Friday, December 4, 2009

സി.പി.എമ്മിലെ ജീര്‍ണ്ണതയുടെ ആള്‍ രൂപങ്ങള്‍

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ന്‌ അകപ്പെട്ടിരിക്കുന്ന എല്ലാ ജീര്‍ണതയുടെയും പ്രതിപുരുഷന്മാരാണ്‌ ഇന്ന്‌ കണ്ണൂരിലെ സി.പി.എം. നേതൃനിര. ഒരു കാലത്ത്‌ പാര്‍ട്ടിയുടെ യശസ്സ്‌ ഉയര്‍ത്തിപ്പിടിച്ച ഒരു പറ്റം മഹാന്മാരുടെ നാട്ടിലാണ്‌ ഇപ്പോള്‍ സംസ്ഥാനസെക്രട്ടറിയുടെ അനുചരന്‍മാര്‍ അപചയത്തിന്റെ പുതിയ കഥകള്‍ രചിക്കുന്നത്‌.

ഒരുകാലത്ത്‌ പാര്‍ട്ടിനേതാക്കളുടെ വീടുകള്‍ അണികളുടെയും പ്രവര്‍ത്തകരുടെയും സത്രമായിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. ഇവരുടെ വീടുകളിലെ സമ്പത്തും ദാരിദ്ര്യവും പ്രവര്‍ത്തകര്‍ക്ക്‌ മുന്നില്‍ അനാവരണം ചെയ്യപ്പെട്ടിരുന്നു. ആര്‍ക്കും എപ്പോഴും കടന്നുചെല്ലാവുന്ന വീടുകളായിരുന്നു ഇവയെല്ലാം. അടുത്ത കാലത്ത്‌ അന്തരിച്ച പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗമായിരുന്ന പി പി കോരന്റെ വീട്‌ ഇതിന്‌ ഉദാഹരണമാണ്‌. ദരിദ്രമായ ചുറ്റുപാടില്‍ ജനിച്ച്‌ പാര്‍ട്ടിയുടെ സഹായത്താല്‍ എല്‍ ഐ സി ഏജന്‍സി വഴി നേടിയ സ്വത്തും സമ്പാദ്യവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ ഭക്ഷണമായി നല്‍കിയാണ്‌ ഇദ്ദേഹം കടന്നുപോയത്‌.

പാര്‍ട്ടി സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും എ വി കുഞ്ഞമ്പുവിന്റെയും ഒക്കെ വീടുകള്‍ ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ ഭവനങ്ങള്‍ക്ക്‌ ഉദാഹരണമായിരുന്നു. എന്നാല്‍ ഇന്ന്‌ കണ്ണൂരിലെ പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ക്ക്‌ പോലും പ്രവേശനമില്ല. കൂറ്റന്‍ ഗെയ്‌റ്റുകളും മതില്‍ക്കെട്ടുകളും സങ്കരയിനത്തില്‍പ്പെട്ട പട്ടികളെയും മറികടന്ന്‌ ഒരു പാര്‍ട്ടി അനുഭാവിയും വീട്ടിലെത്തില്ലെന്ന്‌ എല്ലാ നേതാക്കളും ഉറപ്പുവരുത്തിയിട്ടുണ്ട്‌. പാര്‍ട്ടി ജനപ്രതിനിധികള്‍ പോലും താമസസ്ഥലത്തിനു പുറത്തുവച്ചാണ്‌ ജനങ്ങളുടെ പരാതികള്‍ കൈപറ്റാറുള്ളത്‌. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, പി കെ ശ്രീമതി, പി ശശി, ഇ പി ജയരാജന്‍, കെ പി സഹദേവന്‍ എന്നിവരുടെ വീടുകളുടെ അകത്തളങ്ങള്‍ കണ്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരുമുണ്ടാവില്ല. മുഗള്‍ രാജധാനിയെ അനുസ്‌മരിപ്പിക്കുന്ന സംവിധാനങ്ങളാണ്‌ ഈ കൊട്ടാരങ്ങള്‍ക്കുള്ളിലുള്ളതെന്നാണ്‌ ചിലപ്പോഴെങ്കിലും വീടിനുള്ളില്‍ എത്താന്‍ ഭാഗ്യം കിട്ടിയവര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. കുടുംബപരമായുള്ള സമ്പത്തുകൊണ്ടല്ല ഇവരാരും രമ്യഹര്‍മ്മ്യങ്ങള്‍ പണിതത്‌.

