Tuesday, December 15, 2009

പി.ഡി.പി-പിണറായി അവിശുദ്ധബന്ധം


പി.ഡി.പിയുമായി എല്‍.ഡി.എഫ്‌ സഖ്യമുണ്ടാക്കിയിട്ടില്ല എന്ന പിണറായിയുടെ പുത്തന്‍ വെളിപാട്‌ അവര്‍ അകപ്പെട്ട തീവ്രവാദ ബന്ധത്തിന്റെ തിരിച്ചടി ഭയന്നാണെന്ന്‌ വിലയിരുത്തപ്പെടുന്നു. ബസ്‌ കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടതോടെ പി.ഡി.പി വേഴ്ചയെ തള്ളിപ്പറയുന്ന പിണറായി വിജയന്റെ നടപടി രാഷ്ട്രീയ അവസരവാദത്തിന്റെയും മലക്കംമറിച്ചിലുകളുടെയും ഹീനമുഖമാണ്‌ അനാവരണം ചെയ്യുന്നത്‌. അബ്ദുള്‍ നാസര്‍ മഅ്ദനിയുമായി വേദി പങ്കിടുകയും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റികളില്‍ പി.ഡി.പി പ്രതിനിധികളെ ഉള്‍പ്പെടുത്തുകയും ചെയ്ത അവിശുദ്ധ സഖ്യത്തിന്റെ പിതാവാണ്‌ പിണറായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്‌ മഅ്ദനിയുടെ പാര്‍ട്ടിയുമായി പരസ്യമായ സഖ്യത്തിലായിരുന്നു. ഈ സഖ്യത്തിന്റെയും സഹായത്തിന്റെയും ഉപകാരസ്മരണ എന്ന നിലയിലായിരുന്നു സൂഫിയ മഅ്ദനി അടക്കമുള്ളവരുടെ തീവ്രവാദക്കേസുകള്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മരവിപ്പിച്ചുനിറുത്തിയത്‌.

പൊന്നാനിയിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി യോഗത്തില്‍ മഅ്ദനിയുമായി കളിപറഞ്ഞുചിരിച്ച്‌ വേദിയില്‍ സന്നിഹിതനായ പിണറായി വിജയന്റെ ചിത്രം മലയാളികളുടെ ഓര്‍മകളില്‍ നിന്ന്‌ ഒരിക്കലും മാഞ്ഞുപോകില്ല. അന്ന്‌ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വരവും പ്രതീക്ഷിച്ച്‌ മണിക്കൂറുകളാണ്‌ പിണറായി വേദിയില്‍ കാത്തിരുന്നത്‌. മാത്രവുമല്ല, വര്‍ഗീയവിഷം തുപ്പുന്ന മഅ്ദനിയുടെ വാക്കുകള്‍ ആവോളം പിണറായി ആസ്വദിക്കുകയും ചെയ്തു. വി.എസ്‌ അച്യുതാനന്ദന്‍ കയറിവരുന്ന വേദികളില്‍ പോലും എഴുന്നേല്‍ക്കാത്ത പിണറായി മഅ്ദനിയെ കെട്ടിപ്പുണരുന്ന ചിത്രവും കേരളത്തിന്റെ ഓര്‍മ്മയിലുണ്ട്‌. മഅ്ദനിയുടെ തീതുപ്പുന്ന വര്‍ഗീയതയുടെ മൂര്‍ത്തനാള്‍ മുതല്‍ എല്‍.ഡി.എഫിന്‌ പി.ഡി.പിയുമായി ആത്മബന്ധമുണ്ടായിരുന്നു. ഒറ്റപ്പാലം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലാണ്‌ എല്‍.ഡി.എഫ്‌-പി.ഡി.പി ബന്ധം ആദ്യമായി പരീക്ഷിക്കപ്പെടുന്നത്‌.
മുഖ്യമന്ത്രി നായനാര്‍ മത്സരിച്ച തലശേരി ഉപതെരഞ്ഞെടുപ്പിലും ഈ സഖ്യം ആവര്‍ത്തിച്ചു. മഅ്ദനിയുടെ അറസ്റ്റിന്ത്തുടര്‍ന്നുണ്ടായ പരിഭവത്തിന്റെ പേരില്‍ ഇടക്കാലത്ത്‌ ചില സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ എക്കാലത്തും പി.ഡി.പി ഇടതുപക്ഷത്തോ, ഇടതു സഹയാത്രികരോ ആയിരുന്നു. മഅ്ദനി ജയിലിലായപ്പോള്‍ അകന്നുപോയ കണ്ണികള്‍ വീണ്ടും വിളക്കിച്ചേര്‍ത്തത്‌ പിണറായി മുന്‍കയ്യെടുത്താണ്‌. 2006ല്‍ പിണറായിയുടെ ദൂതുമായി ടി.കെ ഹംസയെ ആയിരുന്നു കോയമ്പത്തൂര്‍ ജയിലിലേക്ക്‌ അയച്ചത്‌. വ്യാജമേല്‍വിലാസത്തില്‍ സന്ദര്‍ശനാനുമതി നേടിയ ഹംസയുമായുള്ള സംഭാഷണം തെരഞ്ഞെടുപ്പ്‌ സഖ്യമായി രൂപപ്പെട്ടു. എല്‍.ഡി.എഫ്‌ വിജയിച്ചാല്‍ പി.ഡി.പിയെ മാന്യമായ രീതിയില്‍ സ്വീകരിക്കുമെന്നും പി.ഡി.പിയുടെ കേസുകളില്‍ സഹായകരമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ ഹംസ മഅ്ദനിക്ക്‌ ഉറപ്പുനല്‍കി.

