Showing posts with label കമ്മ്യൂണിസം. Show all posts
Showing posts with label കമ്മ്യൂണിസം. Show all posts

Tuesday, September 28, 2010

മാറുന്ന ക്യൂബയും ഫിഡല്‍ കാസ്‌ട്രോയും

ദി അറ്റ്‌ലാന്‍ഡിക്' മാസികയുടെ ലേഖകന്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ് ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടിന്റെ പരിഭാഷ. അരനൂറ്റാണ്ട് പിന്നിടുന്ന ക്യൂബന്‍ കമ്യൂണിസ്റ്റ് മാതൃകയെ കാസ്‌ട്രോ തള്ളിപ്പറഞ്ഞത് ഈ അഭിമുഖ സംഭാഷണ വേളയിലാണ്.

ഹവാനയില്‍ എന്നെ കാത്തിരുന്നത് നിരവധി അസാധാരണ കാര്യങ്ങളായിരുന്നു. ഡോള്‍ഫിന്‍ പ്രദര്‍ശനമുള്‍പ്പെടെയുണ്ട് അവയില്‍. എങ്കിലും ഫിഡല്‍ കാസ്‌ട്രോയുടെ സ്വയവിമര്‍ശനമായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി എനിക്ക് തോന്നിയത്. കമ്മ്യൂണിസ്റ്റ് ഏകാധിപതികളുമായി എനിക്ക് ഏറെ പരിചയമില്ല. അതിലുമധികം കമ്മ്യൂണിസ്റ്റേതര ഏകാധിപതികളുമായാണ് ഞാന്‍ സംവദിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ക്യൂബന്‍ മിസൈല്‍ പ്രശ്‌നം കൈകാര്യം ചെയ്തത് തെറ്റായ രീതിയിലാണെന്ന് കാസ്‌ട്രോ സമ്മതിക്കാന്‍ തയ്യാറായപ്പോള്‍ ഞാനൊന്ന് അമ്പരന്നു. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു. ഞങ്ങള്‍ ആദ്യം കണ്ട ദിനത്തില്‍ ഉച്ചഭക്ഷണത്തിനിരിക്കുമ്പോഴായിരുന്നു കാസ്‌ട്രോയുടെ മറ്റൊരു കുമ്പസാരം. ചെറിയൊരു മേശയ്ക്കു ചുറ്റുമിരിക്കുകയായിരുന്നു ഞങ്ങള്‍. കാസ്‌ട്രോ, അദ്ദേഹത്തിന്റെ പത്‌നി ഡാലിയ, മകന്‍ അന്റോണിയോ, സര്‍ക്കാരിന്റെ വാര്‍ത്താമാധ്യമ വകുപ്പിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്‍ റാന്‍ഡി അലോന്‍സോ, എന്നോടൊപ്പം വന്ന പരിഭാഷകയും ലാറ്റിന്‍ അമേരിക്കന്‍ പണ്ഡിതയുമായ ജൂലിയ സ്വെയ്ഗ് എന്നിവരായിരുന്നു അപ്പോഴുണ്ടായിരുന്നത്.
 
കാസ്‌ട്രോ ഭക്ഷണം കഴിക്കുന്നതിലായിരുന്നു ഞാന്‍ ശ്രദ്ധയൂന്നിയത്. ഉദരരോഗങ്ങളായിരുന്നല്ലോ അദ്ദേഹത്തെ മരണവക്രത്തിലെത്തിച്ചത്. അതിനാല്‍ അദ്ദേഹം കഴിച്ച ഓരോ ഇനവും കൃത്യമായി ഞാന്‍ മനസില്‍ കുറിച്ചിട്ടു. കുറച്ചേ അദ്ദേഹം ഭക്ഷിച്ചുള്ളൂ-ഒരല്‍പ്പം മീന്‍, സാലഡ്, ഒലീവ് എണ്ണയില്‍ മുക്കിയ റൊട്ടി, പിന്നെ ഒരു ഗ്ലാസ് റെഡ് വൈന്‍. ഭക്ഷണത്തിനിടെ കൊച്ചുകാര്യങ്ങളായിരുന്നു ഞങ്ങള്‍ സംസാരിച്ചിരുന്നത്. നേരത്തെ ഇറാനെക്കുറിച്ചും ഗള്‍ഫ് മേഖലയെക്കുറിച്ചും മൂന്നുമണിക്കൂറോളം അദ്ദേഹം വര്‍ത്തമാനം പറഞ്ഞിരുന്നു. അതിനാല്‍ അത് പിന്നീട് വിഷയമാക്കിയില്ല. ''അന്യരാജ്യങ്ങള്‍ക്ക് ക്യൂബന്‍ മോഡല്‍ പിന്തുടരാനാവുമെന്ന് കരുതുന്നുണ്ടോ?'' - പെട്ടെന്ന് ഞാന്‍ ചോദിച്ചു
ഉടനെയായിരുന്നു ഉത്തരം -'' ഞങ്ങള്‍ക്കുപോലും ഒരിക്കലും പറ്റുന്നതല്ല അത്!''.
ഞാന്‍ നടുങ്ങിപ്പോയി. ക്യൂബന്‍ വിപ്ലവ നായകനാണോ ഇപ്പറയുന്നത്? അദ്ദേഹത്തിന്റെ വാചകങ്ങള്‍ പൂര്‍ണമായി വ്യാഖ്യാനിക്കാന്‍ ഞാന്‍ ജൂലിയയോട് പറഞ്ഞു.

വ്യാഖ്യാനം ഇങ്ങനെ: ''വിപ്ലവത്തിന്റെ ആശയങ്ങള്‍ അദ്ദേഹം നിരാകരിക്കുന്നില്ല. എന്നാല്‍ ക്യൂബന്‍ മോഡലില്‍ രാജ്യത്തിന്റെ സാമ്പത്തിക ജീവിതത്തില്‍ സര്‍ക്കാരിന് വലിയ പങ്ക് വഹിക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്.''
ജൂലിയ വീണ്ടും വിശദീകരിച്ചു: ''സഹോദരന്‍ കൂടിയായ നിലവിലുള്ള പ്രസിഡന്റ് റൗളിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിന് വേണ്ടി കളമൊരുക്കുകയാണ് കാസ്‌ട്രോ. യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് ആശയങ്ങളിലുണ്ടാക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് പാര്‍ട്ടിയിലും ഉദ്യോഗസ്ഥവൃന്ദത്തിലുമുണ്ടാകുന്ന എതിര്‍പ്പിനെ മറികടക്കാനുള്ള ഒരു തന്ത്രമാണിത്. രാജ്യത്തിന്റെ സമ്പദ് രംഗത്ത് പാര്‍ട്ടിക്കുള്ള സ്വാധീനം റൗള്‍ ഇപ്പോള്‍ത്തന്നെ അയച്ചുകൊണ്ടിരിക്കുകയാണ്.
 
ചെറുകിട ബിസിനസുകാര്‍ക്ക് പ്രവര്‍ത്തിക്കാമെന്നും വിദേശനിക്ഷേപകര്‍ക്ക് ക്യൂബയിലെ റിയല്‍ എസ്റ്റേറ്റില്‍ പ്രവേശിക്കാമെന്നും അദ്ദേഹം ഈയിടെ പ്രഖ്യാപിച്ചിരുന്നു. (ഈ പ്രഖ്യാപനത്തിലൊരു രസകരമായ വശം കൂടിയുണ്ട്. അമേരിക്കക്കാര്‍ക്ക് ക്യൂബയില്‍ നിക്ഷേപം നടത്താനാകില്ല എന്നതാണത്. ഇതുപക്ഷേ, ക്യൂബന്‍ നയംകൊണ്ടല്ല, അമേരിക്കന്‍ നയം മൂലമാണ്. യു എസ് സര്‍ക്കാരിന്റെ ഉപരോധനയങ്ങള്‍ നിമിത്തമാണ് ഈ സ്വതന്ത്ര വിപണി പരീക്ഷണത്തില്‍ പങ്കുകൊള്ളാന്‍ അമേരിക്കക്കാര്‍ക്ക് സാധിക്കാതാവുന്നത്. പിന്നീടിതില്‍ സര്‍ക്കാരിന് ഖേദിക്കേണ്ടിവരുമെന്നുറപ്പ്. കാരണം യൂറോപ്യന്മാരും ബ്രസീലിയന്മാരുമായി ചേര്‍ന്ന് ക്യൂബക്കാര്‍ മികച്ച ഹോട്ടലുകളെല്ലാം സ്വന്തമാക്കിയിരിക്കും.)

ക്ഷമിക്കുക, മുഖ്യവിഷയത്തില്‍ നിന്ന് വ്യതിചലിച്ചുപോയി. ഏറെ നേരമെടുത്ത് ഉച്ചഭക്ഷണം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു കാര്യം വ്യക്തമായി-കാസ്‌ട്രോ വളരെ ക്ഷീണിതനാണ്, ഏതാണ്ട് പൂര്‍ണമായി വിരമിച്ച  അവസ്ഥയിലാണ് അദ്ദേഹം. പിറ്റേന്ന് തിങ്കളാഴ്ച. നേതാക്കളൊക്കെ സാമ്പത്തിക ഇടപാടുകള്‍ തിരക്കിട്ട് നടത്തുന്ന ദിനം, വിമതര്‍ തടങ്കല്‍ പാളയങ്ങളിലേക്ക് നീങ്ങുന്നു. പക്ഷേ ഫിഡലിന് മാത്രം തിരക്കില്ല. അതുകൊണ്ട് അദ്ദേഹം ചോദിച്ചു - ''എന്നോടൊപ്പം ഡോള്‍ഫിന്‍ ഷോ കാണാന്‍ താല്‍പര്യമുണ്ടോ?''
''ഡോള്‍ഫിന്‍ ഷോ?''-ഞാന്‍ ചോദിച്ചു.
''അതേ. ഡോള്‍ഫിനുകള്‍ അസാമാന്യ ബുദ്ധിയുള്ള ജീവികളാണ്'' - കാസ്‌ട്രോയുടെ നിരീക്ഷണം.

പിറ്റേന്ന് രാവിലെ ക്യൂബയിലെ യഹൂദ വിഭാഗത്തിന്റെ അധ്യക്ഷയായ അഡെല ഡ്വോറിനുമായി കാണാമെന്ന് നിശ്ചയിച്ചിരുന്ന കാര്യം അപ്പോഴാണോര്‍ത്തത്. അക്കാര്യം ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു.
''അവരെയും കൊണ്ടുവരൂ'' - കാസ്‌ട്രോയുടെ ഉപദേശം.
തിങ്കളാഴ്ചകളില്‍ അക്വേറിയം അവധിയായിരിക്കുമെന്ന് തീന്‍മേശയുടെ അരികിലിരുന്ന ആരോ പറഞ്ഞു.
അപ്പോള്‍ കാസ്‌ട്രോയുടെ കടുത്ത സ്വരം -''എന്തായാലും നാളെ അത് തുറന്നിരിക്കും.''
പിറ്റേന്ന് പ്രഭാതത്തില്‍ അഡെലയെ സിനഗോഗില്‍നിന്ന് കൂട്ടി ഞങ്ങള്‍ ഡോള്‍ഫിന്‍ ഹൗസിലെത്തി. വാതില്‍പ്പടിയില്‍ വച്ചുതന്നെ കാസ്‌ട്രോയെ കണ്ടു. ക്യാമറക്കണ്ണില്‍പ്പെടാതെ അദ്ദേഹം അഡെലയെ ചുംബിച്ചു (ഒരു പക്ഷേ അത് അഹമ്മദ് നെജാദിനുള്ള സന്ദേശമാകാം).

നീലവെളിച്ചം നിറഞ്ഞ വലിയൊരു മുറിയിലേക്കാണ് ഞങ്ങള്‍ പോയത്. നേരെനോക്കിയാല്‍ ചില്ലുകൊണ്ടുള്ള കൂറ്റന്‍ ഡോള്‍ഫിന്‍ ടാങ്ക് കാണാം. ഹവാന അക്വേറിയത്തിലെ ഡോള്‍ഫിന്‍ ഷോയാണ് ലോകത്തില്‍ ഏറ്റവും മികച്ചതെന്ന് കാസ്‌ട്രോ വിശദീകരിച്ചു. പൂര്‍ണമായും സവിശേഷമാണിത്. വെള്ളത്തിനടിയിലുള്ളതായതുകൊണ്ടാകാം ഇങ്ങനെയൊരു വിശേഷണം. മൂന്ന് മുങ്ങല്‍ വിദഗ്ധര്‍ ശ്വസനോപകരണങ്ങളില്ലാതെയെത്തി ഡോള്‍ഫിനുകളോടൊപ്പം അക്രോബാറ്റിക്‌സ് നടത്തി.

