Thursday, December 24, 2009

സി.പി.എമ്മും തീവ്രവാദവും

-അബ്ദുറഹിമാന്‍ രണ്ടത്താണി

വോട്ടിനുവേണ്ടി പലപ്പോഴായി സി.പി.എം. വിരിച്ചുകൊടുത്ത ചുവപ്പ് പരവതാനിയിലൂടെയാണ് കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വേരുറപ്പിച്ചത്. സദ്ദാം ഹുസൈനെയും യാസര്‍ അറഫാത്തിനെയും
കേണല്‍ ഗദ്ദാഫിയെയുമൊക്കെ ഇതിനായി തരവും സന്ദര്‍ഭവും നോക്കി സി.പി.എം. ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതാണ് ആനുകാലിക കേരള രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്ന ചിത്രം.

ശാന്തിയും സമാധാനവും വിശ്വാസപ്രമാണത്തിന്റെ ഭാഗമായി കാണുകയും നന്മയുടെ പ്രചാരകരായി മാറുകയും ചെയ്ത നിഷ്‌കളങ്കരായ പൂര്‍വസൂരികളുടെ ത്യാഗനിര്‍ഭരമായ ജീവിതപന്ഥാവിലാണ് കേരളത്തില്‍ ഇസ്‌ലാം അതിന്റെ അസ്തിവാരം ഉറപ്പിച്ചത്. പോരാട്ടങ്ങളുടെ ചരിത്രമല്ല മറിച്ച് സ്നേഹത്തിന്റെയും പരസ്​പര സഹവര്‍ത്തിത്വത്തിന്റെയും പാരമ്പര്യമാണ് കേരള മുസ്‌ലിങ്ങളുടേത്. ഇസ്‌ലാമിക പ്രബോധനത്തിനായി മാലിക്ബ്‌നുദീനാറും അനുചരന്മാരും കേരളത്തിന്റെ മണ്ണിലേക്ക് കടന്നുവന്നത് ആയുധങ്ങളുടെ പിന്‍ബലവുമായിട്ടായിരുന്നില്ല. അവരുടെ ജീവിതവിശുദ്ധിയില്‍ ആകൃഷ്ടരായ ജനസമൂഹം അവരിലേക്കും അവര്‍ പ്രബോധനം ചെയ്ത ദര്‍ശനങ്ങളിലേക്കും ക്രമേണ ഒഴുകി എത്തുകയായിരുന്നു. ആവിര്‍ഭാവ കാലം മുതല്‍ക്കുള്ള ഈ വിശുദ്ധിയും വെടിപ്പും ഏറെക്കുറെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് കേരള മുസ്‌ലിങ്ങളുടെ ഇന്നുവരെയുള്ള ചരിത്രം.

ഒറ്റപ്പെട്ടതാണെങ്കിലും സമീപകാലത്ത് ഈ പൈതൃകത്തിനു മങ്ങലേല്പിക്കാന്‍ ഉതകുമാറ് ചില കുബുദ്ധികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹീനവും അപക്വവുമായ ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നാല്‍ തികഞ്ഞ അവജ്ഞയോടും അവഗണനയോടും കൂടിയാണ് കേരളീയ മുസ്‌ലിം സമൂഹത്തിലെ മഹാഭൂരിപക്ഷവും ഇത്തരം ശ്രമങ്ങളെ നോക്കിക്കാണുന്നതെന്ന യാഥാര്‍ഥ്യം ഒട്ടും വിസ്മരിക്കാനാവാത്തതുമാണ്.

ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും പ്രതീകങ്ങളായിരുന്ന ആലിമുസ്‌ല്യാരെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയും സീതി സാഹിബിനെയും സി.എച്ച്. മുഹമ്മദ്‌കോയ സാഹിബിനെയും ഒക്കെ സംഭാവന ചെയ്ത കേരളത്തിന്റെ മണ്ണ് എന്നും ജനാധിപത്യ മതേതര മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ക്കാന്‍ പാകത്തിലുള്ളതായിരുന്നു. മാതൃരാജ്യത്തിന്റെ റിപബ്ലിക്‌ ദിനം പുത്തനുടുപ്പണിഞ്ഞ് സുഗന്ധം പൂശി നെഞ്ചില്‍ ദേശീയ പതാക ചാര്‍ത്തി പെരുന്നാള്‍ പോലെ ആഘോഷിച്ച ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്കു സമാനതകളില്ലാത്ത വേരോട്ടം കേരളത്തിന്റെ മണ്ണില്‍ ലഭിച്ചതും മറ്റൊന്നുകൊണ്ടുമായിരുന്നില്ല.

ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം പള്ളികള്‍ ആരാധനയ്ക്കായി തുറന്നുകൊടുത്ത പണ്ഡിത ശ്രേഷ്ഠന്‍ കൂടിയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ . എന്നിട്ടും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട നാളുകളില്‍ തങ്ങള്‍ എടുത്ത തീരുമാനം തലമുറകള്‍ ചര്‍ച്ചചെയ്യുന്ന വിവേകത്തിന്റെ പ്രതീകമായി മാറിയത് ഖാഇദെ മില്ലത്തിന്റെ രാഷ്ട്രീയ ദര്‍ശനത്തിന്റെ സ്വാധീനവും തന്റെ വിശ്വാസ പ്രമാണത്തിന്റെ കരുത്തുമായിരുന്നു.

കേരളത്തിന്റെ പൊതുഖജനാവിലെ ഭീമമായ വിഹിതം വിനിയോഗിക്കപ്പെടുന്ന സുപ്രധാനമായ വകുപ്പുകള്‍ പലതും മുസ്‌ലിംലീഗ് മന്ത്രിമാര്‍ വര്‍ഷങ്ങളോളം കൈകാര്യം ചെയ്തിട്ടും ഒരിക്കല്‍പ്പോലും വിഭാഗീയതയുടെ ആരോപണം അവര്‍ക്കെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കുപോലുമായില്ല. മറുവശത്ത് കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം വരെ സി.എച്ച്.മുഹമ്മദ്‌കോയ സാഹിബിന്റെ കരുത്തുറ്റ കരങ്ങളില്‍ നിറഞ്ഞ സന്തോഷത്തോടെ ഏല്പിച്ചുകൊടുത്ത ഇവിടത്തെ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ മഹാമനസ്‌കതയ്ക്കും സമാനതകളില്ല.
ലോകചരിത്രത്തില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥകള്‍ ഏറെയാണ്. ഫാസിസവും കമ്യൂണിസവുമൊക്കെ അവരുടെ ശക്തിയും കൈയൂക്കും ന്യൂനപക്ഷങ്ങള്‍ക്കു നേരേ കാലാകാലങ്ങളില്‍ വിനിയോഗിച്ചിട്ടുണ്ട്. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഫാസിസത്തിന്റെ ദുരിതമനുഭവിക്കേണ്ടിവന്നത് ജൂതന്മാരാണെങ്കില്‍ റഷ്യയില്‍ കമ്യൂണിസ്റ്റ് വിപ്ലവാനന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത് ബുഖാറയിലെയും സമര്‍ക്കന്തിലെയും മുസ്‌ലിങ്ങളായിരുന്നു. ഒരുവേള അഫ്ഗാനില്‍പ്പോലും അസ്വസ്ഥതയുടെ കനല്‍ വീഴ്ത്തിയത് നജീബുള്ളയുടെ കമ്യൂണിസ്റ്റ് പാവ സര്‍ക്കാറിന്റെ സ്വാധീനമായിരുന്നു.

ഇന്ത്യന്‍ മുസ്‌ലിങ്ങളാകട്ടെ ഫാസിസ്റ്റ് ശൈലി സ്വീകരിച്ച സംഘ പരിവാറിന്റെ അക്രമോത്സുകതയെ ഒരു ഭാഗത്തും പ്രത്യയ ശാസ്ത്ര തിമിരം ബാധിച്ച കമ്യൂണിസത്തിന്റെ സാംസ്‌കാരിക അധിനിവേശത്തെ മറുഭാഗത്തും നേരിടേണ്ടതായിവരുന്നു. ബാബറി പള്ളി തല്ലിത്തകര്‍ത്ത ഫാസിസ്റ്റ് നടപടിയും മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) അംഗീകരിക്കാനാവില്ലെന്ന സി.പി.എം . നിലപാടും നേരത്തേ പറഞ്ഞ രണ്ടു കാഴ്ചപ്പാടുകളെയാണ് ബോധ്യപ്പെടുത്തുന്നത്.

ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തില്‍ മുസ്‌ലിങ്ങള്‍ വംശ ഹത്യയ്ക്കിരയാവുമ്പോള്‍ പതിറ്റാണ്ടുകളായി സി.പി.എം. ഭരിക്കുന്ന പശ്ചിമബംഗാളില്‍ രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗത്തേക്കാള്‍ തരംതാഴ്ന്ന സാമൂഹിക വ്യവസ്ഥയിലാണ് ഇപ്പോഴും മുസ്‌ലിങ്ങള്‍ ജീവിക്കുന്നതെന്ന് സച്ചാര്‍ കമ്മിറ്റി വിലയിരുത്തുന്നു. മുസ്‌ലിങ്ങള്‍ ജനസംഖ്യയില്‍ 25 ശതമാനംവരുന്ന പശ്ചിമബംഗാളില്‍ ഏഴു മുതല്‍ 19 വരെ പ്രായമുള്ള മുസ്‌ലിങ്ങളില്‍ വെറും നാലുശതമാനം മാത്രമേ മദ്രസ്സകളില്‍ പോവുന്നുള്ളൂ എന്നതാണ് സച്ചാര്‍കമ്മിറ്റിയുടെ സുപ്രധാനമായ കണ്ടെത്തലുകളില്‍ ഒന്ന്. മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമുള്ള കശ്മീരിലാവട്ടെ തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അതിപ്രസരം കാരണം നെരിപ്പോടില്‍ കഴിയുന്നതുപോലെയാണ് ജനങ്ങള്‍ ജീവിക്കുന്നത്. ജനപ്രതിനിധികള്‍ക്കും ജനനേതാക്കള്‍ക്കുപോലും റിസര്‍വ് ബാങ്കിലേക്ക് കൊണ്ടുപോവുന്ന പണപ്പെട്ടിക്കു നല്കുന്ന സെക്യൂരിറ്റി സംവിധാനത്തോടെ മാത്രമേ അവിടെ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാനാവുന്നുള്ളൂ. പുഞ്ചിരിക്കാന്‍പോലും കഴിയാതെ ആത്മവീര്യം നഷ്ടപ്പെട്ടവരായി ഭൂമിയിലെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന അവര്‍ മാറിക്കഴിഞ്ഞു.
ഈ ദുരവസ്ഥകളില്‍നിന്നെല്ലാം വിഭിന്നമായി കേരള മുസ്‌ലിങ്ങള്‍ തല ഉയര്‍ത്തിപ്പിടിച്ചുനിന്നത് രാഷ്ട്രീയ സംഘശക്തിയുടെ പിന്‍ബലം ഒന്നുകൊണ്ടുമാത്രമാണ്. ഇക്കാര്യവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്ത ദേശീയ രാഷ്ട്രീയത്തിനു കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഭാവനകളില്‍ ഒന്നുമായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രവര്‍ത്തനങ്ങളെ സച്ചാര്‍ കമ്മിറ്റിക്കുപോലും അഭിനന്ദിക്കേണ്ടതായും വന്നു. ഉന്നതമായ ഭൗതിക വിദ്യാഭ്യാസവും മൂല്യബോധവുമുള്ള മതവിദ്യാഭ്യാസവും കൈമുതലാക്കി രാജ്യത്തിനു മാതൃകയായി മുന്നോട്ടുപോയ കേരള മുസ്‌ലിങ്ങള്‍ എവിടെയും എന്നും അംഗീകരിക്കപ്പെട്ടു. വിദേശ ഭരണാധികാരികളുടെ കൊട്ടാരത്തിനകത്തും ഭരണസിരാകേന്ദ്രങ്ങളില്‍പ്പോലും അസ്​പൃശ്യത ഇല്ലാത്തവിധം അംഗീകരിക്കപ്പെട്ടവരാണ് കേരള മുസ്‌ലിങ്ങള്‍. ബിരുദാനന്തര ബിരുദങ്ങള്‍ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിക്കാതെ മണല്‍ക്കാടുകള്‍ തേടിപ്പോയ, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ അറിയാത്ത കേരള മുസ്‌ലിങ്ങളെ വിശ്വാസത്തിലെടുത്ത് സ്വകുടുംബങ്ങളെപ്പോലെ വാരിപ്പുണരാന്‍ അറബ് സമൂഹം തയ്യാറായത് അവരുടെ നിഷ്‌കളങ്കതയും സത്യസന്ധതയും ഒന്നുകൊണ്ടുമാത്രമായിരുന്നു.

ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷവും ശിഥിലമാകാതെ നിന്ന കേരളീയ മുസ്‌ലിം സംഘ ശക്തിയെ തകര്‍ക്കുന്നതിനു രാഷ്ട്രീയപ്രതിയോഗികള്‍ ബുദ്ധിപൂര്‍വം പ്രയോഗിച്ച തന്ത്രങ്ങള്‍ എല്ലാംതന്നെ ഏറെ വിനാശകരമായിരുന്നു. വൈകാരികമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുവാക്കള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ അഗ്‌നിവിതയ്ക്കാന്‍ വന്നവര്‍ക്ക് സി.പി.എം. ചുവന്ന പരവതാനി വിരിച്ചുകൊടുത്തപ്പോള്‍ ഒരു വെടിക്കു രണ്ടു പക്ഷി എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒരു ഭാഗത്ത് മുസ്‌ലിംലീഗിന്റെ തകര്‍ച്ചയും മറുഭാഗത്ത് മുസ്‌ലിം സമൂഹത്തിനിടയില്‍ തങ്ങളുടെ കടന്നുകയറ്റവും അവര്‍ ലക്ഷ്യമിട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതാകട്ടെ സംസ്ഥാനത്ത് ഫാസിസ്റ്റ് സംഘടനകളുടെ വേരോട്ടത്തിനും ഭീകരവാദ തീവ്രവാദ സംഘടനകളുടെ സാന്നിധ്യത്തിനും അതു കാരണമായി.

ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷമുള്ള കേരള രാഷ്ട്രീയത്തെ വിശകലനം ചെയ്താല്‍ അതു കൂടുതല്‍ ബോധ്യമാകും. പള്ളി തകര്‍ക്കപ്പെട്ട നാളുകളില്‍ മുസ്‌ലിങ്ങള്‍ ക്ഷേത്രങ്ങള്‍ക്കു കാവല്‍ നില്‍ക്കണമെന്ന സയ്യിദ് മുഹമ്മദ് ശിഹാബ്തങ്ങളുടെ ആഹ്വാനം ആത്മസംയമനത്തിന്റെ താരാട്ടുപാട്ടായാണ് അന്ന് അബ്ദുന്നാസര്‍ മഅദനിയെപ്പോലുള്ളവര്‍ വിശേഷിപ്പിച്ചതെങ്കില്‍ ഇന്നത് കേരള മുസ്‌ലിങ്ങളുടെ ഉണര്‍ത്തുപാട്ടായിരുന്നു എന്ന് ചരിത്രം തെളിയിച്ചിരിക്കുകയാണ്. ഒറ്റപ്പാലം ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയകേരളത്തിന് മുമ്പ് പരിചയമില്ലാത്ത തീവ്രവാദ സംഘടനകളുടെ സാന്നിധ്യം സി.പി.എം. ഉപയോഗപ്പെടുത്തിയത് പിന്നീട് വിമര്‍ശന വിധേയമായപ്പോള്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോളം ഉയരത്തില്‍ മഅദനിയെ അവരോധിക്കാന്‍ സി.പി.എം. നേതൃത്വത്തിന് അന്ന് യാതൊരു സങ്കോചവുമുണ്ടായില്ല.

ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പിനും സി.പി.എം. മഅദനിയുടെ സാന്നിധ്യം ഫലപ്രദമായി വിനിയോഗിച്ചു. എല്ലാം നഷ്ടപ്പെടുത്തേണ്ടിവന്നാലും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിബദ്ധത ജനാധിപത്യവിശ്വാസികള്‍ മുറുകെ പിടിച്ച തിരഞ്ഞെടുപ്പായിരുന്നു തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പ്. മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായ തിരൂരങ്ങാടിയില്‍ ഇന്നത്തെ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണിയെ സ്ഥാനാര്‍ഥിയാക്കി യു.ഡി.എഫ്. രംഗത്തു വന്നപ്പോള്‍ അതിനെ നേരിടാനും സി.പി.എമ്മും മഅദനിയുമെത്തി. മമ്പുറം തങ്ങളുടെ മണ്ണില്‍ ക്രിസ്ത്യാനിക്ക് വോട്ടുകൊടുക്കരുതെന്ന പ്രചാരണമായിരുന്നു അന്ന് പ്രധാനം. ''നിങ്ങള്‍ നല്കുന്ന വോട്ട് ആന്റണിക്കല്ല മറിച്ച് എനിക്കാണ്'' എന്ന് പ്രഖ്യാപിച്ച ശിഹാബ് തങ്ങള്‍ നേതൃത്വം കൊടുത്ത യു.ഡി.എഫ്. കാല്‍ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് എ.കെ. ആന്റണിയെ വിജയിപ്പിച്ചത്.

