Saturday, December 12, 2009

മദനി വിതച്ചത് കൊയ്യുന്നു


കേരളത്തിലെ സൗഹാര്‍ദ്ദപരമായ സാമൂഹികാന്തരീക്ഷത്തില്‍ തീവ്രവിചാരത്തിന്റെ വിത്തുകളെറിഞ്ഞ അബ്ദുള്‍നാസര്‍ മഅ്ദനി ഇപ്പോള്‍ വിതച്ചത്‌ കൊയ്യുകയാണ്‌. കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസില്‍ മദനിയുടെ ഭാര്യ സൂഫിയ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടത്‌ സ്വന്തം ദുഷ്കര്‍മ്മത്തിന്റെ അനന്തരഫലമാണ്‌. സ്വതവേ സമാധാന പ്രിയരും ശാന്തരുമായ കേരള മുസ്ലിംകളില്‍ ചെറിയൊരു വിഭാഗത്തിന്റെ മനസ്സില്‍ വിധ്വംസക വികാരങ്ങളുയര്‍ത്തിക്കൊണ്ടായിരുന്നു തൊണ്ണൂറുകളുടെ തുടക്കത്തില്‍ മഅ്ദനിയുടെ രംഗപ്രവേശം. വിഷത്തീ പടരുന്ന വാക്കുകളും സംഘര്‍ഷം വിതയ്ക്കുന്ന വഴികളും കൊണ്ട്‌ ചുരുങ്ങിയ കാലത്തിനുള്ളില്‍ മഅ്ദനിക്ക്‌ ചില ചെറുപ്പക്കാര്‍ക്കിടയില്‍ ആരാധ്യനാകാന്‍ സാധിച്ചു. ഒരിക്കലും മുസ്ലിം സമൂഹം പീഡനാവസ്ഥയോ പിന്നാക്കാവസ്ഥയോ നേരിടാത്ത കേരളത്തില്‍ മഅ്ദനിയുടെ തീവ്രവാദം ഏറെയൊന്നും വേരോടിയില്ലെങ്കിലും പൊതുവെയുള്ള സാമൂഹ്യാവസ്ഥയെ അത്‌ ഭംഗമേല്‍പ്പിച്ചു. മുസ്ലിം സമുദായത്തിന്റെ ദയനീയതയും ആശങ്കയും ആകുലതയും നിറച്ച വാക്കുകളില്‍ മഅ്ദനി വേദികളില്‍ കത്തിയാളി.

തുടക്കം മുതല്‍ ഇടതുപക്ഷ രാഷ്ട്രീയത്തോട്‌ ചായ്‌വും തുണയും നല്‍കിക്കൊണ്ടായിരുന്നു മഅ്ദനിയുടെ രാഷ്ട്രീയ മോഹങ്ങളുടെ പിച്ചവെയ്പ്‌. കോണ്‍ഗ്രസിനോടും മുസ്ലിം ലീഗിനോടും പകനിറഞ്ഞ മനസ്സോടെയായിരുന്നു മഅ്ദനി എന്നും നിലപാട്‌ എടുത്തത്‌. മുസ്ലിംകളുടെ ആശങ്കകളേക്കാള്‍ മഅ്ദനിയെ നയിച്ചത്‌ മുസ്ലിം രാഷ്ട്രീയത്തിന്റെ പതാകയായിരുന്നു. മുസ്ലിം ലീഗിന്റെ ഇടം കയ്യേറി സ്വന്തം സിംഹാസനം സ്ഥാപിക്കാന്‍ മഅ്ദനി കച്ചകെട്ടിയിറങ്ങി. ബാബരി മസ്ജിദിന്റെ തകര്‍ച്ച മഅ്ദനിയുടെ തീവ്രവാദ രാഷ്ട്രീയത്തിന്‌ ലഭിച്ച സുവര്‍ണാവസരമായിരുന്നു. നാടെങ്ങും മുസ്ലിം മനസ്സുകള്‍ വ്രണിതരായ ആ ദു:ഖകരമായ സാഹചര്യത്തില്‍ മഅ്ദനിയുടെ വിധ്വംസക രാഷ്ട്രീയം ചാകര കൊയ്തു. വികാരസാന്ദ്രമായ മനസ്സുകളില്‍ വെടിമരുന്നും പിന്നാലെ തീപ്പൊരിയും പടര്‍ത്തി മഅ്ദനി മുസ്ലിം മനസ്സുകളെ വിഭജിച്ചു.

വിവിധ വിചാര ധാരകളില്‍പ്പെട്ട മുസ്ലിം സംഘടനകള്‍ തന്നെയായിരുന്നു ആദ്യകാലത്ത്‌ മഅ്ദനിയുടെ വാക്കുകളുടെയും വഴികളുടെയും ആപത്തിനെ സംബന്ധിച്ച സൂചനകള്‍ നല്‍കിയത്‌. മഅ്ദനിയുടെ മുസ്ലിം ലീഗ്‌ വിരുദ്ധ രാഷ്ട്രീയം നന്നായി ബോധിച്ച സി പി എം അദ്ദേഹത്തെ മനസ്സറിഞ്ഞ്‌ പ്രോത്സാഹിപ്പിക്കുകയും തുണയേകുകയും ചെയ്തു. മഅ്ദനി മതപ്രസംഗശൈലിയില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതിനിടയിലായിരുന്നു ഗുരുവായൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ്‌. ഐ എസ്‌ എസ്‌ എന്ന തന്റെ സൈനിക സ്വഭാവമുള്ള സംഘടനയെ ഇതിനിടയില്‍ പി ഡി പിയായി മഅ്ദനി പരിവര്‍ത്തിപ്പിച്ചിരുന്നു. പി ഡി പിയുടെ രംഗപ്രവേശത്തിലൂടെ ഗുരുവായൂരിലെ മുസ്ലിം വോട്ടുകളില്‍ ആപ്പിറക്കി മഅ്ദനി എല്‍ ഡി എഫിനെ സഹായിച്ചു. തുടര്‍ന്നുണ്ടായ ഒറ്റപ്പാലം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പരോക്ഷസഹായം പ്രത്യേക പിന്തുണയായി മാറി.

സി പി എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടി നേതാക്കളും മഅ്ദനിയും ഒറ്റപ്പാലത്ത്‌ ഉടനീളം വേദിപങ്കിട്ടു. ആയിടെ മഅ്ദനിക്കും സുലൈമാന്‍ സേട്ടുവിനും വിശുദ്ധിപത്രം നല്‍കി ആദരിക്കുന്ന തരത്തിലുള്ള ഇ എം എസിന്റെ ലേഖനം ഏറെ വിവാദമുണ്ടാക്കിയിരുന്നു. മഅ്ദനിയുടെ ഇടതുപക്ഷ തുണയ്ക്ക്‌ ചെറിയൊരു ഇടവേളയുണ്ടായത്‌ അദ്ദേഹത്തിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ ജയില്‍വാസവുമായിരുന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ ജയിലിലായിരുന്നു. പി ഡി പി അന്ന്‌ ഇടതുമുന്നണിക്ക്‌ നല്‍കിയ പിന്തുണ തീവ്രവാദ രാഷ്ട്രീയ വ്യാപനത്തിനുള്ള സപ്പോര്‍ട്ടായി മാറുകയായിരുന്നു. ജയില്‍ മോചനത്തോടെ മഅ്ദനിക്ക്‌ വിശുദ്ധവും ധീരവുമായ പരിവേഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തിയത്‌ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി.

(കടപ്പാട്:പി.മുഹമ്മദലി/വീക്ഷണം)

No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com