിനേക്കാള്‍ ശക്തന്മാരായവര്‍ വിലസിനടന്ന പശ്ചിമബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇക്കാര്യത്തില്‍ കേരളത്തിന്‌ നല്ലൊരു മുന്നറിയിപ്പാണ്‌. പക്ഷേ ഈ അര്‍ബുദം മുറിച്ചു മാറ്റാനുള്ള ഭിഷഗ്വരന്മാര്‍ എവിടെയാണുള്ളത്‌? സിപിഐ എമ്മിലെ തെറ്റു തിരുത്തല്‍ വിദഗ്‌ധന്മാര്‍ അത്‌ കണ്ടെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ കടന്ന കയ്യാവും.

Friday, November 20, 2009

കേഴുക കണ്ണൂരേ !

മാര്‍ക്സിസ്റ്റുകള്‍ കണ്ണൂരിനെ തങ്ങളുടെ സ്വന്തം ജില്ലയായിട്ടാണ്‌ കരുതുന്നത്‌. ഇത്‌ കണ്ണൂരിന്റെ ശാപം. കണ്ണൂര്‍ കമ്യൂണിസ്റ്റു വിഭാഗീയതയുടെ ശാപത്തില്‍ കുരുങ്ങിപ്പോയ ബംഗാളിലെ മിഡ്നാപ്പൂരിനെപ്പോലുള്ള ഒരു ഇന്ത്യന്‍ ജില്ല.

കണ്ണൂരിലെ കമ്യൂണിസം അരാജകത്വവും പിടിച്ചടക്കലുമാണ്‌. കണ്ണൂര്‍ കമ്യൂണിസം അതിന്റെ മനസ്സില്‍ ഭീകരഭാവങ്ങള്‍ ഒളപ്പിച്ചിരിക്കുന്നു. പാര്‍ട്ടി വളര്‍ത്താനുള്ള ഈ ഭീകര ഭാവങ്ങള്‍ മാര്‍ക്സിസത്തിനു പരിചയമുള്ളതല്ല. ഈ ഭീകരതയ്ക്കു മുമ്പില്‍ സത്യവും സമത്വവും സ്വാതന്ത്ര്യവും കണ്ണൂരിനു നഷ്ടപ്പെട്ടിരിക്കുന്നു. സമാധാനപരമായി ഒരു തിരഞ്ഞെടുപ്പു നടത്താന്‍ പോലും കഴിയുന്നില്ല. ഈ നവംബര്‍ ഏഴിനു ഉപതിരഞ്ഞെടുപ്പ്‌ നടന്നത് കേന്ദ്രസേനയുടെ കാവലിലായിരുന്നു. കള്ള വോട്ടു ചെയ്യാതിരിക്കാനാണ്‌ കേന്ദ്രസേന വന്നത്‌. എന്നാലും കണ്ണൂരിലെ മാര്‍ക്സിസ്റ്റുകാര്‍ കള്ളവോട്ടു ചെയ്യും. കാരണം കള്ളവോട്ടിലുള്ള വിശ്വാസം കണ്ണൂര്‍ കമ്യൂണിസത്തിന്റെ തലവിധിയായിപ്പോയി. കണ്ണൂരിനു കള്ളവോട്ട്‌ ഒരു പുതുമയൊന്നുമല്ലെന്നാണ്‌ എം.വി.രാഘവനിപ്പോള്‍ പറയുന്നത്‌. ഇങ്ങനെയൊക്കെയാണ്‌ കണ്ണൂര്‍ ഇന്ത്യയിലെ ഒരു മാര്‍ക്സിസ്റ്റു ജില്ലയാവുന്നത്‌.