ഈ തെരഞ്ഞെടുപ്പ്‌ സഹായം എല്‍.ഡി.എഫ്‌ പൂര്‍ണമായും ആസ്വദിക്കുകയും ആപല്‍ക്കാലത്ത്‌ സഹായിച്ച പി.ഡി.പിയെ അംഗീകരിക്കുകയും ചെയ്തു. ഹജ്ജ്‌ കമ്മിറ്റികളുടെയും വഖഫ്‌ ബോര്‍ഡുകളുടെയും രൂപീകരണത്തില്‍ പി.ഡി.പിയുടെ പ്രാതിനിധ്യം ഉറപ്പിച്ചത്‌ ഈ ഉപകാരസ്മരണയുടെ പേരിലായിരുന്നു.മഅ്ദനിയുടെ ജയില്‍മോചനം ഏറ്റവുമധികം ആഘോഷിച്ചത്‌ സി.പി.എം തന്നെയായിരുന്നു. ശിഥിലമായിപ്പോയ പി.ഡി.പി ബന്ധം ഏകോപിപ്പിച്ച്‌ സംസ്ഥാനത്തുടനീളം മഅ്ദനി സ്വീകരിക്കുന്നതില്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്‌ സി.പി.എം തന്നെ. മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കള്‍ രക്തസാക്ഷിയുടെ ഉയര്‍ത്തെഴുനേല്‍പ്പിന്റെ ഉത്സാഹത്തോടെയാണ്‌ മഅ്ദനിയെ എതിരേറ്റത്‌. മഅ്ദനിയെ മതസൗഹാര്‍ദ്ദത്തിന്റെ പ്രവാചകനായി പല നേതാക്കളും വാഴ്ത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക്‌ ലഭിക്കാത്ത പ്രാതിനിധ്യവും പ്രാധാന്യവുമാണ്‌ പിണറായി പക്ഷം പി.ഡി.പിക്ക്‌ നല്‍കിയത്‌.
പി.ഡി.പിയുമായുള്ള സഖ്യത്തെ അന്നെതിര്‍ത്ത വി.എസ്‌ ഈ സാഹചര്യത്തില്‍ മൗനം ദീക്ഷിക്കുന്നത്‌ അച്ചടക്കത്തിന്റെ ചാട്ടയടി പേടിച്ചാണ്‌. ഇടതുപക്ഷ ചേരിയിലേക്ക്‌ മഅ്ദനി വരുന്നതും വേദി പങ്കിടുന്നതും എതിര്‍ത്ത വെളിയം ഭാര്‍ഗവന്റെ അന്നത്തെയും ഇന്നത്തെയും വെളിപാടുകള്‍ സഖ്യത്തിന്റെ സത്യാവസ്ഥ വിളംബരം ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി പി.ഡി.പി ബന്ധം തെറ്റായിപ്പോയെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഇടതുമുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെ പിണറായി തന്നിഷ്ടപ്രകാരം രൂപപ്പെടുത്തിയ പി.ഡി.പി ബന്ധമാണ്‌ പരാജയത്തിന്റെ മുഖ്യകാരണമെന്ന്‌ എ.ബി ബര്‍ദാനും ആര്‍.എസ്‌.പി ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡനും കുറ്റപ്പെടുത്തിയത്‌ പി.ഡി.പി സഖ്യത്തെ സ്ഥിരീകരിക്കുന്ന തെളിവുകളാണ്‌.

