ചൈനയും പാക്കിസ്താനും തമ്മിലുള്ള സൈനിക ബന്ധം ശക്തിപ്പെട്ട് കാണുന്നത് ആശങ്ക ഉളവാക്കുന്നതാണെന്നുള്ള പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ പ്രസ്താവന സമീപകാല സംഭവ വികാസങ്ങള്‍ വിലയിരുത്തുമ്പോള്‍ നിസ്സാരമായി കാണാനാവില്ല. അതിര്‍ത്തിയില്‍ ചൈന സൃഷ്ടിക്കുന്ന അസ്വസ്ഥതയും തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ വിടുന്ന പാക്കിസ്താന്റെ സമീപനവും ഗൌരവമായി കാണേണ്ടതാണ്. ചൈനയുടെ സൈനികശേഷി വിലയിരുത്തി, അതിന്നനുസൃതമായി നമ്മുടെ രാജ്യവും തയ്യാറെടുക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കിയത് ആശ്വാസകരം. "1962 അല്ല, 2009'' എന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ചൈനക്ക് നല്‍കിയ മുന്നറിയിപ്പ്, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായിട്ടാണ്.
അയല്‍ രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ പരമാവധി വിട്ടുവീഴ്ച ചെയ്തുവരുന്നു. മുംബൈ ഭീകരാക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് ശേഷിയില്ലാതിരുന്നിട്ടല്ല. പരമാവധി ക്ഷമിക്കുന്നു. മേഖലയില്‍ സമാധാനവും സൌഹൃദവും സുരക്ഷയും ശക്തിപ്പെടണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇത് ദൌര്‍ബല്യമല്ല.
അതേസമയം, പാക്കിസ്താന് പ്രത്യക്ഷമായും പരോക്ഷമായും സഹായം നല്‍കിയും പ്രോത്സാഹിപ്പിച്ചും ചൈനീസ് നേതൃത്വം കാണിക്കുന്ന കുതന്ത്രം ഇന്ത്യ തിരിച്ചറിയുന്നു. മേഖലയിലെ ഒരു പ്രബല ശക്തിയെന്ന നിലയില്‍ ഇന്ത്യക്ക് ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാറിന്നറിയാം. പാക്കിസ്താന് സൈനികവും അല്ലാത്തതുമായ സഹായം നല്‍കിയും പാക് അധീന കാശ്മീരില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തും ഇന്ത്യക്ക് എതിരെ ഒളിഞ്ഞും തെളിഞ്ഞും ചൈന നടത്തുന്ന നീക്കം പ്രകോപനപരം തന്നെ. പ്രത്യക്ഷത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറാവുകയും രഹസ്യമായി ഇന്ത്യക്ക് എതിരെ പാരപണിയുകയും ചെയ്യുന്ന ചൈനീസ് തന്ത്രം പക്ഷെ, ഇന്ത്യക്ക് മുന്നില്‍ വിലപ്പോവില്ല.
ഇതിന് പുറമെ, ഇന്ത്യയിലെ മാവോയിസ്റുകള്‍ക്ക് ആയുധം നല്‍കുകയും ചെയ്യുന്ന ചൈനീസ് നയം അപലപിക്കപ്പെടണം.
