Saturday, December 19, 2009

കളമശ്ശേരി ബസ്‌ കത്തിക്കാന്‍ തീപ്പെട്ടി നല്‍കിതയാര്‌ ?

-എന്‍ . എം. ജാഫര്‍

ളമശ്ശേരിയിലെ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്?

എന്ന ലേഖനത്തിനുള്ള മറുപടി :കളമശ്ശേരി ബസ്‌ കത്തിക്കലുമായി ബന്ധപ്പെട്ട്‌ സൂഫിയാ മഅ്‌ദനിക്കെതിരെ മാധ്യമങ്ങളും രാഷ്‌ട്രിയക്കാരും നടത്തുന്ന പ്രചാരണ ലാവാപ്രവാഹത്തിന്റെ പശ്ചാത്തലത്തില്‍ ജമാഅത്ത്‌ പത്രത്തിന്റെ നിലപാട്‌ കോളത്തില്‍ (2009 ഡിസം.17) സി.ദാവൂദ്‌ എഴുതിയ 'കളമശ്ശേരിയിലെ ആ ബസ്‌ മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്‌?' എന്ന ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌.

ബസ്‌ കത്തിക്കുന്നതിനെ ന്യായീകരിക്കാതെ, എന്നാല്‍ കളമശ്ശേരിയിലെ ആ ബസ്‌ മാത്രം ഇപ്പോഴുമിങ്ങനെ കത്തിക്കൊണ്ടേയിരിക്കുന്നതിന്റെ രാഷ്ട്രീയം അന്വേഷിക്കുകയാണ്‌ ജമാഅത്ത്‌ സൈദ്ധാന്തികനായ വേഖകന്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നിരവധിയാളുകള്‍ വിലസുന്ന നാട്ടില്‍ ഒരു ബസ്‌ കത്തിച്ചവരുടെ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്‌ത സൂഫിയ എന്ന വീട്ടമ്മയെ ഭീകരവാദിയാക്കുന്നതിന്റെ രസതന്ത്രവും ലേഖകന്‍ അന്വേഷിക്കുന്നുണ്ട്‌. എന്നാല്‍ ലേഖനത്തിന്റെ തലക്കെട്ടിലെ ഉദ്ദേശ്യശുദ്ധി ലേഖനത്തിലെ ഉള്ളടക്കത്തില്‍ ഇല്ലെന്ന്‌ ഇവിടെ പറയേണ്ടി വരുന്നു. ഒരു ബസ്‌ കത്തിച്ച പ്രതികളുടെ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്‌ത വീട്ടമ്മയെ ഇത്രത്തോളം മാനസികമായി പീഢിപ്പിക്കേണ്ടതില്ല എന്ന വസ്‌തുതയോട്‌ മനുഷ്യമനസ്സാക്ഷിയുള്ള ആര്‍ക്കും യോജിക്കാവുന്നതാണ്‌. എന്നാല്‍ ദാവൂദിന്റെ ലേഖനത്തിന്റെ അജണ്ട വേറൊന്നാണെന്ന്‌ ഉള്ളടക്കം വ്യക്തമാക്കുന്നു.

ലേഖകന്റെ വിദ്യാര്‍ത്ഥി കാലത്തെ ട്രാന്‍സ്‌പോര്‍ട്‌ സമരത്തെക്കുറിച്ച്‌ പ്രതിപാദിച്ച്‌ നാടകീയമായ തുടങ്ങിയ ലേഖനത്തിലെ രാഷ്ട്രീയത്തില്‍ സൂഫിയാ മഅ്‌ദനിയെ രക്ഷിക്കാനുള്ള യാതൊരു ഫോര്‍മുലയും ഇല്ല.

