വാര്‍ത്തകള്‍ സൃഷ്‌ടിച്ചെടുക്കുന്നവര്‍ക്കെതിരായ പോരാട്ടത്തിലാണ് കഴിഞ്ഞകുറച്ചുകാലമായി സി പി എമ്മിന്റെ സംസ്ഥാന നേതൃത്വം. സി പി എമ്മിന്റെ സംസ്ഥാന നേതൃത്വത്തിനെതിരായ വാര്‍ത്തകള്‍ക്ക് മുഴുവന്‍ ചില അജണ്ടകള്‍ ഉണ്ടെന്നും പാര്‍ട്ടിയേയും നേതൃത്വത്തെയും തകര്‍ക്കാനുള്ള ഗൂഢപദ്ധതിയിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ അണിചേര്‍ന്നിട്ടുള്ളതെന്നുമാണ് പിണറായിയും അദ്ദേഹത്തിന്റെ കൂട്ടാളികളും പറഞ്ഞുകൊണ്ടിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് മീഡിയാ സിന്‍ഡിക്കേറ്റ് ആരോപണം പിണറായിയും സംഘവും ശക്തമാക്കിയത് മൂന്നാര്‍ ഓപ്പറേഷന്റെ സമയത്തായിരുന്നു.
വി എസ് അച്യുതാനന്ദന് അന്ന് മാധ്യമങ്ങളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും കിട്ടിയ വലിയ പിന്തുണയാണ് പിണറായിയെ ചൊടിപ്പിച്ചത്. മൂന്നാറിന്റെ ക്രെഡിറ്റ് വി എസിനാണ് എന്ന് കരുതുന്നവര്‍ സുന്ദരവിഡ്‌ഢികളാണെന്നായിരുന്നു പിണറായി പറഞ്ഞത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍, മീഡിയാ സിന്‍ഡിക്കേറ്റിനെക്കുറിച്ച് ഉയര്‍ന്ന ഒരു ചോദ്യത്തിന് വി എസ് നല്‍കിയ മറുപടി അന്ന് വലിയ ചര്‍ച്ചയാവുകയും, പിണറായി വി എസിനെതിരെ പരസ്യമായി രംഗത്തുവരികയും ഇരുവരുടെയും പി ബി യില്‍നിന്നുള്ള സസ്‌പെന്‍ഷന് ഇത് കാരണമാവുകയും ചെയ്‌തിരുന്നു. മീഡിയ സിന്‍ഡിക്കേറ്റിനെക്കുറിച്ച് ആക്ഷേപമുന്നയിക്കുന്നവര്‍ തന്നെ അതിനെ ഉപയോഗിക്കുന്നുവെന്നാണ് വി എസ് ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ പിണറായി വിജയന്റെ വീടുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായ(ഉണ്ടാക്കി)പ്പോള്‍ വി എസ് അന്നു നടത്തിയ പരാമര്‍ശം ഓര്‍ത്തുപോകാന്‍ കാരണം, സംഭവങ്ങള്‍ തമ്മിലുള്ള സമാനതയാണ്. വിവാദങ്ങളെ വെറുക്കുന്നുവെന്ന് പറയുന്നവര്‍ തന്നെ വിവാദങ്ങളെ ആശ്രയിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പിണറായിയുടെ വീടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്.
പിണറായിയുടെ വീട് ഒരു ദൂരൂഹതയായി നേരത്തെതന്നെ കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നിലുള്ള വിഷയമാണ്. അത് സുതാര്യമായ രീതിയില്‍ ദൂരീകരിക്കാന്‍ പിണറായിയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളും ശ്രമിച്ചിട്ടുമില്ല. ഈ പ്രശ്‌നം കുറേക്കാലമായി കേരളീയര്‍ക്കുമുന്നില്‍ ഒരു സംശയമായി നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇപ്പോള്‍ ഈ വിവാദം വീണ്ടും ഉയര്‍ത്തികൊണ്ടുവന്നത് ആര്‍ക്കുവേണ്ടിയാണ് എന്നതാണ് പ്രധാന ചോദ്യം. അതിന് ഉത്തരം തേടുമ്പോള്‍ ഇപ്പോഴത്തെ നാടകത്തിന് ആരാണ് തിരക്കഥ ഒരുക്കിയത് എന്ന ചോദ്യമാണ് നിര്‍ണായകമാകുന്നത്.