പാര്‍ട്ടിയുടെ സ്വാധീനം സമ്പത്ത്‌ വാരിക്കൂട്ടാന്‍ ഉപയോഗിച്ചതിന്റെ ദൃഷ്‌ടാന്തങ്ങളാണ്‌ ഇവരുടെ വീടുകള്‍ . ഇന്റര്‍നെറ്റ്‌ വഴി പിണറായി വിജയന്റേതെന്ന്‌ പറഞ്ഞ്‌ ഒരു കൊട്ടാരത്തിന്റെ ചിത്രം ഈയടുത്ത ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. അപ്പോള്‍ സെക്രട്ടറിയുടെ സ്വന്തക്കാരനായ ദേശാഭിമാനിയിലെ മാധ്യമ പ്രവര്‍ത്തകന്‍ ഇന്റര്‍നെറ്റിലൂടെ ഒരപേക്ഷ മുന്നോട്ടുവെച്ചു. ചിത്രത്തിലുള്ള വീട്‌ പിണറായിയുടേതല്ല, ആരുടേതെന്ന്‌ കണ്ടുപിടിച്ചാല്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങളുടെ മുനയൊടിക്കാമെന്നായിരുന്നു ആ മഹാപത്രാധിപരുടെ സഹായാഭ്യര്‍ത്ഥന. എന്നാലും തന്റെ ഏമാന്റെ വീട്‌ ഇതാണെന്ന്‌ പറഞ്ഞ്‌ അതിന്റെ യഥാര്‍ത്ഥ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ വിവാദത്തിന്‌ വിരാമമിടാന്‍ അദ്ദേഹം ഒരുക്കമല്ല. എന്തായാലും ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച വീട്‌ പിണറായിയുടേതല്ലെന്ന്‌ പൊലീസ്‌ തന്നെ കണ്ടെത്തി. ഇത്തരത്തില്‍ നേതാക്കളെ തേജോവധം ചെയ്യുന്നതിനെ ആരും നീതികരിക്കില്ല. പക്ഷെ പിണറായി പുതുക്കിപ്പണിത വീടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഇതുകൊണ്ട അസത്യമാകുന്നില്ല.

പാര്‍ട്ടിയില്‍ കുമിഞ്ഞുകൂടിയ അമിത സ്വത്താണ്‌ ഇത്തരത്തിലുള്ള ധൂര്‍ത്തിനും ആര്‍ഭാടഭ്രമത്തിനും ആധാരം. സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ എക്കൗണ്ടില്‍തന്നെ കോടികളുണ്ട്‌. ജില്ലാകമ്മിറ്റി ഓഫീസിലെ അടുക്കളയിലൊരുക്കുന്ന വിഭവങ്ങളില്‍ പോലും നേതൃനിരയുടെ ആര്‍ത്തി പ്രതിഫലിക്കുന്നുണ്ട്‌. നഗരത്തില്‍ താമസിക്കുന്ന നേതാക്കള്‍ക്ക്‌ പോലും ഉച്ചയൂണ്‌ അഴീക്കോടന്‍ മന്ദിരത്തിലെ അടുക്കളയിലാണ്‌. വിഭവ സമൃദ്ധമായ നോണ്‍ വെജിറ്റേറിയന്‍ സദ്യ ഒരുക്കാന്‍ പാര്‍ട്ടി ഓഫീസിലുള്ളത്‌ രണ്ട്‌ പാചക വിദഗ്‌ദ്ധരാണ്‌. ചടയന്‍ ഗോവിന്ദന്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത്‌ കോഫി ഹൗസില്‍നിന്നുള്ള വെജിറ്റേറിയന്‍ ഭക്ഷണമായിരുന്നു ഓഫീസിലെ ജീവനക്കാര്‍ക്കും നേതാക്കള്‍ക്കും നല്‍കിയിരുന്നത്‌. ഇ പി ജയരാജന്‍ ജില്ലാ സെക്രട്ടറിയായതുമുതലാണ്‌ അടുക്കള വിപുലപ്പെടുത്തിയത്‌. ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്നും ഒരു വിളിപ്പാടകലെ മാത്രം താമസിക്കുന്ന കെ പി സഹദേവന്‍ എല്ലാ ദിവസവും രാവിലെ ഓഫീസ്‌ സെക്രട്ടറിയെ വിളിക്കുന്നത്‌ താന്‍ ഉച്ച ഭക്ഷണത്തിന്‌ ഉണ്ടാകുമെന്ന്‌ അറിയിക്കാനാണ്‌. എല്ലാദിവസവും 11 മണിക്കുശേഷം സെക്രട്ടറിയേറ്റ്‌ ചേരുന്നത്‌ ഉച്ച ഭക്ഷണത്തിനുള്ള സൗകര്യവും കൂടി കണക്കിലെടുത്താണ്‌. നഗരത്തിലെ കല്യാണ മണ്ഡപങ്ങളിലെ വിവാഹങ്ങളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ അവിടുന്ന്‌ ഭക്ഷണം കഴിക്കാതെ അഴീക്കോടന്‍ മന്ദിരത്തിലെത്തുന്നത്‌ നോണ്‍ വെജ്‌ സദ്യ ലക്ഷ്യമാക്കിയാണെന്നാണ്‌ പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നത്‌.