കണ്ണൂര്‍ എന്ന മാര്‍ക്സിസ്റ്റു രാഷ്ട്രീയ ജില്ല പല അര്‍ത്ഥങ്ങളിലും എ.കെ.ജിയുടെ സ്മാരകമാണല്ലോ. എ.കെ.ജി ദേശീയ സ്വാതന്ത്ര്യസമരമുഖത്തു നിന്നും കേളപ്പജിയില്‍ നിന്നുമൊക്കെ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെത്തിപ്പെട്ടത്‌ മാര്‍ക്സിസം പഠിച്ചിട്ടൊന്നുമല്ല.
മാര്‍ക്സിസത്തിന്റെ പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനം വരെയും എ.കെ.ജിക്കറിഞ്ഞുകൂടായിരുന്നു. അത്തരം പ്രശ്നങ്ങളൊക്കെ എ.കെ.ജി 'ബുദ്ധിജീവിയായ' ഇ.എം.എസ്സിനെ ഏല്‍പ്പിക്കുകയാണുണ്ടായത്‌. ഇ.എം.എസ്‌ മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ എന്തൊക്കെ കാര്യങ്ങളാണ്‌ ബുദ്ധിപരമായി കൈകാര്യം ചെയ്തതെന്നും എ.കെ.ജിക്ക്‌ അവസാനം വരെ അറിഞ്ഞുകൂടായിരുന്നു.എ.കെ.ജി ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളെയും വികാരപരമായി സമീപിച്ചു. ഗാന്ധിജിയെയും കേളപ്പജിയെയും ഗുരുവായൂര്‍ സത്യാഗ്രഹത്തെയുമൊക്കെ ഉദ്ധരിച്ചും വൈകാരികമായി കമ്യൂണിസവും വിപ്ലവവും നാവിലൂടെടുത്താടിയും എ.കെ.ജി ജനങ്ങളുടെ ഇടയില്‍ ഒരു നടനായി മാറുകയായിരുന്നു. തമിഴ്‌ സിനിമയില്‍ എം.ജി.ആര്‍.ആടിയ വേഷങ്ങളാണ്‌ കണ്ണൂരിലെ പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ എ.കെ.ജി രാഷ്ട്രീയമായാടിയത്‌. ഇരുവരും ഉപയോഗിച്ച രാഷ്ട്രീയത്തിന്റെ വികാരഭാഷയെ ഇവിടെ ചെറുതായി കാണുകയൊന്നുമല്ല. എ.കെ.ജിയുടെ രാഷ്ട്രീയത്തിന്റെ ഈ വൈകാരിക ഭാഷയാണ്‌ കണ്ണൂര്‍ കമ്യൂണിസത്തിനു വിത്തിട്ടത്‌. എ.കെ.ജി ജനങ്ങളുടെ ഒരു നേതാവായിരുന്നു.

അദ്ദേഹം എത്രവലിയ കമ്യൂണിസ്റ്റായിരുന്നുവെന്നതിന്റെ കണക്കെടുപ്പാവശ്യമില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ നല്ല പരിചയമുള്ള, ബന്ധവും സ്നേഹവുമുള്ള ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റു നേതാവായിരുന്നു എ.കെ.ജി. ജവഹര്‍ലാലും എ.കെ.ജിയും പരസ്പരം ആദരിച്ചു പോന്നു ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത്‌. ജവഹര്‍ലാല്‍ ലോക്സഭയില്‍ ആദരവോടെ ശ്രദ്ധിച്ച ആദ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റു നേതാവായിരുന്നു എ.കെ.ജി. ഇന്ത്യയിലൊരിടത്തു നിന്നു എ.കെ.ജി കൊണ്ടുവരുന്ന ഇന്ത്യന്‍ ഹൃദയത്തിന്റെ സ്പന്ദനങ്ങളായിരുന്നിരിക്കണം ജവഹര്‍ലാലിനു കേള്‍ക്കേണ്ടിയിരുന്നത്‌. എ.കെ.ജിയുടെ ഒരു ആരാധകനെപ്പോലെയാണ്‌ മഹാനായ ജവഹര്‍ലാല്‍ ലോക്സഭയിലും പുറത്തും എ.കെ.ജിയോടു പെരുമാറിയത്‌. കല്‍ക്കത്താ തീസിസിന്റെ ഇന്ത്യന്‍ കമ്യൂണിസ്റ്റു രാഷ്ട്രീയത്തെക്കുറിച്ച്‌ ജവഹര്‍ലാല്‍ ഒരിക്കലെങ്കിലും എ.കെ.ജിയോടോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോടോ ചോദിച്ചിട്ടില്ല. വരൂ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ പരീക്ഷണശാലയിലേക്ക്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരേ നിങ്ങള്‍ എന്നേ ജവഹര്‍ലാല്‍ പറഞ്ഞിട്ടുള്ളൂ. കമ്യൂണിസം എന്താണെന്നു പഠിച്ചത്‌ എ.കെ.ജിയായിരുന്നില്ല, ജവഹര്‍ലാലായിരുന്നു. എ.കെ.ജി കമ്യൂണിസം ആശിച്ചു.

