തുടക്കത്തില്‍ ഈ വിഭാഗം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ടാക്കി. സുപ്രീം കൗണ്‍സില്‍ ഓഫ് നാഷണല്‍ എക്കോണമി (എസ്.സി.എന്‍.ഇ.) ഇടത് കമ്മ്യൂണിസ്റ്റുകളുടെ കൈപ്പടിയിലായിരുന്നു. സമാധാനമല്ല, വിപ്ലവമാണ് ശരിയെന്ന ഇവരുടെ അഭിപ്രായത്തിന് ആദ്യഘട്ടത്തില്‍ പാര്‍ട്ടിയില്‍ ശക്തമായ പിന്തുണയുണ്ടായി. 1918-ലെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ വിഭാഗത്തെ പരാജയപ്പെടുത്തി ബ്രെസ്റ്റ്-ലിറ്റോവ്‌ഡ്‌ക് സമാധാന ശ്രമങ്ങളെ പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണച്ചു. അതോടെ എസ്.സി.എന്‍.ഇ.യില്‍നിന്ന് ഇടത് കമ്മ്യൂണിസ്റ്റുകള്‍ പുറത്തായി. എല്ലാ വ്യവസായങ്ങളും ദേശസാല്‍ക്കരിച്ചപ്പോള്‍, ഇപ്പോള്‍ ശരിയായ സാമ്പത്തികനയം രൂപപ്പെട്ടു എന്നു പറഞ്ഞ് ഇടത് കമ്മ്യൂണിസ്റ്റുകളിലെ ഭൂരിഭാഗം ആളുകളും ലെനിന്‍ പക്ഷത്തേക്ക് തിരിച്ചുപോയതോടെ ഇടത് കമ്മ്യൂണിസ്റ്റുകളുടെ യുഗം അവസാനിച്ചു. റഷ്യ, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ ഇടത് കമ്മ്യൂണിസ്റ്റുകള്‍ക്ക് റോസാ ലക്‌സന്‍ബര്‍ഗ് ഒരു മാര്‍ഗ്ഗദീപമായിരുന്നു. ഹെര്‍മന്‍ഗോര്‍ട്ടര്‍, കാള്‍ കോര്‍ഷ്, പോള്‍ മാറ്റിക്, ക്ലോഡേ മാക്‌കേ, മാക്‌സിമില്യന്‍ റുബന്‍ എന്നിവര്‍ അതിന്റെ പ്രചാരകരായി. ഇതിന് പുറമേ പീറ്റര്‍ ക്രോപോക്കിന്റെയും മുറേ ബൂക്ക്‌ചിന്നന്റെയും അനാര്‍കോ കമ്മ്യൂണിസവും ലക്‌സന്‍ബര്‍ഗിസ്റ്റുകളുടെ ലിബര്‍ട്ടേറിയന്‍ കമ്മ്യൂണിസവും അഥവാ സ്വാതന്ത്രേ്യാല്‍ഘോഷക കമ്മ്യൂണിസം എന്നിവ ആ കാലഘട്ടത്തിലെ ചില സംജ്ഞകളാണ്. ഇതിനെതിരെ ഔദ്യോഗിക കമ്മ്യൂണിസ്റ്റുകള്‍ പ്രചാരണം നടത്തിയിരുന്നു. അവര്‍ അതേ ഗൗരവത്തില്‍തന്നെയാണ് ഇടത് കമ്മ്യൂണിസ്റ്റുകളെയും തള്ളിപ്പറഞ്ഞത്. ഇങ്ങനെ ഇടത്, വലത് ചാഞ്ചാട്ടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.
അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഗുണപരമായ മാറ്റത്തിന് കാരണമാകുന്ന എല്ലാ മുന്നേറ്റങ്ങളെയും പിന്നീട് ഇടതുപക്ഷം എന്ന് വിളിച്ചുപോന്നു. ഏത് പാര്‍ട്ടിയിലും ഇങ്ങനെയൊരു തിരുത്തല്‍പക്ഷം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് ചരിത്രം ചികഞ്ഞുനോക്കിയാല്‍ മനസ്സിലാകും. കോണ്‍ഗ്രസില്‍ ജവഹര്‍ലാല്‍ നെഹുറുവാണ് സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളില്‍ ആകൃഷ്‌ടനായി ഇടതുപക്ഷമെന്നു പറയാവുന്ന നയങ്ങളിലേക്ക് തിരിഞ്ഞത്.
ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസിലെ ശക്തനായ ഇടതുപക്ഷവാദിയായിരുന്നു. ഇന്ത്യയെ ഒരു സോഷ്യലിസ്റ്റ് സ്റ്റേറ്റാക്കാന്‍ എടുക്കുന്ന കാലതാമസം നെഹ്‌റുവിനെ അക്ഷമനാക്കി. അത് നെഹ്‌റു ശക്തിയായി പ്രകടിപ്പിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ്സിലെ മറ്റൊരു ഇടതുപക്ഷ വിഭാഗക്കാരനായിരുന്ന വി.കെ. കൃഷ്‌ണമേനോനെ നെഹ്‌റു പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. സോഷ്യലിസത്തെയും മുതലാളിത്തത്തെയും സമന്വയിപ്പിച്ച് ജനാധിപത്യ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിച്ച നെഹുറുവിനെ പാര്‍ട്ടിയിലെ വലതുപക്ഷ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.
ഇന്ദിരാഗാന്ധി നെഹ്‌റുവിനേക്കാള്‍ ഇടത് ചിന്തകളില്‍ ഒരുപടി മുന്നിലായിരുന്നു. ഇന്ദിരാഗാന്ധി സോവിയറ്റ് റഷ്യയോട് ആഭിമുഖ്യം കാണിക്കുന്നു, അവര്‍ കൂടുതല്‍ ഇടതുപക്ഷത്തേക്ക് ചായുന്നു തുടങ്ങിയ പരാതികള്‍ ഉന്നയിച്ചുകൊണ്ടാണ് കാമരാജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകുന്നത്. കാമരാജിന്റെ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് (ഓര്‍ഗനൈസേഷന്‍) ആയും ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ആര്‍ ) ആയും പിളര്‍ന്നു. ഇന്ദിര സോവിയറ്റ് അനുകൂല ഇടതുപക്ഷമാണെന്ന് പറഞ്ഞ് പിരിഞ്ഞ കോണ്‍ഗ്രസ് (ഒ) പിന്നീട് ജനതാപാര്‍ട്ടിയില്‍ ലയിച്ചു. ഈ ജനതാ പാര്‍ട്ടിക്കാണ് അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്തുണ നല്‍കിയത്. ശക്തമായ വലതുപക്ഷമെന്ന് വിശേഷിപ്പിച്ച ജനസംഘവും ആ സഖ്യത്തിലുണ്ടായിരുന്നു. ഇവിടെ ആരാണ് വലത്, ആരാണ് ഇടത് എന്നത് ഒരു പ്രഹേളികയായി തുടരുന്നു.
ഇനി ബി.ജെ.പി.യെ വിലയിരുത്തിയാല്‍ അതിലുമുണ്ട് ഒരു ഇടതുപക്ഷം എന്ന് കാണാം. ഇടതുപക്ഷ പുരോഗമന വാദികളായിരുന്ന സുധീന്ദ്ര കുല്‍ക്കര്‍ണി, ചന്ദ്രന്‍മേത്ത എന്നിവരും ഉദാരമതികളായിരുന്ന അരുണ്‍ ഷൂരിയും യശ്വന്ത്‌സിന്‍ഹ എന്നിവരും ബി.ജെ.പി.യിലേക്ക് കൂറുമാറിയതും അതുകൊണ്ടുതന്നെ, തീവ്ര വലതുപക്ഷം ചിന്തയുള്ള ആര്‍.എസ്.എസ്. ഈ പുത്തന്‍ കൂട്ടുകാരെ പൂര്‍ണ്ണമായും അംഗീകരിച്ചില്ല എന്നതും കെ.എന്‍. പണിക്കര്‍ ``ബി.ജെ.പി.യുടെ പ്രശ്‌നകാലം'' എന്ന ലേഖനത്തില്‍ പറയുന്നു. അതിനര്‍ത്ഥം ബി.ജെ.പി.യില്‍ ഒരു ഇടതുപക്ഷം നിലനില്‍ക്കുന്നു എന്നല്ലേ? തീവ്ര വലതുപാര്‍ട്ടിയില്‍ ഒരു ഇടതുപക്ഷമോ? അപ്പോള്‍ യഥാര്‍ത്ഥ വലതാര്, ഇടതാര്?
