Thursday, December 3, 2009

കണ്ണൂര്‍ ഗാങ്;സി.പി.എമ്മിലെ അര്‍ബുദം

ജനശക്തിയില്‍ കെ.എസ്.ഹരിഹരന്‍ എഴുതിയ ലേഖനം.

കേരളത്തിലെ സിപിഐഎം നേതൃത്വത്തിലെ അധീശ ശക്തിയെന്ന നിലയിലാണ്‌ കണ്ണൂര്‍ ഗാങ്‌ പേരെടുത്തത്‌. പൊളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ , മറ്റൊരു പൊളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാന ആഭ്യന്തര-ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ , കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇ പി ജയരാജന്‍ , പി കെ ശ്രീമതി സംസ്ഥാന സമിതി അംഗങ്ങളായ പി ജയരാജന്‍ , എം വി ജയരാജന്‍ , പി ശശി, കെ പി സഹദേവന്‍ തുടങ്ങിയവരാണ്‌ ഗാങിലെ പ്രമാണിമാര്‍ , പ്രകാശന്‍ മാസ്റ്റര്‍ എം എല്‍എ, ശൈലജടീച്ചര്‍ എം എല്‍ എ, സി കെ പി പത്മനാഭന്‍ എം എല്‍ എ തുടങ്ങിയവരൊക്കെ കണ്ണൂര്‍ ഗാങിന്റെ ഓരം ചാരി നില്‍ക്കുന്നവരാണെങ്കിലും പൂര്‍ണ്ണമായും കണ്ണൂര്‍ ഗാങിന്‌ സ്വീകാര്യരല്ല. കണ്ണൂര്‍ ജില്ലാക്കമ്മറ്റി അംഗം മാത്രമായ സഹകാരി ഇ നാരായണനാണ്‌ ഗാങിന്റെ മാനേജര്‍ . നേതാക്കളുടെ വീടു നിര്‍മ്മാണം, കുടുംബാംഗങ്ങളുടെ കല്യാണ നിശ്ചയം, വിവാഹങ്ങളിലെ മുഖ്യകര്‍മ്മി, സഹകരണമേഖലയില്‍ സിപിഐഎംന്റെ നിതാന്തശത്രുവായ എം വി രാഘവനുമായുള്ള ബന്ധം നിലനിര്‍ത്താനുള്ള പാലമായി പ്രവര്‍ത്തിക്കല്‍ തുടങ്ങിയ ഭാരിച്ച ചുമതലകളുള്ള ഇ നാരായണന്‍ ഇപ്പോള്‍ പിണറായി വിജയന്റെ മകന്റെ കല്യാണം വിജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്‌.

ബഹുജനസംഘടനാ രംഗത്ത്‌ പ്രബലരാണെന്ന്‌ അഭിനയിക്കുന്ന ടി വി രാജേഷ്‌, എ എന്‍ ഷംസീര്‍ തുടങ്ങിയ ചിന്ന വേഷങ്ങളും പരാമര്‍ശിക്കപ്പെടേണ്ടവര്‍ തന്നെ. ദേശാഭിമാനിയിലും കൈരളിയിലും വിവിധ ബഹുജനസംഘടനാരംഗത്തുമൊക്കെ ഈ ഗാങിനുവേണ്ടി ആഭിചാരക്രിയ ഏറ്റെടുത്തു നടത്തുന്നവരുടെ നീണ്ട നിരയുമുണ്ട്‌. സിപിഐഎമ്മിനെ ജനങ്ങള്‍ക്കിടയില്‍ അപഹാസ്യരാക്കുന്നതില്‍ നിര്‍ണ്ണായക സംഭാവന നല്‍കുന്ന കണ്ണൂര്‍ ഗാങിന്റെ ഏറ്റവും വലിയ മൂലധനം എന്തും ചെയ്യാനുള്ള സന്നദ്ധതയാണ്‌. തങ്ങളാഗ്രഹിക്കുന്നത്‌ ഏതു വഴിയിലൂടെയും നേടിയെടുക്കാനുള്ള ശേഷിയാണ്‌ ഈ ഗാങിനെ നിലനിര്‍ത്തുന്ന ഘടകം. ജനാധിപത്യ മൂല്യമോ രാഷ്‌ട്രീയ ധാര്‍മ്മികതയോ, സത്യസന്ധതയോ ഒന്നും വിലവെക്കാത്ത ഈ പ്രവൃത്തിക്ക്‌ `പാര്‍ട്ടിക്കുവേണ്ടിയുള്ള ത്യാഗം' എന്ന ചെല്ലപ്പേരുമുണ്ട്‌. ചെയ്യുന്നതൊക്കെ പാര്‍ട്ടിക്കുവേണ്ടി എന്നാണ്‌ അവകാശവാദം. പാര്‍ട്ടിയെന്നാല്‍ പാര്‍ട്ടി സെക്രട്ടറിയും ഉപഗ്രഹങ്ങളും എന്നതാണ്‌ നില. കണ്ണൂരിലെ സാധാരണ മനുഷ്യരുടെ പാര്‍ട്ടി ഭക്തിയെ മറയാക്കി എങ്ങനെ കച്ചവടം കൊഴുപ്പിക്കാം എന്നാണ്‌ ഗാങിന്റെ ചിന്ത. പണവും അധികാരവുമാണ്‌ ഗാങിന്റെ ലഹരി. അതിനുള്ള വഴി എങ്ങനെയും ഗാങ്‌ കണ്ടെത്തും.

