Sunday, December 6, 2009

കള്ളപ്പണവും ചെങ്കൊടിയും

കേരളത്തില്‍ സി പി ഐ എമ്മിന്റെ ആസ്‌തിയോട്‌ കിടപിടിക്കാന്‍ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിക്കുമാവില്ല. കേരളത്തിലെ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആസ്‌തി ചേര്‍ത്തുവെച്ചാലും സി പി ഐ എമ്മിനൊപ്പമെത്തില്ല. കേരളത്തിലെ ഏതു സ്വകാര്യ വ്യവസായ സാമ്രാജ്യത്തെയും വെല്ലുന്ന ആസ്‌തിസി പി ഐ എമ്മിനുണ്ടെന്ന്‌ പറഞ്ഞാലും അതില്‍ തെല്ലും അതിശയോക്തിയില്ല. ഒരു വ്യാഴവട്ടക്കാലത്തിനുള്ളിലാണ്‌ സി പി ഐ എമ്മിന്റെ ആസ്‌തി ഇത്രത്തോളം വര്‍ധിച്ചത്‌. പാര്‍ട്ടി, ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ആസ്‌തി വളര്‍ന്ന്‌ പന്തലിച്ചുകൊണ്ടിരിക്കും. എന്തെന്നാല്‍ കള്ളപ്പണം എല്ലാ അതിരുകളും ലംഘിച്ച്‌ രാഷ്‌ട്രീയത്തിലേക്ക്‌ ഒഴുകിക്കൊണ്ടിരിക്കുകയാണ്‌. തുടക്കത്തില്‍ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിച്ചായിരുന്നു ആസ്‌തി കൂന്നുകൂട്ടിയത്‌. തുടര്‍ന്ന്‌ ഭൂമി വാങ്ങിക്കൂട്ടലായി. പിന്നീടത്‌ സഹകരണമേഖലയുടെ മറവിലായി. ജനങ്ങളെ തെല്ലും ഭയമില്ലെന്ന്‌ വന്നപ്പോള്‍ വാട്ടര്‍തീം പാര്‍ക്കുകളും നക്ഷത്രഹോട്ടലുകളും നിര്‍മ്മിച്ചായി. അവിഭക്തകമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കാലം മുതലെ പാര്‍ട്ടി അംഗമായിരുന്നവരിലും അടിയന്തിരാവസ്ഥകാലഘട്ടം വരെ സി പി ഐ എമ്മില്‍ അംഗത്വമെടുത്തവരിലും ഈ പുതിയ സാഹചര്യം വീര്‍പ്പുമുട്ടലുണ്ടാക്കുകയാണ്‌. ഒരു തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ട്ടിക്ക്‌ എങ്ങിനെ ഇത്തരത്തില്‍ മാറാന്‍ കഴിയുന്നു എന്നത്‌ അവരെ വിസ്‌മയപ്പെടുത്തുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്‌ തുറന്നിട്ട ജാലകങ്ങളിലൂടെയായിരുന്നു ഈ വിഷക്കാറ്റ്‌ പാര്‍ട്ടിക്കുള്ളിലേക്ക്‌ പ്രവേശിച്ചത്‌.