പിണറായിയുടെ എന്ന് പറഞ്ഞ് ഒരു മണിമാളികയുടെ ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നതായും ഈ വ്യാജ പ്രചാരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും പറഞ്ഞ്, ഇന്റര്‍നെറ്റിലെ ഒരു ചര്‍ച്ചാഗ്രൂപ്പില്‍ ഈ മാസം ആദ്യം ഒരു പത്രപ്രവര്‍ത്തകന്‍ നടത്തിയ പോസ്റ്റിങ്ങാണ് ഇപ്പോളുണ്ടായ വിവാദത്തിന്റെ തുടക്കം. ഈ പത്രപ്രവര്‍ത്തകന്‍, ദേശാഭിമാനിയിലെ ഉന്നതനും കഴിഞ്ഞ കുറച്ചുകാലമായി പിണറായി അനുകൂലരചനകളില്‍ ദേശാഭിമാനിയിലെ മറ്റുള്ളവരെ പിന്തള്ളി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നവനുമാണ്. ഈ എല്ലാം തികഞ്ഞ പത്രപ്രവര്‍ത്തകന്റെ പോസ്റ്റ് ചര്‍ച്ചാഗ്രൂപ്പില്‍ വന്നതിനെത്തുടര്‍ന്ന് ആ ഗ്രൂപ്പിലുണ്ടായിരുന്ന എല്ലാ പിണറായി വാഴ്‌ത്തുക്കാരും സജീവമായി. കേരളത്തിലെ ഏറ്റവും `മികച്ച കമ്മ്യൂണിസ്റ്റി'നെ തേജോവധം ചെയ്യുന്നവരെ ഇപ്പോള്‍ പിടിക്കണമെന്ന നിലയിലായി ചര്‍ച്ചകള്‍ .
എന്നാല്‍ ചിലര്‍ ഈ വിവാദം അവസാനിപ്പിക്കാന്‍ പിണറായിയുടെ യഥാര്‍ത്ഥ വീടിന്റെ പടം കാണിച്ചാല്‍ മതിയെന്ന നിലപാടും സ്വീകരിച്ചു. എന്നാല്‍ പിണറായി ഭക്തര്‍ വിട്ടില്ല, അങ്ങനെയൊന്നും കാണിക്കേണ്ട കാര്യമില്ല, അങ്ങനെ വീടുകാണാന്‍ തോന്നുന്നത് മനോരോഗ ലക്ഷണമെന്നുവരെ എഴുതി ചിലര്‍ തങ്ങളുടെ കൂറു പരസ്യപ്പെടുത്തി. ഇങ്ങനെ ചര്‍ച്ച സജീവമായപ്പോള്‍ നേരത്തെ സൂചിപ്പിച്ച ദേശാഭിമാനിയിലെ ഉന്നതന്‍ വീണ്ടും രംഗത്തെത്തി. വര്‍ഷങ്ങള്‍ക്കുമുന്‍പ്, (ചുരുങ്ങിയത് രണ്ട് വര്‍ഷം മുമ്പ്) മറ്റൊരു പത്രപ്രവര്‍ത്തകന്‍ പിണറായിയുടെ വീട് പുതുക്കി പണിയുമ്പോള്‍ എടുത്ത പടം(ദൂരെ നിന്ന് എടുത്തത്) നെറ്റില്‍ പോസ്റ്റ് ചെയ്‌തുകൊണ്ട് ഇതാണ് പിണറായിയുടെ വീടിന്റെ യഥാര്‍ത്ഥ പടം എന്ന് വിശദീകരിച്ചുകൊണ്ട് ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ഇത്തരം വീടുകള്‍ ഇടത്തരക്കാര്‍ സാധാരണയായി ഉണ്ടാക്കുന്നതാണെന്ന കുറിപ്പോടെയായിരുന്നു വീടിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതോടെ പിണറായിക്കെതിരായ എല്ലാ ആരോപണങ്ങളും കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നാണ് ഇദ്ദേഹം വിശദീകരിച്ചത്. അങ്ങനെ പിണറായിയുടെ പ്രതിച്ഛായ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം ഇന്റര്‍നെറ്റിലൂടെ നടക്കുമ്പോള്‍ തന്നെയാണ് ഇതാദ്യമായി പിണറായി കേസ് കൊടുക്കുന്നതും ദേശാഭിമാനിയിലും കൈരളിയിലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രധാന്യത്തോടെ നല്‌കുന്നതും.