ലേഖകന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ബസ്‌ കത്തിക്കലിന്റെ പേരില്‍ സൃഷ്ടിച്ചുകൂട്ടുന്ന പ്രചാരണ ലാവാപ്രവാഹത്തിന്റെ ഉത്തരവാദികള്‍ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഒത്തുചേര്‍ന്നാണ്‌. മാത്രമല്ല ഈ സംഭവത്തിന്റെ പേരില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്‌-മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെയൊന്നാകെ മൂക്കില്‍ വലിച്ചുകയറ്റുമെന്ന മട്ടിലാണ്‌ മാധ്യമ-സംഘ്‌പരിവാര്‍-ചെന്നിത്തല കോണ്‍്‌ഗ്രസ്‌ അജണ്ട മറനീക്കി മുന്നേറുന്നത്‌. സംഭവം കത്തിച്ചുവിടുന്ന ചാനല്‍ കുമാരന്മാരെയും ബൈലൈന്‍ സൈദ്ധാന്തികരെയും ലേഖകന്‍ കണക്കിന്‌ വിമര്‍ശിക്കുന്നുണ്ട്‌. എല്ലാം കഴിഞ്ഞ്‌ അദ്ദേഹം മുസ്ലീം ലീഗിലും കുഞ്ഞാലിക്കുട്ടിയിലുമെത്തുന്നു. കുഞ്ഞാലിക്കുട്ടി സംഘ്‌പരിവാര്‍ ഐക്യമുന്നണിയിലെണെന്നാണ്‌ ആക്ഷേപം. മുസ്‌്‌ലിം ലീഗും അതിന്റെ പത്രവും വിഷയത്തില്‍ എന്തിനാണ്‌ ചാടിക്കളിക്കുന്നത്‌ എന്നാണ്‌ ജമാഅത്ത്‌ സൈദ്ധാന്തികന്റെ ചോദ്യം. ഏറ്റവുമൊടുവില്‍ മുസ്‌്‌ലിം ലീഗിനെ പഴിപറഞ്ഞാണ്‌ കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌. മുസ്‌്‌ലിം ചെറുപ്പക്കാരെ തീവ്രവാദ നിലപാടിലേക്ക്‌ നയിച്ചത്‌ ലീഗിന്റെ നിലപാട്‌ കൊണ്ടാണെന്നാണ്‌ സി.ദാവൂദിന്റെ രാഷ്ട്രീയ രസതന്ത്രം ചെന്നെത്തുന്നത്‌.

അബ്ദുന്നാസര്‍ മഅ്‌ദനിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഈ നിലയിലെത്തിച്ചത്‌ മുസ്‌്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടാണോ? മഅ്‌ദനി രൂപീകരിച്ച ഐ.എസ്‌.എസ്‌ എന്ന സംഘടനക്ക്‌ ഊടും പാവും നല്‍കി ഊട്ടിവളര്‍ത്തിയത്‌ മുസ്‌്‌ലിം ലീഗാണോ? മഅ്‌ദനിയുടെ കാല്‌ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാക്കിയത്‌ മുസ്‌്‌ലിം ലീഗാണോ? മഅ്‌ദനിയെ തമിഴ്‌നാട്‌ ജയിലിലടച്ചത്‌ മുസ്‌്‌ലിം ലീഗാണോ? കാശ്‌മീരിലേക്ക്‌ തീവ്രവാദികളെ റിക്രൂട്ട്‌ ചെയ്‌ത്‌ മുസ്‌്‌ലിം യുവാക്കളെ കുരുതികൊടുത്തത്‌ മുസ്‌്‌ലിം ലീഗാണോ? ഇന്ത്യയുടെ മോചനം ഇസ്‌്‌ലാമിലൂടെ എന്ന്‌ സിമിയെക്കൊണ്ട്‌ ചുമരെഴുത്ത്‌ നടത്തിച്ചത്‌ മുസ്‌്‌ലിം ലീഗാണോ? ഏറ്റവുമൊടുവില്‍ കളമശ്ശേരിയില്‍ തമിഴിനാട്‌ സര്‍ക്കാരിന്റെ ബസ്‌ കത്തിച്ചത്‌ മുസ്‌്‌ലിം ലീഗ്‌ പറഞ്ഞിട്ടാണോ?-

ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക്‌ സൈദ്ധാന്തികനായ ലേഖകന്‍ മറുപടി കണ്ടെത്തണം. അതായത്‌ കളമശ്ശേരിയിലെ ആ ബസ്‌ മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്ത്‌ കൊണ്ടാണെന്നതിന്റെ രാഷ്ട്രീയ രസതന്ത്രം അന്വേഷിക്കുന്നതോടൊപ്പം ആ ബസ്‌ കത്തിക്കാന്‍ ആരാണ്‌ തീപ്പെട്ടിയും എണ്ണയും നല്‍കിയതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെയൊരു അന്വേഷണം നടത്തിയാല്‍ അവനവനിലേക്ക്‌ വിരല്‍ ചൂണ്ടേണ്ടിവരും. ആ അപകടം മനസ്സിലാക്കിയാണ്‌ എല്ലാ തന്ത്രങ്ങളും മുസ്‌്‌ലിം ലീഗിനെതിരെ തൊടുത്തിവിടുന്നത്‌. മുസ്‌്‌ലിം ലീഗിന്റെ അജണ്ട തുറന്ന പുസ്‌തകമാണ്‌. മഹാരഥന്മാരായ നേതാക്കള്‍ എഴുതിവെച്ച ആദര്‍ശങ്ങള്‍ക്ക്‌ കാലപ്പഴക്കം സംഭവിച്ചിട്ടില്ല. സി.ദാവൂദ്‌ മുസ്‌്‌ലിം ലീഗിന്റെ തുറന്ന മനസ്സോടെ പഠിക്കാന്‍ തയ്യാറാകണം. സ്വന്തം പാര്‍ട്ടിയുടെ ഹിഡന്‍ അജണ്ടകള്‍ക്ക്‌ വേണ്ടി ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്‌ നേരെ വികലമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രചാരണത്തിന്റെ ലാവാപ്രവാഹമാണ്‌ നിങ്ങളും നടത്തുന്നത്‌.

സൂഫിയാ മഅ്‌ദനിക്കെതിരെ നടക്കുന്ന പ്രചാരണ വേലയില്‍ മനംനൊന്ത്‌ പത്രത്തിന്റെ ആറാം പേജില്‍ വിലാപം രചിച്ച ലേഖകന്‍ അതേ പത്രിത്തിലെ ഒന്നാം പേജ്‌ വാര്‍ത്ത ഇപ്പോഴെങ്കിലും വായിക്കുന്നത്‌ നന്ന്‌. സൂഫിയാ മഅ്‌ദനിയുടെ അറസ്റ്റിന്‌ മുന്നൊരുക്കം നടത്തുന്നതിന്റെ സചിത്ര വാര്‍ത്ത ആര്‍ക്കുവേണ്ടിയാണ്‌. അന്‍വാര്‍ശേരിയിലേക്കുള്ള കമാന്റോ നീക്കവും രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയും മറ്റും വാര്‍ത്തയില്‍ നാടകീയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വലതുപക്ഷ മാധ്യമങ്ങളെ പഴിക്കുന്ന ലേഖകന്‍ സ്വന്തം പത്രത്തിലെ വാര്‍ത്തകളും ഒന്ന്‌ വിശകലനം ചെയ്യുന്നത്‌ നന്നായിരിക്കും. മുസ്‌്‌ലിം തീവ്രവാദ വിഷയത്തില്‍ ചാനലുകളും ദേശീയ മാധ്യമങ്ങളും അതിരുകടക്കുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലെന്ന വസ്‌തുത മുന്‍നിര്‍ത്തിയാണ്‌ ഇത്രയും പറയുന്നത്‌. ആക്ഷേപം മറ്റുള്ളവരില്‍ മാത്രം അടിച്ചേല്‍പിക്കമ്പോള്‍ സ്വയമൊന്ന്‌ ആലോചിക്കുന്നത്‌ നന്നായിരിക്കും

. അബ്ദുന്നാസര്‍ മഅ്‌ദനിയെയും അദ്ദേഹത്തിന്റെ തീവ്രവാദ പ്രസ്ഥാനമായ ഐ.എസ്‌.എസിനെയും ഏറ്റവുമധികം പ്രോത്സാഹിപ്പിച്ച പത്രം ഏതാണെന്ന്‌ അക്കാലത്തെ സ്വന്തം പത്രത്തിന്റെ താളുകള്‍ പരിശോധിച്ചാല്‍ ലേഖകന്‌ ബോധ്യപ്പെടും. അതൊന്നും ചരിത്രാതീത കാലത്ത്‌ നടന്ന കാര്യങ്ങളല്ല. കാലത്തിനനുസരിച്ച്‌ കോലം മാറുകയും നേരത്തെ പറഞ്ഞത്‌ പിന്നീട്‌ വിഴുങ്ങുകയും പഠിച്ചത്‌ പറയാതെ നിലനില്‍പിനായി കളവ്‌ പറയുകയും ചെയ്യുന്നവരോട്‌ വേദമോതിയിട്ട്‌ കാര്യമില്ലെന്ന ബോധ്യത്തോടെയാണ്‌ ഇത്‌ പറയുന്നത്‌. ഒരു നുണ നിരവധി തവണ ആവര്‍ത്തിച്ച്‌ ആടിനെ പട്ടിയാക്കുന്ന പണിയെടുക്കാന്‍ തുടങ്ങിയാല്‍ പറയാതിരിക്കാനാവില്ല.

