Tuesday, December 1, 2009

കടുവകള്‍ വളര്‍ത്തുന്ന കിടുവ

ആദ്യമേ പറയട്ടെ.., കടുവകള്‍ എന്നുദ്ദേശിച്ചത് തലച്ചോറും നാവും ഇല്ലാത്ത സഖാകളെ ആണ്. സഖാക്കള്‍ക്ക് ഈവക സാധനങ്ങള്‍ ദൈവം കൊടുത്തിട്ടില്ല എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. ദൈവം എന്ന 'സാധനത്തില്‍' വിശ്വസിക്കുന്നില്ല എന്ന് കരുതി സഖാക്കള്‍ അതൊക്കെ ഉപേക്ഷിച്ചതാണെന്നും പറയുന്നില്ല. എന്നാല്‍ അവരുടെ ആരാധനാമൂര്‍ത്തികളായ ദൈവങ്ങള്‍ക്ക് വേണ്ടി വഴിപാടായി കൊടുത്ത സാധനങ്ങളാണ് സ്വന്തം തലച്ചോറും നാവും!! ഇതൊക്കെ ഒരു തരത്തില്‍ വിശ്വാസമല്ലേ, അന്ധവിശ്വാസമല്ലേ എന്നൊന്നും സഖാക്കളോട് ചോദിക്കരുതേ... ഉത്തരം മറുചോദ്യമായിരിക്കും.. ഉത്തരം മുട്ടുമ്പോള്‍ സഖാക്കള്‍ സ്വീകരിക്കുന്ന സയനൈഡ് ഗുളികകള്‍ പോലുള്ള മറുചോദ്യങ്ങള്‍..!!

അതൊക്കെ പറഞ്ഞിട്ട് കാര്യമില്ലാത്തതിനാല്‍ കടുവകളുടെ പരാക്രമങ്ങളെക്കുറിച്ചു വിവരിക്കാം. രാഷ്ട്രീയ എതിരാളികള്‍ എന്ന് പാര്‍ട്ടി തീരുമാനിക്കുന്ന എതൊരു വ്യക്തിയും പാര്‍ട്ടിയും സംഘടനയും മാധ്യമവും രാഷ്ട്രവും എന്നുവേണ്ട കമ്പ്യൂട്ടറും ട്രാക്ടറും പോലുള്ള നിര്‍ദോഷികള്‍ പോലും ഇവരുടെ ശത്രുക്കള്‍ ആണ്. ഇത്തരം ശത്രുക്കള്‍ക്കെതിരെ പോരാടുക എന്നത് മാത്രമാണ് ഈ കടുവകളുടെ ജീവിതലക്‌ഷ്യം തന്നെ. അതിനായി കൂട്ടമായും ഒറ്റക്കും ഏതു മാര്‍ഗവും സ്വീകരിക്കും. കടുവകള്‍ക്ക് വിഷയമാകാത്ത ഒരു സംഭവം എങ്കിലും ലോകത്ത് നടക്കണമെങ്കില്‍ അത് സഖാക്കന്മാര്‍ക്ക് വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ള എന്തെങ്കിലും ആകും, സഖാക്കളുടെ പാര്‍ട്ടിക്കെതിരെ ഉള്ള എന്തെങ്കിലും ആകും. എന്നാല്‍ അതൊക്കെ ആരെങ്കിലും വിഷയമാക്കിയാല്‍ വെള്ളം തൊടാതെ പാര്‍ട്ടി പറയുന്നത് വിഴുങ്ങുകയും ചെയ്യും! സഖാക്കന്മാക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചിലരെങ്കിലും ചിന്തിച്ചു പോകും.. സഖാക്കളുടെ തലച്ചോര്‍ 'പണയത്തില്‍' ആണെന്നറിയാവുന്നവര്‍ ചിരിച്ചു ചിരിച്ചു വശം കെടുകയും ചെയ്യും..