കണ്ണൂരിലെ സിപിഐഎം നേതാക്കളെ സംബന്ധിച്ചിടത്തോളം ഈ ഗാങിനെ എതിര്‍ക്കുകയോ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയോ ചെയ്യുന്നത്‌ ആത്മഹത്യാപരമാണ്‌. ഒ ഭരതന്‍ , സി കണ്ണന്‍ , പാച്ചേനി കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ അനുഭവം കണ്‍മുന്നിലുണ്ട്‌. മികച്ച കേഡര്‍മാരായിരുന്നിട്ടും പ്രവര്‍ത്തന പാരമ്പര്യമുണ്ടായിരുന്നിട്ടും രാഷ്‌ട്രീയ ജീവിതത്തിന്റെ ഒടുവില്‍ വെറും നോക്കുകുത്തികളായി അവസാനിക്കേണ്ടിവന്നവരാണവര്‍ . കെ പി മമ്മു മാസ്റ്റര്‍ , ജെയിംസ്‌ മാത്യു തുടങ്ങിയവര്‍ നേതൃപാടവം പ്രകടിപ്പിച്ചവരാണെങ്കിലും ഗാങിന്റെ അപ്രീതിക്കിരയായതിനാല്‍ നിശ്ശബ്‌ദരായി മൂലക്കൊതുങ്ങിയവരാണ്‌. ഇന്നത്തെ നിലയില്‍ സിപിഐഎം സൈദ്ധാന്തികനായി പോലും വളരാന്‍ ശേഷിയുള്ള എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗമാണെങ്കിലും ഇ പി ജയരാജനൊപ്പം പ്രാമാണ്യം നേടാന്‍ കഴിയാതെ പോയയാളാണ്‌. ഇ പി ജയരാജനെപ്പോലെ എന്തും വെട്ടിവിഴുങ്ങാന്‍ സന്നദ്ധനല്ലാത്തതു തന്നെ കാരണം. കെ കെ ശൈലജടീച്ചര്‍ കൂത്തുപറമ്പില്‍ നിന്ന്‌ എം എല്‍ എ ആയ കാലത്ത്‌ പി ജയരാജന്റെ രോഷം നന്നായി അനുഭവിച്ചറിഞ്ഞതാണ്‌. സി കെ പി പത്മനാഭനും ശൈലജടീച്ചറും പ്രബലമായ രണ്ട്‌ ബഹുജനസംഘടനകളുടെ സംസ്ഥാന നേതാക്കളാണെങ്കിലും കണ്ണൂരില്‍ അവരുടെ സ്ഥാനം പാര്‍ട്ടിയുടെ മുന്‍നിരയിലല്ല. തങ്ങള്‍ക്ക്‌ ഭാവിയില്‍ ഭീഷണിയായി വരാനിടയുള്ള ഏതൊരാളെയും കണ്ണൂര്‍ ഗാങ്‌ ഒതുക്കും.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വേലിയേറ്റ കാലത്താണ്‌ കണ്ണൂര്‍ ആവേശം ജനിപ്പിക്കുന്ന പദമായി കേരളത്തിലെങ്ങും സംസ്ഥാനത്തിനു പുറത്തുപോലും പ്രചാരം നേടിയത്‌. സമരോത്സുകമായ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തനത്തിന്റെ പര്യായമെന്ന നിലയ്‌ക്കും ധീരരും ത്യാഗികളുമായ സഖാക്കളുടെ കേന്ദ്രമെന്ന നിലയ്‌ക്കുമാണ്‌ കണ്ണൂര്‍ അറിയപ്പെട്ടത്‌. കണ്ണൂരില്‍ നിന്നുള്ള സഖാക്കള്‍ക്ക്‌ എവിടെയും ആദരവും സ്‌നേഹവും ലഭിച്ചു. പക്ഷേ ഇപ്പോഴോ? ഇപ്പോള്‍ കണ്ണൂര്‍ ആവേശം ജനിപ്പിക്കുന്ന ഒരു പേരല്ല. കച്ചവട രാഷ്‌ട്രീയത്തിന്റെയും അഴിമതിയുടെയും അഹന്ത നിറഞ്ഞ പെരുമാറ്റത്തിന്റെയും നാറുന്ന ദല്ലാള്‍പ്പണിയുടെയും അധാര്‍മ്മിക ജീവിതത്തിന്റെയും ചുരുക്കപ്പേരായി കേരളത്തിലാകെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വേലിയിറക്കത്തിന്‌ കണ്ണൂര്‍ ഗാങ്‌ നേതൃത്വം നല്‍കുന്നു. ഇന്ന്‌ കണ്ണൂര്‍ അപഹാസ്യമായ രാഷ്‌ട്രീയ പ്രയോഗങ്ങളുടെ ഒരിടമായി തരംതാണിരിക്കുന്നു. ഈ നേതാക്കളുടെ വരും തലമുറപോലും ജീര്‍ണ്ണിച്ചു കഴിഞ്ഞതിന്റെ ദൃഷ്‌ടാന്തങ്ങള്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്‌. നക്ഷത്രവേശ്യകളുമായുള്ള സൗഹൃദവും ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ആത്മബന്ധവും ബോംബും പേറിയുള്ള പാതിരായാത്രയുമൊക്കെയായി `വിത്തുഗുണം പത്തു ഗുണമെന്ന' നിലയ്‌ക്കാണ്‌ അവരുടെ വരവ്‌.