''ഡോള്‍ഫിനെ ഇഷ്ടമാണോ?''-കാസ്‌ട്രോയുടെ ചോദ്യം.
അതെ എന്ന് ഞാന്‍ മറുപടി നല്‍കി.
കാസ്‌ട്രോ ഉടനെ അക്വേറിയം ഡയറക്ടര്‍ ഗ്വില്ലര്‍മോ ഗാര്‍ഷ്യയോട് വരാന്‍ പറഞ്ഞു. (അവധിയായിട്ടും എല്ലാ ജീവനക്കാരും അക്വേറിയത്തില്‍ സ്വയമെത്തിയിരുന്നു)
ഗില്ലര്‍മോ എത്തി ഞങ്ങളോടൊപ്പമിരുന്നു.
''ഗോള്‍ഡ്‌ബെര്‍ഗ്, ഡോള്‍ഫിനുകളെക്കുറിച്ച് ചോദിച്ചോളൂ'' - കാസ്‌ട്രോ പറഞ്ഞു.
''എന്തുതരം ചോദ്യങ്ങള്‍?'' - ഞാന്‍.
''നിങ്ങളൊരു പത്രപ്രവര്‍ത്തകനാണ്. നല്ല ചോദ്യങ്ങള്‍ ചോദിക്കാം'' - അദ്ദേഹം വിശദമാക്കി. ഞാന്‍ ചോദിക്കാനൊരുമ്പെടുംമുമ്പേ ഗില്ലര്‍മോയെ ചൂണ്ടി കാസ്‌ട്രോയുടെ വാചകം - ''ഡോള്‍ഫിനെക്കുറിച്ച് ഇയാള്‍ക്ക് ഒന്നുമറിയില്ല. ശരിക്കും ഇയാളൊരു അണുശാസ്ത്രജ്ഞനാണ്.''
''ആണോ?''
''അതെ''- ഖേദപൂര്‍വമായിരുന്നു ഗില്ലര്‍മോയുടെ ഉത്തരം.
''എന്തിനാണ് നിങ്ങള്‍ അക്വേറിയത്തിന്റെ ചുമതല നോക്കുന്നത്?'' എന്റെ ചോദ്യത്തിന് പൊട്ടിച്ചിരിയോടെ കാസ്‌ട്രോയാണ് മറുപടി പറഞ്ഞത്.
''അണുബോംബ് ഉണ്ടാക്കാതിരിക്കാനാണ് ഞങ്ങള്‍ ഇയാളെ ഇവിടെ തളച്ചിട്ടിരിക്കുന്നത്.''
''ക്യൂബയില്‍ സമാധാനകാര്യങ്ങള്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ ആണവോര്‍ജം ഉപയോഗിക്കുന്നത്'' - ഗില്ലര്‍മോ വിശദീകരിച്ചു.
''ഇറാനില്‍ ഇങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല''- ഞാന്‍ മറുപടി നല്‍കി.
അംഗരക്ഷകര്‍  കൊണ്ടുവന്ന പ്രത്യേക കസേരയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന ചെറിയൊരു കമ്പിളിപ്പുതപ്പ് ചൂണ്ടിക്കാട്ടി കാസ്‌ട്രോ പറഞ്ഞു, '' ഇത് പേര്‍ഷ്യനാണ്.'' വീണ്ടും ചിരി.
''ഇനി ഡോള്‍ഫിനെക്കുറിച്ച് ചോദിക്കു?'' കാസ്‌ട്രോ എന്നെ വിടുന്ന മട്ടില്ല.
''ഡോള്‍ഫിന് എത്ര തൂക്കം വരും?'' എന്റെ ചോദ്യം.
''നൂറ് നൂറ്റമ്പത് കിലോ വരും''
''ഇവയെ എങ്ങനെയാണ് പരിശീലിപ്പിക്കുന്നത്?''
അത് നല്ലൊരു ചോദ്യമാണെന്ന് കാസ്‌ട്രോ ഇടക്കുകയറി പറഞ്ഞു.

വിശദമായ ഉത്തരം നല്‍കാന്‍ അക്വേറിയത്തിലെ മൃഗഡോക്ടര്‍മാരിലൊരാളെ ഗില്ലര്‍മോ വിളിച്ചുവരുത്തി. സീലിയ എന്ന യുവതി. അല്‍പനേരം കഴിഞ്ഞ് അന്റോണിയോ കാസ്‌ട്രോ അവളുടെ രണ്ടാമത്തെ പേരും പറഞ്ഞു. ഗുവേരയെന്നായിരുന്നു അത്.
''നിങ്ങള്‍ ചെഗുവേരയുടെ മകളാണോ?'' - ഞാന്‍ അവളോട് ചോദിച്ചു.
അതേ എന്ന് അവള്‍ മറുപടി നല്‍കി.
''നിങ്ങളിവിടെ ഡോള്‍ഫിനുകളുടെ ഡോക്ടറാണോ?''
''അക്വേറിയത്തിലെ എല്ലാത്തരം ജീവികളെയും ഞാന്‍ നോക്കാറുണ്ട്'' - സീലിയ പറഞ്ഞു. ചെഗുവേരയ്ക്ക് മൃഗങ്ങളെയും ഇഷ്ടമായിരുന്നുവെന്ന് അന്റോണിയോ കൂട്ടിച്ചേര്‍ത്തു.
ഷോ തുടങ്ങാന്‍ നേരമായി. ലൈറ്റുകള്‍ മങ്ങിത്തുടങ്ങി. മുങ്ങല്‍ വിദഗ്ദ്ധര്‍ വീണ്ടും ജലോപരിതലത്തിലെത്തി. പിന്നെ ഷോ. കാസ്‌ട്രോ അവകാശപ്പെട്ടതു ശരിതന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച  ഡോള്‍ഫിന്‍ ഷോ ആയിരുന്നു അത്.
- പരിഭാഷ: ക്ലീറ്റസ് കാക്കനാട്

Wednesday, December 9, 2009

വികലമായ കമ്മ്യൂണിസ്‌റ്റ്‌ സിദ്ധാന്തം - 1

ഇടതുപക്ഷം എന്ന പദത്തിന്‌ പ്രത്യേകമായ ഒരു വിവക്ഷയില്ല. അങ്ങനെ ഒരു സങ്കല്‍പ്പം കേവലം മിഥ്യയാണ്‌. ലെനിന്റെ കാലത്ത്‌ 1918-ല്‍ കമ്മ്യൂണിസ്റ്റ്‌ റഷ്യയിലാണ്‌ ഇങ്ങനെയൊരു സംജ്ഞ രൂപപ്പെടുന്നത്‌. ലെനിനിസ്റ്റ്‌ തത്വങ്ങളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചവരെയാണ്‌ പൊതുവില്‍ അന്ന്‌ ഇടതുപക്ഷം എന്നു വിളിച്ചത്‌. ലെനിനെതിരായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ ഇടതു കമ്മ്യൂണിസ്റ്റുകള്‍ എന്നു വിളിച്ചു. നിക്കോളെ ബുക്കാറിനാണ്‌ ഈ ഗ്രൂപ്പിന്‌ നേതൃത്വം കൊടുത്തത്‌. വികസനം പൂര്‍ത്തിയാക്കാത്ത റഷ്യയില്‍ സോഷ്യലിസത്തിന്റെ നിര്‍മ്മാണം സാദ്ധ്യമല്ല എന്നും പടിഞ്ഞാറന്‍ യൂറോപ്പിലെ മറ്റ്‌ സോഷ്യലിസ്റ്റ്‌ വിപ്ലവങ്ങളുടെ വിജയത്തിനു ശേഷമേ അത്‌ സാദ്ധ്യമാകൂ എന്നുമാണ്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞത്‌. വ്യവസായ വിഷയങ്ങളില്‍ അടിസ്ഥാനവര്‍ഗം സാമ്പത്തികരംഗം കൈയടക്കണമെന്നും 1917-ല്‍ നിലവില്‍ വന്ന വ്യവസായ സംരംഭങ്ങള്‍ അതിന്റെ മുന്നോടിയാണെന്നും അവര്‍ പറഞ്ഞു.

തുടക്കത്തില്‍ ഈ വിഭാഗം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ടാക്കി. സുപ്രീം കൗണ്‍സില്‍ ഓഫ്‌ നാഷണല്‍ എക്കോണമി (എസ്‌.സി.എന്‍.ഇ.) ഇടത്‌ കമ്മ്യൂണിസ്റ്റുകളുടെ കൈപ്പടിയിലായിരുന്നു. സമാധാനമല്ല, വിപ്ലവമാണ്‌ ശരിയെന്ന ഇവരുടെ അഭിപ്രായത്തിന്‌ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയില്‍ ശക്തമായ പിന്തുണയുണ്ടായി. 1918-ലെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ വിഭാഗത്തെ പരാജയപ്പെടുത്തി ബ്രെസ്റ്റ്‌-ലിറ്റോവ്‌ഡ്‌ക്‌ സമാധാന ശ്രമങ്ങളെ പാര്‍ട്ടി കോണ്‍ഗ്രസ്‌ പിന്തുണച്ചു. അതോടെ എസ്‌.സി.എന്‍.ഇ.യില്‍നിന്ന്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകള്‍ പുറത്തായി. എല്ലാ വ്യവസായങ്ങളും ദേശസാല്‍ക്കരിച്ചപ്പോള്‍, ഇപ്പോള്‍ ശരിയായ സാമ്പത്തികനയം രൂപപ്പെട്ടു എന്നു പറഞ്ഞ്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകളിലെ ഭൂരിഭാഗം ആളുകളും ലെനിന്‍ പക്ഷത്തേക്ക്‌ തിരിച്ചുപോയതോടെ ഇടത്‌ കമ്മ്യൂണിസ്റ്റുകളുടെ യുഗം അവസാനിച്ചു. റഷ്യ, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ ഇടത്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ റോസാ ലക്‌സന്‍ബര്‍ഗ്‌ ഒരു മാര്‍ഗ്ഗദീപമായിരുന്നു. ഹെര്‍മന്‍ഗോര്‍ട്ടര്‍, കാള്‍ കോര്‍ഷ്‌, പോള്‍ മാറ്റിക്‌, ക്ലോഡേ മാക്‌കേ, മാക്‌സിമില്യന്‍ റുബന്‍ എന്നിവര്‍ അതിന്റെ പ്രചാരകരായി. ഇതിന്‌ പുറമേ പീറ്റര്‍ ക്രോപോക്കിന്റെയും മുറേ ബൂക്ക്‌ചിന്നന്റെയും അനാര്‍കോ കമ്മ്യൂണിസവും ലക്‌സന്‍ബര്‍ഗിസ്റ്റുകളുടെ ലിബര്‍ട്ടേറിയന്‍ കമ്മ്യൂണിസവും അഥവാ സ്വാതന്ത്രേ്യാല്‍ഘോഷക കമ്മ്യൂണിസം എന്നിവ ആ കാലഘട്ടത്തിലെ ചില സംജ്ഞകളാണ്‌. ഇതിനെതിരെ ഔദ്യോഗിക കമ്മ്യൂണിസ്റ്റുകള്‍ പ്രചാരണം നടത്തിയിരുന്നു. അവര്‍ അതേ ഗൗരവത്തില്‍തന്നെയാണ്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകളെയും തള്ളിപ്പറഞ്ഞത്‌. ഇങ്ങനെ ഇടത്‌, വലത്‌ ചാഞ്ചാട്ടം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്‌.

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഗുണപരമായ മാറ്റത്തിന്‌ കാരണമാകുന്ന എല്ലാ മുന്നേറ്റങ്ങളെയും പിന്നീട്‌ ഇടതുപക്ഷം എന്ന്‌ വിളിച്ചുപോന്നു. ഏത്‌ പാര്‍ട്ടിയിലും ഇങ്ങനെയൊരു തിരുത്തല്‍പക്ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്‌ എന്ന്‌ ചരിത്രം ചികഞ്ഞുനോക്കിയാല്‍ മനസ്സിലാകും. കോണ്‍ഗ്രസില്‍ ജവഹര്‍ലാല്‍ നെഹുറുവാണ്‌ സോഷ്യലിസ്റ്റ്‌ സിദ്ധാന്തങ്ങളില്‍ ആകൃഷ്‌ടനായി ഇടതുപക്ഷമെന്നു പറയാവുന്ന നയങ്ങളിലേക്ക്‌ തിരിഞ്ഞത്‌.

ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസിലെ ശക്തനായ ഇടതുപക്ഷവാദിയായിരുന്നു. ഇന്ത്യയെ ഒരു സോഷ്യലിസ്റ്റ്‌ സ്റ്റേറ്റാക്കാന്‍ എടുക്കുന്ന കാലതാമസം നെഹ്‌റുവിനെ അക്ഷമനാക്കി. അത്‌ നെഹ്‌റു ശക്തിയായി പ്രകടിപ്പിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ്സിലെ മറ്റൊരു ഇടതുപക്ഷ വിഭാഗക്കാരനായിരുന്ന വി.കെ. കൃഷ്‌ണമേനോനെ നെഹ്‌റു പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. സോഷ്യലിസത്തെയും മുതലാളിത്തത്തെയും സമന്വയിപ്പിച്ച്‌ ജനാധിപത്യ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിച്ച നെഹുറുവിനെ പാര്‍ട്ടിയിലെ വലതുപക്ഷ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

ഇന്ദിരാഗാന്ധി നെഹ്‌റുവിനേക്കാള്‍ ഇടത്‌ ചിന്തകളില്‍ ഒരുപടി മുന്നിലായിരുന്നു. ഇന്ദിരാഗാന്ധി സോവിയറ്റ്‌ റഷ്യയോട്‌ ആഭിമുഖ്യം കാണിക്കുന്നു, അവര്‍ കൂടുതല്‍ ഇടതുപക്ഷത്തേക്ക്‌ ചായുന്നു തുടങ്ങിയ പരാതികള്‍ ഉന്നയിച്ചുകൊണ്ടാണ്‌ കാമരാജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകുന്നത്‌. കാമരാജിന്റെ കോണ്‍ഗ്രസ്‌, കോണ്‍ഗ്രസ്‌ (ഓര്‍ഗനൈസേഷന്‍) ആയും ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ (ആര്‍ ) ആയും പിളര്‍ന്നു. ഇന്ദിര സോവിയറ്റ്‌ അനുകൂല ഇടതുപക്ഷമാണെന്ന്‌ പറഞ്ഞ്‌ പിരിഞ്ഞ കോണ്‍ഗ്രസ്‌ (ഒ) പിന്നീട്‌ ജനതാപാര്‍ട്ടിയില്‍ ലയിച്ചു. ഈ ജനതാ പാര്‍ട്ടിക്കാണ്‌ അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പിന്തുണ നല്‍കിയത്‌. ശക്തമായ വലതുപക്ഷമെന്ന്‌ വിശേഷിപ്പിച്ച ജനസംഘവും ആ സഖ്യത്തിലുണ്ടായിരുന്നു. ഇവിടെ ആരാണ്‌ വലത്‌, ആരാണ്‌ ഇടത്‌ എന്നത്‌ ഒരു പ്രഹേളികയായി തുടരുന്നു.

