Wednesday, December 9, 2009

ഇടതുപക്ഷം : അരൂപിയായ പ്രതിഭാസം

വികലമായ കമ്മ്യൂണീസ്‌റ്റ്‌ സിദ്ധാന്തം -3
ഡോ.. എം..കെ. മൂനീര്‍

സെന്‍ട്രല്‍ കമ്മിറ്റി സാര്‍വകാലികമായി പാര്‍ട്ടിയോട്‌ ആജ്ഞാപിക്കുകയും പാര്‍ട്ടി ജനങ്ങളോട്‌ ആജ്ഞാപിക്കുകയും ചെയ്യുന്ന ദുര്‍ബലമായ ഒരു പാര്‍ട്ടി സംവിധാനത്തെപറ്റി ലക്‌സന്‍ബര്‍ഗ്‌ മുന്‍കൂട്ടി വിഭാവന ചെയ്‌തു. ``ഏകച്ഛത്രാധിപതിയായ സെന്‍ട്രല്‍ കമ്മിറ്റിയും ആജ്ഞാനുവര്‍ത്തികളായ അവയവങ്ങള്‍ മാത്രമായി തരം താഴ്‌ത്തപ്പെടുന്ന ജനസാമാന്യവും'' എന്നാണ്‌ ലക്‌സന്‍ബര്‍ഗ്‌ ആ പ്രവര്‍ത്തന ചക്രത്തെ വിശേഷിപ്പിച്ചത്‌. അവര്‍ പറഞ്ഞു: ``ചരിത്രപരമായി യഥാര്‍ത്ഥ വിപ്ലവ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്ന തെറ്റുകള്‍ ഏറ്റവും ബുദ്ധിയുള്ള ഒരിക്കലും തെറ്റുപറ്റാത്ത, അപ്രമാദിത്വമുള്ള സെന്‍ട്രല്‍ കമ്മിറ്റിയുടെ ശരികളെക്കാള്‍ അളവില്ലാത്ത അത്ര ഫലവത്താണ്‌'' ഇതാണ്‌ ലക്‌സന്‍ബര്‍ഗിന്റെ സ്വേച്ഛാധിപത്യ വിരുദ്ധ - ഭൂരിപക്ഷ - സോഷ്യലിസം (non - authoritarian, majoritarian socialism)

രോഗശയ്യയില്‍ കിടക്കുമ്പോള്‍ തന്റെ ``അള്‍ട്രാസെന്‍ട്രലിസം'' അപകടമാകുമെന്നും സ്റ്റാലിന്‍ അതിനെ ദുരുപയോഗം ചെയ്‌ത്‌ തന്റെ സ്വേച്ഛാധിപത്യ വാഞ്‌ഛകള്‍ക്കായി ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നും ലെനിന്‌ ബോധ്യമുണ്ടായിരുന്നു. പക്ഷേ നേരെയാക്കാന്‍ പറ്റാത്തവിധം അത്‌ ലെനിന്റെ കൈപ്പിടിയില്‍ നിന്ന്‌ വഴുതിപ്പോയിരുന്നു.

1931ല്‍ ഒരു ജര്‍മ്മന്‍ ജീവചരിത്ര സാഹിത്യകാരന്‍ എമില്‍ ലുഡ്‌വിങ്‌ സ്റ്റാലിനോട്‌ അഭിമുഖത്തില്‍ ചോദിച്ചു: ``കമ്മ്യൂണിസ്റ്റ്‌ അധികാര ശ്രേണിയില്‍ നിങ്ങളുടെ ഉയര്‍ത്തപ്പെട്ട സ്ഥാനത്തെ എങ്ങനെ ന്യായീകരിക്കുന്നു?''

സ്റ്റാലിന്‍ പറഞ്ഞു: ``മാര്‍ക്‌സിസം ``ഹീറോ''കളുടെ സാന്നിദ്ധ്യത്തെ ഒരിക്കലും നിരാകരിക്കുന്നില്ല'' ``ഞാനല്ലെങ്കില്‍ മറ്റാരെങ്കിലും ഈ സ്ഥാനത്ത്‌ കയറയിരിക്കും'' എന്ന്‌ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. എന്നാല്‍ ഈ നായക പരിവേഷമെന്ന ``കള്‍ട്ടിന്‌'' ഒരു സൈദ്ധാന്തിക ന്യായീകരണം നല്‍കാന്‍ സ്റ്റാലിനായിട്ടില്ല. people need a star എന്ന സ്റ്റാലിന്‍ പ്രയോഗം അദ്ദേഹത്തെ കൂട്ടുത്തരവാദിത്വമുള്ള നേതൃത്വത്തില്‍ നിന്നും വിഭിന്നമായി ഏകച്ഛത്രാധിപതിയായ നേതാവ്‌ എന്ന ആശയത്തിലെത്തിച്ചു. (The Dictators Richard ovary PageN 102.)