മുമ്പൊക്കെ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ പാര്‍ട്ടിയാണ്‌ സര്‍വ്വസ്വവും. പാര്‍ട്ടിക്കുവേണ്ടി മരിയ്‌ക്കുന്നതും കൊല്ലുന്നതും ശരിയെന്നു കരുതുന്നവരാണവര്‍. ഒരുതരം പ്രാകൃതമായ ഗോത്രപ്പോര്‌ അവരുടെ ചോരയില്‍ കലര്‍ത്തിവിടാന്‍ കഴിഞ്ഞിടത്താണ്‌ കണ്ണൂര്‍ ഗാങിന്റെ വിജയം. പാര്‍ട്ടിക്ക്‌ തെറ്റുപറ്റില്ല എന്ന ധാരണ സൃഷ്‌ടിക്കാനും പാര്‍ട്ടി അച്ചടക്കം പരമപ്രധാനമാണെന്ന്‌ അണികളെ ബോധ്യപ്പെടുത്താനും സദാ കണ്ണൂര്‍ ഗാങ്‌ പരിശ്രമിക്കാറുണ്ട്‌. ഈ ``പാര്‍ട്ടി വികാര'' മാണ്‌ നേതൃത്വം വിറ്റ്‌ കാശാക്കുന്നത്‌.