ഇനി ബി.ജെ.പി.യെ വിലയിരുത്തിയാല്‍ അതിലുമുണ്ട്‌ ഒരു ഇടതുപക്ഷം എന്ന്‌ കാണാം. ഇടതുപക്ഷ പുരോഗമന വാദികളായിരുന്ന സുധീന്ദ്ര കുല്‍ക്കര്‍ണി, ചന്ദ്രന്‍മേത്ത എന്നിവരും ഉദാരമതികളായിരുന്ന അരുണ്‍ ഷൂരിയും യശ്വന്ത്‌സിന്‍ഹ എന്നിവരും ബി.ജെ.പി.യിലേക്ക്‌ കൂറുമാറിയതും അതുകൊണ്ടുതന്നെ, തീവ്ര വലതുപക്ഷം ചിന്തയുള്ള ആര്‍.എസ്‌.എസ്‌. ഈ പുത്തന്‍ കൂട്ടുകാരെ പൂര്‍ണ്ണമായും അംഗീകരിച്ചില്ല എന്നതും കെ.എന്‍. പണിക്കര്‍ ``ബി.ജെ.പി.യുടെ പ്രശ്‌നകാലം'' എന്ന ലേഖനത്തില്‍ പറയുന്നു. അതിനര്‍ത്ഥം ബി.ജെ.പി.യില്‍ ഒരു ഇടതുപക്ഷം നിലനില്‍ക്കുന്നു എന്നല്ലേ? തീവ്ര വലതുപാര്‍ട്ടിയില്‍ ഒരു ഇടതുപക്ഷമോ? അപ്പോള്‍ യഥാര്‍ത്ഥ വലതാര്‌, ഇടതാര്‌?

പുതിയ കാലത്ത്‌ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷമെന്ന്‌ പ്രയോഗിക്കാവുന്നത്‌ വ്യവസ്ഥിതിയുടെ തിരുത്തലിനുവേണ്ടി മുറവിളി കൂട്ടുന്ന പരിസ്ഥിതി, സ്‌ത്രീ, ആദിവാസി, ദളിത്‌ മനുഷ്യാവകാശ വാദങ്ങളെയാണ്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി സ്വയം തങ്ങളെ ഇടതുപക്ഷമെന്ന്‌ വിശേഷിപ്പിക്കുമെങ്കിലും അതിന്റെ പരിണാമ ഘട്ടത്തില്‍ വലതുപക്ഷത്തേക്ക്‌ പൂര്‍ണ്ണമായും ചായുന്ന സ്വഭാവമാണ്‌ പ്രകടിപ്പിച്ചത്‌. വന്നുഭവിച്ച വലതുവത്‌ക്കരണങ്ങളെയെല്ലാം ഇടതുപക്ഷമെന്ന്‌ തെറ്റിദ്ധരിപ്പിക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കാലാകാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്‌. തങ്ങളില്‍നിന്ന്‌ വേര്‍പെട്ടുപോയ സി.പി.ഐ.യെ കോണ്‍ഗ്രസ്സുമായി കൂട്ടുകൂടി എന്ന കാരണത്താല്‍ മാത്രം വലത്‌ കമ്മ്യൂണിസ്റ്റുകള്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ സി.പി.എം. മടിച്ചില്ല.

സി.പി.ഐ. പിളര്‍പ്പിന്റെ പ്രധാന കാരണം ചൈന-സോവിയറ്റ്‌ രാഷ്‌ട്രങ്ങള്‍ക്കിടയിലെ തര്‍ക്കമാണ്‌. 1962-ല്‍ മാവോസേതൂങ്‌ ക്രൂഷ്‌ചേവിനെ ``ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി'?യുമായി ബന്ധപ്പെട്ട്‌ വിമര്‍ശിച്ചു. സോവിയറ്റ്‌ യൂണിയന്‍ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ തിരിച്ച്‌ വിമര്‍ശിച്ചു. ചൈന-സോവിയറ്റ്‌ ബന്ധം വഷളായി. ഈ പ്രതിസന്ധി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലും പ്രതിഫലിച്ചു. എസ്‌.എ. ഡാങ്കെ സോവിയറ്റ്‌ പക്ഷത്തുനിന്നു. അന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇ.എം.എസ്‌. ഇടതുപക്ഷത്തായിരുന്നില്ല- സെന്‍ട്രിസ്റ്റ്‌ പക്ഷത്തായിരുന്നു. (മിതവാദം). തര്‍ക്കത്തെത്തുടര്‍ന്ന്‌ പാര്‍ട്ടി ഇടത്‌ കമ്മ്യൂണിസ്റ്റും വലത്‌ കമ്മ്യൂണിസ്റ്റുമായി പിരിഞ്ഞു. കോണ്‍ഗ്രസിനെ പിന്താങ്ങിയതിന്റെ പേരില്‍ സി.പി.ഐ.യെ വലതുപക്ഷ കമ്മ്യൂണിസ്റ്റ്‌ എന്നാണ്‌ സി.പി.എം. വിളിച്ചത്‌. ഏത്‌ പക്ഷത്തേക്ക്‌ പോകണം എന്ന്‌ ആലോചിച്ചുനിന്ന്‌. സെന്‍ട്രിസ്റ്റുകളായ ജ്യോതിബസുവും ഇ.എം.എസും പിന്നീട്‌ ചൈനാപക്ഷമായ ഇടത്‌ കമ്മ്യൂണിസത്തിലേക്കുതന്നെ പോയി. ആദ്യം ഡാങ്കയോടൊപ്പം നിന്ന നാഷണലിസ്റ്റ്‌ കമ്മ്യൂണിസ്റ്റായ എ.കെ. ഗോപാലനും ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകളുടെ കല്‍ക്കത്ത സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്നു. ലെഫ്‌റ്റിസ്റ്റുകളായ ബസവ പുന്നയ്യ, ബി. സുന്ദരയ്യ, പ്രമോദ്‌ ദാസ്‌ ഗുപ്‌ത എന്നിവര്‍ പരിപൂര്‍ണ്ണമായും മാവോ പക്ഷക്കാരായിരുന്നു.

1962-ല്‍ ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തില്‍ ജ്യോതിബസു ചൈനക്കെതിരെ പ്രസ്‌താവനപോലും ഇറക്കിയിരുന്നു. ഇതേ ജ്യോതിബസു പിന്നീട്‌ ഡാങ്കെയെയും, രാജേശ്വരറാവുവിനെയും, എന്‍.കെ. കൃഷ്‌ണനെയും തള്ളിപ്പറഞ്ഞു. ഇവിടെ ഉയര്‍ത്തപ്പെടുന്ന സുപ്രധാനമായൊരു ചോദ്യം ഇടതുപക്ഷമായാല്‍ ദേശീയബോധം ആവശ്യമില്ല എന്നാണോ? എന്തുകൊണ്ട്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഇന്നും ``ചൈനാ നോക്കി'?കളായി തുടരുന്നു. ഇന്ത്യയില്‍ സോഷ്യലിസം പുലര്‍ന്നില്ലെങ്കിലും ചൈനയിലെ ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ പിറവിക്കായി ഇവര്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തുനില്‍ക്കുന്നു. ആണവകരാര്‍ മുതല്‍ ആസിയാന്‍ കരാര്‍വരെ ചൈനയുടെ മൂടുതാങ്ങികളായി മാറുന്ന കമ്മ്യൂണിസ്റ്റുകളാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയിലുള്ളത്‌. അരുണാചല്‍പ്രദേശ്‌ വിഷയത്തിലെ നിലപാട്‌ അവരെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സാഹചര്യമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ``ഇടതുപക്ഷ'?ത്തിന്‌ ഭാഷാ- സംസ്‌കാര-പ്രദേശ അതിര്‍വരുമ്പുകളില്ല, അത്‌ സര്‍വ്വവ്യാപിയാണ്‌ എന്നതായിരിക്കും ഇതിന്റെ ന്യായീകരണം. പശ്ചിമബംഗാളിലെ സി.പി.എം. സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന മാവോയിസ്റ്റ്‌ അക്രമകാരികള്‍ക്ക്‌ ആയുധങ്ങള്‍ നല്‍കുന്നത്‌ ഇതേ ചൈനതന്നെയാണെന്ന വിരോധാഭാസവും ഇതോടൊപ്പം കൂട്ടിവായിക്കണം.

വലതെന്ന്‌ വിളിക്കപ്പെട്ടവരാണ്‌ പില്‍ക്കാലത്ത്‌ അല്‍പ്പമെങ്കിലും ഇടതിന്റെ സ്വഭാവം കാണിച്ചതെന്ന്‌ കഴിഞ്ഞ കുറച്ചുകാലത്തെ ഇടതുമുന്നണിയുടെ പ്രവര്‍ത്തനശൈലി പരിശോധിച്ചാല്‍ മനസ്സിലാകും. അപ്പോള്‍ ആരാണ്‌ പുതിയ വിവക്ഷയിലെ ഇടതുപക്ഷം?
(തുടരും)
-ഡോ. എം.കെ.മുനീര്‍ (ചന്ദ്രിക ദിനപത്രം 03-12-2009)

മാവോയിസ്‌റ്റുകള്‍ ഏതു പക്ഷത്ത്‌

വികലമായ കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തം (2)
ഡോ. എം.കെ. മുനീര്‍

ന്‍മയുടെയും തിന്‍മകളോടുള്ള പ്രതിരോധത്തിന്റെയും പക്ഷത്തെയാണ്‌ ഇടതുപക്ഷമെന്ന്‌വിവക്ഷിക്കുന്നതെങ്കില്‍ നിരീക്ഷണത്തിന്റെ പരിധിയില്‍ മാധ്യമങ്ങളെയുംഉള്‍പ്പെടുത്താവുന്നതാണ്‌. എന്നാല്‍ മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ്‌ എന്നും സി... ഏജന്റെന്നുംവിശേഷിപ്പിച്ച്‌ ദുര്‍ബലപ്പെടുത്താനാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളത്‌. ഫാഷിസംപോലുള്ള നശീകരണ പ്രത്യയശാസ്‌ത്രങ്ങളെ വലതുപക്ഷമെന്ന്‌ വായിക്കാം. ഇവിടെ ചിലചോദ്യങ്ങള്‍ ഉയര്‍ന്നുവരാവുന്നതാണ്‌. മാവോയിസ്റ്റുകള്‍ ഇടതോ വലതോ എന്നതാണ്‌ അതിലൊന്ന്‌. ബംഗാളിലെ നക്‌സല്‍ബാരി ജില്ലയില്‍ രൂപംകൊണ്ട നക്‌സലൈറ്റുകള്‍ ഇടതുപക്ഷമാണോ?

ചാരുമജൂംദാര്‍ വിഭാവനം ചെയ്‌ത - അഗ്രേറിയന്‍ റെവല്യൂഷന്‍- ഇടതുപക്ഷ വിപ്ലവമായി മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടി കാണുന്നുണ്ടോ? അവരും ചൈനാ പക്ഷക്കാരായിരുന്നു. മാവോയിസ്റ്റുകളുമാണ്‌. നക്‌സലുകള്‍പറയുന്നത്‌ അവര്‍ പ്രോലിറ്റേറിയനുവേണ്ടി നിലകൊള്ളുന്നു എന്നാണ്‌. നമ്മുടെ അയല്‍രാജ്യമായനേപ്പാളില്‍ അധികാരത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ വലതുപക്ഷ നയങ്ങള്‍ നടപ്പിലാക്കാന്‍നിര്‍ബന്ധിതമായതാണ്‌ ഇടതിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പരിഹാസ്യമാക്കുന്ന ഒടുവിലത്തെഉദാഹരണം.
മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടി കേഡറുകള്‍ നന്ദിഗ്രാമില്‍ പോലീസിനൊപ്പം ചേര്‍ന്ന്‌ അവിടത്തെ വയലുകളില്‍അടിസ്ഥാനവര്‍ഗ്ഗമായ കര്‍ഷകനെ വെടിവെച്ചുകൊല്ലുകയായിരുന്നു. നാംമനസ്സിലാക്കേണ്ടതെന്താണ്‌?