എന്‍.ഡി.എഫിന്റെ പുതിയ രാഷ്ട്രീയ രൂപമായ എസ്‌.ഡി.പി.ഐയുമായി സൗഹാര്‍ദ്ദം സ്ഥാപിച്ചാണ്‌ എല്‍.ഡി.എഫ്‌ കണ്ണൂരില്‍ മത്സരിച്ചത്‌. യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി അബ്ദുള്ളക്കുട്ടിക്ക്‌ ലഭിക്കാവുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അബ്ദുള്‍ മജീദ്‌ ഫൈസിയെ സ്ഥാനാര്‍ത്ഥിയായി നിറുത്തിയത്‌ സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. എന്‍.ഡി.എഫിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി നല്‍കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ രഹസ്യധാരണ. മഅ്ദനിയുമായി പിണറായി ഉണ്ടാക്കിയ പരസ്യവേഴ്ചയുടെയും അവിഹിതബന്ധത്തിന്റെയും ഡി.എന്‍.എ പരിശോധന തെളിവുകള്‍ ഏറെ ഉണ്ടായിട്ടും താനല്ല തന്തയെന്ന്‌ പ്രഖ്യാപിക്കുന്ന പിണറായിയുടെ നടപടിയെ പിതൃശൂന്യമെന്ന്‌ ആരെങ്കിലും ആക്ഷേപിച്ചാല്‍ അത്‌ തെറ്റാകില്ല. സ്വന്തം കുഞ്ഞ്‌ കോംപ്ലാന്‍ ബോയിയെപ്പോലെ സുന്ദരനാണെങ്കില്‍ അവന്റെ തന്ത താനാണെന്നും കുഞ്ഞ്‌ മന്ദബുദ്ധിയും വിരൂപനുമാണെങ്കില്‍ അത്‌ തന്റേതല്ലെന്ന്‌ തള്ളിപ്പറയുന്ന ഹൃദയശൂന്യതയാണ്‌ പിണറായിയുടെ നിരാകരണത്തിലൂടെ വ്യക്തമാകുന്നത്‌. എല്‍.ഡി.എഫ്‌-പി.ഡി.പി ബന്ധത്തിന്റെ പിതാവായ പിണറായിയെ ജാരപുത്രന്‍ അച്ഛാ എന്ന്‌ വിളിക്കുമ്പോഴുള്ള നാണക്കേടില്‍ നിന്ന്‌ രക്ഷനേടാനാണ്‌ പിണറായിയുടെ പിതൃത്വ നിഷേധം.
(കടപ്പാട്: പി.മുഹമ്മദലി/വീക്ഷണം)

1 comment:

chithrakaran:ചിത്രകാരന്‍ said...

സദാചാര വിരുദ്ധമായ വോട്ട് രാഷ്ട്രീയം !

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com