ഈ ആശ ഒരു വികാര ജീവിയുടേതായിരുന്നു. കമ്യൂണിസത്തിനു ലോകത്തു സംഭവിച്ച ദുരന്തമെന്താണെന്നു കാണാന്‍ ജവഹര്‍ലാലും എ.കെ.ജിയുമുണ്ടായില്ല. ലോകത്തു കമ്യൂണിസത്തിനു സംഭവിച്ചതു തന്നെ കണ്ണൂര്‍ ജില്ലയിലെയും, കേരളത്തിലെയും, ഇന്ത്യയിലെയും കമ്യൂണിസത്തിനും സംഭവിക്കും. ഒരു ബ്രാക്കറ്റില്‍ കിടന്നു കളിക്കുന്ന മനുഷ്യത്വം മറന്ന മാര്‍ക്സിസത്തിന്റെ തിരോധാനം കാത്തിരിക്കുക കണ്ണൂരും കേരളമാകെയും. കണ്ണൂര്‍ എന്ന ജില്ലയിലെ മാര്‍ക്സിസം മനുഷ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്‌. എ.കെ.ജിയുടെ മങ്ങിയ ഒരു മാതൃകപോലും ഇന്ന്‌ കണ്ണൂരിലെ മാര്‍ക്സിസ്റ്റു രാഷ്ട്രീയത്തിലില്ല. എ.കെ.ജി എടുത്തു പ്രയോഗിച്ച വികാരത്തിന്റെ സ്ഥാനത്ത്‌ ഗുണ്ടായിസവും കൊലപാതക രാഷ്ട്രീയവും കയറിക്കൂടിയിരിക്കുന്നു. ചത്തും കൊന്നും കള്ളവോട്ടു ചെയ്തും പിടിച്ചടക്കുക എന്നതായിരിക്കുന്നു മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കണ്ണൂരിലെ നീതിസാരം. ഈ നീതിസാരം നെഞ്ചിലേറ്റിയ പുതിയ മാര്‍ക്സിസ്റ്റു സങ്കല്‍പ്പത്തിന്റെ നേതാക്കളാണല്ലോ പിണറായിയും കോടിയേരിയും ജയരാജന്മാരും പി.ശശിയുമൊക്കെ. ഈ നേതാക്കളുടെ മനസ്സിലെ ഭീകര രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ്‌ കണ്ണൂരിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി.

ഇന്ത്യ ഇന്ന്‌ അഭിമുഖീകരിക്കുന്ന വിപത്തായ മാവോയിസ്റ്റുകളോട്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌ മാര്‍ക്സിസ്റ്റുകള്‍. സെക്ടേറിയനിസം അതിന്റെ നരകഭാവങ്ങള്‍ കൊണ്ട്‌ കണ്ണൂരിനെ കീഴടക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന പ്രാകൃതമായ ആശയംകൊണ്ട്‌ പൊതുമനുഷ്യ സമൂഹത്തെ കീഴടക്കുന്ന ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യുന്നത്‌ മനുഷ്യന്റെ മൗലികാവകാശത്തെത്തന്നെയാണ്‌. ഈ മനുഷ്യാവകാശ ബോധത്തിന്റെ പക്ഷത്തുനിന്നു ഉയര്‍ന്നുവന്നു പൊരുതുന്ന കോണ്‍ഗ്രസ്‌ നേതാവാണ്‌ കെ.സുധാകരന്‍. കണ്ണൂരിലെ ജയരാജന്മാരും ശശിമാരും പ്രതിനിധീകരിക്കുന്ന അടിപിടി, ആധിപത്യ, ആസക്തി, സ്വത്തുസമ്പാദന രാഷ്ട്രീയത്തിന്റെ തേരോട്ടത്തെ ഈ ഉപതിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി അല്‍പ്പമെങ്കിലും തടഞ്ഞുനിര്‍ത്താന്‍ കെ.സുധാകരന്റെ നേതൃത്വത്തിനു കഴിഞ്ഞു. കണ്ണൂരിലെ മാര്‍ക്സിസ്റ്റു നേതാക്കളെ തിരുത്താന്‍ വാസ്തവത്തില്‍ പോളിറ്റ്‌ ബ്യൂറോ കെ.സുധാകരനെയാണ്‌ ഏല്‍പ്പിക്കേണ്ടത്‌. കെ.സുധാകരനെ തേജോവധം ചെയ്തു നശിപ്പിക്കാന്‍ പാര്‍ട്ടി മുഖപത്രവും എല്‍.സി നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ രംഗത്തിറങ്ങിയിട്ടുണ്ട്‌.