കര്‍ഷകനോടൊപ്പം, ആദിവാസിയോടൊപ്പം അവന്റെ ഭൂമിക്കുവേണ്ടിപോരടിക്കുന്ന നക്‌സലുകളോ സ്വന്തം കൃഷിഭൂമിയില്‍ കര്‍ഷകന്റെ നെഞ്ചിലേക്ക്‌ വെടിയുതിര്‍ക്കുന്നമാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയോ യഥാര്‍ത്ഥ ഇടതുപക്ഷം? സി.പി.എം. ഇടതാണോ എന്നും ചോദിക്കാം. ബംഗ്ലാദേശില്‍നിന്നും കുടിയേറ്റം നടത്തിയ അഭയാര്‍ത്ഥികളെ സംരക്ഷിക്കേണ്ടത്‌ ഇടതുപക്ഷത്തിന്റെബാദ്ധ്യതയാണെന്ന്‌ സി.പി.എമ്മിന്റെ ബംഗാള്‍ ഘടകം ഒരുകാലത്ത്‌ പറഞ്ഞിരുന്നു. അവരുടെകടന്നുകയറ്റം രാജ്യദ്രോഹത്തിന്റെ പട്ടികയില്‍പ്പെടുത്തേണ്ടതല്ലെന്നും മറിച്ച്‌ മനുഷ്യത്വംനോക്കിപ്രവര്‍ത്തിക്കുകയാണ്‌ വേണ്ടതെന്നും അന്ന്‌ ജ്യോതിബസു അടക്കമുള്ള കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞു. എന്നാല്‍ 1977-ല്‍ പശ്ചിമബംഗാളിന്റെ അധികാരം പാര്‍ട്ടിക്ക്‌ കിട്ടിയപ്പോള്‍ ഇതേ ജ്യോതിബസുതന്നെനിലപാട്‌ മാറ്റി. കാടുകള്‍ സംരക്ഷിക്കുക എന്നതാണ്‌ ഇടതുപക്ഷത്തിന്റെ നയമെന്നും അതിനാല്‍അഭയാര്‍ത്ഥികളുടെ കുടിയേറ്റം ഇടത്‌ നയത്തിന്‌ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതിയോടൊപ്പമാണ്‌ സി.പി.എം. എന്നുവന്നു. തങ്ങള്‍ ഇടതായതിനാല്‍ വനഭൂമിസംരക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. കാടുവിട്ടു പോകാത്ത അഭയാര്‍ത്ഥികളെ ഒന്നടങ്കം വെടിവെച്ചുകൊല്ലുകയാണ്‌ ഇടതുപക്ഷത്തിന്റെ പേരില്‍ അന്നത്തെ സി.പി.എം. സര്‍ക്കാര്‍ ചെയ്‌തത്‌.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ ഓരോ കാലത്തും അവരുടെ ഇഷ്‌ടത്തിനനുസരിച്ച്‌ ഇടതുപക്ഷത്തെനിര്‍വ്വചിക്കുകയായിരുന്നു എന്നതിന്‌ ഈയൊരു ഉദാഹരണം മതിയാകും. അഭയാര്‍ത്ഥികളെവെടിവെച്ചുവീഴ്‌ത്തിയ അതേ കാട്ടിലാണ്‌ പിന്നീട്‌ സി.പി.എം. പാര്‍ട്ടി പ്രവര്‍ത്തകരെ താമസിപ്പിച്ച്‌ക്യാമ്പ്‌ നടത്തിയത്‌. അപ്പോള്‍ പരിസ്ഥിതിയുടെ ഇടതുപക്ഷമെന്ന വ്യാഖ്യാനമെല്ലാം വെള്ളത്തിലായി.

ബംഗാളില്‍ നന്ദിഗ്രാമിലും കേരളത്തില്‍ ചെങ്ങറയിലും സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്‌വ്യക്തമായതാണ്‌. ലാല്‍ഗഡിലെ മാവോയിസ്റ്റുകള്‍ ഇടതുപക്ഷമല്ല എന്നാണ്‌ സി.പി.എം. സെക്രട്ടറിപ്രകാശ്‌ കാരാട്ട്‌ ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്‌. മനുഷ്യരെ കൊല്ലുന്ന ഇടതുപക്ഷമല്ല തങ്ങളെന്ന്‌പ്രകാശ്‌ കാരാട്ട്‌ പറയുമ്പോള്‍ തന്നെയാണ്‌ നന്ദിഗ്രാമിന്റെ കറുത്തചിത്രം നമുക്കുമുമ്പില്‍ തെളിയുന്നത്‌. ഇടതുപക്ഷമെന്നാല്‍ എന്താണെന്ന്‌ അവര്‍ക്കുതന്നെ നിര്‍ണ്ണയിക്കാനാവാത്ത അവസ്ഥ. നന്ദിഗ്രാമില്‍വികസനം ഇടത്‌ ലേബലിലായപ്പോള്‍ അടിസ്ഥാനവര്‍ഗ്ഗം വലതുപക്ഷമായി. മുതലാളിത്തത്തെ ചുവപ്പ്‌പരവതാനി വിരിച്ച്‌ സ്വീകരിക്കുന്നതും ഇടതുപക്ഷത്തില്‍ എണ്ണപ്പെട്ടു. കാപട്യങ്ങളുടെ പരമ്പരഇടതുപക്ഷമെന്ന പ്രയോഗത്തെതന്നെ അശ്ലീലമാക്കി. അങ്ങനെയൊരു വാക്കിന്റെ ആവശ്യംതന്നെചോദ്യംചെയ്യപ്പെട്ടു.


പരിസ്ഥിതി അടക്കമുള്ള വിഷയങ്ങളില്‍ സമൂഹനന്‍മ എന്നാണ്‌ ഇടതുപക്ഷംകൊണ്ട്‌അര്‍ത്ഥമാക്കേണ്ടത്‌. എന്നാല്‍ മാര്‍ക്‌സിസ്റ്റ്‌ വിവക്ഷയില്‍ പരിസ്ഥിതി, ദളിത്‌, ആദിവാസിതുടങ്ങിയവയൊന്നും പരിഗണനയില്‍ വരുന്നില്ല. അതുകൊണ്ടാവാം ചെങ്ങറയില്‍ സി.പി.എം. ആദിവാസികള്‍ക്ക്‌ എതിരായത്‌. വികസനത്തിന്റെ ഇടതുപക്ഷത്ത്‌ പ്രതിരോധത്തിന്റെ ഇടതുകള്‍ക്ക്‌സാദ്ധ്യത നഷ്‌ടപ്പെടുന്ന കാഴ്‌ചയാണ്‌ കുറേക്കാലമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. പ്രത്യയശാസ്‌ത്രത്തിന്റെ പരാജയം എന്ന്‌ വ്യതിയാനങ്ങളെ ചുരുക്കിപ്പറയാവുന്നതാണ്‌. മാര്‍ക്‌സിസം കാലത്തെ അതിജീവിക്കുമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.


കമ്മ്യൂണിസം തൊട്ടടുത്ത ഭാവിക്കുവേണ്ടി മാത്രമുള്ള അത്യാവശ്യ മാതൃകയും ചലനാത്മകത്വവും ആണ്‌. അത്‌ മാനവീയമായ വികാസത്തെ ലക്ഷ്യംവെക്കുന്നതല്ല എന്ന്‌ കാള്‍മാര്‍ക്‌സ്‌ തന്നെ പറഞ്ഞിരിക്കെമാര്‍ക്‌സിസം ശാശ്വതവും കാലഹരണപ്പെടാത്തതുമായ പ്രത്യയശാസ്‌ത്രമാണെന്ന്‌ വാദിക്കുന്നതില്‍അര്‍ത്ഥമില്ല. അതുകൊണ്ടുതന്നെ അവര്‍ ഇപ്പോള്‍ പറയുന്ന ഇടതുപക്ഷവും ആകാന്‍ കാലഘട്ടത്തില്‍ മാര്‍ക്‌സിസത്തിനാകില്ല എന്നത്‌ സ്വാഭാവികം. മാത്രമല്ല, മാര്‍ക്‌സിസം ഇന്ന്‌പൂര്‍ണ്ണമായും വ്യക്ത്യധിഷ്‌ഠിതമായിരിക്കുന്നു. എന്നാല്‍ കാള്‍ മാര്‍ക്‌സ്‌, വ്യക്തി അപ്രസക്തനാണെന്നുംസമൂഹമാണ്‌ ചാലകശക്തിയെന്നും വാദിച്ചു.
(Marxism and history: mattperry Palgrave publishers Ltd., Page 42, 43)
തന്റെ തലമുറയിലെ സ്വയം സൃഷ്‌ടിക്കപ്പെട്ട, സ്വയം പര്യാപ്‌തനാണ്‌ എന്ന്‌ വിശ്വസിക്കുന്നസ്വതന്ത്രരായ റോബിന്‍സണ്‍ ക്രൂസോമാരെ മാര്‍ക്‌സ്‌ കണക്കിന്‌ കളിയാക്കിയിരുന്നു. (ദാനിയല്‍ദീഫോ 1719-ല്‍ രചിച്ച റോബിന്‍സണ്‍ ക്രൂസോയെ ഓര്‍ത്തുകൊണ്ട്‌)

മാര്‍ക്‌സ്‌ Thesis of feuer bach (1845) യില്‍ പറയുന്നു: ``മനുഷ്യ പ്രകൃതം ഓരോ വ്യക്തിയിലുംജന്‍മസിദ്ധമായി അന്തര്‍ലീനമല്ല, മറിച്ച്‌ അത്‌ സമൂഹത്തില്‍ പടര്‍ന്നുകിടക്കുന്നു. അതിനാല്‍വ്യക്തിയുടെ പ്രബുദ്ധത എന്നാല്‍ സാമൂഹ്യബന്ധങ്ങളുടെ സമഷ്‌ടിയാണ്‌.'?

മാര്‍ക്‌സിന്റെ കുഴപ്പിക്കുന്ന ഒരു വാദമുണ്ട്‌. ``ചരിത്രം ഒറ്റതിരിഞ്ഞ വ്യക്തികളുടെ സംഗ്രഹം മാത്രംഉള്‍ക്കൊള്ളുന്നതാകുമ്പോള്‍, അത്‌ ദുരാഗ്രഹമാണ്‌. ഓരോ മനുഷ്യനും അവന്‍ വലുതോ ചെറുതോആകട്ടെ അവന്‍ ചരിത്രത്തെ രൂപപ്പെടുത്തുക മാത്രമല്ല ചരിത്രത്തില്‍ അവന്‍ സ്വയം രൂപപ്പെടുകയുംചെയ്യുന്നുണ്ട്‌.'?

വ്യക്തികളുടെ പ്രയത്‌നങ്ങളുടെ ആകെത്തുകയാണ്‌ ചരിത്രത്തെ രൂപവല്‍ക്കരിക്കുന്നത്‌. പക്ഷേ വ്യക്തിഎല്ലാ ശക്തിയും ആര്‍ജ്ജിച്ച്‌ ചരിത്രശക്തി ആണെന്ന്‌ വിശ്വസിക്കാനാകുന്നില്ല. എന്നതാണ്‌മാര്‍ക്‌സിന്റെ പക്ഷം. ചരിത്രത്തില്‍ ചില മുഹൂര്‍ത്തങ്ങളെ നെപ്പോളിയന്‍ 1-ഉം, ബിസ്‌മാര്‍ക്കുംഉയര്‍ത്തിപ്പിടിച്ചു. പക്ഷേ അതേ ചരിത്രംതന്നെ അവരെ വിനയാന്വിതരാക്കി നാണംകെടുത്തി. പലപ്പോഴായി യൂറോപ്പിനെ തന്റെ മുമ്പില്‍വെച്ച്‌ തൂത്തുവാരി കയ്യിലെടുത്ത നെപ്പോളിയനു സെന്റ്‌ഹലീന ദ്വീപില്‍ ജീവിതം തകര്‍ന്ന്‌ പരാജയംപൂകി ഒടുങ്ങേണ്ടിവന്നു. രാജകീയ വ്യക്തികളുടെ ഭാവിയുംനിര്‍ണ്ണയിക്കപ്പെടുന്നത്‌ മറ്റൊരു ജനതയുടെ പ്രവൃത്തിയിലൂടെയാണ്‌. (Engels. Ludwig Feuer bach. P. 612).