ഇന്ത്യയില്‍ നടത്തിയ ചൈനീസ് കടന്നുകയറ്റം ഇനിയും വിസ്മരിക്കാനാവില്ല. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനോടൊപ്പം "ഇന്ത്യാ - ചൈനാ ഭായ് ഭായ്'' എന്ന് പ്രഖ്യാപിച്ച ചൈനീസ് പ്രധാനമന്ത്രി ചൌ എന്‍ ലായിയെ വിസ്മരിക്കാനാവില്ല, ഒരു ഇന്ത്യക്കാരനും! ഈ പ്രഖ്യാപനത്തിന്റെ മാറ്റൊലിക്കിടയിലാണ് ചൈന ഇന്ത്യയെ കടന്നാക്രമിച്ചത്. 1962-ല്‍ അരുണാചല്‍പ്രദേശില്‍ ചൈന കടന്നുകയറി. പാക്കിസ്താനും ചൈനയും ഇന്ത്യയുമായി അതിരിടുന്ന ജമ്മുവിലെ ലഡാക്കില്‍ അതിക്രമിച്ചു കടന്നു. കാശ്മീരിലാകട്ടെ 43,180 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന കൈവശംവെച്ചുവരികയാണിപ്പോഴും. 90,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി അരുണാചല്‍പ്രദേശില്‍ ചൈന അവകാശപ്പെടുകയും ചെയ്യുന്നു. കമ്മ്യൂണിസത്തിന് വീര്യം കുറഞ്ഞതോടെ, ചൈന കുറേക്കൂടി മിതവാദനയം സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചത് തെറ്റി.
ഇന്ത്യാ രാജ്യത്തിനകത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രംഗത്തിറങ്ങുവാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അവകാശത്തെപോലും ചോദ്യം ചെയ്യുമാറ് ചൈനയുടെ ധാര്‍ഷ്ട്യം വളര്‍ന്നു. അരുണാചലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മന്‍മോഹന്‍സിംഗ് എത്തിയതിനെ ചോദ്യംചെയ്ത ചൈനയുടെ നിലപാട് പ്രകോപനപരവും ധിക്കാരവുമാണ്. ഇത് സംബന്ധിച്ച് ഇന്ത്യയുടെ പ്രതിഷേധം നേരിട്ട് അറിയിച്ചുവെങ്കിലും ചൈന നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്ന് പിന്നീട് തെളിഞ്ഞു. ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തെ ചൈന എതിര്‍ത്തു. പക്ഷെ ഇന്ത്യ അവയൊക്കെ അവഗണിച്ച് അരുണാചല്‍ സന്ദര്‍ശനത്തിന് ദലൈലാമക്ക് അവസരം നല്‍കി. ഇതിന്നിടെ, പാക്ക് അധീന കാശ്മീരില്‍ നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത ചൈനയുടെ നിലപാട്, ഇന്ത്യയെ പ്രകോപിപ്പിക്കുക എന്നതുതന്നെ. പാകിസ്താനെ സൈനികമായി വളര്‍ത്തുക എന്ന തന്ത്രവും ചൈന ഇയ്യിടെയായി സ്വീകരിച്ചുകാണുന്നത് ആശങ്കാജനകമാണ്.
ഭീകരവാദികള്‍ അഴിഞ്ഞാടുകയും നുഴഞ്ഞുകയറ്റം വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇക്കാര്യം ഗൌരവമായി കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവന്നത് സ്വാഗതാര്‍ഹംതന്നെ. മാത്രമല്ല, രാഷ്ട്രാന്തരീയ രംഗത്ത് ഇന്ത്യക്ക് എതിരെ പാക്കിസ്താനെ മുന്നില്‍ നിര്‍ത്തിയുള്ള ചൈനയുടെ കളിയും വര്‍ദ്ധിക്കുന്നു. യു.