സുധാകരന്റെയും അബ്ദുള്ളക്കുട്ടിയുടെയും ജീവനു നേരെയുള്ള ഭീഷണി ലോക്സഭാ തിരഞ്ഞെടുപ്പു മുതല്‍ തുടങ്ങിയതാണ്‌. അബ്ദുള്ളക്കുട്ടി കണ്ണൂരിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ മുമ്പിലെ വലിയൊരു ചോദ്യചിഹ്നമാണ്‌. കാരണം അദ്ദേഹത്തിന്റേത്‌ സ്വാതന്ത്ര്യത്തിന്റെ പാതയാണ്‌. ആ പാതയില്‍ ചോരവീഴ്ത്തണമെന്നാണ്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടി ആഗ്രഹിക്കുന്നത്‌. തട്ടും, വെട്ടും, കൊല്ലും, കയ്യൊടിക്കും, കാലൊടിക്കും എന്നിങ്ങനെയുള്ള ജയരാജന്മാരുടെ പ്രവര്‍ത്തനശൈലിക്ക്‌ കണ്ണൂരിന്റെ മാര്‍ക്സിസ്‌ററു മണ്ണില്‍ ഇന്ന്‌ ആഴത്തില്‍ വേരുകളുണ്ട്‌. നേരായ എല്ലാ മാര്‍ഗങ്ങളും കൈവിട്ട ഒരു പാര്‍ട്ടിയാണ്‌ കണ്ണൂരിലേത്‌. തങ്ങളുടെ കൊടിക്കീഴില്‍ അണിനിരക്കാത്തവരെ പാര്‍ട്ടിക്കാരുടെ മസില്‍ പവറും ഭരണയന്ത്രങ്ങളുമുപയോഗിച്ചു തകര്‍ക്കുക. അട്ടിമറി രാഷ്ട്രീയത്തിനു കണ്ണൂരിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി കൂട്ടുപിടിക്കുന്നത്‌ പ്രാദേശിക അധമന്മാരെയും നീചന്മാരെയുമാണ്‌. പ്രാദേശിക തെമ്മാടിത്തത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു കൂടെ നിര്‍ത്തുക. ഇവരില്‍ സ്പിരിറ്റ്‌ കള്ളക്കടത്തുകാരുടെ ഗുണ്ടകളും പണം പലിശയ്ക്കു കൊടുക്കുന്നവരുടെ ഗുണ്ടകളും കള്ളുഷാപ്പുകാരുടെ ഗുണ്ടകളുമൊക്കെ പെടുന്നു. പാര്‍ട്ടിക്ക്‌ ക്വട്ടേഷന്‍ സംഘം നേരത്തേ ഉള്ളതാണ്‌. ഏറ്റവും ഒടുവിലായി പാര്‍ട്ടിയുടെ പോഷകസംഘത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥന്മാരും പോലീസുകാരും മുന്നോട്ടുവരുന്നു. ഐ.പി.എസ്സുകാരെ നേരത്തേ തന്നെ ശേഖരിച്ചു വച്ചിട്ടുണ്ട്‌.

പൊലീസിന്റെ തലവന്‍ തന്നെ സഹയാത്രികനാണല്ലോ. ഇനി കുറേ ഐ.എ.എസ്സുകാരെ കൂടെക്കൊണ്ടു നടക്കാന്‍ വേണം. ഐ.എ.എസ്സുകാരെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്‌ ബാലകൃഷ്ണനെ ആലപ്പുഴയില്‍ നിന്നു കണ്ണൂരിലേക്കു മാറ്റിയത്‌. കലക്ടര്‍ ബാലകൃഷ്ണന്‍ കണ്ണൂരിലെ ഒരു ടിപ്പിക്കല്‍ സഖാവ്‌ ബാലകൃഷ്ണനായിത്തന്നെ പാര്‍ട്ടിക്ക്‌ സേവനമര്‍പ്പിച്ചു. ഇങ്ങനെയുള്ള ഒരുപാടുദ്യോഗസ്ഥന്മാരെ മാര്‍ക്സിസ്റ്റു പാര്‍ട്ടി വിലയ്ക്കു വാങ്ങിയിട്ടുണ്ട്‌. ഇവര്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക്‌ തങ്ങളെ വില്‍ക്കുന്നത്‌ ഭരണം കൈയിലെടുക്കാനാണ്‌; അധികാര കേന്ദ്രങ്ങളാവാനും സര്‍ക്കാരില്‍ സ്വാധീനമുണ്ടാക്കാനുമാണ്‌; പാര്‍ട്ടിയുടെ കൊടിക്കീഴില്‍ നിന്ന്‌ സ്വന്തം നയങ്ങള്‍ നടപ്പാക്കാനാണ്‌. ഇങ്ങനെയെല്ലാം സാധിക്കണമെങ്കില്‍ പി.ശശിമാരുടെയും ജയരാജന്മാരുടെയും പരിപാടികള്‍ നടപ്പാക്കിക്കൊടുക്കണം; സുരേഷ്കുമാര്‍ അച്യുതാനന്ദന്റെ പരിപാടികള്‍ നടപ്പാക്കിക്കൊടുത്തതുപോലെ. കലക്ടര്‍ ബാലകൃഷ്ണന്മാരുടെയും ചില തഹസില്‍ദാര്‍മാരുടെയും വിധി സുരേഷ്കുമാറിന്റേതു തന്നെയായിരിക്കും.