എന്നാല്‍ പിന്നീട്‌ കമ്മ്യൂണിസം വ്യക്തിയില്‍ മാത്രം അധിഷ്‌ഠിതമായി. ലെനിന്‍, സ്റ്റാലിന്‍, മാവോസേതൂങ്‌, ഫിഡല്‍കാസ്‌ട്രോ തുടങ്ങിയ വ്യക്തികള്‍ക്ക്‌ ചുറ്റും കറങ്ങുന്ന കമ്മ്യൂണിസത്തെചരിത്രത്തില്‍നിന്ന്‌ നമുക്ക്‌ വായിച്ചെടുക്കാനാവും.
ഇന്നത്തെ ഇടതുപക്ഷ ചിന്താധാരക്ക്‌ ഏറ്റിരിക്കുന്ന ഏറ്റവും വലിയ ആഘാതവും വ്യക്ത്യാധിഷ്‌ഠിതമായപ്രതിഷ്‌ഠകളാണ്‌. അത്‌ ലെനിനിസത്തിലേക്ക്‌ മടങ്ങാത്തതിന്റെ ദോഷമാണെന്നാണ്‌ പ്രകാശ്‌ കാരാട്ട്‌അടക്കം ധരിച്ചിരിക്കുന്നത്‌. എന്നാല്‍ വിപത്ത്‌ ലെനിന്റെ അള്‍ട്രാ സെന്‍ട്രലിസം (Ultra Centralism) എന്ന ആശയത്തിന്റെ ഉല്‍പ്പന്നമാണ്‌. അള്‍ട്രാ സെന്‍ട്രലിസത്തെ ലെനിന്റെകാലശേഷം സ്റ്റാലിന്‍ സൗകര്യപൂര്‍വ്വം പാര്‍ട്ടി സെക്രട്ടറിയുടെ സ്വേച്ഛാധിപത്യമാക്കിമാറ്റി. അതാണ്‌ഇന്ന്‌ നമുക്കിടയില്‍ കാണുന്ന മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കും സംഭവിച്ചിരിക്കുന്നത്‌. റോസാലക്‌സന്‍ബര്‍ഗിന്റെ ചിന്തകള്‍ക്ക്‌ പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെശബ്‌ദത്തിന്‌ ഇന്ന്‌ വിലയുണ്ടാകുമായിരുന്നു. ലെനിന്റെ ജനാധിപത്യ കേന്ദ്രീകരണത്തെ കാലഘട്ടത്തില്‍തന്നെ ജീവിച്ച റോസാ ലക്‌സന്‍ബര്‍ഗ്‌ എന്ന ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ്‌ ചിന്തകശക്തമായി എതിര്‍ത്തിരുന്നു. (ജനശക്തി - ഉമേഷ്‌ബാബു കെ.സി. 2009 ജൂണ്‍ 6-12. ലെനിന്‍, റോസ, വി.എസ്‌. പേജ്‌. 19)

1919 ജനുവരി 13-ന്‌ ലെനിന്റെ മരണത്തിനും അഞ്ച്‌ വര്‍ഷം മുമ്പ്‌ ജര്‍മ്മന്‍ വലതുപക്ഷത്താല്‍കൊലചെയ്യപ്പെട്ട റോസോ ലക്‌സന്‍ബര്‍ഗ്‌, റഷ്യന്‍ പരീക്ഷണത്തെക്കുറിച്ചെഴുതിയ വിമര്‍ശനങ്ങള്‍അതിശയങ്ങളായിരുന്നു. റോസാ ലക്‌സന്‍ബര്‍ഗിന്റെ പല ലേഖനങ്ങളും സോവിയറ്റ്‌ യൂണിയന്റെതകര്‍ച്ചക്കുശേഷം റഷ്യന്‍ ആര്‍ക്കൈവില്‍നിന്ന്‌ കണ്ടെടുക്കുകയായിരുന്നു. റഷ്യന്‍ ``സ്റ്റീരിയോടൈപ്പ്‌'' നേതാക്കന്‍മാര്‍ കമ്മ്യൂണിസത്തെക്കുറിച്ചുള്ള വ്യത്യസ്‌തമായ ചര്‍ച്ച ഉയര്‍ന്നുവരാതിരിക്കാന്‍ പ്രത്യേകംശ്രദ്ധിച്ചു എന്നര്‍ത്ഥം അള്‍ട്രാ സെന്‍ട്രലിസം എന്ന അപകടം തുറന്നുവെച്ച ലെനിനെയാണ്‌സേച്ഛ്വാധിപത്യത്തിന്റെ സിംഹാസനത്തില്‍ കയറാന്‍ സ്റ്റാലിന്‍ അഗ്രദൂതനായിഉപയോഗപ്പെടുത്തിയത്‌. 1904-ല്‍ അള്‍ട്രാ സെന്‍ട്രലിസത്തെ ``ഓര്‍ഗനൈസേഷനല്‍ക്വസ്‌റഖിന്‍സ്‌ ഓഫ്‌ റഷ്യന്‍ സോഷ്യല്‍ ഡെമോക്രസി'' എന്ന ലേഖനത്തില്‍ റോസാ ലക്‌സന്‍ബര്‍ഗ്‌ചോദ്യംചെയ്യുന്നുണ്ട്‌. സോഷ്യല്‍ ഡമോക്രാറ്റിക്‌ സെന്‍ട്രലിസം ഒരിക്കലും ഔദ്യോഗിക പാര്‍ട്ടിനേതൃത്വത്തിനോടുള്ള പാര്‍ട്ടി അംഗത്തിന്റെ യാന്ത്രിക അടിമത്തത്തിന്റെയും അന്ധമായവിധേയത്തത്തിന്റെയും അടിസ്ഥാനത്തിലാകാന്‍ പാടില്ല എന്നവര്‍ വ്യക്തമാക്കി.

ലെനിന്‍ തൊഴിലാളിവര്‍ഗ്ഗപോരാട്ടത്തിന്‌ നേതൃത്വം കൊടുക്കാന്‍ അവര്‍ക്കിടയില്‍നിന്നുതന്നെ ഒരുപ്രമാണി വിഭാഗത്തെ'' മുന്നില്‍ നിര്‍ത്തണമെന്ന്‌ കരുതിയിരുന്നു. പുതിയ ആശയത്തിന്റെപ്രവര്‍ത്തന രീതിയെ ലക്‌സന്‍ബര്‍ഗ്‌ വിമര്‍ശിച്ചു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ദൗത്യംജനസാമാന്യത്തിനിടയില്‍ വിപ്ലവവാഞ്‌ഛ ഉണ്ടാക്കുകയും അവരില്‍ സോഷ്യലിസ്റ്റ്‌ ചിന്തകത്തിച്ചുവെക്കുകയും ചെയ്യുക എന്നതാണ്‌. അത്‌ ഉപജാപക മാര്‍ഗ്ഗങ്ങളിലൂടെ സാധ്യമല്ലഎന്നതായിരുന്നു റോസാ ലക്‌സന്‍ബര്‍ഗിന്റെ ആശയം.

ലെനിന്റെ ``അള്‍ട്രാ സെന്‍ട്രലിസത്തെ'' ലക്‌സന്‍ബര്‍ഗ്‌ എതിര്‍ക്കാന്‍ കാരണം. പാര്‍ട്ടിയും ജനങ്ങളുംനോക്കുകുത്തിയായി മാറുകയും ``സെന്‍ട്രല്‍ കമ്മിറ്റി'' മാത്രം ചിന്തിക്കുകയും ചെയ്യുന്നഅവസ്ഥയുണ്ടാകുമെന്ന്‌ വിശ്വസിച്ചതുകൊണ്ടാണ്‌. ലെനിന്റെ അദ്ധ്വാനവര്‍ഗ്ഗത്തെക്കുറിച്ചുള്ളസുദൃഢമായ പുച്ഛം - അവരുടെ അയത്‌നലളിതമായ വികാസത്തിലും ആത്മപ്രചോദിതത്വത്തിലുമുള്ളഅവിശ്വാസം എന്നിവയെ ലക്‌സന്‍ബര്‍ഗ്‌ അതി നിശിതമായി വിമര്‍ശിച്ചിരുന്നു. (തീര്‍ന്നില്ല)
-
ചന്ദ്രിക ദിനപത്രം

ഇടതുപക്ഷം : അരൂപിയായ പ്രതിഭാസം

വികലമായ കമ്മ്യൂണീസ്‌റ്റ്‌ സിദ്ധാന്തം -3
ഡോ.. എം..കെ. മൂനീര്‍

സെന്‍ട്രല്‍ കമ്മിറ്റി സാര്‍വകാലികമായി പാര്‍ട്ടിയോട്‌ ആജ്ഞാപിക്കുകയും പാര്‍ട്ടി ജനങ്ങളോട്‌ ആജ്ഞാപിക്കുകയും ചെയ്യുന്ന ദുര്‍ബലമായ ഒരു പാര്‍ട്ടി സംവിധാനത്തെപറ്റി ലക്‌സന്‍ബര്‍ഗ്‌ മുന്‍കൂട്ടി വിഭാവന ചെയ്‌തു. ``ഏകച്ഛത്രാധിപതിയായ സെന്‍ട്രല്‍ കമ്മിറ്റിയും ആജ്ഞാനുവര്‍ത്തികളായ അവയവങ്ങള്‍ മാത്രമായി തരം താഴ്‌ത്തപ്പെടുന്ന ജനസാമാന്യവും'' എന്നാണ്‌ ലക്‌സന്‍ബര്‍ഗ്‌ ആ പ്രവര്‍ത്തന ചക്രത്തെ വിശേഷിപ്പിച്ചത്‌. അവര്‍ പറഞ്ഞു: ``ചരിത്രപരമായി യഥാര്‍ത്ഥ വിപ്ലവ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്ന തെറ്റുകള്‍ ഏറ്റവും ബുദ്ധിയുള്ള ഒരിക്കലും തെറ്റുപറ്റാത്ത, അപ്രമാദിത്വമുള്ള സെന്‍ട്രല്‍ കമ്മിറ്റിയുടെ ശരികളെക്കാള്‍ അളവില്ലാത്ത അത്ര ഫലവത്താണ്‌'' ഇതാണ്‌ ലക്‌സന്‍ബര്‍ഗിന്റെ സ്വേച്ഛാധിപത്യ വിരുദ്ധ - ഭൂരിപക്ഷ - സോഷ്യലിസം (non - authoritarian, majoritarian socialism)

രോഗശയ്യയില്‍ കിടക്കുമ്പോള്‍ തന്റെ ``അള്‍ട്രാസെന്‍ട്രലിസം'' അപകടമാകുമെന്നും സ്റ്റാലിന്‍ അതിനെ ദുരുപയോഗം ചെയ്‌ത്‌ തന്റെ സ്വേച്ഛാധിപത്യ വാഞ്‌ഛകള്‍ക്കായി ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നും ലെനിന്‌ ബോധ്യമുണ്ടായിരുന്നു. പക്ഷേ നേരെയാക്കാന്‍ പറ്റാത്തവിധം അത്‌ ലെനിന്റെ കൈപ്പിടിയില്‍ നിന്ന്‌ വഴുതിപ്പോയിരുന്നു.

1931ല്‍ ഒരു ജര്‍മ്മന്‍ ജീവചരിത്ര സാഹിത്യകാരന്‍ എമില്‍ ലുഡ്‌വിങ്‌ സ്റ്റാലിനോട്‌ അഭിമുഖത്തില്‍ ചോദിച്ചു: ``കമ്മ്യൂണിസ്റ്റ്‌ അധികാര ശ്രേണിയില്‍ നിങ്ങളുടെ ഉയര്‍ത്തപ്പെട്ട സ്ഥാനത്തെ എങ്ങനെ ന്യായീകരിക്കുന്നു?''

സ്റ്റാലിന്‍ പറഞ്ഞു: ``മാര്‍ക്‌സിസം ``ഹീറോ''കളുടെ സാന്നിദ്ധ്യത്തെ ഒരിക്കലും നിരാകരിക്കുന്നില്ല'' ``ഞാനല്ലെങ്കില്‍ മറ്റാരെങ്കിലും ഈ സ്ഥാനത്ത്‌ കയറയിരിക്കും'' എന്ന്‌ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. എന്നാല്‍ ഈ നായക പരിവേഷമെന്ന ``കള്‍ട്ടിന്‌'' ഒരു സൈദ്ധാന്തിക ന്യായീകരണം നല്‍കാന്‍ സ്റ്റാലിനായിട്ടില്ല. people need a star എന്ന സ്റ്റാലിന്‍ പ്രയോഗം അദ്ദേഹത്തെ കൂട്ടുത്തരവാദിത്വമുള്ള നേതൃത്വത്തില്‍ നിന്നും വിഭിന്നമായി ഏകച്ഛത്രാധിപതിയായ നേതാവ്‌ എന്ന ആശയത്തിലെത്തിച്ചു. (The Dictators Richard ovary PageN 102.)

കാറല്‍ മാര്‍ക്‌സ്‌ എന്ന വ്യക്തിയുടെ ദൗര്‍ബല്യങ്ങളും മാര്‍ക്‌സിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. ഇതെല്ലാം ആ പ്രത്യയശാസ്‌ത്രത്തെ ഇന്ന്‌ വ്യാഖ്യാനിക്കപ്പെടുന്ന ഇടതുപക്ഷ സങ്കല്‍പങ്ങളില്‍ നിന്നും എപ്പോഴും അകറ്റി നിര്‍ത്തുന്നു.

``മൂലധനത്തെപ്പറ്റി പഠിക്കുന്നതിന്‌ പകരം, ഒരിത്തിരി മൂലധനം ഉണ്ടാക്കിയെങ്കില്‍ എന്ന്‌ മാര്‍ക്‌സിനോട്‌ അമ്മ ആവലാതിപ്പെട്ടു എന്നൊരു കഥയുണ്ട്‌''
(വിമോചന സമരം നയിക്കട്ടെ മാര്‍ക്‌സിസ്റ്റ്‌ നേതാക്കളും - എം.ജി.എസ്‌.നാരായണന്‍, മലയാള മനോരമ ജനുവരി 8-2008)

കാറല്‍മാര്‍ക്‌സിന്റെ പ്രവചനങ്ങളില്‍ എന്തൊക്കെ കാര്യങ്ങള്‍ ശരിയായി. ``നോസ്റ്റര്‍ഡാമസിനെ''പ്പോലെ ലോകത്ത്‌ നടക്കാന്‍ പോകുന്ന പല കാര്യങ്ങളും അദ്ദേഹം പെരുമ്പറകൊട്ടി പ്രഖ്യാപിച്ചു. അതില്‍ എന്തൊക്കെ നടന്നു ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തിന്‌ കാതോര്‍ത്ത്‌ - മാഗ്നിഫൈയിംഗ്‌ ലെന്‍സുമായി കാത്തുകിടന്ന അദ്ദേഹത്തിന്‌ ആ ചുവന്ന പുലരി കാണാതെ കണ്ണടയ്‌ക്കേണ്ടി വന്നു. മുതലാളിത്തത്തിന്‌ വാര്‍ദ്ധക്യമായി എന്ന്‌ പറഞ്ഞ്‌ കുഴിച്ചുമൂടാന്‍ അദ്ദേഹം ഒരുക്കിവെച്ച ശവക്കുഴിയിലേക്ക്‌ തന്റെ സ്വന്തം പ്രത്യയശാസ്‌ത്രത്തെ തന്നെ ഇറക്കിക്കിടത്താനാണ്‌ പിന്‍ഗാമികള്‍ ഒരുങ്ങുന്നത്‌.