പുതിയ കാലത്ത് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷമെന്ന് പ്രയോഗിക്കാവുന്നത് വ്യവസ്ഥിതിയുടെ തിരുത്തലിനുവേണ്ടി മുറവിളി കൂട്ടുന്ന പരിസ്ഥിതി, സ്‌ത്രീ, ആദിവാസി, ദളിത് മനുഷ്യാവകാശ വാദങ്ങളെയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വയം തങ്ങളെ ഇടതുപക്ഷമെന്ന് വിശേഷിപ്പിക്കുമെങ്കിലും അതിന്റെ പരിണാമ ഘട്ടത്തില്‍ വലതുപക്ഷത്തേക്ക് പൂര്‍ണ്ണമായും ചായുന്ന സ്വഭാവമാണ് പ്രകടിപ്പിച്ചത്. വന്നുഭവിച്ച വലതുവത്‌ക്കരണങ്ങളെയെല്ലാം ഇടതുപക്ഷമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കാലാകാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്. തങ്ങളില്‍നിന്ന് വേര്‍പെട്ടുപോയ സി.പി.ഐ.യെ കോണ്‍ഗ്രസ്സുമായി കൂട്ടുകൂടി എന്ന കാരണത്താല്‍ മാത്രം വലത് കമ്മ്യൂണിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കാന്‍ സി.പി.എം. മടിച്ചില്ല.
സി.പി.ഐ. പിളര്‍പ്പിന്റെ പ്രധാന കാരണം ചൈന-സോവിയറ്റ് രാഷ്‌ട്രങ്ങള്‍ക്കിടയിലെ തര്‍ക്കമാണ്. 1962-ല്‍ മാവോസേതൂങ് ക്രൂഷ്‌ചേവിനെ ``ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി'?യുമായി ബന്ധപ്പെട്ട് വിമര്‍ശിച്ചു. സോവിയറ്റ് യൂണിയന്‍ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ തിരിച്ച് വിമര്‍ശിച്ചു. ചൈന-സോവിയറ്റ് ബന്ധം വഷളായി. ഈ പ്രതിസന്ധി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രതിഫലിച്ചു. എസ്.എ. ഡാങ്കെ സോവിയറ്റ് പക്ഷത്തുനിന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇ.എം.എസ്. ഇടതുപക്ഷത്തായിരുന്നില്ല- സെന്‍ട്രിസ്റ്റ് പക്ഷത്തായിരുന്നു. (മിതവാദം). തര്‍ക്കത്തെത്തുടര്‍ന്ന് പാര്‍ട്ടി ഇടത് കമ്മ്യൂണിസ്റ്റും വലത് കമ്മ്യൂണിസ്റ്റുമായി പിരിഞ്ഞു. കോണ്‍ഗ്രസിനെ പിന്താങ്ങിയതിന്റെ പേരില്‍ സി.പി.ഐ.യെ വലതുപക്ഷ കമ്മ്യൂണിസ്റ്റ് എന്നാണ് സി.പി.എം. വിളിച്ചത്. ഏത് പക്ഷത്തേക്ക് പോകണം എന്ന് ആലോചിച്ചുനിന്ന്. സെന്‍ട്രിസ്റ്റുകളായ ജ്യോതിബസുവും ഇ.എം.എസും പിന്നീട് ചൈനാപക്ഷമായ ഇടത് കമ്മ്യൂണിസത്തിലേക്കുതന്നെ പോയി. ആദ്യം ഡാങ്കയോടൊപ്പം നിന്ന നാഷണലിസ്റ്റ് കമ്മ്യൂണിസ്റ്റായ എ.കെ. ഗോപാലനും ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകളുടെ കല്‍ക്കത്ത സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്നു. ലെഫ്‌റ്റിസ്റ്റുകളായ ബസവ പുന്നയ്യ, ബി. സുന്ദരയ്യ, പ്രമോദ് ദാസ് ഗുപ്‌ത എന്നിവര്‍ പരിപൂര്‍ണ്ണമായും മാവോ പക്ഷക്കാരായിരുന്നു.