പിണറായിയുടെ വീടുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്‌ത പടം കൊണ്ട് യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുകയല്ല, മറിച്ച് വര്‍ധിക്കുകയാണ് ചെയ്‌തത്. രണ്ടുവര്‍ഷം മുമ്പ് പുതുക്കിപണിയല്‍ നടക്കുമ്പോള്‍ ദൂരെ നിന്നെടുത്ത ഒരു പടമാണ് ഇപ്പോള്‍ ആധികാരികമായി അവതരിപ്പിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് പുതുക്കി പണിതീര്‍ത്ത വീടിന്റെ പടം കൊടുക്കുന്നതിന് ഇപ്പോഴും പിണറായിയുടെ വൈതാളികര്‍ക്ക് മടി?
വീട് പുതുക്കി പണിതതിന് 11 ലക്ഷം ചിലവായെന്നാണ് ദേശാഭിമാനി മുഖപ്രസംഗം (2009 നവംബര്‍ 19) എഴുതിയത്. അതിന് പിണറായിയും മകളും വായ്‌പയെടുത്തതിന്റെയും ഭാര്യയുടെ പി എഫില്‍നിന്നും വായ്‌പ എടുത്തതിന്റെയും അതിനുപുറമേ മകള്‍ നല്‍കിയ തുകയുടെയും കണക്കുകള്‍ ദേശാഭിമാനി മുഖപ്രസംഗത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. 11 ലക്ഷം കൊണ്ട് പുതുക്കി പണിയുന്ന വീട് ചെറുതാണോ, ഇടത്തരക്കാരന്റേതാണൊ എന്നല്ലാമുള്ള വിലയിരുത്തല്‍ തീര്‍ത്തും വൈയക്തികമായിരിക്കും. അതുകൊണ്ട് തന്നെ അതു സംബന്ധിച്ച് ഒരു അഭിപ്രായത്തിന് ഇവിടെ പ്രസക്തിയില്ല. എന്നാല്‍ പിണറായിയെപ്പോലുള്ള രാഷ്‌ട്രീയ നേതാവ് 11 ലക്ഷം കണക്കുകാണിക്കുമ്പോള്‍ ചിലവായ യഥാര്‍ത്ഥ തുകഎത്രയായിരിക്കുമെന്ന കാര്യം സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം ഊഹിക്കാവുന്നതാണ്. കണ്ണൂരിലെ പാര്‍ട്ടിനേതാക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന വലിയ കോണ്‍ട്രാക്‌ടര്‍ ആരെന്ന് കണ്ണൂരിലെ പാര്‍ട്ടി സഖാക്കള്‍ക്ക് അറിയാവുന്ന കാര്യമാണ്.
അപ്പോഴാണ് 11 ലക്ഷത്തിന്റെ കണക്കില്‍ വേറെയും ചില കാര്യങ്ങള്‍ ഉണ്ടെന്ന് സാമാന്യബുദ്ധി നാട്ടുകാരെ ഉണര്‍ത്തുന്നത്. ഇനി കോടികളുടെ ആസ്‌തിയില്‍ പണിതുയര്‍ത്തിയിട്ടുള്ള സി പി എം പോലുള്ള `വലിയ പാര്‍ട്ടി'യുടെ അതിനെക്കാള്‍ വലിയ സെക്രട്ടറിയ്‌ക്ക് കിടന്നുറങ്ങാന്‍ വലിയൊരു ബംഗ്ലാവ് പണിതാല്‍ അതില്‍ മാത്രമായി യാതൊരു തെറ്റുമില്ല. തീര്‍ത്തും സ്വാഭാവികമെന്നും കാലികമെന്നും വിലയിരുത്താന്‍ വലിയൊരു പടതന്നെ ബുദ്ധിജീവികളായി പിണറായിയുടെ കൂടെ ഉണ്ടാവും. (തീര്‍ച്ചയായും ഇക്കാര്യത്തിലും സുകുമാര്‍ അഴീക്കോട് കൂടെ ഉണ്ടാകും. വാര്‍ധക്യത്തില്‍ സുഖമായി കഴിയാന്‍ അദ്ദേഹം പണിത വീടും കേരളീയര്‍ കണ്ടതാണ്. ഗാന്ധിയുടെയും വാഗ്‌ഭടാനന്ദന്റെയും ശിഷ്യന് യോജിച്ച രീതിയില്‍ ചെറിയൊരു പാര്‍പ്പിടമാണല്ലോ അത്).