പിന്നീട് കോയമ്പത്തൂര്‍ ബോംബ്‌ സ്‌ഫോടന കേസ്‌ ഒരു വഴിത്തിരിവിലേക്കു നീങ്ങുന്നു എന്നു കണ്ടപ്പോള്‍ ഇതേ മഅദനിയെ ജയിലിലടച്ച് അത് തങ്ങളുടെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടാനും സി.പി.എം. തയ്യാറായി. വിചാരണപോലും നടത്താതെ ജയില്‍വാസം അനന്തമായി നീണ്ടുപോയപ്പോള്‍ അതു മാനുഷിക പ്രശ്‌നമായി പണിഗണിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ്. നേതാക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടു. തമിഴ്‌നാട്ടിലെ ഭരണമാറ്റത്തിനു ശേഷം അബ്ദുന്നാസര്‍ മഅദനി ജയില്‍മോചിതനായപ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനും സി.പി.എം. നേതാക്കള്‍തന്നെ തമിഴ്‌നാട് അതിര്‍ത്തിയിലെത്തി. ശംഖുമുഖത്തെ മഅദനിയുടെ സ്വീകരണപരിപാടി മന്ത്രിമാരുടെ സാന്നിധ്യംകൊണ്ട് സി.പി.എം. സംസ്ഥാന സമ്മേളന വേദിയെയാണ് അന്നനുസ്മരിപ്പിച്ചത്.

പിന്നീട് നടന്ന പൊന്നാനി ഉപതിരഞ്ഞെടുപ്പില്‍ അതു കൂടുതല്‍ പ്രകടമാവുകയും ചെയ്തു. ഇടതുപക്ഷ മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ.ക്ക് കറിവേപ്പിലയുടെ വിലപോലും കല്പിക്കാതെ മഅദനിയുടെ വാക്കുകള്‍ക്ക് മഹദ്‌വചനങ്ങളുടെ പരിവേഷം നല്കി അന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. കുറ്റിപ്പുറത്തെ വേദിയില്‍ അബ്ദുന്നാസര്‍മഅദനിയുടെ കരസ്​പര്‍ശം ലഭിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍പോലും ഒരു എല്‍.കെ.ജി. വിദ്യാര്‍ഥിയെ അനുസ്മരിപ്പിക്കുമാറ് അനുസരണയോടെ അന്ന് ഇരുന്നുകൊടുത്ത രംഗം ദൃശ്യമാധ്യമങ്ങളിലൂടെയും നേരിട്ടും രാജ്യം കണ്ടതാണ്.

ഇപ്പോഴാകട്ടെ തമിഴ്‌നാട് ബസ് കത്തിച്ച കേസില്‍ സൂഫിയ മഅദനിയെയും ഇടതുപക്ഷ ഭരണത്തില്‍ത്തന്നെ ജയിലിലടച്ചിരിക്കുന്നു. യു.ഡി.എഫ്. ഭരണകാലത്ത് സൂഫിയ മഅദനിയെ ജയിലിലടയ്ക്കാത്തതിന്റെ പേരില്‍ യു.ഡി.എഫിന്റെ മുഖം വികൃതമായി എന്ന് ഇപ്പോള്‍ പറയുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇടതുമുന്നണി അധികാരത്തിലേറി മൂന്നരവര്‍ഷം പിന്നിട്ടതിനുശേഷം സൂഫിയ മഅദനിയെ അറസ്റ്റുചെയ്തത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതടക്കം പരമാവധി പി.ഡി.പി. വോട്ടുകള്‍ തങ്ങള്‍ക്കു സ്വന്തമാക്കാന്‍ വേണ്ടി ആയിരുന്നു എന്ന കാര്യം ഇപ്പോള്‍ വ്യക്തമായി. സൂഫിയ മഅദനിയുടെ അറസ്റ്റിനായി യു.ഡി.എഫ്. ഭരണകാലത്ത് മതിയായ തെളിവുകളൊന്നും തനിക്ക് ലഭ്യമായിരുന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.