കണ്ണൂര്‍ ഇന്ന്‌ കേരളമാനവികതയോടും കേരളമനസ്സിനോടും കമ്യൂണിസത്തോടും ആവശ്യപ്പെടുന്നത്‌ ഇപ്പോള്‍ നടപ്പുള്ള മാര്‍ക്സിസ്റ്റ്‌ സെക്ടേറിയനിസത്തിന്റെ മനുഷ്യത്വരാഹിത്യത്തില്‍ നിന്ന്‌ ഈ പാവം നാടിനെ രക്ഷിക്കേണമേയെന്നാണ്‌. അതിനുവേണ്ടി ഒരു മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനം കണ്ണൂരിനു വേണ്ടി ഉണ്ടാകേണമേയെന്നാണ്‌. ആദ്യം മനുഷ്യനായി ജീവിക്കാനുള്ള അവകാശം നല്‍കുക എന്നതാണ്‌ കണ്ണൂരിന്റെ നിലവിളി. കമ്യൂണിസവും ഗാന്ധിസവും മാവോയിസവും ഫാസിസവും ടീറ്റോയിസവുമൊക്കെ പിന്നീടുള്ള വിഷയം. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ മനുഷ്യവിരുദ്ധമായ സങ്കല്‍പ്പത്തില്‍ നിന്നുള്ള മോചനത്തിനുവേണ്ടി കണ്ണൂര്‍ ദാഹിക്കുകയും നിലവിളിക്കുകയും ചെയ്യുന്നു. കണ്ണൂരിന്റെ ജീവിതത്തില്‍ ഏതുതരം രാഷ്ട്രീയ മനുഷ്യനെയാണ്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടി വിഭാവനം ചെയ്യുന്നത്‌? വര്‍ഗസമരത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി സ്വന്തം വര്‍ഗമേതാണ്‌? തൊഴിലാളിവര്‍ഗത്തെ നോക്കുകൂലിക്കാരാക്കി മാറ്റിയ നിലയ്ക്ക്‌, ഇനി ഏതാണ്‌ വിപ്ലവ വര്‍ഗം? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും പിണറായിയുടെ ജയരാജ വര്‍ഗത്തിന്‌ ഉത്തരം പറയാന്‍ കഴിയുമെന്നു തോന്നുന്നില്ല.

കമ്യൂണിസ്റ്റാശയങ്ങളുപയോഗിച്ച്‌ ഫ്യൂഡലിസത്തിന്റെ പുതിയ തുരുത്തുകളുണ്ടാക്കാന്‍ ശ്രമിക്കുന്ന കണ്ണൂരിലെ മാര്‍ക്സിസ്റ്റു നേതാക്കള്‍ വാസ്തവത്തില്‍ ഏതു നൂറ്റാണ്ടിലാണാവോ ജീവിക്കുന്നത്‌!
കണ്ണൂരിലെ മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റു പാര്‍ട്ടിക്ക്‌ ശക്തി പകരുന്നതും പ്രചോദനം നല്‍കുന്നതും ഏതു ജനവിഭാഗങ്ങളാണ്‌, അല്ലെങ്കില്‍ ഏതേതെല്ലാം വര്‍ഗങ്ങളാണ്‌? ബീഡിത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും നെയ്ത്തു തൊഴിലാളികളും കൂലിപ്പണിക്കാരും താഴ്‌ന്ന ജാതിക്കാരുമടങ്ങുന്ന പഴയ ഏഴകള്‍ ഇപ്പോള്‍ സി.പി.ഐ (എം) എന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയോടൊപ്പമുണ്ടോ? ഈ വര്‍ഗം മാഞ്ഞുപോയതോ, പാര്‍ട്ടിയെ ഉപേക്ഷിച്ചതോ? എന്തായാലും ഒരുകാര്യം തീര്‍ച്ചയാണ്‌. കണ്ണൂരിന്റെയോ കേരളത്തിന്റെയോ മനുഷ്യസമൂഹത്തില്‍ ഏഴകള്‍ ഇല്ലാതായിട്ടില്ല. എന്നാല്‍ ഈ ഏഴകള്‍ ഏഴകളും അവരുടെ മൗലികമായ പ്രശ്നങ്ങളുമായി മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കൂടെ ഇന്ന്‌ ഇല്ല.
(ഇ.വി.ശ്രീധരന്‍ )
വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com