മാത്രമല്ല, 2000 രൂപയുടെ ഉച്ചഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത എമ്പോക്കികളാണ് മലയാളികളെന്ന് കിഡ്‌നി തട്ടിപ്പുകേസില്‍ ആരോപിതനും പിണറായിക്കുവേണ്ടി ഒരു പത്രം തന്നെ തുടങ്ങിയവനുമായ യുവ `ബിസിനസ്സു'കാരന്‍ കൈരളി ചാനലിലൂടെ ധാര്‍മ്മികരോഷം കൊണ്ടതും നമ്മള്‍ കേട്ടതാണ്. അതുകൊണ്ട് വീട് 11 ലക്ഷത്തിന് പുതുക്കി പണിയുന്നത് ഒരു വിഷയമായിരുന്നില്ല പാര്‍ട്ടിക്കും പാര്‍ട്ടിസെക്രട്ടറിയ്‌ക്കും. പിന്നെയും എന്തിനാണ് പിണറായിയുടെ വൈതാളികക്കൂട്ടത്തിലെ പ്രഥമസ്ഥാനീയനായ പത്രപ്രവര്‍ത്തകന്‍ ഇപ്പോള്‍ ഈ വിവാദം പുനര്‍ജനിപ്പിച്ചത്? ഒന്നും കാണാതെ പ്രവര്‍ത്തിക്കുന്നവനല്ല, ഈ പത്രാധിപസഹായി എന്നാണ് പാര്‍ട്ടി പത്രത്തിലുള്ള അസൂയാലുക്കള്‍ തന്നെ പറയുന്നത്. കോടിയേരിയുടെ മകനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതിനെ പ്രതിരോധിക്കാനെന്ന വ്യാജേന കാര്യങ്ങള്‍ വിശദമായി പറയുന്ന ഒരു രീതി ഈ പത്രപ്രവര്‍ത്തകനുണ്ട്. അതുകൊണ്ടാണോ , തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ കണ്ണൂരില്‍നിന്നുള്ള ഒരു പത്രപ്രവര്‍ത്തകനും ഉണ്ടെന്ന് ബിനീഷ് കോടിയേരി പറഞ്ഞതെന്നറിയില്ല.
ഏതായാലും പിണറായിയുടെ വീടെന്ന് പറഞ്ഞ് തെറ്റായ ചിത്രം പ്രചരിപ്പിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. അതിന് പിറ്റേ ദിവസം ഇറങ്ങിയ ദേശാഭിമാനിയുടെ മുഖപ്രസംഗം (2008 നവംബര്‍ 23) അതേക്കുറിച്ചായിരുന്നു. ഒരാഴ്‌ചക്കുള്ളില്‍ രണ്ട് ദിവസമാണ് ദേശാഭിമാനി ഈ വിഷയത്തില്‍ മുഖപ്രസംഗമെഴുതിയത്. വ്യാജ പ്രചാരണക്കാര്‍ അറസ്റ്റിലായപ്പോള്‍, കൈരളിയിലെ മുഖ്യവാര്‍ത്തയും ചര്‍ച്ചയും ഇതേവിഷയമായിരുന്നു. ഇതെല്ലാം കൂട്ടി നോക്കുമ്പോഴാണ് പിണറായിയുടെ പത്രാധിപസഹായി ഉന്നം വെച്ചത് എന്താണ് എന്നത് സംബന്ധിച്ച ഏകദേശ ധാരണ തെളിഞ്ഞുവരുന്നത്. പാര്‍ട്ടി പത്രത്തിലെ രണ്ടാമത്തെ മുഖപ്രസംഗം വായിച്ചാല്‍ ഇത് വ്യക്തമാകും. പിണറായിയെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ട ഒരാരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇതുപോലെയാണ് എല്ലാം.