കാറല്‍ മാര്‍ക്‌സ്‌ എന്ന വ്യക്തിയുടെ ദൗര്‍ബല്യങ്ങളും മാര്‍ക്‌സിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. ഇതെല്ലാം ആ പ്രത്യയശാസ്‌ത്രത്തെ ഇന്ന്‌ വ്യാഖ്യാനിക്കപ്പെടുന്ന ഇടതുപക്ഷ സങ്കല്‍പങ്ങളില്‍ നിന്നും എപ്പോഴും അകറ്റി നിര്‍ത്തുന്നു.

``മൂലധനത്തെപ്പറ്റി പഠിക്കുന്നതിന്‌ പകരം, ഒരിത്തിരി മൂലധനം ഉണ്ടാക്കിയെങ്കില്‍ എന്ന്‌ മാര്‍ക്‌സിനോട്‌ അമ്മ ആവലാതിപ്പെട്ടു എന്നൊരു കഥയുണ്ട്‌''
(വിമോചന സമരം നയിക്കട്ടെ മാര്‍ക്‌സിസ്റ്റ്‌ നേതാക്കളും - എം.ജി.എസ്‌.നാരായണന്‍, മലയാള മനോരമ ജനുവരി 8-2008)

കാറല്‍മാര്‍ക്‌സിന്റെ പ്രവചനങ്ങളില്‍ എന്തൊക്കെ കാര്യങ്ങള്‍ ശരിയായി. ``നോസ്റ്റര്‍ഡാമസിനെ''പ്പോലെ ലോകത്ത്‌ നടക്കാന്‍ പോകുന്ന പല കാര്യങ്ങളും അദ്ദേഹം പെരുമ്പറകൊട്ടി പ്രഖ്യാപിച്ചു. അതില്‍ എന്തൊക്കെ നടന്നു ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തിന്‌ കാതോര്‍ത്ത്‌ - മാഗ്നിഫൈയിംഗ്‌ ലെന്‍സുമായി കാത്തുകിടന്ന അദ്ദേഹത്തിന്‌ ആ ചുവന്ന പുലരി കാണാതെ കണ്ണടയ്‌ക്കേണ്ടി വന്നു. മുതലാളിത്തത്തിന്‌ വാര്‍ദ്ധക്യമായി എന്ന്‌ പറഞ്ഞ്‌ കുഴിച്ചുമൂടാന്‍ അദ്ദേഹം ഒരുക്കിവെച്ച ശവക്കുഴിയിലേക്ക്‌ തന്റെ സ്വന്തം പ്രത്യയശാസ്‌ത്രത്തെ തന്നെ ഇറക്കിക്കിടത്താനാണ്‌ പിന്‍ഗാമികള്‍ ഒരുങ്ങുന്നത്‌.

ലെനിന്റെ കാലഘട്ടത്തില്‍ തന്നെ അള്‍ട്രാ സെന്‍ട്രലിസം ആരംഭിച്ചെങ്കിലും സ്റ്റാലിന്‍ എന്ന സ്വേച്ഛാധിപതിയാണ്‌ വ്യക്തികേന്ദ്രിതമായ രാഷ്‌ട്രീയത്തിന്‌ ഊടുംപാവും നെയ്‌തത്‌. സ്വയം ഒരു കള്‍ട്ട്‌ ഫിഗറാകാന്‍ സ്റ്റാലിന്‍ നടത്തിയ ആസൂത്രിതമായ ശ്രമങ്ങളാണ്‌ ഇന്ന്‌ നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിലേക്കും ആവാഹിക്കപ്പെട്ടിരിക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ അമ്പലങ്ങളിലെ വിഗ്രഹ പ്രതിഷ്‌ഠകളായി ഇവര്‍ ഇന്നും സ്വച്ഛന്ദം വിഹരിക്കുന്നു.