കേരളത്തിലെ പാര്‍ട്ടിയെക്കാള്‍ ഇത്‌ കൂടുതല്‍ ബാധിച്ചത്‌ ബംഗാള്‍ ഘടകത്തെയായിരുന്നു. കേന്ദ്രത്തില്‍ ആര്‌ ഭരണകക്ഷിയായാലും അതിനുകീഴില്‍ പാര്‍ട്ടിക്ക്‌ പശ്ചിമബംഗാളില്‍ സുസ്ഥിരമായ ഭരണം കയ്യാളാന്‍ കഴിയുക എന്ന ഏക അജണ്ടയായിരുന്നു ബംഗാള്‍ ഘടകം മുറുകെപിടിച്ചിരുന്നത്‌. കേന്ദ്രത്തില്‍ മൊറാര്‍ജിദേശായിയുടെ മന്ത്രിസഭക്കുള്ള പിന്തുണപിന്‍വലിച്ചതില്‍ , വി പി സിംഗ്‌ മന്ത്രിസഭയെ സംഘപരിവാര്‍ പിന്തുണയോടെ നിലനിര്‍ത്തുന്നതില്‍ , ദേവഗൗഡ മന്ത്രിസഭയെ കോണ്‍ഗ്രസിന്റെ പിന്തുണതേടി നിലനിര്‍ത്തുന്നതില്‍ , ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ , മന്‍മോഹന്‍സിങിന്റെ പ്രഥമ യു പി എ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുന്നതില്‍ , സോമനാഥ്‌ ചാറ്റര്‍ജിയെ ലോക്‌സഭാ സ്‌പീക്കറായി തുടരാന്‍ അനുവദിക്കുന്നതില്‍ എല്ലാം തന്നെ കേരള ഘടകത്തില്‍ നിന്ന്‌ ഭിന്നമായ സമീപനമായിരുന്നു ബംഗാള്‍ ഘടകത്തിലെ പ്രബലവിഭാഗത്തിനുണ്ടായിരുന്നത്‌. പാര്‍ട്ടി കോണ്‍ഗ്രസുകളോ കേന്ദ്രകമ്മിറ്റിയോ അതാതുകാലത്തു കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക്‌ ബംഗാള്‍ ഘടകം അന്തിമമായി കീഴടങ്ങിയിരുന്നെങ്കിലും ബംഗാളില്‍ പാര്‍ട്ടിയുടെ കൈവശമുള്ള ഭരണം സംരക്ഷിക്കുക എന്നതിലായിരുന്നു ഊന്നല്‍ . എന്നാല്‍ കേരളഘടകം ഈ തര്‍ക്കവിഷയങ്ങളിലെല്ലാം യഥാര്‍ഥ മാര്‍ക്‌സിസ്റ്റ്‌ ലെനിനിസ്റ്റ്‌ തത്വങ്ങള്‍ മുറുകെ പിടിച്ചുള്ള നിലപാടുകളായിരുന്നു സ്വീകരിച്ചത്‌. ഈ രാഷ്‌ട്രീയപ്രബുദ്ധത കൊണ്ടാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിലും കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പു തോല്‍വികളില്‍ വന്‍അന്തരം കാണുന്നത്‌. പാര്‍ട്ടിസ്ഥാനാര്‍ഥികളുടെ ബംഗാളിലെ തോല്‍വിയില്‍ വോട്ട്‌ കുത്തി ഒലിച്ചുപോകുകയാണ്‌. കേരളത്തില്‍ അങ്ങിനെയല്ല. തെരഞ്ഞെടുപ്പില്‍ തോറ്റാലും പാര്‍ട്ടിയുടെ അടിത്തറ ഇളകുന്നില്ല.

ദേശീയ നയങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ കേരളഘടകം മികവു പുലര്‍ത്തുമ്പോഴും കേരളത്തിനുള്ളിലെ രാഷ്‌ട്രീയനയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സമീപകാലത്തുണ്ടായനയവ്യതിയാനങ്ങളാണ്‌ ജനങ്ങളില്‍ നിന്നകറ്റിയത്‌. സാമ്രാജ്യത്വധനകാര്യസ്ഥാപനങ്ങളില്‍ നിന്ന്‌ അവരുടെ ഉപാധികള്‍ക്ക്‌ കീഴടങ്ങി വായ്‌പ എടുക്കല്‍ , അബ്‌ദുനാസര്‍ മഅ്‌ദനിയെ എല്‍ ഡി എഫിന്റെ ഭാഗമാക്കാനുള്ള നീക്കം, ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണനിയമം അസാധുവാക്കാനുള്ള ശ്രമം, ഇതെല്ലാമാണ്‌ പാര്‍ട്ടിയെ ജനങ്ങളുടെ വെറുപ്പിനിടയാക്കിയത്‌. ഇതോടൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ്‌ സ്വത്ത്‌ സമ്പാദനത്തിനുള്ള പാര്‍ട്ടിനേതാക്കളുടെ ആക്രാന്തം. ഈ നയവ്യതിയാനങ്ങളുടെയും സ്വത്ത്‌ സമ്പാദന അത്യാര്‍ത്തിയുടെയും പിന്നിലെ ചാലകശക്തി, `കണ്ണൂര്‍ ഗാങ്‌' ആണെന്നത്‌ നിസ്‌തര്‍ക്കമാണ്‌.