പിണറായിയെ തകര്‍ത്താല്‍ മാത്രമേ പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയൂ. എസ് എന്‍ സി ലാവലിന്‍ പോലുള്ള കേസുകളുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ് . ഇതാണ് ലൈന്‍. പിണറായിയുടെ പ്രതിച്ഛായാനിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു. അതിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന വീടു തര്‍ക്കം. എന്തിനാണ് ഇപ്പോഴൊരു പ്രതിച്ഛായ നിര്‍മ്മാണം? എന്താണ് ഇക്കാര്യത്തിന് ഈ സമയം തെരഞ്ഞെടുത്തിരിക്കുന്നത്.? പാര്‍ട്ടിക്കാരെ ലക്ഷ്യമിട്ടാണോ ഇപ്പോഴത്തെ പ്രതിച്ഛായാ നിര്‍മ്മാണം? അതോ പൊതുസമൂഹത്തില്‍ പിണറായിയെ പുനര്‍നിര്‍മ്മിക്കുകയായിരിക്കുമോ ഇനി വരും ദിനങ്ങളിലെ ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖ്യഅജണ്ട.
അടുത്ത ഒന്നര വര്‍ഷം പിണറായി വിജയന് നിര്‍ണായകമാണെന്നറിയുമ്പോഴാണ് പ്രതിച്ഛായാ നിര്‍മ്മാണത്തിന്റെ ആവശ്യം നമുക്ക് മനസ്സിലാകുക. 2011- ഫെബ്രുവരിയില്‍ സി പി എം സംസ്ഥാന സമ്മേളനവും ഏപ്രില്‍- മെയ് മാസത്തില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പും നടക്കാനിരിക്കയാണ്. ഇപ്പോഴത്തെനിലയില്‍ പിണറായി വിജയന്റെ പൊതുപ്രവര്‍ത്തനം സംബന്ധിച്ചും ഈ രണ്ടു സംഭവങ്ങളും നിര്‍ണായകമാണ്. പാര്‍ട്ടിയില്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന തെറ്റുതിരുത്തല്‍ രേഖയും അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമാകുമെന്ന് പറയുന്ന പാര്‍ട്ടി ഭാരവാഹികളുടെ കാലാവധി നിജപ്പെടുത്തുന്നത് സംബന്ധിച്ച കാര്യവും ഏറ്റവും കൂടുതല്‍ ബാധിക്കുക പിണറായി വിജയനെയാണ്. ഇപ്പോള്‍ തെറ്റുതിരുത്തല്‍ രേഖ അംഗീകരിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിലെ പിണറായിയുടെയും കൂട്ടരുടെയും വിഷമം കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി പ്രകടിപ്പിച്ചുകഴിഞ്ഞതാണ്. തെറ്റുതിരുത്തല്‍ രേഖയുടെ സ്വാധീനം താഴെക്കിടയില്‍നിന്നുള്ള സമ്മേളനങ്ങളില്‍ നിന്ന് പ്രതിഫലിച്ചുതുടങ്ങിയാല്‍ അത് പിണറായി വിജയനെയും കൂട്ടരെയും സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുകളാവും സൃഷ്‌ടിക്കുക. ഇതിന് മുമ്പ് പിണറായിക്ക് അനുകൂലമായി ഒരു തരംഗം ഉണ്ടാക്കിയെടുക്കുകയാകും വൈതാളിക സംഘത്തിന്റെ ലക്ഷ്യം.