ഈ കടുവകളുടെ കൂട്ട അക്ക്രമം കാരണം മാധ്യമങ്ങളും സംഘടനകളും ഒക്കെ വശം കെടുന്ന കാഴ്ച കാണാത്തവര്‍ കേരള മഹാരാജ്യത്ത് ചുരുക്കം. സഖാക്കള്‍ ഇതിനെ ഒക്കെ വിവരിക്കുന്നത് വിപ്ലവ മാര്‍ഗങ്ങള്‍ ആയാണ്. ഈ വിപ്ലവമാര്ഗങ്ങള്‍ മറ്റൊരു സംഘടനയോ വ്യക്തിയോ സ്വീകരിക്കാന്‍ പാടുള്ളതല്ല. അങ്ങനെ സ്വീകരിച്ചാല്‍ അതൊക്കെ ചിലപ്പോള്‍ ഫാസ്സിസമാകും, തീവ്രവാദമാകും, വര്‍ഗീയതയാകും. സത്യം ജനങ്ങളില്‍ എത്തിക്കാതിരിക്കാന്‍ സഖാക്കള്‍ എന്ന ചാവേര്‍ പടയെ പാര്‍ട്ടി എങ്ങനെ ആണ് ഉപയോഗിക്കുന്നത് എന്നതും രസകരമാണ്. ഉദാഹരണത്തിന് അയോധ്യ വിഷയം സഖാക്കളോട് ചര്‍ച്ച ചെയ്താല്‍ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ട വിഷയമാക്കി മാറ്റും, ചൈന കാട്ടുന്ന അധിനിവേശ നീക്കങ്ങളോടും മനുഷ്യാവകാശ ലങ്ഘങ്ങളെക്കുറിച്ച് ചോദിച്ചാല്‍ തന്ത്രപരമായ മൌനം പാലിക്കും, ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചു ചോദിച്ചാല്‍ അമേരിക്കയുടെ അധിനിവേശത്തെക്കുറിച്ചോ മറ്റോ ചര്‍ച്ച ചെയ്യും. പറ്റുമെങ്കില്‍ പുട്ടിനു പീര പോലെ സംഘപരിവാറാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നും വാദിക്കും. ഇതിലെ യുക്തിയെക്കുറിച്ചോ യാധാര്ധ്യത്തെക്കുറിച്ചോ ഒന്നും ആരും ചോദിക്കരുതേ, ചോദിക്കുന്നവര്‍ ഒന്നുകില്‍ വര്‍ഗീയവാദിയാകും അല്ലെങ്കില്‍ മുതലാളിത്തത്തിന്ടെ ആരെങ്കിലും ഒക്കെയാകും.. ക്ഷമിക്കുക, സഖാക്കള്‍ ആക്കും!!

സഖാക്കളുടെ വിപ്ലവങ്ങളെക്കുറിച്ചു വിവരിക്കാന്‍ ഈ ജന്മം പോരാ എന്നറിയാവുന്നതിനാല്‍ ഈ കടുവകള്‍ വളര്‍ത്തുന്ന കിടുവയെക്കുറിച്ചു കൂടെ രണ്ടുവാക്ക്. സഖാക്കളുടെ ദൈവമായ സെക്രട്ടറിയാണ് പ്രസ്തുത കിടുവ. കൂടുതല്‍ വിവരിച്ചാല്‍ ഈയുള്ളവന്‍ ഒരു സൈബര്‍ ഫീകരനോ ഒക്കെയായി അഴിയെണ്ണേണ്ടി വരുമെന്നതിനാല്‍ നിയമപ്രകാരം ഒരു മുന്നറിയിപ്പ്..

"ഈ കിടുവക്ക് ജീവിച്ചിരിക്കുന്ന ഒരു ജീവിയുമായി സാമ്യത ഇല്ല. ഇനി നിങ്ങള്ക്ക് അങ്ങനെ വല്ലതും തോന്നിയാല്‍ അതും ഈയുള്ളവന്റെ കുറ്റമല്ല. ഇതൊരു സാമ്യതകള്‍ ഇല്ലാത്ത ജീവിയാണ്"

അഴിമതിക്കെതിരെ അരിവാളെടുക്കുന്ന പാര്‍ട്ടി എന്നൊക്കെ പാടി നടന്നിരുന്ന കടുവകള്‍ വളര്‍ത്തിയ അഴിമതിക്കേസില്‍പ്പെട്ടു തലയൂരാന്‍ കഷ്ട്ടപ്പെടുന്ന ഈ കിടുവ ഇപ്പോള്‍ പുതിയ വിഷയത്തില്‍ നിന്നും കഷ്ട്ടിച്ചു തലയൂരാന്‍ നോക്കുന്നു. ഈ പുതിയ വിഷയം കിടുവയുടെ ആഡംബര(ആരോപിക്കപ്പെടുന്ന) ഗുഹയേക്കുറിച്ചാണ്. ഈ വിഷയത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും പറയാന്‍ ആ ഗുഹ കാണണം.. പക്ഷെ രസകരമായ സംഗതി ഈ ഗുഹ ഒരു ഒന്നോന്നര ഗുഹയായിരിക്കില്ലെങ്കിലും പാവപ്പെട്ട തൊഴിലാളിവര്‍ഗനേതാവിന് ചേര്‍ന്നതാവാന്‍ തരമില്ല. അല്ലായിരുന്നെങ്കില്‍ ദേശാ(ഭി)പമാനി അതിന്റെ മുക്കും മൂലയും എന്നേ പ്രസിദ്ധീകരിച്ചേനെ എന്നൊരു സ്വാഭാവിക ചിന്ത മാത്രം. ഈ വിഷയത്തില്‍ കടുവകളുടെ സ്വാഭാവിക പ്രതികരണങ്ങള്‍ വളരെ രസകരമാണ്.. ആണായ കിടുവ ഗര്‍ഭിണിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ദേശാ(ഭി)പമാനി അതിന്റെ നിജസ്ഥിതി പ്രസിദ്ധീകരിക്കണോ, മറ്റു മാധ്യമങ്ങള്‍ യഥാര്‍ത്ഥ ഗുഹയുടെ ചിത്രം ജനങ്ങളില്‍ എത്തിക്കാത്തത് കിടുവയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ അല്ലെ എന്നൊക്കെ തുടങ്ങിയ മറുചോദ്യങ്ങള്‍ കാണണം. സഹതാപം തോന്നിപ്പോകും! ഏതു മാര്‍ഗത്തിലൂടെയും അസത്യം പ്രചരിപ്പിക്കുകയും മറ്റുള്ളവരെ അപഹസിക്കുകയും ചെയ്യുന്നതില്‍ മല്‍സരിക്കുന്ന സഖാക്കള്‍ ഇപ്പോള്‍ അസത്യ പ്രചരണങ്ങള്‍ക്കെതിരെ ന്യായം പറഞ്ഞു മുന്നോട്ടു വരുമ്പോള്‍ അവര്‍ ഇന്നെത്തിപ്പെട്ടിട്ടുള്ള ദുരവസ്ഥ ബിന്‍ ലാദന് പോലും ഉണ്ടാകരുതേ എന്ന് പ്രാര്‍ഥിച്ചു പോകുന്നു.