കണ്ണൂര്‍ ഗാങിന്റെ രണ്ടാമത്തെ വിജയം പാര്‍ട്ടി സഖാക്കളെ സഹകരണ സ്ഥാപനങ്ങളുമായി കെട്ടിയിടുന്നതിലാണ്‌. സഹകരണ സ്ഥാപനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന പ്രതീതി സൃഷ്‌ടിച്ച്‌ പണം ചോര്‍ത്തുകയാണ്‌ നേതൃത്വത്തിന്റെ കൗശലം. സഹകരണ ബാങ്കുകളില്‍ ജോലി നല്‍കി പാര്‍ട്ടി നേതൃത്വത്തിന്‌ ഓശാന പാടാനുള്ള അടിമകളെ സൃഷ്‌ടിക്കുക മാത്രമല്ല ദരിദ്രരായ മനുഷ്യരെ വായ്‌പയുടെ പേരില്‍ വിധേയത്വമുള്ളവരാക്കി നിലനിര്‍ത്താനും സഹകരണ സ്ഥാപനങ്ങളിലൂടെ സാധിക്കും. അതുകൊണ്ടു തന്നെ സഹകരണമേഖലയാണ്‌ പാര്‍ട്ടിയുടെ കറവപ്പശു. സഹകരണബാങ്കുകളുടെ കെട്ടിടനിര്‍മ്മാണം, വായ്‌പയിലൂടെ പണം ചോര്‍ത്തല്‍ എന്നീ ധനാഗമ മാര്‍ഗ്ഗങ്ങള്‍ക്കു പുറമെ ബാങ്കിന്റെ കാറും മറ്റു സൗകര്യങ്ങളുമുപയോഗിച്ച്‌ വിവിധ തട്ടുകളിലെ നേതാക്കളെ ഒപ്പം നിര്‍ത്താനും സാധിക്കും. സഹകരണ സ്ഥാപനങ്ങളേക്കാള്‍ ഭംഗിയായി ഇക്കാര്യം സാധിച്ചെടുക്കാനുള്ള വഴിയായാണ്‌ വിസ്‌മയപാര്‍ക്ക്‌ അടക്കമുളള പുത്തന്‍ നിര സ്ഥാപനങ്ങള്‍ സമീപകാലത്ത്‌ കണ്ണൂരില്‍ തലപൊക്കുന്നത്‌. എ കെ ജി ആശുപത്രി പരിയാരം മെഡിക്കല്‍ കോളേജ്‌ അടക്കമുള്ള ആശുപത്രികളും നിരവധി വ്യാപാരസ്ഥാപനങ്ങളിലെ പങ്കാളിത്തവുമൊക്കെ ഇപ്പോള്‍ കണ്ണൂര്‍ ഗാങിന്‌ പണം കൊയ്‌തെടുക്കാന്‍ തുണയാകുന്നു.

സാമ്പത്തിക ജീവിതത്തിലെ അധാര്‍മ്മികതയേക്കാള്‍ ഭയാനകമാണ്‌ കണ്ണൂര്‍ ഗാങിന്റെ മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തികള്‍ . പാര്‍ട്ടിയെ സംരക്ഷിക്കാനെന്ന പേരില്‍ രൂപപ്പെടുത്തിയിട്ടുള്ള കൊലപാതകസംഘങ്ങളെ ഉപയോഗിച്ച്‌ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ മൂടിവെക്കാനുള്ള വഴിയാണ്‌. രക്തദാഹികളായ നേതൃസംഘം ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ചാണ്‌ വിമര്‍ശകരെ വകവരുത്തുന്നതും വരുതിക്കു നിര്‍ത്തുന്നതും. പാര്‍ട്ടിയോട്‌ ഇടഞ്ഞാല്‍ മരണമോ അംഗവൈകല്യമോ കേസില്‍ പ്രതിചേര്‍ക്കലോ ഉറപ്പാണ്‌. കണ്ണൂരില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നാലേ കണ്ണൂര്‍ ഗാങിന്റെ ചോരക്കൊതിയും പ്രതികാരവാഞ്‌ഛയും എത്രയെന്ന്‌ വെളിപ്പെടുകയുള്ളു. ഇക്കാര്യത്തില്‍ കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരെപ്പോലും ഭയപ്പെടുത്തി നിഷ്‌ക്രിയരാക്കുന്നതില്‍ കണ്ണൂര്‍ ഗാങ്‌ വിജയിച്ചിട്ടുണ്ട്‌. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുന്ന കണ്ണൂര്‍ ഗാങ്‌ തങ്ങളുടെ വിമര്‍ശകരുടെ ചോരകണ്ടേ അടങ്ങുകയുള്ളു. ഓരോ പ്രദേശത്തും പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയും ആസൂത്രണത്തോടെയും നടക്കുന്ന ആക്രമണങ്ങള്‍ ഈ ലക്ഷ്യം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌. പാര്‍ട്ടിയെയാകെ ക്രിമിനല്‍വല്‍ക്കരിക്കുകയാണ്‌ ഇതിലൂടെ സംഭവിച്ചത്‌.

