കാനം ദേശത്തിന്‍റെ കഥ
മലയാള ജനപ്രിയ സാഹിത്യത്തിനു പൈങ്കിളിക്കഥ
എന്ന പേരു വീഴാന്‍ കാരണം ദീപിക വാരാന്ത്യപ്പതിപ്പുകളില്‍
അച്ചടിച്ചു വന്നിരുന്ന മുട്ടത്തു വര്‍ക്കിയുടെ "പാടാത്ത പൈങ്കിളി"
എന്ന നീണ്ട കഥയാണ്.എന്നാല്‍ അത്തരം ഒരു സാഹിത്യപ്രസ്ഥാനം
ആദ്യം തുടങ്ങിയത് മലയാളമനോരമ ആഴ്ചപ്പതിപ്പുകളിലെ തുടരന്‍
കഥകളിലൂടെ കാനം ദേശക്കാരനായ ഈ.ജെ.ഫിലിപ്പ് ആയിരുന്നു.
ജീവിതം ആരംഭിക്കുന്നു(1955),ഈ അരയേക്കര്‍ നിന്‍റേതാണ്,
പമ്പാനദി പാഞ്ഞൊഴുകുന്നു, ഭാര്യ,കാട്ടുമങ്ക,ഹൈറേഞ്ച് തുടങ്ങിയ
മനോരമവാരികയിലെ നീണ്ടകഥകളിലൂടെയും ഉദയായുടെ ഭാര്യ,
നീലായുടെ അദ്ധ്യാപിക തുടങ്ങിയ ചലച്ചിത്രങ്ങളുടെ കഥാകൃത്ത്
എന്ന നിലയിലും മനോരാജ്യം എന്ന ജനപ്രിയ വാരികയുടെ സ്ഥാപക
പത്രാധിപര്‍ എന്ന നിലയിലും പേരെടുത്ത കാനം ഈ.ജെ. ഫിലിപ്പിന്‍റെ
പേരിലൂടെ ലോകമെമ്പാടുമുള്ള മലയാളികളിടെ മനസ്സില്‍ ചേക്കേറിയ
സ്ഥലനാമമാണ് കോട്ടയം ജില്ലയിലെ കുഗ്രാമമായ കാനം. അമ്പതുകളിലും
അറുപതുകളിലും കാനം ഈ.ജെയുടെ നീണ്ടകഥവരുന്ന വരുന്ന മനോരമ
വാരിക പുറത്തിറങ്ങുന്ന വെള്ളിയാഴ്ച പുലര്‍ന്നു കിട്ടാന്‍ മലയാള
വായനാലോകം അക്ഷമയോടെ കാത്തിരുന്നിരുന്നു.
ബാഷ്പോദകം എന്ന കവിതാസമാഹാരത്തിലൂടെയാണ് കാനം ഈ.ജെ
എന്ന എഴുത്തുകാരനെ ലോകം കണ്ടത്. കാനം കുട്ടിക്കൃഷ്ണന്‍ എന്ന
പേരില്‍ മുരളി എന്നൊരു കവിതാസമാഹാരം അതിനു മുമ്പു തന്നെ
കൊച്ചുകളപ്പുരയിടത്തില്‍ പാര്‍വത്യകാര്‍ ഗോവിന്ദപിള്ളയുടെ മകന്‍
ടി.കെ. കൃഷ്ണന്‍ നായര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ അദ്ദേഹം സാഹിത്യ
സപര്യ തുടര്‍ന്നില്ല. നല്ലൊരു ഇംഗ്ലീഷ് അദ്ധ്യാപകന്‍,അധ്യാപകസംഘടനാ പ്രവര്‍ത്തകന്‍
എന്നീ നിലകളില്‍ അദ്ദേഹം പ്രസിദ്ധനായി.അദ്ദേഹത്തിന്‍റെ സഹോദരി
ചെല്ലമ്മയുടെ പുത്രന്‍ രാജേന്ദ്രന്‍ യുവജനപ്രസ്ഥാനത്തിലൂടെ വളര്‍ന്നു രണ്ടു തവണ
എം.എല്‍ .ഏയും പിന്നീട് റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനുമായി
കാനം ദേശത്തിന്‍റെ പ്രശസ്തി പരത്തി.അദ്ദേഹത്തിന്‍റെ അനുജന്‍
കാനം വിജയന്‍ പുസ്തകപ്രസിദ്ധീകരണ രംഗത്തും(പ്രഭാത്) അറിയപ്പെട്ടു.
കാമ്പിശ്ശേരിയുടെ ജനയുഗത്തില്‍ തുടക്കം കുറിച്ച് മലയാളത്തിലെ ഒട്ടു മിക്ക
പ്രസിദ്ധീകരണങ്ങളിലും ആരോഗ്യ ബോധവല്‍ക്കരണ ലേഖനങ്ങള്‍ 25 വര്‍ഷക്കാലം
തുടര്‍ച്ചയായി എഴുതി ഈ ബ്ലോഗറും കാനം എന്ന ദേശനാമം മലയാളി
മനസ്സില്‍ അരക്കിട്ടറപ്പിച്ചു.
ആത്മീയ രംഗത്തെ കാനം അച്ചനും വ്യവസായരംഗത്തെ കാനം ലാറ്റക്സും
ട്രാന്‍സ്പോര്‍ട്ട് രംഗത്തെ കാനം മോട്ടോര്‍സും(ദില്ലി) കാനം ദേശത്തിന്‍റെ
യശ്ശസ് ഉയര്‍ത്തി.കര്‍ഷകരുടെ ഇടയില്‍ കാനം വിത്തു തേങ്ങ ഏറെ
പ്രശസ്തമായിരുന്നു.
No comments:
Post a Comment