Sunday, December 6, 2009

തച്ചങ്കരി ബാംഗ്ലൂരില്‍ പോയത് എന്തിന്?

കൊച്ചി: തടിയന്റവിട നസീറിനെയും ഷഫാസിനെയും ചോദ്യംചെയ്യാന്‍ ഐജി ടോമിന്‍ തച്ചങ്കരിയെ നിയോഗിച്ചതില്‍ കേരളാ പോലീസില്‍ അമര്‍ഷം. നസീര്‍ മുഖ്യപ്രതിയായ ഭീകരാക്രമണക്കേസുകളില്‍ ഇതുവരെ അന്വേഷണം നടത്തിവന്ന ഉന്നത ഉദ്യോഗസ്ഥരെ മുഴുവന്‍ ഒഴിവാക്കിയാണ്‌ തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചത്‌. ആഭ്യന്തരവകുപ്പിന്റെയും സിപിഎം നേതൃത്വത്തിന്റെയും പ്രത്യേക താല്‍പര്യപ്രകാരമാണ്‌ ടോമിന്‍ തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചത്‌ എന്നാണ്‌ പോലീസ്‌ സേനക്കുള്ളില്‍ ആക്ഷേപമുയരുന്നത്‌. ലഷ്ക്കറെ തൊയ്ബയുടെ ഏജന്റായി കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നസീറിന്‌ അബ്ദുള്‍ നാസര്‍ മദനിയുമായുള്ള ബന്ധം പുറത്തുവരരുതെന്ന്‌ സിപിഎം നേതൃത്വം ആഗ്രഹിക്കുന്നുണ്ട്‌. ഈ ദൗത്യമേല്‍പ്പിച്ചാണ്‌ ടോമിന്‍ തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചതെന്നാണ്‌ വിമര്‍ശനമുയരുന്നത്‌.

അബ്ദുള്‍ നാസര്‍ മദനിയുടെ പേര്‌ പുറത്തുവരുന്നത്‌ ഏറ്റവുമധികം ദോഷമുണ്ടാക്കുന്നത്‌ സിപിഎമ്മിനായിരിക്കും. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ വേദി പങ്കിട്ട മദനിക്ക്‌ ഭീകരബന്ധമുണ്ടെന്ന്‌ വെളിപ്പെടുന്നത്‌ സിപിഎമ്മിന്റെ രാഷ്ട്രീയഭാവിയെ ദോഷകരമായി ബാധിക്കും. ഗുരുതരമായ ഈ പ്രതിസന്ധി ഒഴിവാക്കാനാണ്‌ തങ്ങളുടെ വിശ്വസ്തനായ ഐജി ടോമിന്‍ തച്ചങ്കരിയെതന്നെ ബാംഗ്ലൂരിലേക്കയച്ചതെന്നാണ്‌ ആക്ഷേപം. കളമശ്ശേരി ബസ്കത്തിക്കല്‍ കേസും എറണാകുളം കളക്ടറേറ്റ്‌ സ്ഫോടനവും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തലവനായ ഡിഐജിയെ ബാംഗ്ലൂര്‍ക്ക്‌ പോകുന്നതില്‍നിന്ന്‌ ആഭ്യന്തരവകുപ്പ്‌ വിലക്കിയതായും സൂചനയുണ്ട്‌.

ഈ കേസുകളില്‍ ഇദ്ദേഹം നേരത്തെ മദനിയെയും ഭാര്യ സൂഫിയയെയും ചോദ്യംചെയ്തിരുന്നു. മദനിയുടെ പങ്കിനെക്കുറിച്ച്‌ ചില സൂചനകള്‍ ഇദ്ദേഹത്തിന്‌ കിട്ടിയതായാണ്‌ വിവരം. ഇതുമൂലമാകാം നസീറിനെ ചോദ്യംചെയ്യുന്നതില്‍നിന്ന്‌ ഈ ഡിഐജിയെ ഒഴിവാക്കിയതെന്ന്‌ കരുതുന്നു. കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ്‌ മലയാളികളായ നാല്‌ ലഷ്ക്കറെ ഭീകരര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട എടക്കാട്‌ കേസ്‌ അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥരേയും ബാംഗ്ലൂരിലേക്കയച്ചിട്ടില്ല. ഈ സംഘത്തിലെ ഒരു സിഐ മാത്രമാണ്‌ ബാംഗ്ലൂരിലെത്തിയിട്ടുള്ളത്‌. നസീര്‍ പിടിയിലായതിനെത്തുടര്‍ന്ന്‌ കേസുകള്‍ സംബന്ധിച്ച രേഖകളുമായി ദല്‍ഹിക്കും പിന്നീട്‌ കൊല്‍ക്കത്തക്കും പോയതും ഈ സിഐയായിരുന്നു. രേഖകള്‍ എത്തിക്കുക മാത്രമാണ്‌ ഇദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുള്ള ദൗത്യം.

കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും അതിന്റെ പ്രവര്‍ത്തകനാണെന്നും നസീര്‍ ബാംഗ്ലൂരിലെ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി വിവരമുണ്ട്‌. അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയാണ്‌ ഈ രാഷ്ട്രീയപാര്‍ട്ടിയെന്നും കരുതപ്പെടുന്നു. മദനിയുടെ ഐഎസ്‌എസിലൂടെ മുസ്ലീം തീവ്രവാദത്തിലെത്തിയ നസീര്‍ പിന്നീട്‌ പിഡിപിയുടെ സജീവപ്രവര്‍ത്തകനായി. മദനിയുടെ അംഗരക്ഷകന്‍ എന്ന നിലയിലും നസീര്‍ കുറെക്കാലം പ്രവര്‍ത്തിച്ചതായി വിവരമുണ്ട്‌. മദനിയുടെ ഭാര്യ സൂഫിയ കഴിഞ്ഞ ചെറിയപെരുന്നാളിന്‌ നസീറിന്റെ ഭാര്യക്ക്‌ പെരുന്നാള്‍സമ്മാനം കൈമാറിയ വിവരവും അന്വേഷണസംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. നിര്‍ണായകമായ ഈ തെളിവുകളെല്ലാം ലഭിച്ചിട്ടും തുടരന്വേഷണം അസാധ്യമാക്കുന്ന തരത്തിലാണ്‌ ആഭ്യന്തരവകുപ്പും രാഷ്ട്രീയനേതൃത്വവും നിലപാടെടുക്കുന്നത്‌ എന്നും പോലീസ്‌ സേനക്കുള്ളില്‍തന്നെ അഭിപ്രായമുയരുന്നുണ്ട്‌.

അനധികൃത സ്വത്തുസമ്പാദനക്കേസിലും വ്യാജ സിഡി നിര്‍മാണക്കേസിലുമുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്കിരയായ ഐജി ടോമിന്‍ തച്ചങ്കരിയെ പ്രമാദമായ കേസുകളുടെ ചുമതലയേല്‍പ്പിക്കുന്നത്‌ ശരിയല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്‌.

3 comments:

രാഹുല്‍ കടയ്ക്കല്‍ said...

ഒന്നിലധികം പാസ്പോര്‍ട്ട് തന്റെ പേരില്‍ ഉണ്ടാക്കിയതിന് അന്വേഷണം നേരിടുന്ന വ്യക്തി കൂടിയാണ് തച്ചങ്കരിയെന്നാണ് വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ സാധിച്ചത്.പിന്നെ നസീറിന്റെ പി.ഡി.പി ബദ്ധം പോലീസ് റിക്കോഡുകളില്‍ കൂടിയുള്ളതാണ്,കേരാളാ‍ പോലീസിന്റെ പിടിയിലായ നസീറിനെ പുറത്തിറക്കാന്‍ ശ്രമിച്ച ഉന്നത ബദ്ധം കൂടി പുറത്തുകോണ്ട് വരേണ്ടതാണ്.

കെ.പി.എസ്. said...

തടിയന്റവിട നസീറിനെ രണ്ടാഴ്ചക്കാലം ബാംഗ്ലൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ കിട്ടിയതില്‍ സമാധാനിക്കാം. മേഘാലയയില്‍ നിന്ന് നേരെ കേരള പോലീസിന് കിട്ടിയിരുന്നുവെങ്കില്‍ കേസ് ദുര്‍ബ്ബലമാക്കാനോ, വെള്ളം ചേര്‍ക്കാനോ ശ്രമിക്കുമായിരുന്നു എന്ന് സംശയിക്കാം. അതാണല്ലൊ മുന്‍‌കാല അനുഭവം. കേന്ദ്രം തങ്ങള്‍ക്ക് വിവരം നല്‍കുന്നത് വൈകിച്ചു എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും തച്ചങ്കരിയുടെ തിരക്കിട്ട ബാംഗ്ലൂര്‍ യാത്രയും കൂട്ടി വായിക്കുമ്പോള്‍ പന്തികേട് തോന്നുന്നത് സ്വാഭാവികം. മദനി കേസില്‍ പ്രതി ആകുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കും എന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

Anonymous said...

സഹായിച്ചവരും സഹായിക്കുന്നവരുമായ എത്ര വമ്പന്‍ സ്രാവുകള്‍ ഇപ്പോളും മതേതരന്മാരായി കേരളത്തില്‍ വിഹരിക്കുന്നുണ്ടാവും? തീവ്രവാദികളെ മതേതരന്മാരാക്കാന്‍ 'കഷ്ട്ടപ്പെട്ട' സഖാക്കളുടെ വായില്‍ നാക്കുണ്ടോ എന്ന് കമ്പിട്ടു കുത്തിയാലും അറിയാന്‍ പറ്റില്ല.. പുതിയ ഗുടായിപ്പുകള്‍ പ്ലാന്‍ ചെയ്യുകയാവും അവര്‍!!

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com