`ഭയമാണ്‌ ' കണ്ണൂര്‍ നേതൃത്വത്തിന്റെ വിജയരഹസ്യം, എപ്പോഴും ശത്രുക്കള്‍ പ്രസ്ഥാനത്തെ ആക്രമിക്കാന്‍ ഒരുക്കം നടത്തുന്നു എന്ന തോന്നല്‍ ജനിപ്പിച്ച്‌ അണികളെ ഭയചകിതരാക്കുക. ഈ സ്ഥിതിക്ക്‌ സാധൂകരണം നല്‍കാന്‍ മനഃപൂര്‍വ്വം ആക്രമണങ്ങള്‍ സംഘടിപ്പിക്കുക. മറ്റു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെല്ലാം സിപിഐഎമ്മിനെ വേട്ടയാടാന്‍ കാത്തു നില്‍ക്കുന്നു എന്ന്‌ സദാ പ്രചരിപ്പിക്കുക. യാതൊരു വിമര്‍ശനവും പാര്‍ട്ടിക്കകത്തും പുറത്തും ഉയര്‍ന്നു വരാതെ നോക്കുക. ഈ പരിതഃസ്ഥിതി നിലനിര്‍ത്തി കോടികള്‍ സമ്പാദിക്കുകയും ആര്‍ഭാടങ്ങളില്‍ ആമഗ്നരാകുകയും ചെയ്യുക. ഈ നിലയിലാണ്‌ കണ്ണൂര്‍ ഗാങിന്റെ രാഷ്‌ട്രീയപ്രവര്‍ത്തനം പുരോഗമിക്കുന്നത്‌. അതിപ്പോള്‍ കണ്ണൂരിന്റെ അതിര്‍ത്തികളും കടന്ന്‌ ഇതര ജില്ലകളിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നു. എല്ലാ ജില്ലകളിലേയും പാര്‍ട്ടി നേതൃത്വം കണ്ണൂര്‍ ഗാങിന്റെ ചെറിയ പതിപ്പുകളായി അധഃപതിച്ചിരിക്കുന്നു. തൃശ്ശൂരിലും എറണാകുളത്തും കോട്ടയത്തും തിരുവനന്തപുരത്തുമൊക്കെ കൊച്ചു കൊച്ചു പിണറായിമാരും ജയരാജന്മാരും വളര്‍ന്നു വന്നിരിക്കുന്നു. മസില്‍ പവറും മണിപവറും ഒരേപോലെ ഉപയോഗിച്ച്‌ ഫാസിസ്റ്റ്‌ ഘടനയുള്ള ഒരു പാര്‍ട്ടിയാക്കി അവര്‍ സിപിഐ എമ്മിനെ മാറ്റിക്കഴിഞ്ഞിരിക്കുന്നു.