റോസാലക്‌സന്‍ബര്‍ഗിന്റെ പ്രവചന സ്വഭാവമുള്ള കണ്ടെത്തലുകള്‍ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അപചയത്തിന്‌ കാരണമായി എന്ന്‌ കണ്ടെത്താനാകും. പ്രകാശ്‌ കാരാട്ടിന്റെ ``സെന്‍ട്രല്‍ കമ്മിറ്റി''യുടെ ആജ്ഞാനുവര്‍ത്തികളായി പാര്‍ട്ടിയും ജനങ്ങളും മാറിയതോടെ കമ്മ്യൂണിസം കാലഹരണപ്പെട്ടു തുടങ്ങി.

സോഷ്യലിസത്തിന്റെ ആശയ പരിസരത്തേക്ക്‌ ഇന്നത്തെ കമ്മ്യൂണിസത്തിന്‌ എത്തിനോക്കാനാവുന്നില്ല എന്നതാണ്‌ വാസ്‌തവം. ചൈനയില്‍ ശാസ്‌ത്രീയ സോഷ്യലിസം വരാന്‍ ഇനിയും 100 വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌.ആര്‍.പി.യുടെ വാക്കുകള്‍ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌. അപ്പോഴേക്കും അടിസ്ഥാനവര്‍ഗ്ഗം ഭൂമിയില്‍ നിന്ന്‌ നിഷ്‌കാസനം ചെയ്യപ്പെടും. അവര്‍ കൊന്നൊടുക്കപ്പെടും. മാവോയിസ്റ്റുകള്‍ അടക്കമുള്ള ഇടത്‌ ചെറുത്തുനില്‍പ്പുകള്‍ അടിസ്ഥാനവര്‍ഗ്ഗത്തെ വിശ്വാസത്തിലെടുത്താണ്‌ സംഘടിപ്പിക്കപ്പെടുന്നത്‌. ഇത്തരം സംഘങ്ങളെയല്ല, അവ ഉല്‍പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ്‌ ഇല്ലായ്‌മ ചെയ്യ്‌പെടേണ്ടത്‌.
റഷ്യയില്‍ കമ്മ്യൂണിസത്തിന്‌ ആണിയടിക്കാന്‍ ഗോര്‍ബച്ചേവ്‌ ഒരു നിമിത്തം മാത്രമായിരുന്നു. ചൈനയില്‍ ഡെങ്‌സിവോപെങ്‌ വ്യവസായവല്‍ക്കരണത്തെയാണ്‌ ആയുധമാക്കിയത്‌. ചൈനയുടെ ഭാഗമാക്കുന്നതിന്‌ മുമ്പ്‌ മുതലാളിത്ത സിദ്ധാന്തങ്ങളുടെ പരീക്ഷണ ഭൂമിയായി അദ്ദേഹം ഹോങ്കോങിനെ ഉപയോഗിച്ചു. പില്‍ക്കാലത്ത്‌ ചൈന മുതലാളിത്തത്തെ സിരകളിലേക്ക്‌ ആവാഹിക്കുന്നത്‌ നാം കണ്ടു.
സാമ്രാജ്യത്വ വിരുദ്ധതകൊണ്ടു മാത്രം ഇടതുപക്ഷമാവാമെന്ന്‌ തെറ്റിദ്ധരിച്ചവരാണ്‌ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെന്ന്‌ ഈയിടെയുള്ള അവരുടെ പെരുമാറ്റം കണ്ടാല്‍ സംശയം തോന്നാം. ഐ.എം.എഫ്‌, എ.ഡി.ബി, ലോകബാങ്ക്‌ തുടങ്ങിയ സാമ്രാജ്യത്വത്തിന്‌ മേല്‍ക്കൈയുള്ള മൂലധന ഉപാധികളെ സ്വയം വരിക്കുന്ന ഇപ്പോഴത്തെ ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ വിരുദ്ധത ഹിപ്പോക്രസിയാണ്‌. ഇങ്ങനെ വലതുവല്‍ക്കരണത്തിന്റെ അങ്ങേ അറ്റത്തേക്ക്‌ ഇടതുപക്ഷമെന്ന്‌ സ്വയം വിശേഷിപ്പിച്ചവര്‍ പൊയ്‌പ്പോയപ്പോഴാണ്‌ അടിസ്ഥാന വര്‍ഗ്ഗം തങ്ങളുടെ സമരങ്ങളെ ഒരു തൂണിന്റെയും സഹായമില്ലാതെ സ്വയം ഏറ്റെടുത്തു നടത്തിയത്‌. ചെങ്ങറ സമരം അതിന്‌ ഉദാഹരണമാണ്‌. യഥാര്‍ത്ഥ ഇടതുപക്ഷം ചില കമ്പാര്‍ട്ടുമെന്റുകളിലേക്ക്‌ ചുരുങ്ങി കഷ്‌ണം കഷ്‌ണമായി മാറി. ദലിത്‌ മുന്നേറ്റത്തിന്‌ ഒരു ഇടതുപക്ഷം, പരിസ്ഥിതിക്ക്‌ മറ്റൊന്ന്‌, സ്‌ത്രീ വിമോചനത്തിനും വേറെ വേറെ. അങ്ങനെ എല്ലാവരും പുതിയ ``ഇടതുപക്ഷത്തിന്റെ'' നിര്‍മ്മിതിയിലാണ്‌.