സി പി ഐ എമ്മിനെ ഇപ്പോള്‍ ഗ്രസിച്ചിരിക്കുന്ന ജീര്‍ണതയിലേക്ക്‌ തള്ളിവിട്ട കാലഘട്ടം ഏതെന്ന ചോദ്യത്തിന്‌ ഒറ്റ ഉത്തരമേയുള്ളൂ. ഏറ്റവും ഒടുവിലത്തെ ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലഘട്ടം(1996-2001). നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നിട്ടും ഒരുവട്ടം കൂടി മുഖ്യമന്ത്രിയാകാനുള്ള ഇ കെ നായനാരുടെ ആര്‍ത്തി ചൂഷണം ചെയ്‌ത്‌ `കണ്ണൂര്‍ ഗാങ്‌' നടത്തിയ കളിയുടെ താല്‌ക്കാലിക വിജയമാണ്‌ പാര്‍ട്ടിയെ ഇന്നത്തെ പതനത്തിലെത്തിച്ചത്‌. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കസേരയില്‍ സൂപ്പര്‍ മുഖ്യമന്ത്രിയായി പി ശശിയെ പ്രതിഷ്‌ഠിച്ചത്‌ എത്ര ദീര്‍ഘവീക്ഷണത്തോടെയായിരുന്നു എന്ന്‌ പില്‌ക്കാലത്ത്‌ പുറത്തുവന്ന ഓരോ വിവാദങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

വ്യാജമദ്യരാജാവായ മണിച്ചനില്‍ നിന്നുള്ള ലക്ഷങ്ങളുടെ മാസപ്പടി, പ്രമുഖര്‍പങ്കാളികളായ പെണ്‍വാണിഭകേസുകള്‍ തേച്ചുമായ്‌ക്കല്‍ , സ്‌പിരിറ്റ്‌ മാഫിയകളുടെ പരസ്യമായ വിളയാട്ടം, സഹകരണമാഫിയയ്‌ക്ക്‌ തുടക്കമിട്ട റബ്‌കോയുടെ രംഗപ്രവേശം, വിവാദ കമ്പനിയായ കൊക്കോകോളയെ കേരളത്തില്‍ കുടിയിരുത്തല്‍ , കള്ളപ്പണക്കാരില്‍ നിന്നും പാര്‍ട്ടി സ്ഥാപനങ്ങളിലേക്കും പാര്‍ട്ടി നേതാക്കളിലേക്കുമുള്ള കോടികളുടെ ഒഴുക്ക്‌, ഒരു കോടി രൂപ ചെലവിട്ട്‌ എ കെ ജി സെന്ററില്‍ ആഡിറ്റോറിയം നിര്‍മിച്ചതില്‍ , ഇന്ത്യയിലെ പ്രഥമ പാര്‍ട്ടി ചാനലായ കൈരളിയുടെ ഉദയം, ലാവലിന്‍ കുംഭകോണം ഇതെല്ലാം അരങ്ങേറിയത്‌ നായനാര്‍ മന്ത്രിസഭയുടെ (1996-2001) കാലഘട്ടത്തിലായിരുന്നു. ഇതിലെല്ലാം വില്ലന്‍മാര്‍ `കണ്ണൂര്‍ ഗാങ്‌' ആയിരുന്നു. ഈ കാലഘട്ടത്തില്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ കസേരയില്‍ പിണറായി വിജയന്‍ കൂടി കയറിപ്പറ്റിയതോടെ കണ്ണൂര്‍ ഗാങ്‌ പ്രബലരായി. അഞ്ചുവര്‍ഷം കഴിഞ്ഞുള്ള നിയമസഭാ പൊതു തെരഞ്ഞെടുപ്പില്‍ (2001) ഇടതുഭരണം അധികാരത്തില്‍ തിരിച്ചുവരാത്തവിധം ജനങ്ങളെ ആ മന്ത്രിസഭക്കെതിരെ തിരിച്ചുവിടാന്‍ സൂപ്പര്‍ മുഖ്യമന്ത്രി കസേരയിലിരുന്ന പി ശശിക്ക്‌ കഴിഞ്ഞു. അതേ ശശി, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ കസേരയിലിരുന്ന്‌ കൊണ്ടാണ്‌ കണ്ണൂരിലെ പാര്‍ട്ടിയെ ഓരോ തെരഞ്ഞെടുപ്പിലും തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്‌. സി പി ഐ എം മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ വലിയൊരുവിഭാഗം പ്രതിനിധികള്‍ ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന്‌ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ടിട്ടും പിണറായി വിജയന്‍ അതിന്‌ വഴങ്ങിയില്ല. ആ സമ്മേളനത്തില്‍ ഏറ്റവും കുറച്ച്‌ വോട്ട്‌ മാത്രം വാങ്ങിയവരില്‍ ഒരാള്‍ ശശിയായിരുന്നു.