1962-ല്‍ ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തില്‍ ജ്യോതിബസു ചൈനക്കെതിരെ പ്രസ്‌താവനപോലും ഇറക്കിയിരുന്നു. ഇതേ ജ്യോതിബസു പിന്നീട് ഡാങ്കെയെയും, രാജേശ്വരറാവുവിനെയും, എന്‍.കെ. കൃഷ്‌ണനെയും തള്ളിപ്പറഞ്ഞു. ഇവിടെ ഉയര്‍ത്തപ്പെടുന്ന സുപ്രധാനമായൊരു ചോദ്യം ഇടതുപക്ഷമായാല്‍ ദേശീയബോധം ആവശ്യമില്ല എന്നാണോ? എന്തുകൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്നും ``ചൈനാ നോക്കി'?കളായി തുടരുന്നു. ഇന്ത്യയില്‍ സോഷ്യലിസം പുലര്‍ന്നില്ലെങ്കിലും ചൈനയിലെ ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ പിറവിക്കായി ഇവര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തുനില്‍ക്കുന്നു. ആണവകരാര്‍ മുതല്‍ ആസിയാന്‍ കരാര്‍വരെ ചൈനയുടെ മൂടുതാങ്ങികളായി മാറുന്ന കമ്മ്യൂണിസ്റ്റുകളാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലുള്ളത്. അരുണാചല്‍പ്രദേശ് വിഷയത്തിലെ നിലപാട് അവരെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ``ഇടതുപക്ഷ'?ത്തിന് ഭാഷാ- സംസ്‌കാര-പ്രദേശ അതിര്‍വരുമ്പുകളില്ല, അത് സര്‍വ്വവ്യാപിയാണ് എന്നതായിരിക്കും ഇതിന്റെ ന്യായീകരണം. പശ്ചിമബംഗാളിലെ സി.പി.എം. സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് അക്രമകാരികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഇതേ ചൈനതന്നെയാണെന്ന വിരോധാഭാസവും ഇതോടൊപ്പം കൂട്ടിവായിക്കണം.
വലതെന്ന് വിളിക്കപ്പെട്ടവരാണ് പില്‍ക്കാലത്ത് അല്‍പ്പമെങ്കിലും ഇടതിന്റെ സ്വഭാവം കാണിച്ചതെന്ന് കഴിഞ്ഞ കുറച്ചുകാലത്തെ ഇടതുമുന്നണിയുടെ പ്രവര്‍ത്തനശൈലി പരിശോധിച്ചാല്‍ മനസ്സിലാകും. അപ്പോള്‍ ആരാണ് പുതിയ വിവക്ഷയിലെ ഇടതുപക്ഷം?
(തുടരും)
-ഡോ. എം.കെ.മുനീര്‍ (ചന്ദ്രിക ദിനപത്രം 03-12-2009)
വലതെന്ന് വിളിക്കപ്പെട്ടവരാണ് പില്‍ക്കാലത്ത് അല്‍പ്പമെങ്കിലും ഇടതിന്റെ സ്വഭാവം കാണിച്ചതെന്ന് കഴിഞ്ഞ കുറച്ചുകാലത്തെ ഇടതുമുന്നണിയുടെ പ്രവര്‍ത്തനശൈലി പരിശോധിച്ചാല്‍ മനസ്സിലാകും. അപ്പോള്‍ ആരാണ് പുതിയ വിവക്ഷയിലെ ഇടതുപക്ഷം?
(തുടരും)
-ഡോ. എം.കെ.മുനീര്‍ (ചന്ദ്രിക ദിനപത്രം 03-12-2009)
1 comment:
ഇത് ഇവിടെ പോസ്റ്റ് ചെയ്തത് നന്നായി. ഇടത് പക്ഷം എന്ന് എല്ലാവരും പറയാറുണ്ടെങ്കിലും എന്താണ് ആ പ്രയോഗം കൊണ്ട് വിവക്ഷിക്കുന്നത് എന്ന് എണ്ണപ്പെട്ട ബുദ്ധിജീവികള്‍ക്ക് പോലും അറിയില്ലായിരുന്നു. അതെന്തോ കമ്മ്യുണിസ്റ്റുകാര്‍ക്ക് മാത്രം അവകാശപ്പെട്ട മഹത്തായ പദമാണെന്നും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായവരെല്ലാം നികൃഷ്ഠരായ വലത് പക്ഷമാണെന്നുമാണ് ഇവിടെ ബുദ്ധിജീവികള്‍ കാലാകാലങ്ങളായി പ്രചരിപ്പിച്ചു വന്നിരുന്നത്. ആ വാദം പൊള്ളയാണെന്ന് മുനീര്‍ തന്റെ ലേഖനത്തില്‍ സുവ്യക്തമായി അവതരിപ്പിക്കുന്നു.
Post a Comment