എന്‍ . രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിന് എതിരെ ബദല്‍ നീക്കവുമായി പാക്കിസ്താനെ രംഗത്തിറക്കിയത് ചൈനയാണ്. ഇന്ത്യക്ക് രക്ഷാസമിതി അംഗത്വം ലഭ്യമാകുന്നതോടെ, മേഖലയിലെ ചൈനയുടെ അപ്രമാദിത്യത്തിന് മങ്ങലേല്‍ക്കുമെന്നാണ് അവര്‍ ഭയക്കുന്നത്. രക്ഷാസമിതി വിപുലീകരണം നീണ്ടുപോകുന്നത് ചൈന ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ എതിര്‍പ്പുമൂലമാണ്. രക്ഷാസമിതിയിലെ വന്‍ശക്തികള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ യോജിപ്പ് കണ്ടെത്തുവാന്‍ കഴിയാത്തതുകൊണ്ടാണ്, ഇന്ത്യക്ക് പുറത്തുനില്‍ക്കേണ്ടി വരുന്നത്. 1948-ല്‍ ഐക്യരാഷ്ട്ര സംഘടന നിലവില്‍ വരുമ്പോഴുള്ള ലോക സാഹചര്യം സമൂലം മാറിക്കഴിഞ്ഞു. ഇന്ത്യ ലോക ശക്തികളില്‍ പ്രമുഖ സ്ഥാനത്താണ്. കഴിഞ്ഞ ആഴ്ച അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമയും വ്യക്തമാക്കിയത് ഇതുതന്നെ. ലോക പ്രശ്നങ്ങളില്‍ ഇന്ത്യയുടെ നിലപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യയുടെ ശബ്ദത്തിന് കനമുണ്ട്. യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പുറത്തുനിര്‍ത്തി സ്വീകരിക്കുന്ന തീരുമാനത്തിന് വിലയില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
യു.എന്‍ . രക്ഷാസമിതി ഏതാനും വര്‍ഷമായി സ്വീകരിച്ച തീരുമാനത്തില്‍ എത്ര നടപ്പാക്കാനായി? ഇറാഖ് അധിനിവേശത്തിന് അമേരിക്ക ഒരുമ്പെട്ടപ്പോള്‍ , രക്ഷാസമിതിയുടെ സഹകരണം തേടിയോ? ഗാസയിലും വെസ്റ്റ് ബാങ്കിലും ലബനാനിലും ആയിരങ്ങളെ കൊന്നൊടുക്കിയ ഇസ്രായേലിനെ നിലക്കുനിര്‍ത്താന്‍ രക്ഷാസമിതിക്ക് കഴിഞ്ഞുവോ? ശ്രീലങ്കയില്‍ ആയിരക്കണക്കിന് തമിഴ് മക്കളെ ശ്രീലങ്കന്‍സൈന്യം കൊന്നൊടുക്കിയപ്പോള്‍ മൂകസാക്ഷിയാകാനല്ലേ, യു.എന്നിന് കഴിഞ്ഞത്! മ്യാന്‍മറില്‍ വര്‍ഷങ്ങളായി സൈനിക ഭരണകൂടത്തിന്റെ തടവറയില്‍ കഴിയുന്ന ജനാധിപത്യത്തിന്റെ പ്രതീകമായ സൂചിയെ മോചിപ്പിക്കുവാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. ഇപ്പോഴും സൈനിക നേതൃത്വത്തിന്റെ പിറകെ ഓടുകയല്ലേ. വന്‍ശക്തി താല്‍പ്പര്യമാണ് രാഷ്ട്രാന്തരീയ രംഗത്ത് നടക്കുന്നത്. യു.എന്‍ . രക്ഷാസമിതിയെ നോക്കുകുത്തിയാക്കി മാറ്റി. യു.എന്‍. രക്ഷാസമിതി ജനാധിപത്യാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കാത്ത കാലത്തോളം തീരുമാനത്തിന് വിലയുണ്ടാകില്ല. യു.എന്‍ . രക്ഷാസമിതിയിലെ വീറ്റോ കുത്തക മറ്റാര്‍ക്കും നല്‍കില്ലെന്ന ശാഠ്യം മുതലാളിത്ത രാജ്യത്തിന് മാത്രമല്ല, കമ്മ്യൂണിസ്റ് രാജ്യമായ ചൈനക്കും! ഇന്ത്യയെയും ജപ്പാനെയും തടയുന്നത് ചൈനയാണ്.