ലെനിന്റെ കാലഘട്ടത്തില്‍ തന്നെ അള്‍ട്രാ സെന്‍ട്രലിസം ആരംഭിച്ചെങ്കിലും സ്റ്റാലിന്‍ എന്ന സ്വേച്ഛാധിപതിയാണ്‌ വ്യക്തികേന്ദ്രിതമായ രാഷ്‌ട്രീയത്തിന്‌ ഊടുംപാവും നെയ്‌തത്‌. സ്വയം ഒരു കള്‍ട്ട്‌ ഫിഗറാകാന്‍ സ്റ്റാലിന്‍ നടത്തിയ ആസൂത്രിതമായ ശ്രമങ്ങളാണ്‌ ഇന്ന്‌ നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിലേക്കും ആവാഹിക്കപ്പെട്ടിരിക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ അമ്പലങ്ങളിലെ വിഗ്രഹ പ്രതിഷ്‌ഠകളായി ഇവര്‍ ഇന്നും സ്വച്ഛന്ദം വിഹരിക്കുന്നു.

റോസാലക്‌സന്‍ബര്‍ഗിന്റെ പ്രവചന സ്വഭാവമുള്ള കണ്ടെത്തലുകള്‍ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അപചയത്തിന്‌ കാരണമായി എന്ന്‌ കണ്ടെത്താനാകും. പ്രകാശ്‌ കാരാട്ടിന്റെ ``സെന്‍ട്രല്‍ കമ്മിറ്റി''യുടെ ആജ്ഞാനുവര്‍ത്തികളായി പാര്‍ട്ടിയും ജനങ്ങളും മാറിയതോടെ കമ്മ്യൂണിസം കാലഹരണപ്പെട്ടു തുടങ്ങി.

സോഷ്യലിസത്തിന്റെ ആശയ പരിസരത്തേക്ക്‌ ഇന്നത്തെ കമ്മ്യൂണിസത്തിന്‌ എത്തിനോക്കാനാവുന്നില്ല എന്നതാണ്‌ വാസ്‌തവം. ചൈനയില്‍ ശാസ്‌ത്രീയ സോഷ്യലിസം വരാന്‍ ഇനിയും 100 വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌.ആര്‍.പി.യുടെ വാക്കുകള്‍ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌. അപ്പോഴേക്കും അടിസ്ഥാനവര്‍ഗ്ഗം ഭൂമിയില്‍ നിന്ന്‌ നിഷ്‌കാസനം ചെയ്യപ്പെടും. അവര്‍ കൊന്നൊടുക്കപ്പെടും. മാവോയിസ്റ്റുകള്‍ അടക്കമുള്ള ഇടത്‌ ചെറുത്തുനില്‍പ്പുകള്‍ അടിസ്ഥാനവര്‍ഗ്ഗത്തെ വിശ്വാസത്തിലെടുത്താണ്‌ സംഘടിപ്പിക്കപ്പെടുന്നത്‌. ഇത്തരം സംഘങ്ങളെയല്ല, അവ ഉല്‍പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ്‌ ഇല്ലായ്‌മ ചെയ്യ്‌പെടേണ്ടത്‌.
റഷ്യയില്‍ കമ്മ്യൂണിസത്തിന്‌ ആണിയടിക്കാന്‍ ഗോര്‍ബച്ചേവ്‌ ഒരു നിമിത്തം മാത്രമായിരുന്നു. ചൈനയില്‍ ഡെങ്‌സിവോപെങ്‌ വ്യവസായവല്‍ക്കരണത്തെയാണ്‌ ആയുധമാക്കിയത്‌. ചൈനയുടെ ഭാഗമാക്കുന്നതിന്‌ മുമ്പ്‌ മുതലാളിത്ത സിദ്ധാന്തങ്ങളുടെ പരീക്ഷണ ഭൂമിയായി അദ്ദേഹം ഹോങ്കോങിനെ ഉപയോഗിച്ചു. പില്‍ക്കാലത്ത്‌ ചൈന മുതലാളിത്തത്തെ സിരകളിലേക്ക്‌ ആവാഹിക്കുന്നത്‌ നാം കണ്ടു.
സാമ്രാജ്യത്വ വിരുദ്ധതകൊണ്ടു മാത്രം ഇടതുപക്ഷമാവാമെന്ന്‌ തെറ്റിദ്ധരിച്ചവരാണ്‌ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെന്ന്‌ ഈയിടെയുള്ള അവരുടെ പെരുമാറ്റം കണ്ടാല്‍ സംശയം തോന്നാം. ഐ.എം.എഫ്‌, എ.ഡി.ബി, ലോകബാങ്ക്‌ തുടങ്ങിയ സാമ്രാജ്യത്വത്തിന്‌ മേല്‍ക്കൈയുള്ള മൂലധന ഉപാധികളെ സ്വയം വരിക്കുന്ന ഇപ്പോഴത്തെ ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ വിരുദ്ധത ഹിപ്പോക്രസിയാണ്‌. ഇങ്ങനെ വലതുവല്‍ക്കരണത്തിന്റെ അങ്ങേ അറ്റത്തേക്ക്‌ ഇടതുപക്ഷമെന്ന്‌ സ്വയം വിശേഷിപ്പിച്ചവര്‍ പൊയ്‌പ്പോയപ്പോഴാണ്‌ അടിസ്ഥാന വര്‍ഗ്ഗം തങ്ങളുടെ സമരങ്ങളെ ഒരു തൂണിന്റെയും സഹായമില്ലാതെ സ്വയം ഏറ്റെടുത്തു നടത്തിയത്‌. ചെങ്ങറ സമരം അതിന്‌ ഉദാഹരണമാണ്‌. യഥാര്‍ത്ഥ ഇടതുപക്ഷം ചില കമ്പാര്‍ട്ടുമെന്റുകളിലേക്ക്‌ ചുരുങ്ങി കഷ്‌ണം കഷ്‌ണമായി മാറി. ദലിത്‌ മുന്നേറ്റത്തിന്‌ ഒരു ഇടതുപക്ഷം, പരിസ്ഥിതിക്ക്‌ മറ്റൊന്ന്‌, സ്‌ത്രീ വിമോചനത്തിനും വേറെ വേറെ. അങ്ങനെ എല്ലാവരും പുതിയ ``ഇടതുപക്ഷത്തിന്റെ'' നിര്‍മ്മിതിയിലാണ്‌.

സ്യൂഡോ ലെഫ്‌റ്റിസം (pseudoLeftism) കൊണ്ടുനടക്കുന്നവര്‍ മതത്തിന്റെ പേരില്‍ സംഘടിച്ച പ്രസ്ഥാനങ്ങളിലും കാണാം. സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകള്‍ തങ്ങള്‍ ഇടതുപക്ഷമാണെന്ന ധാരണയുണ്ടാക്കാന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍, മനുഷ്യാവകാശ വിഷയങ്ങള്‍ എന്നിവയെല്ലാം ഉയര്‍ത്തിപ്പിടിച്ച്‌ സമരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ എന്ന്‌ വിശേഷിപ്പിക്കുന്നവരോടൊപ്പം ചേര്‍ന്ന്‌ നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. വൈരുദ്ധ്യാധിഷ്‌ഠിത ഭൗതിക വാദത്തെയും ദൈവ ഭരണത്തിന്‌ വേണ്ടിയുള്ള മുന്നേറ്റത്തെയും ഒരുമിച്ച്‌ കൊണ്ടുപോകാനുള്ള പ്രേരണ ഈ സ്യൂഡോ ലെഫ്‌റ്റിസം അവര്‍ക്ക്‌ നല്‍കുന്നു. മൗദൂദിയില്‍ കാള്‍ മാര്‍ക്‌സിന്റെ കൃതികളുണ്ടാക്കിയ സ്വാധീനം അതിന്‌ കാരണമായിട്ടുണ്ടാകാം.

ചില തീവ്രവാദ പ്രസ്ഥാനങ്ങള്‍ അവരെ സ്വയം ഇടതുപക്ഷത്തിന്‌ പകരം വെക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌. ഇതിന്റെ ഭാഗമായി സോഷ്യലിസ്റ്റ്‌, ഡെമോക്രാറ്റിക്‌ എന്നീ പദങ്ങളെ പാര്‍ട്ടി പേരില്‍ ഉള്‍ച്ചേര്‍ത്തതായി കാണാം. (എസ്‌.ഡി.പി.ഐ) അതിന്‌ മുമ്പ്‌ അവര്‍ സ്വീകരിച്ച പോപ്പുലര്‍ ഫ്രണ്ട്‌ എന്ന പേര്‌, ക്വിറ്റ്‌ ഇന്ത്യാ സമരത്തെ ബഹിഷ്‌കരിച്ച ഇന്ത്യയിലെ ദേശീയ മുന്നേറ്റത്തിലെ കമ്മ്യൂണിസ്റ്റ്‌ പക്ഷം ഫാഷിസത്തെ നേരിടാന്‍ അണിചേര്‍ന്ന ലോക കമ്മ്യൂണിസ്റ്റ്‌ ചേരിയുടെ അതേ പേരാണ്‌. ഈ സാദൃശ്യം യാദൃശ്‌ഛികമല്ല. ഇടതുപക്ഷമെന്നത്‌ അരൂപിയായ ഒരു പ്രതിഭാസമാണ്‌. അതിന്‌ പ്രത്യേക നിര്‍വ്വചനങ്ങളില്ല. അതുകൊണ്ടുതന്നെ ഇടത്‌ സ്വഭാവം എല്ലാ വിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്നുണ്ടാകാം.
(പൂര്‍ണ്ണം)

-ചന്ദ്രിക ദിനപത്രം

Wednesday, November 18, 2009

ഇതാണ് കാരാട്ടേ സോഷ്യലിസം

ഒക്ടോബര്‍ ഒന്നിന്‌ അറുപതാമത്‌ ചൈനീസ്‌ വിപ്ലവവാര്‍ഷികദിനത്തില്‍ ദേശാഭിമാനി ചൈനീസ്‌ വാര്‍ഷിക സപ്ലിമെന്റ്‌ പ്രസിദ്ധികരിച്ചു. മുഖ്യലേഖനം പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റേതുതന്നെ. ഉള്‍പേജുകളില്‍ സീതാറാം യെച്ചൂരി മുതല്‍ ഇങ്ങ്‌ പിണറായി വരെ ചൈനയെ പാടിപൂകഴ്ത്തിയിരിക്കുന്നു.

ഇത്രമാത്രം പാടിപുകഴ്ത്താന്‍ പ്രഥമവും പ്രധാനവുമായി ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഇവര്‍ക്കെന്താവേശം.? ചൈനയും ഇന്ത്യയും തമ്മില്‍ മഞ്ഞുരുകാന്‍ തുടങ്ങിയിട്ട്‌ അധികമായിട്ടില്ല. എന്നും അമേരിക്കയെപ്പോലെ ചൈനയും പാകിസ്ഥാന്‌ സാമ്പത്തികസൈനിക സഹായം നല്‍കി ഇന്ത്യയുടെ അതിര്‍ത്തികളില്‍ കുഴപ്പമുണ്ടാക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ച ചരിത്രത്തിനുപുറമെ ചതികാണിച്ച രാജ്യമാണ്‌. ചൈനീസ്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഫ്യൂഡലിസത്തെയും കോളനിവാഴ്ചയെയും എതിര്‍ത്തു എന്നുപറയുമ്പോള്‍ അത്‌ സാമ്രാജ്യത്വത്തിനെതിരായ സമരമെന്നുകൂടി കാണണം.
കോളനികളുണ്ടാക്കി അവിടത്തെ മുതലുകള്‍ കൊള്ളയടിച്ച ബ്രിട്ടീഷ്‌ ആധിപത്യം തന്നെയായിരുന്നു ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പിറവിയ്ക്കുകാരണമെങ്കിലും വിപ്ലവത്തിനുശേഷമുണ്ടായ പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈന സാമ്രാജ്യത്വപാതയല്ലേ സ്വീകരിച്ചത്‌.? ഹോങ്കോങ്ങിനെ ലയിപ്പിച്ചത്‌ ഭീഷണിപ്പെടുത്തിയായിരുന്നു. ഒരു മിലിറ്ററി ഓപ്പറേഷന്‍ വേണ്ടിവന്നാല്‍ ആവാമെന്നമട്ടില്‍ നിന്ന ചൈനയ്ക്കുമുമ്പില്‍ ഹോങ്കോങ്ങ്‌ തലകുനിച്ചു. അന്താരാഷ്ട്രസമൂഹത്തിന്റെ സമ്മര്‍ദ്ദഫലമായി സ്വതന്ത്രസമ്പദ്‌വ്യവസ്ഥയുള്‍പ്പെടെ പത്രസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നിവഅനുവദിച്ചു. അതും ചൈന ഈയിടെ ലംഘിച്ചു.