കട്ടന്‍ ചായയ്‌ക്കും പരിപ്പുവടയ്‌ക്കും പ്രത്യയശാസ്‌ത്ര വ്യാഖ്യാനം നല്‍കിയ നേതാവുമായി ബന്ധപ്പെട്ട്‌ ഒരു കഥയുണ്ട്‌. ഏതാനും വര്‍ഷം പഴക്കമുള്ളതാണ്‌ കഥ. പാര്‍ട്ടി ലോക്കല്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യാന്‍ പത്തുമണിക്ക്‌ എത്തേണ്ടതായിരുന്നു ഈ നേതാവ്‌. എന്നാല്‍ എത്തിയത്‌ 12 മണിക്ക്‌. അതുവരെ പ്രതിനിധികള്‍ ക്ഷമയോടെ കാത്തിരുന്നു. ഉച്ചഭക്ഷണം ആര്‍ത്തിയോടെ കഴിക്കുന്നതിനിടയില്‍ താന്‍ വരാന്‍ വൈകിയതിന്റെ രഹസ്യം വിശ്വസ്‌തനായ സഖാവിനോട്‌ ഈ നേതാവ്‌ വെളിപ്പെടുത്തി. `` രാവിലെ വരാന്‍ പുറപ്പെട്ട സമയത്താണ്‌ തിരുത മല്‍സ്യവുമായി ഒരു സഖാവ്‌ എത്തിയത്‌. (തിരുത സൗജന്യമായിരിക്കുമെന്ന്‌ ഈ നേതാവിനെ അറിയുന്നവര്‍ ഊഹിച്ചുകാണുമല്ലോ?) രാത്രി എത്തുമ്പോഴെക്ക്‌ അതിന്റെ സ്വാദ്‌ നഷ്‌ടപ്പെടുമെന്ന ആശങ്കയില്‍ അപ്പോള്‍ തന്നെ കഴിക്കാമെന്ന്‌ വിചാരിച്ചു. അതാണ്‌ സമ്മേളനത്തിന്‌ ലേറ്റായത്‌''... കണ്ണൂരിലെ പാര്‍ട്ടി നേതാക്കളുടെ അവസ്ഥയാണിത്‌. പണവും ഭക്ഷണവുമാണ്‌ ഈ നേതാവിന്‌ ഏറ്റവും പ്രധാനം. അതുകഴിഞ്ഞേയുള്ളൂ പാര്‍ട്ടിയും പ്രത്യയശാസ്‌ത്രവും. ഇദ്ദേഹത്തിന്റെ കൂട്ടാളികളാണ്‌ കണ്ണൂരിലെ പാര്‍ട്ടി നേതാക്കളിലേറെയും.

ഉപതെരഞ്ഞെടുപ്പുകളാണ്‌ ഈ നേതാവിനെ ധനവാനാക്കിയത്‌. ആന ചത്താലും ജീവിച്ചാലും പന്തീരായിരം എന്നൊരു ചൊല്ലുണ്ട്‌. അതുപോലെ ഉപതെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും പിരിച്ചെടുക്കുന്ന പണത്തിലാണ്‌ കാര്യമെന്ന്‌ മനസ്സിലാക്കിയ നേതാവാണിയാള്‍. തലശ്ശേരി, അഴീക്കോട്‌, തിരുവമ്പാടി ഉപതെരഞ്ഞെടുപ്പുകള്‍ ഇദ്ദേഹത്തിന്‌ ചാകരയായിരുന്നുവെന്നാണ്‌ പാര്‍ട്ടിയിലെ അനുയായികള്‍ തന്നെ രഹസ്യമായി പ്രചരിപ്പിക്കുന്നത്‌. കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പും ഇയാളുടെ നിയന്ത്രണത്തിലാണ്‌ നടന്നത്‌. അപ്പോള്‍ അതില്‍നിന്നുള്ള ലാഭം പ്രതീക്ഷിക്കാമല്ലോ?

(ജനശക്തിയില്‍ നരേന്ദ്രന്‍ എഴുതിയ ലേഖനം)

1 comment:

devadas said...

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ന്‌ അകപ്പെട്ടിരിക്കുന്ന എല്ലാ ജീര്‍ണതയുടെയും പ്രതിപുരുഷന്മാരാണ്‌ ഇന്ന്‌ കണ്ണൂരിലെ സി.പി.എം. നേതൃനിര. ഒരു കാലത്ത്‌ പാര്‍ട്ടിയുടെ യശസ്സ്‌ ഉയര്‍ത്തിപ്പിടിച്ച ഒരു പറ്റം മഹാന്മാരുടെ നാട്ടിലാണ്‌ ഇപ്പോള്‍ സംസ്ഥാനസെക്രട്ടറിയുടെ അനുചരന്‍മാര്‍ അപചയത്തിന്റെ പുതിയ കഥകള്‍ രചിക്കുന്നത്‌.

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com