മുസ്‌്‌ലിംലീഗിന്‌ ബദല്‍ പണിയാനാണ്‌ മഅ്‌ദനിയെയും പിന്നീട്‌ വന്ന പ്രസ്ഥാനങ്ങളെയും ജമാഅത്തെ ഇസ്‌്‌ലാമിയും പത്രവും എക്കാലത്തും തുണച്ചത്‌. മുസ്‌്‌ലിംലീഗിന്‌ തീവ്രത പോരെന്നും അതിനായി തെക്കന്‍കേരളത്തില്‍ മുസ്‌്‌ലിംകളുടെ വിമോചകനായി അവതരിച്ച സാക്ഷാല്‍ മഅ്‌ദനിയെ പ്രോത്സാഹിപ്പിക്കാനുള്ള ഹിഡന്‍ അജണ്ട തയ്യാറാക്കിയത്‌ കേരളത്തില്‍ ജമാഅത്തെ ഇസ്‌്‌ലാമിയാണ്‌. ഇക്കാര്യം പാര്‍ട്ടി പത്രത്തില്‍ നിന്നും പുറത്തുപോയ അസോസിയേറ്റ്‌ എഡിറ്റര്‍ നിരവധി ലേഖനങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മഅ്‌ദനിയെ വേണ്ടുവോളം പ്രോത്സാഹിപ്പിച്ച്‌ ജയില്‍ വരെയെത്തിച്ചു. പിന്നീട്‌ ഇബ്രാഹിം സുലൈമാന്‍ സേട്ടുവിനെ ഉപയോഗിച്ചും ഇതേ കുതന്ത്രം പയറ്റി. തുടര്‍ന്ന്‌ എക്കാലത്തും മുസ്‌്‌ലിംലീഗിന്‌ ബദല്‍ പണിയാനുള്ള ഏതൊരു നീക്കത്തിനും പിന്തുണ നല്‍കി. ഇതിന്റേയെല്ലാം പിന്നില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയപ്രവേശം എന്ന ഹിഡന്‍ അജണ്ടയാണ്‌. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന്‌ കരുതിയെങ്കിലും എന്‍.ഡി.എഫിന്റെ രാഷ്ട്രീയപ്രവേശം തടസ്സമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാലമായ ഇടതു-മുസ്‌്‌ലിം ഐക്യത്തിന്‌ വേണ്ടി ശ്രമം നടത്തിയെങ്കിലും അഖിലേന്ത്യാതലത്തില്‍ പാളിപ്പോയി. ബംഗാളിലും കേരളത്തിലുമുണ്ടായ ഇടതുവിരുദ്ധ തരംഗമാണ്‌ അത്തരമൊരു നീക്കത്തിനു തിരിച്ചടിയായത്‌. ഇപ്പോള്‍ ജമാഅത്ത്‌ പ്രസിദ്ധീകരണങ്ങളില്‍ മുസ്‌്‌ലിംകളുടെ കമ്യൂണിസ്റ്റ്‌ സഖ്യത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ സജീവമാണ്‌. കേരളത്തില്‍ പിണറായി-മഅ്‌ദനി കൂട്ടുകെട്ടിനെ ന്യായീകരിക്കുന്ന നിലപാടിന്‌ ശക്തിപകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. മുകളില്‍ സൂചിപ്പിച്ച, സൂഫിയാ മഅ്‌ദനിക്കെതിരെയുള്ള പീഢനത്തില്‍ മനംനൊന്ത്‌ 2009 ഡിസംബര്‍ 17ന്‌ നിലപാട്‌ പേജില്‍ സി.ദാവൂദ്‌ എഴുതിയ ലേഖനത്തിന്‌ പിന്നലെ അജണ്ടയും രാഷ്ട്രീയം തന്നെ. മഅ്‌ദനിയെ കമ്യൂണിസ്റ്റ്‌ പാളയത്തില്‍ തന്നെ തളച്ചിട്ട്‌ അതുവഴി തങ്ങള്‍ക്കും ബര്‍ത്ത്‌ നേടാമെന്ന അജണ്ടയാണ്‌ കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസിലൂടെ പൊലിഞ്ഞുപോകുന്നത്‌. കളമശ്ശേരിയിലെ ആ ബസ്‌ അണയാതെ കത്തുന്നതോടെ കരിയുന്നത്‌ സൂഫിയയുടെ ജീവിതമല്ല, മറ്റു ചിലരുടെ രാഷ്ടീയ സ്വപ്‌നങ്ങളാണ്‌. ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്‌ മഅ്‌ദനിയോ സൂഫിയയോ അല്ല. സാക്ഷാല്‍ ശ്രീമാന്‍ പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്‌. പൊന്നാനിയില്‍ പരീക്ഷിച്ച മുസ്‌്‌ലിംലീഗ്‌ ബദല്‍ പൊന്നാനി മോഡല്‍ പരാജയപ്പെട്ട ശേഷം പിണറായിക്കും മഅ്‌ദനിക്കും തിരിച്ചടികള്‍ മാത്രമാണുണ്ടായിട്ടുള്ളത്‌. ഇവിടെ കോണ്‍ഗ്രസിനെയും ചെന്നിത്തലയെയും മുസ്‌്‌ലിം ലീഗിനെയും വളമാക്കി എങ്ങനെയും തങ്ങളുടെ രക്ഷകന്മാര്‍ക്ക്‌ ജീവന്‍ നല്‍കേണ്ടത്‌ സൈദ്ധാന്തികരുടെ ചുമതലയാണ്‌. അതിന്‌ സൂഫിയാ മഅ്‌ദനിയുടെ കണ്ണീരാണ്‌ കച്ചിതുരുമ്പെങ്കില്‍ അതും പരീക്ഷിക്കാം. അതാണ്‌ സി.ദാവൂദ്‌ ചെയ്‌തത്‌.2 comments:

കെ.പി.എസ്. said...

ഒരു വീട്ടമ്മയായ സൂഫിയമദനിയെ ഇത്രത്തോളം മാനസികമായി പീഢിപ്പിക്കേണ്ടതില്ല എന്ന വസ്‌തുതയോട്‌ മനുഷ്യമനസ്സാക്ഷിയുള്ള ആര്‍ക്കും യോജിക്കാതിരിക്കാന്‍ കഴിയില്ല എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.സാഹചരങ്ങളുടെ ഇരയായിപ്പോയി ആ വീട്ടമ്മ എന്ന് തോന്നുന്നു. എന്നാല്‍ മദനി വിതച്ചത് കൊയ്യുക തന്നെയാണ്. അദ്ദേഹത്തിന് മാനസാന്തരം വന്നിട്ടുണ്ട് എങ്കില്‍ അദ്ദേഹം ചെയ്യേണ്ടത് പി.ഡി.പി.പിരിച്ചു വിട്ട് മുസ്ലീം ജനാധിപത്യ മുഖ്യധാരയില്‍ ചേര്‍ന്ന് തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ്. എങ്ങനെ മദനി കേരളത്തില്‍ തീവ്രവാദത്തിന്റെ പ്രചാരകനായിരുന്നുവോ, അതേ പോലെ തീവ്രാദത്തിന്റെ ഇരകളായി മാറുന്നതില്‍ നിന്ന് മുസ്ലീം യുവതയെ സംരക്ഷിച്ചത് മുസ്ലീം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയാണെന്ന യാഥാര്‍ഥ്യം കാണാതിരുന്നുകൂട.

chithrakaran:ചിത്രകാരന്‍ said...

നല്ല പോസ്റ്റ്.കേരളത്തിലും ഒരു ബിന്ദ്രന്‍‌വാലക്ക് സ്കോപ്പുണ്ടെന്ന് വിപ്ലവ പാര്‍ട്ടികള്‍ കണ്ടെത്തിയിരിക്കുന്നു! ചരിത്രം ആവര്‍ത്തിക്കാതിരിക്കുമോ ? ചിത്രകാരന്റെ പോസ്റ്റ്: സൂഫിയ-മദനി മെഗസീരിയല്‍ ?

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com