സിങ്ങ്ജിയാംഗില്‍ ഉറുംഖിയിലെ ഉഗര്‍മുസ്ലീങ്ങളുടെ ഹാന്‍ ചൈനക്കാരുമായുള്ള വംശീയസംഘട്ടനം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ ഹോങ്കോങ്ങില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരെ സൈന്യത്തെവിട്ട്‌ അടിച്ചുപപ്പടമാക്കി. 1997ല്‍ ഹോങ്കോങ്ങ്‌ സമാധാനപരമായി ചൈനീസ്‌ വന്‍കരയുമായി ലയിച്ചു എന്നുപറയുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ 1959ല്‍ ടിബറ്റില്‍ എന്താണ്‌ ചൈന ചെയ്തതെന്ന്‌ പറയാത്തതെന്താണ്‌? മിലിറ്ററി ടാങ്കുകള്‍ ലാസയില്‍ ഇരച്ചുകയറിപ്പോള്‍ പതിമൂന്നുകാരനായ ദലൈലാമ ഇന്ത്യയിലേക്ക്‌ വന്നു. പഞ്ചന്‍ലാമയെ പീക്കിങ്ങില്‍ കൊണ്ടുപോയി പട്ടാഭിഷേകം നടത്തി ടിബറ്റിന്റെ ലാമയാക്കി. ആ ടിബറ്റിന്റെ മതപരമായ, വംശീയമായ സമാനതയുടെ പേരിലാണ്‌ അരുണാചല്‍ തങ്ങളുടേതെന്ന്‌ ചൈന പറയുന്നത്‌. ഇത്‌ ഇന്ത്യന്‍ സഖാക്കള്‍ കേള്‍ക്കുന്നില്ലേ? കാണുന്നില്ലേ.?. ഇനി ചൈനയുടെ വന്‍കരവികസനത്തിന്റെ ലക്ഷ്യം തായ്‌വാനാണ്‌. തായ്‌വാന്‍ വഴങ്ങുന്നില്ല. ചൈനയ്ക്ക്‌ അവിടെ ഒരു മിലിറ്ററി ഓപ്ഷനേ ഉണ്ടാവൂ. അതവര്‍ ചെയ്തിരിക്കും. സമയത്തിന്റെ കാര്യം മാത്രമാണ്‌.

ചൈനക്ക്‌ ഏഷ്യയില്‍ സാമന്തരാജ്യങ്ങളുണ്ട്‌. നീപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നിങ്ങനെ പോവുന്നു അവരുടെ പട്ടിക. ഇവര്‍ക്കൊക്കെ ചൊല്ലും ചെലവും കൊടുത്ത്‌ ഇന്ത്യയെ ഒതുക്കുക എന്നതാണ്‌ ചൈനക്കാരന്റെ പ്രഥമലക്ഷ്യം. ചൈനക്ക്‌ ലക്ഷ്യം അമേരിക്കയൊന്നുമല്ല. അമേരിക്ക ഇന്ത്യയെക്കാള്‍ പ്രാധാന്യമുള്ള സാമ്പത്തിക പങ്കാളിയാണ്‌. അമേരിക്കന്‍ വ്യവസായങ്ങള്‍ ചൈനയില്‍ വന്‍ തോതിലുണ്ടായിരിക്കുന്നു. അതുകൊണ്ട്‌ ഇന്ത്യാചൈന പങ്കാളിത്തം ചൈനയുടെ പ്രഥമഗണത്തില്‍ പെടുന്നില്ല.ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തന്നെ സോഷ്യലിസം അപ്രാപ്യമെന്ന്‌ നേരത്തെ പറഞ്ഞിട്ടുണ്ട്‌. സോഷ്യലിസത്തില്‍ സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണം, അതും സ്റ്റേറ്റിന്റെ നിയന്ത്രണത്തിലെന്ന കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തം ചൈനക്കില്ല. ചൈന വന്‍ സാമ്പത്തിക ശക്തിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന്‌ കാരണങ്ങള്‍ ഉണ്ട്‌. ഒന്നാമതായി വളരെ ചിലവുകുറഞ്ഞുകിട്ടുന്ന മനുഷ്യശക്തി. 150 കോടിയിലെത്തിയ ചൈനയുടെ ജനസംഖ്യ ദമ്പതികള്‍ക്ക്‌ ഒരുസന്താനം എന്ന കര്‍ശനനിബന്ധനയും അതുലംഘിച്ചാല്‍ ശിക്ഷയെന്ന അവസ്ഥവരുത്തിയിട്ടുപോലും കുതിയ്ക്കുകയാണ്‌. ഈ അളവില്ലാത്ത മനുഷ്യവിഭവം തന്നെയാണ്‌ ചൈനയുടെ കുതിപ്പിന്റെ ചാലകശക്തി.

രണ്ടാമത്‌ ചൈനീസ്‌ വന്‍കരയുടെ അളവറ്റ ശ്രോതസ്സുകള്‍ തന്നെ. കമ്മ്യൂണിസ്റ്റ്‌ മിലിറ്ററിസത്തില്‍ മനുഷ്യന്‍ മൃഗങ്ങളെപ്പോലെ പണിയുമ്പോള്‍ അത്‌ ഫ്യൂഡലിസത്തിന്റെ മറ്റൊരുപതിപ്പാണ്‌. സാമ്പത്തിക കുതിപ്പിലും ചൈനീസ്‌ പൗരന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നില്ല. സമ്പത്തിന്റെ സിംഹഭാഗവും സൈനിക ശക്തി വര്‍ദ്ധിപ്പിക്കാന്‍ ചിലവിടുമ്പോള്‍ സോഷ്യലിസം എന്ന സാമ്പത്തിക ക്രമം ചൈനക്ക്‌ അന്യമാകുന്നു.ഭൂമിശാസ്ത്രപരമായും സാംസ്ക്കാരികപരമായും പാരമ്പര്യം കൊണ്ടും ചരിത്രം കൊണ്ടും ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാവേണ്ടത്‌ ചൈനതന്നെയാണ്‌. പക്ഷെ ചരിത്രം അതൊന്നുമല്ല. ഇന്ത്യയുടെ സ്വാഭാവികപങ്കാളി ചൈനയ്ക്കുപുറത്തുകിടക്കുന്ന ഏഷ്യയുംയൂറോപ്പും വരെ വ്യാപിച്ചുകിടക്കുന്ന റഷ്യതന്നെയാണ്‌. 200 ആറ്റം ബോംബുകള്‍ ചൈനയ്ക്കുണ്ട്‌. ഒന്നിന്റെ ശക്തി 10 മില്യന്‍ ടി.എന്‍.ടി. (ട്രെയിനൈട്രോടൊളുവിന്‍) ആണ്‌. ഹിറോഷിമയിലും നാഗസാക്കിയിലും ഇട്ട ബോംബിന്റെ ആയിരമിരട്ടി ശക്തിവരും. ചൈനീസ്‌ പ്രതിരോധബഡ്ജറ്റ്‌ മുന്നിലാണ്‌. ഇന്ത്യയുടെ സൈനികശക്തി ചൈനയുടെ മൂന്നിലൊന്നേവരൂ. നമുക്ക്‌ പിടിച്ചുനില്‍ക്കാന്‍ ഒരുകൂട്ടാളിവേണം. ചരിത്രവും അനുഭവവും ഉള്‍ക്കൊണ്ടുതന്നെയാണ്‌ റഷ്യയുമായി അകന്നുനിന്നിരുന്ന ബന്ധം ഊര്‍ജ്ജ്വസ്വലമാക്കാന്‍ ഇന്ത്യതയ്യാറായിവരുന്നത്‌.

പ്രകാശ്‌ കാരാട്ട്‌ പറയുന്നതുപോലെ അമേരിക്കയും ചൈനയും തമ്മില്‍ താല്‍പര്യസംഘട്ടനമില്ല. അവര്‍ തമ്മില്‍ വന്‍ സഹകരണത്തിലാണ്‌. സഖാവ്‌ പറയുന്നതുപോലെ ഇംപീരിയലിസത്തിന്റെ അമരക്കാരുമായി വന്‍ ചങ്ങാത്തത്തിലാണ്‌ സഖാവിന്റെ ചൈനയിലെ യജമാനന്മാര്‍. ഇന്ത്യചൈനറഷ്യ ത്രികക്ഷിസഖ്യം തകര്‍ക്കാന്‍ അമേരിക്കനോക്കുന്നതിനേക്കാള്‍ ശക്തിയോടെ അത്‌ തകര്‍ക്കാന്‍ ചൈനനോക്കും. കാരണം അതിന്റെ ഗുണഭോക്താവ്‌ ഇന്ത്യ എന്നതുതന്നെ. ആ സഖ്യത്തില്‍ ചൈനക്ക്‌ ലാഭമില്ല. ആ സഖ്യത്തിനകത്തൊരു ഇന്ത്യറഷ്യാ സഖ്യം രൂപപ്പെടുമെന്ന്‌ കുശാഗ്രബുദ്ധിയായ ചൈനയ്ക്കറിയാം. അതുകൊണ്ട്‌ കാരാട്ട്‌ പറഞ്ഞ ആ സഖ്യം അമേരിക്കയുടെ ശ്രമം കൊണ്ട്‌ ഉണ്ടാവാതിരിയ്ക്കുകയില്ല. ഉണ്ടായാല്‍ അമേരിക്കയാല്‍ പൊളിയുകയുമില്ല. കാരാട്ട്‌ പറയുന്ന ബ്രിക്ക്‌ (ബ്രസീല്‍റഷ്യഇന്ത്യചൈന) ഉച്ചകോടിയൊക്കെ തീര്‍ത്തും ഔപചാരികമാണ്‌. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളെ ചൈന ടോര്‍പ്പിഡോ ചെയ്യും. ഇന്ത്യ ഘടകമായതുതന്നെ പ്രശ്നം. എന്തിനാണ്‌ ചൈന സെക്യൂരിറ്റി കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകാര്യത്തില്‍ നിസ്സംഗമായിരിക്കുന്നത്‌.?

എന്തിനാണ്‌ അരുണാചലിലേക്കുള്ള എ.ഡി.ബി. ലോണ്‍ തടയാന്‍ നോക്കിയത്‌?.
അന്താരാഷ്ട്ര ആണവോര്‍ജ്ജഏജന്‍സിയിലും ന്യൂക്ലിയര്‍ സപ്ലൈസ്‌ ഗ്രൂപ്പിലും ഇന്ത്യയ്ക്കെതിരെ ചൈന എന്തിനാണ്‌ കുത്തിതിരിപ്പുണ്ടാക്കിയത്‌.? ചൈനയുമായി ഒരാണവകരാറുണ്ടാക്കിയിരുന്നെങ്കില്‍ പ്രകാശ്‌ കാരാട്ട്‌ യു.പി.എ. സര്‍ക്കാരിന്‌ പിന്തുണ പിന്‍വലിക്കുമായിരുന്നോ?. ചൈനയും അമേരിക്കയും തമ്മില്‍ വ്യത്യാസമില്ലെന്ന്‌ കാരാട്ടിനറിയാം. എഴുത്തും വായനയുമറിയുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കറിയാം. അമേരിക്കയെപ്പോലെ ചൈനയും സാമ്രാജ്യത്വമോഹവും ചട്ടമ്പിത്തരവും കാണിക്കുന്നതില്‍ മിടുക്കും മികവും കാണിയ്ക്കുന്നുണ്ട്‌. ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ ചൈന നടത്തുന്ന നീക്കങ്ങളെക്കുറിച്ച്‌ കാരാട്ടിനെന്തുപറയാനുണ്ട്‌?. ഇത്രയും പ്രകോപനപരമായ പെരുമാറ്റങ്ങള്‍ ചൈയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടും കഴുപ്പങ്ങളുണ്ടാക്കാതെയിരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിനെ കുറ്റം ചാര്‍ത്തുന്ന കാരാട്ട്‌ 1962 ല്‍ ചൈന പിടിച്ചുവച്ചിട്ടുള്ള പിന്നീട്‌ അവര്‍ മാന്തിയെടുത്തതുമായ ഒന്നരലക്ഷത്തോളം ച.കീ. മീറ്റര്‍ സ്ഥലം ഇന്ത്യക്ക്‌ വിട്ടുതരാന്‍ ഈ വിപ്ലവ സപ്ലിമെന്റിലൂടെയെങ്കിലും ഒന്നാവശ്യപ്പെട്ട്‌ ഈ നാടിനോടും നാട്ടുകാരോടും തനിക്ക്‌ അല്‍പമെങ്കിലും കൂറുണ്ടെന്ന്‌ കാണിക്കാമായിരുന്നു. 1988ല്‍ രാജീവ്‌ ഗാന്ധിയാണ്‌ ബീജിംഗില്‍ ചെന്നത്‌. ചൈനയുടെ ഭരണാധികാരികള്‍ ഇന്ത്യയിലെയ്ക്കുവന്നിട്ടില്ല അതിനുമുന്‍പ്‌. ആരാണ്‌ സമാധാനം, സൗഹാര്‍ദ്ദം വാക്കിലും പ്രവര്‍ത്തിയിലും കാണിയ്ക്കുന്നതെന്ന്‌ യജമാനഭക്തിയില്‍ അന്ധനാവുന്ന കാരാട്ടിനുകഴിയുന്നില്ലെങ്കില്‍ അപാകതയൊന്നുമില്ല.