ഏറ്റവും ഒടുവില്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോര്‍ഡിലും സി.പി.എമ്മിന്റെ കൂടെ അട്ടിപ്പേറ് കിടക്കുന്ന ഐ.എന്‍.എല്ലിനെപ്പോലും മാറ്റിനിര്‍ത്തിയാണ് പി.ഡി.പി. അംഗങ്ങള്‍ക്ക് ഇടതുസര്‍ക്കാര്‍ അംഗത്വം നല്കിയത്. അതില്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഇപ്പോള്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഇപ്പോഴാകട്ടെ പി.ഡി.പി. ബന്ധത്തിനെതിരെ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്റെ നാക്കിനുപോലും കൂച്ചുവിലങ്ങിടാന്‍ സി.പി.എം. കേരള നേതൃത്വം കിണഞ്ഞു ശ്രമിക്കുകയാണ്.

തടിയന്റവിട നസീര്‍ കണ്ണൂര്‍ ജില്ലയില്‍ ജനിച്ചുപോയതുകൊണ്ട് കണ്ണൂര്‍ ജില്ലക്കാരനായ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദിനെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കാനാകുമോ എന്ന സി.പി.എം. ശ്രമം മുസ്‌ലിം ലീഗിനെയും അതിന്റെ നേതാക്കളെയും ഞെക്കിക്കൊല്ലാനായില്ലെങ്കില്‍ നക്കിക്കൊല്ലാനാകുമോ എന്ന ഒരു പരീക്ഷണം മാത്രമാണ്. ആരോപണ വിധേയനായി സമൂഹമധ്യത്തില്‍ ഒറ്റപ്പെടുമ്പോഴൊക്കെ അതിനു മതത്തിന്റെ പരിവേഷം നല്കി രക്ഷപ്പെടാനുള്ള മഅദനിയുടെ പഴയതന്ത്രം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് അതിന്റെ സംസ്ഥാന പ്രസിഡന്റിനെ വര്‍ഗീയത ആരോപിച്ച് ഒറ്റപ്പെടുത്താനും അറസ്റ്റുചെയ്യപ്പെട്ട തന്റെ ഭാര്യ ധരിച്ചത് പര്‍ദയാണെന്ന് ഇടയ്ക്കിടെ സമുദായത്തെ ഓര്‍മപ്പെടുത്താനും മഅദനി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ സമുദായം ഇപ്പോള്‍ തിരച്ചറിയുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ഇരുകരങ്ങളെന്ന് വിശേഷിപ്പിച്ചിരുന്ന മൗലാനാ മുഹമ്മദലിയുടെയും ഷൗക്കത്തലിയുടെയും മാതാവായിരുന്ന ബിയ്യുമ്മ പര്‍ദ ധരിച്ചുകൊണ്ട് ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമര രംഗത്ത് ഉറച്ചുനിന്നു പോരാടിയ ധീരവനിതയായിരുന്നു. ആവേശം അലതല്ലുന്ന പ്രസംഗത്തിന്റെ ഉടമയായിരുന്ന ബിയ്യുമ്മയുടെ പര്‍ദയില്‍ ഇന്ത്യന്‍ ജനത ഒരിക്കലും വര്‍ഗീയത ദര്‍ശിച്ചിട്ടില്ലെന്ന കാര്യം മഅദനി തിരിച്ചറിയണം.

ഒരര്‍ഥത്തില്‍ ഒരു തുള്ളി തേന്‍കൊണ്ട് നാടാകെ കലാപം ഉണ്ടാക്കിയ സാത്താന്റെ റോളിലാണ് ഇപ്പോള്‍ സി.പി.എം. സാത്താന്റെ ഒരു തുള്ളി തേന്‍ നാട്ടില്‍ കലാപം സൃഷ്ടിച്ചപ്പോള്‍ താനൊന്നും ചെയ്തില്ലല്ലോ ഒരു തുള്ളി തേന്‍ പുരട്ടിയതല്ലേ ഉള്ളൂ എന്ന നിലപാടിലായിരുന്നു സാത്താന്‍. വോട്ടിനുവേണ്ടി പലപ്പോഴായി സി.പി.എം. വിരിച്ചുകൊടുത്ത ചുവപ്പ് പരവതാനിയിലൂടെയാണ് കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വേരുറപ്പിച്ചത്. സദ്ദാം ഹുസൈനെയും യാസര്‍ അറഫാത്തിനെയും കേണല്‍ ഗദ്ദാഫിയെയുമൊക്കെ ഇതിനായി തരവും സന്ദര്‍ഭവും നോക്കി സി.പി.എം. ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതാണ് ആനുകാലിക കേരള രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്ന ചിത്രം
-മാതൃഭൂമി

No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com