പക്ഷെ സഖാക്കള്‍ ഒണ്ടോ തോല്‍ക്കുന്നു? അവര്‍ ഇനിയും അസത്യം ജനങ്ങളില്‍ എത്തിക്കാന്‍ പ്രവര്‍ത്തിക്കും.. ഗുടായിപ്പുകള്‍ക്ക് ചൂട്ടു പിടിക്കാന്‍ മത്സരിക്കും.. മറ്റുള്ളവരുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ പെടാപാട് പെടും.. അമേരിക്കയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും അപഹസിക്കും.. സംഘപരിവാറിനെ കൊലവിളിക്കും.. തീവ്രവാദികളെ മതേതരന്മാരാക്കും.. ചൈനയെക്കുറിച്ചും പോളണ്ടിനെക്കുറിച്ചും മൌനം പാലിക്കും.. മുസ്ലീം വോട്ട് ബാങ്കിനായി തന്ത്രങ്ങള്‍ മെനയും.. ഗോദ്ര കൂട്ടക്കൊല മിണ്ടാതെ ഗോദ്രാനന്തര കലാപത്തിനെ ഗുജറാത്ത് കലാപമായി ചിത്രീകരിക്കും.. തങ്ങളുടെ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാത്ത മാധ്യമങ്ങളെ മാധ്യമധര്‍മ്മം പഠിപ്പിക്കും..

ഈ തെറ്റുകള്‍ ഒക്കെ പാര്‍ട്ടി എന്നെങ്കിലും തിരുത്തുമോ?? അങ്ങനെ ഒരു തെറ്റുതിരുത്തല്‍ ഉണ്ടായാല്‍ എത്ര സഖാക്കള്‍ക്ക് അവരുടെ തലച്ചോര്‍ സ്വന്തമാക്കാമായിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ അതൊരു സോഷ്യലിസ്റ്റ് സ്വപ്നം പോലെ അവശേഷിച്ചേക്കാം.. കാരണം കിടുവകള്‍ അല്ലെ കടുവകളുടെ നേതാക്കള്‍!!

വാര്‍ത്ത- ക്രൈസ്തവര്‍ കുട്ടികളെ ക്രിസ്ത്യന്‍ മാനേജ്‌മെന്‍റ് സ്കൂളുകളില്‍ തന്നെ പഠിപ്പിക്കണമെന്ന തന്റെ പ്രസ്താവന വര്‍ഗീയതയായി ചിത്രീകരിക്കുന്നു- മാര്‍ പവ്വത്തില്‍.
>>പിന്നെ അതെന്തോന്നാ തിരുമേനീ?

ഓഫ്‌ - ഈ പോസ്റ്റ്‌ സതയുടെ ബൂലോകം എന്ന ബ്ലോഗ്ഗിലും വായിക്കാം.
.

1 comment:

സത said...

ഈ തെറ്റുകള്‍ ഒക്കെ പാര്‍ട്ടി എന്നെങ്കിലും തിരുത്തുമോ?? അങ്ങനെ ഒരു തെറ്റുതിരുത്തല്‍ ഉണ്ടായാല്‍ എത്ര സഖാക്കള്‍ക്ക് അവരുടെ തലച്ചോര്‍ സ്വന്തമാക്കാമായിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ അതൊരു സോഷ്യലിസ്റ്റ് സ്വപ്നം പോലെ അവശേഷിച്ചേക്കാം.. കാരണം കിടുവകള്‍ അല്ലെ കടുവകളുടെ നേതാക്കള്‍!!

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com