കേരളത്തിലെ സി പി ഐ എം ബിസിനസ്സ്‌ രാഷ്‌ട്രീയത്തിന്റെ (മൂലധന രാഷ്‌ട്രീയത്തിന്റെ) ഭാഗമായത്‌ ഏറ്റവും ഒടുവിലത്തെ നായനാര്‍ മന്ത്രിസഭയുടെ കാലം മുതലാണ്‌. പാര്‍ട്ടി പിളര്‍ന്ന കാലം മുതല്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുപോകുന്ന കാലം വരെ സി പി ഐ എമ്മിന്റെ ഏറ്റവും വലിയ ഫണ്ട്‌ റൈസര്‍ കെ ആര്‍ ഗൗരിയമ്മയായിരുന്നുവല്ലോ. സുതാര്യമായിരുന്നു ഗൗരിയമ്മയുടെ ഫണ്ട്‌ സമാഹരണം. ഏറെ വീരപരിവേഷം ഉണ്ടായിട്ടും ഗൗരിയമ്മയ്‌ക്ക്‌ ഒരു വ്യവസായിയില്‍ നിന്ന്‌ പരമാവധി സമാഹരിക്കാന്‍ കഴിയുമായിരുന്ന തുക ഏതാനും ആയിരങ്ങള്‍ മാത്രമായിരുന്നു. ഏറിയാല്‍ അമ്പതിനായിരം. എന്നാല്‍ ഇന്ന്‌ ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തിനുപോലും ഇതിന്റെ എത്രയോ ഇരട്ടി അനായാസം സമാഹരിക്കാന്‍ കഴിയും.