കണ്ണൂരില്‍ മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും പരാജയം സിപിഐഎമ്മിനെ കാത്തു നില്‍ക്കുന്നതിന്‌ മറ്റു കാരണങ്ങളൊന്നുമില്ല. ജനങ്ങള്‍ക്ക്‌ ധീരമായും സ്വതന്ത്രമായും നിലപാടെടുക്കാന്‍ പോളിങ്‌ ബൂത്തിലേ കഴിയൂ എന്ന അവസ്ഥയുള്ളതിനാല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും കണ്ണൂര്‍ ഗാങ്‌ ഏറെക്കാലത്തേക്ക്‌ തോറ്റുകൊണ്ടേയിരിക്കും. സിപിഐ എമ്മിനെ ബാധിച്ച ഈ അര്‍ബുദം മുറിച്ചു മാറ്റുന്നില്ലെങ്കില്‍ ആ പാര്‍ട്ടി ചരിത്രത്തിലേക്ക്‌ പിന്‍വാങ്ങുന്ന ചുറ്റുപാടാണ്‌ കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നത്‌. കണ്ണൂര്‍ ഗാങിനേക്കാള്‍ ശക്തന്മാരായവര്‍ വിലസിനടന്ന പശ്ചിമബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇക്കാര്യത്തില്‍ കേരളത്തിന്‌ നല്ലൊരു മുന്നറിയിപ്പാണ്‌. പക്ഷേ ഈ അര്‍ബുദം മുറിച്ചു മാറ്റാനുള്ള ഭിഷഗ്വരന്മാര്‍ എവിടെയാണുള്ളത്‌? സിപിഐ എമ്മിലെ തെറ്റു തിരുത്തല്‍ വിദഗ്‌ധന്മാര്‍ അത്‌ കണ്ടെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ കടന്ന കയ്യാവും.

1 comment:

കെ.പി.എസ്. said...

എന്താണ് കേരളത്തിലെ സി.പി.എമ്മിലെ ഇന്നത്തെ അവസ്ഥ എന്ന് വളരെ വസ്തുനിഷ്ഠമായി എന്നാല്‍ സംക്ഷിപ്തമായി ചിത്രീകരിക്കുന്നതാണ് ഈ ലേഖനം. കണ്ണൂര്‍ ലോബി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കും എന്ന് ഞാന്‍ മുന്‍പേ തന്നെ എന്റെ ബ്ലോഗിലൂടെ പറയുന്നത് ഈ ലേഖകന്‍ ശരി വയ്ക്കുന്നു. സി.പി.എമ്മിന്റെ കണ്ണൂര്‍ മോഡല്‍ ഇപ്പോള്‍ കേരളമാകെ വ്യാപിക്കുന്നതായും കാണുന്നു. ജനാധിപത്യവാദികള്‍ പോളിങ്ങ് ബൂത്തില്‍ പോകുമ്പോള്‍ മാത്രമാണ് അവരുടെ പ്രതികരണം ബാലറ്റ് പേപ്പറിലൂടെ പ്രകടിപ്പിക്കുന്നത്. അതും അഞ്ച് കൊല്ലം സി.പി.എം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എല്ലാം മറക്കുകയും ചെയ്യുന്നു. ഈ സ്ഥിതിവിശേഷം സി.പി.എമ്മിന് അവരുടെ ഹിജണ്‍ അജണ്ട നടപ്പാക്കുന്നതിന് വളക്കൂറുള്ള സാമൂഹ്യ-രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കുന്നു. പാര്‍ട്ടിയുടെ തെറ്റുകള്‍ അവര്‍ തന്നെ വിലയിരുത്തി തിരുത്തല്‍ രേഖ ചര്‍ച്ചയ്ക്ക് വെച്ചിട്ടുണ്ടെങ്കിലും ഒന്നും തിരുത്തപ്പെടാന്‍ പോകുന്നില്ല. പണസമ്പാദനത്തിനും പാര്‍ട്ടി നില നിര്‍ത്താനും, ഗുണ്ടായിസവും ജനാധിപത്യവിരുദ്ധമാര്‍ഗ്ഗങ്ങളും സ്വീകരിച്ചു മുന്നോട്ട് പോകാനേ ആ പാര്‍ട്ടി തുടര്‍ന്നും ശ്രമിക്കുകയുള്ളൂ. കേരള സാമൂഹ്യാന്തരീക്ഷം സംശുദ്ധമാകുന്നതിന് സി.പി.എം. എന്ന ഫാസിസ്റ്റ് സംഘടന ദുര്‍ബ്ബലമാകേണ്ടതുണ്ട്.അതിന് ജനാധിപത്യവാദികള്‍ ജാഗ്രത കാണിക്കുകയും പ്രതികരിക്കാന്‍ മുന്നോട്ട് വരികയും വേണം.

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com