ചൈന ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നത് പൊറുപ്പിച്ചുകൂടാ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി കെ. ഗോപാലപിള്ള അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ ഗൌരവമായി കണക്കിലെടുക്കണം. ഇന്ത്യയിലെ മാവോയിസ്റ് ഭീകരര്‍ക്ക് ആയുധം നല്‍കുന്നത് ചൈനയാണെന്ന് കെ. ഗോപാലപിള്ള തുറന്ന് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണി മാവോയിസ്റ് ഭീകരര്‍ ആണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രസ്താവിച്ചത്, പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. നേപ്പാളില്‍ മാവോയിസ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി ആയിരുന്ന പ്രചണ്ഡ ആദ്യംതന്നെ ചൈനയോട് കൂറ് പ്രഖ്യാപിക്കുകയാണുണ്ടായത്. ഇന്ത്യയിലെ മാവോയിസ്റുകളുടെ കൂറും ചൈനയോടുതന്നെ. മാവോയിസം ചൈനയുടെ ഉല്‍പന്നമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്തായി മാവോയിസ്റ് ആക്രമണം വ്യാപകമായി. 200-ല്‍പരം ജില്ലകളില്‍ ഇവര്‍ സുരക്ഷാ ഭിഷണി ഉയര്‍ത്തുന്നുണ്ട്.
ബീഹാര്‍ , ആന്ധ്ര, ഉത്തരഖണ്ഡം, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാവോയിസ്റ് ഭീകരതയില്‍ നൂറുകണക്കിന് ജീവന്‍ നഷ്ടപ്പെട്ടു. കോടികളുടെ സ്വത്ത് നഷ്ടമായി. സായുധ വിപ്ളവത്തിലൂടെ അധികാരം കയ്യടക്കാനുള്ള മാവോയിസ്റ് നീക്കം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ വിജയിക്കാന്‍ പോകുന്നില്ല. മാവോയിസ്റ് പ്രസ്ഥാനങ്ങള്‍ , വിവിധ സ്വഭാവത്തിലും പേരിലുമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രഹസ്യ താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇവയൊക്കെ ചേര്‍ന്ന് ഏകോപനസമിതിയുണ്ടാക്കി യോജിച്ച നീക്കത്തിലാണത്രെ! ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഭീകരര്‍ , പ്രാദേശികമായി "ഭരണം'' കയ്യാളുന്ന അവസ്ഥയുണ്ട് ഇതൊഴിവാക്കാന്‍ ശക്തമായ നടപടി ആവശ്യമാണ്. മാവോയിസ്റുകള്‍ക്ക് ആയുധം എത്തിക്കുന്നത് ചൈനയാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കെ. ഗോപാലപിള്ള തുറന്നു പറഞ്ഞ സാഹചര്യത്തില്‍ , ഇക്കാര്യം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം.
ഇന്ത്യയില്‍ ആഭ്യന്തര കുഴപ്പം സൃഷ്ടിക്കാനുള്ള ചൈനയുടെ നീക്കത്തെ പാക്കിസ്താനെ ചെയ്യുന്നതുപോലെതന്നെ കൈകാര്യം ചെയ്യണം. മുംബൈ ആക്രമണത്തിലും കാര്‍ഗിലിലും കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍പേര്‍ മാവോയിസ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചൈനയുമായി നാം അടുക്കാന്‍ ശ്രമിക്കുന്തോറും അവര്‍ അകലുന്നു. 1962-ലെ സാഹചര്യം വിസ്മരിച്ച് ചൈനീസ് ചങ്ങാത്തം അബദ്ധമാകും. അവര്‍ വിശ്വസിക്കാന്‍ പറ്റുന്ന അയല്‍ക്കാരല്ല. കഴിഞ്ഞവര്‍ഷം മന്‍മോഹന്‍ സിംഗിന്റെ ചൈനാ സന്ദര്‍ശന വേളയില്‍ ഒപ്പുവെച്ച മാര്‍ഗ്ഗരേഖ വിസ്മൃതിയിലായി. ചൈനയുമായി സംയുക്ത സൈനികാഭ്യാസത്തിനുപോലും നാം തയ്യാറായി. അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസത്തിന് എതിരെ പ്രതിഷേധവുമായി രംഗത്തുവന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ പക്ഷെ, ചൈനയുമായുള്ള അഭ്യാസ പ്രകടനത്തെ അനുകൂലിച്ചു. ചൈന നമ്മുടെ ശത്രുപാളയത്തില്‍ നില്‍ക്കുന്ന രാജ്യമായിട്ടും അവരുമായി സൈനികാഭ്യാസത്തിന് ഒരുങ്ങുന്നത് അബദ്ധമായിരിക്കും.