പാര്‍ട്ടിയുടെ ചരിത്രത്തില്‍ എണ്‍പതുകള്‍ വരെ ഏറ്റവും വലിയ ഫണ്ട്‌ സമാഹരണം നടന്നത്‌ തിരുവനന്തപുരത്ത്‌ എ കെ ജി സെന്റര്‍ നിര്‍മ്മാണത്തിനായിരുന്നു. എ കെ ജി സെന്റര്‍ നിര്‍മാണത്തിന്‌ തുടക്കത്തില്‍ ചെലവായ 28 ലക്ഷം രൂപയും ജനങ്ങളില്‍ നിന്നു സമാഹരിച്ചതാണ്‌. അതു തീര്‍ത്തും സുതാര്യമായിരുന്നു. എ കെ ജിയുടെ സ്‌മാരകമായി ഒരു പഠനഗവേഷണകേന്ദ്രം ഉയര്‍ത്തുക എന്നത്‌ ജനങ്ങളുടെയ അഭിലാഷമായിരുന്നു. എ കെ ജി സെന്റര്‍ ഉയര്‍ന്നു കഴിഞ്ഞപ്പോഴേക്കും അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിസ്‌മരിച്ചു. പഠനഗവേഷണം എന്നത്‌ സെന്ററിന്റെ അടിത്തട്ടിലെ നിലയില്‍ പത്രമാസികകള്‍ ചുരുട്ടി വെക്കുന്ന പ്രവര്‍ത്തനമായി ഒതുങ്ങി. ഒരു കോടി രൂപ ചെലവിട്ട്‌ എ കെ ജി സെന്ററില്‍ നിര്‍മിച്ച എയര്‍ കണ്ടീഷന്‍ഡ്‌ ആഡിറ്റോറിയം മുതല്‍ ഈ കെട്ടിട സമുച്ചയത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ സംസ്ഥാന കമ്മിറ്റി യോഗം ചേരാന്‍ ഏതാനും മാസം മുമ്പ്‌ നിര്‍മിച്ച എയര്‍ കണ്ടീഷന്‍ഡ്‌ ഹാള്‍ വരെ എ കെ ജിയുടെ സല്‍പ്പേരിന്‌ കളങ്കം ചാര്‍ത്തുകയാണ്‌. ഇനി സംസ്ഥാന സെക്രട്ടറിയുടെയും സെക്രട്ടറിയേറ്റ്‌ അംഗങ്ങളുടെയും മുറികളായിരിക്കും ശീതികരിക്കുക. ഇന്ത്യയില്‍ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിക്കും ഇത്രയേറെ കോടികള്‍ ചെലവിട്ട പാര്‍ട്ടി ആഫീസില്ല.

എറണാകുളത്ത്‌ കലൂരില്‍ പണിത ലെനിന്‍ സെന്റര്‍ , കോണ്‍ക്രീറ്റ്‌ സംസ്‌കാരം പാര്‍ട്ടിയെ ആവേശിച്ചതിന്റെ മറ്റൊരു പ്രതീകമാണ്‌. ലെനിന്‍ സെന്ററിനെ വെല്ലുന്ന കെട്ടിട സമുച്ചയം കളമശ്ശേരിയില്‍ പണിയാന്‍ നീക്കമുണ്ടായെങ്കിലും പൊളിറ്റ്‌ ബ്യൂറോ ഇടപെട്ടു തടഞ്ഞു. ലെനിന്‍ സെന്ററിന്റെ താഴത്തെ നില ഒരു വന്‍കിട വ്യവസായസ്ഥാപനത്തിന്‌ തുടക്കം മുതലെ വാടകക്കു നല്‌കിയിരിക്കുകയാണ്‌. ഇതേ മാതൃകയില്‍ വാടകയിലൂടെ വരുമാനമുണ്ടാക്കാനുള്ള കെട്ടിട സമുച്ചയത്തിനായിരുന്നു കളമേശ്ശരിയില്‍ പദ്ധതി ആസൂത്രണം ചെയ്‌തത്‌. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന പരാതി കണക്കിലെടുത്താണ്‌ അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത്ത്‌ കെട്ടിടങ്ങള്‍ നിര്‍മിച്ച്‌ വാടകക്കു നല്‌കുന്ന പ്രവണത പ്രോത്സാഹിപ്പിക്കാനാവില്ലന്ന നിലപാട്‌ സ്വീകരിച്ചത്‌. എന്നാല്‍ ഈ നിരോധനം മൂന്നാറിലെ പാര്‍ട്ടിസ്ഥലം നക്ഷത്രഹോട്ടല്‍ പണിയാന്‍ പാട്ടത്തിനു കൊടുക്കുന്നതില്‍ തടസ്സമായില്ല എന്നതും ശ്രദ്ധേയമാണ്‌. കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളിലെ പാര്‍ട്ടി ആഫീസുകള്‍ എല്ലാം ലക്ഷക്കണക്കിന്‌ രൂപ (ചിലയിടങ്ങളില്‍ അത്‌ കോടിയും) ധൂര്‍ത്തടിച്ചാണ്‌ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ മോടിപ്പിടിപ്പിച്ചത്‌. തൊഴിലാളിവര്‍ഗപാര്‍ട്ടി ആഫീസുകളെക്കുറിച്ചുള്ള സങ്കല്‌പങ്ങളാകെ പൊളിച്ചെഴുതിയതിനു പിന്നില്‍ കണ്ണൂര്‍ ഗാങ്‌' ആണ്‌. അതിന്റെ എക്കാലത്തെയും കൊടിയടയാളമാണ്‌ പുനര്‍നിര്‍മ്മിച്ച എ കെ ജി സെന്റര്‍ .