ഇന്ത്യയുടെ യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വത്തെ പിന്‍തുണയ്ക്കാത്ത അമേരിക്കന്‍ നിലപാടിനോട്‌ ചൈനയ്ക്ക്‌ യോജിപ്പില്ലേ.? ചൈനയുടെ തന്ത്രപരമായ പങ്കാളി അമേരിക്കയായതിനാലല്ലേ അങ്ങിനെ സംഭവിയ്ക്കുന്നത്‌.? അമേരിക്കയുടെ കടപ്പത്രം മുഴുവന്‍ വാങ്ങിയത്‌ അമേരിക്കയെ ചൈനീസ്‌ ഉത്പ്പന്നങ്ങളുടെ ഡംപിഗ്‌ യാഡാക്കാനല്ലേ.? ആഗോളവത്ക്കരണഉദാരവത്ക്കരണ സദ്ധാന്തത്തിന്റെ അമരക്കാരനായിരുന്ന അമേരിക്ക വാള്‍ സ്ട്രീറ്റിലും മെയിന്‍സ്ട്രീറ്റിലും തകര്‍ന്നുവിണപ്പോള്‍ അതുമുതലാക്കിയത്‌ ചൈനയല്ലേ?. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സാന്നിദ്ധ്യം പാകിസ്ഥാന്‌ പ്രശ്നമാണെന്നതുകണ്ട്‌ പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്‌ ചൈനയല്ലേ.? ഒബാമ ഗത്യന്തരമില്ലാതെ ഇറാക്ക്‌അഫ്ഗാന്‍ അധിനിവേശം അവസാനിപ്പിച്ചാല്‍ ശക്തിപ്പെടുന്ന താലിബാന്‍, പാക്‌അഫ്ഗാന്‍ മേഖലയെ വിഴുങ്ങിയാല്‍ ഇന്ത്യ പരുങ്ങലിലല്ലേ.?

ടിബറ്റിലെ മനുഷ്യാവകാശലംഘനങ്ങളും പൗരാവകാശനിഷേധങ്ങളും എന്തുകൊണ്ടാണ്‌ കാരാട്ട്‌ കാണാതെപോവുന്നത്‌?. ഇവിടെയും അതിനെതിരെ ഒരു ചങ്ങലപിടുത്തം ആവരുതോ?. ആളുണ്ടല്ലോ? ചൈന സാമ്പത്തികമായികുതിയ്ക്കുന്നു എന്ന്‌ പറയുന്നത്‌ ശരി. പക്ഷെ ചൈനീസ്‌ പൗരന്‌ സ്വാതന്ത്ര്യമുണ്ടോ?. അഭിപ്രായം പറയാമോ?. ഭരണകൂടക്രൂരതകളെ വിമര്‍ശിയ്ക്കാമോ?. സ്വാതന്ത്യം കൊതിച്ച ചെറുപ്പക്കാരെ ടിയാനന്‍മെന്‍ സ്ക്വയറില്‍ ടാങ്കുകള്‍ കയറ്റി ചതച്ചരച്ച 1989 ലെ ജൂണ്‍മാസം കാരാട്ട്‌ ഓര്‍ക്കുന്നുണ്ടോ? അവിടെ വര്‍ഷംതോറും തങ്ങളുജടെ മക്കളുടെ ഓര്‍മ്മയ്ക്കായി പാത്തുംപതുങ്ങിയും ഒരു പൂ കൊണ്ട്‌വയ്ക്കുന്ന കണ്ണീര്‍തൂവുന്ന മാതാപിതാക്കളെ കാരാട്ട്‌ ഓര്‍ക്കുന്നുണ്ടോ?. ഇതിനെല്ലാം സ്വാതന്ത്ര്യമുള്ള മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുഖസൗകര്യങ്ങളനുഭവിയ്ക്കുന്ന സഖാവ്‌ കാരാട്ട്‌ ചൈനയിലെ പാവം ജനതയ്ക്കുവേണ്ടി വെന്‍ജിയാവോഹൂജിന്റാവോ പ്രഭൃതികളോടൊന്ന്‌ അപേക്ഷിയ്ക്കുമോ!.

മനഃസാക്ഷിയുണ്ടെങ്കില്‍ കാരാട്ടും യെച്ചൂരിയും ഒന്നംഗീകരിയ്ക്കണം. തുറന്നുപറയണം. കമ്മ്യൂണിസ്റ്റ്‌ ഭരണകൂട ആധിപത്യത്തില്‍ മനുഷ്യസ്വാതന്ത്ര്യമില്ല. പൗരാവകാശങ്ങള്‍ ചോദിച്ചുവാങ്ങാനാവില്ല. ഭരണകൂടം അനുവദിയ്ക്കുന്ന പൗരാവകാശങ്ങളേയുള്ളൂ. അതുകൊണ്ടാണ്‌ സോള്‍ സെനിറ്റ്സണ്‍ എനിക്ക്‌ ശ്വാസംമുട്ടുന്നു എന്നുപറഞ്ഞ്‌ സ്വതന്ത്രവായുതേടി സാമ്രാജ്യലോകത്ത്‌ ചെന്നത്‌. എഴുത്തുകാരന്‍ സോവിയറ്റ്‌ യൂണിയനില്‍ നിന്ന്‌ പലായനം ചെയ്തത്‌. ചൈനയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനമോ സര്‍ഗാത്മക ക്രിയകളോ ഇല്ലെന്ന്‌ കാരാട്ടിനറിയാം. ചൈനയുടെ നിലപാടുകള്‍ ഉപഭൂഖണ്ഡത്തില്‍ ഭീകരത വളര്‍ത്തും. അമേരിക്കന്‍ ഭീഷണിയില്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഭീകരതഅമര്‍ച്ചചെയ്യുന്ന പാകിസ്ഥാന്‍ ചൈനയുടെ ഒത്താശയോടെ ഭീകരര്‍ക്ക്‌ വീണ്ടും ഉയിര്‍ക്കാനുള്ള അവസരമൊരുക്കും. പക്ഷെ ഒന്നുണ്ട്‌. സിന്‍ജിയാങ്ങില്‍ മുസ്ലീങ്ങളെ ദ്രോഹിക്കുന്ന ചൈന അല്‍ക്വയ്ദയുടെ ഹിറ്റ്ലിസ്റ്റില്‍ പെട്ടിട്ടുണ്ട്‌. സ്വതന്ത്ര ടര്‍ക്കിസ്ഥാന്‍ എന്ന ആശയം രൂപപ്പെടുന്നത്‌ ചൈനക്ക്‌ ആശങ്കയോടെ കാണേണ്ടിവരും.

ഒരു രാഷ്ട്രീയ ആവശ്യമെന്നനിലയില്‍ ടിബറ്റന്‍ അഭയാര്‍ത്ഥികളെ ഇന്ത്യ തടയുമെങ്കില്‍ ടിബറ്റുകാര്‍ക്ക്‌ മതസ്വാതന്ത്ര്യവും സാംസ്കാരിക തനിമ നിലനിര്‍ത്താനും സാമ്പത്തിക സ്വയംനിയര്‍ണ്ണയാവകാശത്തിനും ഹോങ്കോങ്ങിലെന്നപോലെ ഒരുകരാറുണ്ടാക്കുവാനും ചൈന തയ്യാറാവുമോ?. ടിബറ്റ്‌ മുഴുവന്‍ റെയില്‍റോഡ്‌മിലിറ്ററി എയര്‍ബേസുകളുണ്ടാക്കി അതിര്‍ത്തിയില്‍ ഇതൊന്നുമില്ലാത്ത ഇന്ത്യയെ ചൈന പ്രതിരോധത്തിലാക്കിയിരിക്കുന്നതെന്തിനാണെന്ന്‌ കാരാട്ട്‌ പറയുമോ?. ഇന്ത്യസൗഹൃദരാഷ്ട്രമെങ്കില്‍ സ്വാഭാവിക പങ്കാളിയെങ്കില്‍ എന്തിനീ പടയൊരുക്കം?. 1954ലും 2003ലും ഇക്കാര്യത്തില്‍ ഉണ്ടാക്കിയ കരാര്‍ പാലിയ്ക്കാന്‍ ഇന്ത്യ തയ്യാറാണ്‌. പ്രകൃതിപരവും ചരിത്രപരവുമായ കാരണംകൊണ്ട്‌ തന്നെ തത്വാധിഷ്ഠിതമായ ഒരു ഇന്ത്യാചൈനാസഹകരണം സാധ്യമാണോ.? അതിനുള്ള സാധ്യത ഇന്ന്‌ തീരെയില്ല.

ഇന്നത്തെ സാഹചര്യത്തില്‍ പ്രകാശ്‌ കാരാട്ടിന്റെ ശത്രുവായ അമേരിക്കയും ചൈനയും സാമ്പത്തിക താല്‍പര്യങ്ങളാല്‍ പ്രതിബദ്ധരാണ്‌. അതുകൊണ്ട്‌ തന്നെ അവരുടെ സഹകരണം അലംഘനീയമാണ്‌. അമേരിക്കന്‍ താല്‍പര്യങ്ങളുടെ ചിലവില്‍ ഇന്ത്യാചൈന സൗഹൃദം അങ്ങിനെ ഉണ്ടാവില്ല. അങ്ങിനെയൊരുസൗഹൃദത്തിന്‌ ചൈനയ്ക്കും തീരെ താല്‍പര്യമില്ല. കാശ്മീരിലും അരുണാചലിലും നിന്ന്‌ ചൈനയിലേക്ക്‌ പോവുന്നവര്‍ക്ക്‌ പേപ്പറില്‍ സീലടിച്ച്‌ വിസ നല്‍കുമ്പോള്‍ പാസ്പോര്‍ട്ടില്‍ സീലടിയ്ക്കുന്നില്ല. അവര്‍ക്കും ചൈനയില്‍ പോയതായി രേഖയുമുണ്ടാവില്ല. വിധ്വംസകപ്രവര്‍ത്തനത്തിന്‌ ചൈനയൊരുക്കുന്ന കിളിവാതില്‍. അമ്പതിലേറെ വംശങ്ങളും ടായോയിസം ബുദ്ധിസം തുടങ്ങി ഇസ്ലാംവരെ വിശ്വാസങ്ങളും കുഴഞ്ഞുകിടക്കുന്ന ചൈന ആരെയോ ഭയക്കുന്നുണ്ട്‌. ടിയാനന്‍മെന്‍ സ്ക്വയറില്‍ അതുകണ്ടു. ചൈനക്കാര്‍ ടെലിവിഷനുമുന്നിലിരുന്നാണ്‍്‌ 60ാ‍ംപിറന്നാള്‍ കണ്ടത്‌. യുദ്ധസാമഗ്രികളുടെ എഴുന്നുള്ളിപ്പ്‌ ഇന്ത്യയെ പേടിപ്പിയ്ക്കാനാണ്‌. ലോകത്ത്‌ വേറെയാരെയും ചൈനക്ക്‌ ഉമ്മാക്കികാണിച്ച്‌ വിറപ്പിയ്ക്കേണ്ട കാര്യമില്ല. 1962ല്‍ ചൈനക്ക്‌ കൂറ്‌
പ്രഖ്യാപിച്ച്‌ നന്ദികേട്‌ മാതൃരാജ്യത്തോട്‌ കാണിച്ചു കമ്മ്യൂണിസ്റ്റുകള്‍.

ഒരുകോടി ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ചൈനയുടെ മനസ്സില്‍ സാമ്രാജ്യത്വവികസനമാണ്‌. അതിന്‌ അയല്‍രാജ്യങ്ങളുടെ അതിര്‌ മാന്തുകയാണ്‌. നേരല്ലാത്ത വഴി. ഇതുതന്നെയാണ്‌ നേരസ്ഥന്മാരെന്നു ഭാവിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ജീനും. സോഷ്യലിസമാണ്‌ രക്ഷയെന്ന്‌ ഹൂജിന്റാവോ ഇപ്പോള്‍ പറയുന്നു. ചൈനയില്‍ നടക്കുന്നത്‌ സോഷ്യലിസമാണെങ്കില്‍ ആ സോഷ്യലിസം അമേരിക്കയിലുമുണ്ട്‌. മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനുമിടയിലുള്ള ട്രാന്‍സിഷന്‍ സോഷ്യലിസമാണ്‌. ചൈനയിലെ ആ രക്തതാരക ന്യൂയോര്‍ക്കിനമുകളിലും ഉദിച്ച്‌ കുതിച്ച്‌ പ്രകാശം വിതറും. ചൈനയിലെ സോഷ്യലിസത്തിനും അമേരിക്കയിലെ സോഷ്യലിസത്തിനും തമ്മില്‍ ഒരു വലിയ വ്യത്യാസമുണ്ട്‌. അമേരിക്കയില്‍ പൗരാവകാശമുണ്ട്‌, മനുഷ്യസ്വാതന്ത്ര്യമുണ്ട്‌, മനുഷ്യാവകാശങ്ങളുണ്ട്‌, ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട്‌. ചൈനീസ്‌ സോഷ്യലിസത്തില്‍ ചൈനക്കാരന്‍ ചങ്ങലയിലാണ്‌. അതുകൊണ്ട്‌ കാരാട്ട്‌ പറഞ്ഞ ആ ചെന്താരക ബിജിംഗിനുമുകളില്‍ ഉദിയ്ക്കാന്‍ സാധ്യതയില്ല. സ്വാതന്ത്ര്യദാഹം ചൈനക്കാരെനെ ഫയറിങ്‌ സ്ക്വാഡിന്‌ മുന്നിലേക്ക്‌ എടുത്തിടും! ഇതാണ്‌ കാരാട്ടേ സോഷ്യലിസം.
വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com