മാവോയിസ്റ്റ് ഭീകരരെ സഹായിക്കുന്ന ചൈനയുടെ നിലപാട് തിരുത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം. നേപ്പാള്‍ , മ്യാന്‍മാര്‍ , ബംഗ്ളാദേശ് വഴിയാണ് ചൈനീസ് ആയുധകടത്ത്. ചൈനയുടെ പേരുപറയാതെ ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം സ്ഥിരീകരിച്ചതാണ്. മാവോയിസ്റുകള്‍ക്ക് സഹായം എത്തുന്നതിന്റെ വേര് പിഴുതെറിയണം. പഞ്ചാബില്‍, ഖലിസ്താന്‍ ഭീകരരെ അമര്‍ച്ചചെയ്ത ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിന് മാവോയിസ്റുകള്‍ പ്രശ്നമാകില്ല. ശക്തമായ നടപടിയാണ് ആവശ്യം.
തായ്ലാന്റില്‍ കഴിഞ്ഞമാസം ചൈനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രതീക്ഷ കൈവിടുന്നില്ല. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികള്‍ എന്ന നിലയില്‍ ഇന്ത്യക്കും ചൈനക്കും ഉത്തരവാദിത്വം ഉണ്ട്. ഈദൃശ സാമ്പത്തിക വളര്‍ച്ചയില്‍ അസൂയാലുക്കളായ പാശ്ചാത്യ നാടുകള്‍ ഏഷ്യയില്‍ കുഴപ്പം ഉണ്ടാക്കാന്‍ തക്കംപാര്‍ത്ത് നില്‍പ്പുണ്ട്. ലോക സാമ്പത്തിക ശക്തികള്‍ ഏഷ്യയില്‍നിന്നാകുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. അതുകൊണ്ട് തന്നെ ആഭ്യന്തര, വൈദേശിക അസ്വസ്ഥതകള്‍ക്ക് വേണ്ടി സമയം കളയാതെ, സാമ്പത്തിക വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്നതിന്നാണ് പക്വതയോടെ കാര്യങ്ങള്‍ വിലയിരുത്തുന്ന സര്‍ക്കാര്‍ ചെയ്യേണ്ടത്. ഒരു യുദ്ധം നമ്മുടെ വളര്‍ച്ചക്ക് സഹായകമല്ല. പതിറ്റാണ്ടുകളോളം നമ്മെ പിറകോട്ട് നയിക്കും. ഏത് ഭീകരര്‍ക്കും രാഷ്ട്രങ്ങള്‍ക്കും തിരിച്ചടി നല്‍കാന്‍ നമുക്ക് കരുത്തുണ്ട് പക്ഷെ, ഉത്തരവാദിത്തം വിസ്മരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തിലൊക്കെ സമാനചിന്ത ചൈനീസ് നേതൃത്വത്തിനും വേണം. വാണിജ്യരംഗത്ത് സഹകരണം അഭംഗുരം തുടരണമെന്ന് പ്രത്യക്ഷത്തില്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍തന്നെ, പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ പിറകോട്ട് പോകുന്നില്ല. ഇത് വിചിത്രമായി തോന്നാം. ചൈനയുടെ ഈ നിലക്കുള്ള വൈരുദ്ധ്യാധിഷ്ഠിതമായ സമീപനം, ഈ അപകടകാരികളായ അയല്‍ക്കാരെക്കുറിച്ച് സൂക്ഷ്മതയോടെ വീക്ഷിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നുണ്ട്.
(കടപ്പാട് : കെ.മൊയ്തീന്‍ കോയ/ചന്ദ്രിക)
No comments:
Post a Comment