പാര്‍ട്ടി ആസ്ഥാനങ്ങള്‍ മുന്‍കാലങ്ങളില്‍ നിര്‍മിച്ചിരുന്നത്‌ പാര്‍ട്ടി നേരിട്ടു തന്നെയായിരുന്നു. 28 ലക്ഷം രൂപ മുതല്‍ മുടക്കിയ എ കെ ജി സെന്റര്‍ നിര്‍മിച്ചതു പോലും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നിയോഗിച്ച കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു. പാര്‍ട്ടി പത്രത്തിന്റെ രണ്ടാമത്തെ എഡിഷന്‌ എറണാകുളത്ത്‌ കലൂരില്‍ കെട്ടിടം നിര്‍മിച്ചത്‌ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ സമീപകാലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മിക്കതും മുന്തിയ കണ്‍സ്‌ട്രക്ഷന്‍ കോണ്‍ട്രാക്‌റ്റര്‍മാരാണ്‌ നടത്തുന്നത്‌. തെരുവിലെ ചുമരെഴുത്തുകള്‍ക്ക്‌ കരാര്‍ കൊടുക്കുന്നതുപോലെയും പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഫാഷന്‍ പരേഡും മറ്റും നടത്തുന്ന ഈവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പുകളെ ചുമതലപ്പെടുത്തുന്നതു പോലെയുമാണ്‌ പാര്‍ട്ടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കരാറുകാരെ ഏല്‌പിക്കുന്ന പുതിയ പ്രവണത.

ഹോട്ടലുകളും വന്‍കിട ആശുപത്രികളും നിര്‍മിക്കുന്നതുപോലെയുമാണ്‌ പാര്‍ട്ടി ആസ്ഥാനങ്ങളുടെയും പാര്‍ട്ടി ഗസ്റ്റ്‌ ഹൗസുകളുടെയും നിര്‍മാണം. തിരുവനന്തപുരത്ത്‌ എ കെ ജി സെന്ററിനു അഭിമുഖമായുള്ള കൂറ്റന്‍ താമസകേന്ദ്രം പണിഞ്ഞത്‌ തലസ്ഥാനത്തെ പ്രമുഖ കോണ്‍ട്രാക്‌റ്റ്‌ കമ്പനിയാണ്‌. സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ രണ്ടോ മൂന്നോ പേര്‍ മാത്രം തങ്ങുന്ന ഈ കൂറ്റന്‍ ബഹുനില മന്ദിരത്തിന്റെ നിര്‍മാണത്തിന്‌ ഒരു കോടിയിലേറെ രൂപയാണ്‌ ചെലവിട്ടത്‌. ഇതില്‍ ചില മുറികള്‍ എയര്‍കണ്ടീഷന്‍ഡ്‌ സൗകര്യമുള്ളവയുമാണ്‌.

(കടപ്പാട്: ജനശക്തി)

No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com