സ്യൂഡോ ലെഫ്‌റ്റിസം (pseudoLeftism) കൊണ്ടുനടക്കുന്നവര്‍ മതത്തിന്റെ പേരില്‍ സംഘടിച്ച പ്രസ്ഥാനങ്ങളിലും കാണാം. സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകള്‍ തങ്ങള്‍ ഇടതുപക്ഷമാണെന്ന ധാരണയുണ്ടാക്കാന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍, മനുഷ്യാവകാശ വിഷയങ്ങള്‍ എന്നിവയെല്ലാം ഉയര്‍ത്തിപ്പിടിച്ച്‌ സമരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ എന്ന്‌ വിശേഷിപ്പിക്കുന്നവരോടൊപ്പം ചേര്‍ന്ന്‌ നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. വൈരുദ്ധ്യാധിഷ്‌ഠിത ഭൗതിക വാദത്തെയും ദൈവ ഭരണത്തിന്‌ വേണ്ടിയുള്ള മുന്നേറ്റത്തെയും ഒരുമിച്ച്‌ കൊണ്ടുപോകാനുള്ള പ്രേരണ ഈ സ്യൂഡോ ലെഫ്‌റ്റിസം അവര്‍ക്ക്‌ നല്‍കുന്നു. മൗദൂദിയില്‍ കാള്‍ മാര്‍ക്‌സിന്റെ കൃതികളുണ്ടാക്കിയ സ്വാധീനം അതിന്‌ കാരണമായിട്ടുണ്ടാകാം.

ചില തീവ്രവാദ പ്രസ്ഥാനങ്ങള്‍ അവരെ സ്വയം ഇടതുപക്ഷത്തിന്‌ പകരം വെക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌. ഇതിന്റെ ഭാഗമായി സോഷ്യലിസ്റ്റ്‌, ഡെമോക്രാറ്റിക്‌ എന്നീ പദങ്ങളെ പാര്‍ട്ടി പേരില്‍ ഉള്‍ച്ചേര്‍ത്തതായി കാണാം. (എസ്‌.ഡി.പി.ഐ) അതിന്‌ മുമ്പ്‌ അവര്‍ സ്വീകരിച്ച പോപ്പുലര്‍ ഫ്രണ്ട്‌ എന്ന പേര്‌, ക്വിറ്റ്‌ ഇന്ത്യാ സമരത്തെ ബഹിഷ്‌കരിച്ച ഇന്ത്യയിലെ ദേശീയ മുന്നേറ്റത്തിലെ കമ്മ്യൂണിസ്റ്റ്‌ പക്ഷം ഫാഷിസത്തെ നേരിടാന്‍ അണിചേര്‍ന്ന ലോക കമ്മ്യൂണിസ്റ്റ്‌ ചേരിയുടെ അതേ പേരാണ്‌. ഈ സാദൃശ്യം യാദൃശ്‌ഛികമല്ല. ഇടതുപക്ഷമെന്നത്‌ അരൂപിയായ ഒരു പ്രതിഭാസമാണ്‌. അതിന്‌ പ്രത്യേക നിര്‍വ്വചനങ്ങളില്ല. അതുകൊണ്ടുതന്നെ ഇടത്‌ സ്വഭാവം എല്ലാ വിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്നുണ്ടാകാം.
(പൂര്‍ണ്ണം)

-ചന്ദ്രിക ദിനപത്രം

No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com