പിണറായിക്കെതിരായ എല്ലാ ആരോപണങ്ങളും ഇത്തരത്തില്‍ സൃഷ്‌ടിക്കപ്പെട്ടതാണെന്ന വലിയ തോതിലുള്ള പ്രചാരണമായിരിക്കും വരും ദിനങ്ങളില്‍ പാര്‍ട്ടി പത്രവും ചാനലും നടത്തുക. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭാരവാഹികള്‍ക്ക് കാലപരിധി നിശ്ചയിക്കുന്നതിനുമുമ്പ് സംസ്ഥാന സമ്മേളനം കഴിയുമെന്നതിനാല്‍ വീണ്ടും ഒരിക്കല്‍ കൂടി സെക്രട്ടറിയാകാനുള്ള നീക്കവും ഇതിന്റെ ഭാഗമായി ഉണ്ടായേക്കും. എന്നാല്‍ അതിനുമപ്പുറം എസ് എന്‍ സി ലാവലിന്‍ കേസ് കഴിയുന്നതുവരെ പിണറായി വിജയന് ഇനി പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതായത് ഇനി പാര്‍ട്ടി സെക്രട്ടറിയായില്ലെങ്കില്‍ പിണറായി ശിവദാസമേനോനെയൊക്കെ പോലെ എ കെ ജി സെന്ററില്‍ ചടഞ്ഞിരുന്ന് സമയം കളയേണ്ടിവരും.
ഈ ദുരവസ്ഥകളൊക്കെ ഒഴിവാക്കാന്‍ ആവശ്യം പിണറായിക്കെതിരായ എല്ലാ ആരോപണങ്ങളും പലരീതിയില്‍ കെട്ടിച്ചമച്ചതാണെന്ന് വീടിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി സമര്‍ത്ഥിക്കുകയാണ്. ആ പ്രചാരണ കോലാഹലത്തില്‍ സി പി എം കേന്ദ്ര നേതൃത്വത്തെയും സ്വാധീനിച്ച് പാര്‍ലമെന്ററി രംഗത്തേക്ക് കളം മാറ്റാന്‍ കഴിയുക. ഇതായിരിക്കാം പിണറായി മുഖ്യമന്ത്രിയാകുമ്പോള്‍, (അഞ്ച് വര്‍ഷം കഴിഞ്ഞിട്ടായാലും മതി ) പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രസ് സെക്രട്ടറിയുമൊക്കെ ആകാന്‍ കൊതിക്കുന്നവരുടെ നേതൃത്വത്തില്‍ നടന്ന വീട് വിവാദത്തിന്റെ ലക്ഷ്യം.
എന്നാല്‍ ഇവര്‍ വിചാരിക്കുന്നതുപോലെ എളുപ്പം പുനര്‍നിര്‍മ്മിച്ചെടുക്കാവുന്നതാണോ പിണറായി വിജയന്‍ എന്ന കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയെ. ഇന്റര്‍നെറ്റില്‍ വ്യാജ പ്രചാരണം നടന്നുവെന്നതിന്റെ മറവില്‍ പിണറായിക്കെതിരായ എല്ലാ ആരോപണങ്ങളെയും മറികടക്കാമെന്നാണ് പിണറായി സംഘത്തിന്റെ ലക്ഷ്യമെന്നുവേണം ദേശാഭിമാനിയുടെയും കൈരളിയുടെയും പ്രചാരണകോലാഹലത്തില്‍നിന്ന് മനസ്സിലാക്കാന്‍. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് സി ബി ഐ കണ്ടെത്തിയ പിണറായിയെ, ഏതെങ്കിലും തലത്തില്‍ പ്രചാരണ കോലാഹലം നടത്തി രക്ഷിക്കാമെന്നത് പിണറായി സംഘത്തിന് സ്വതഃസിദ്ധമായുള്ള ബുദ്ധിമോശം കൊണ്ട് തോന്നുന്നതാണ്. അധികാര പ്രമത്തതയുടെയും ധാര്‍ഷ്‌ട്യത്തിന്റെയും ആള്‍രൂപമായി കേരളം കാണുന്ന പിണറായിയെ അര്‍ദ്ധ സത്യ പ്രചാരണത്തിന്റെ മറവില്‍ കമ്മ്യൂണിസ്റ്റാക്കി അവതരിപ്പിക്കാമെന്നാണ് ഇവര്‍ കരുതുന്നത്?
സി പി എമ്മിനെ അരാഷ്‌ട്രീയക്കാരുടെയും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുടെയും പ്രിയപ്പെട്ട പ്രസ്ഥാനമാക്കിയ പിണറായിയെ മാധ്യമബലം ഉപയോഗിച്ച് പുരോഗമനരാഷ്‌ട്രീയക്കാരനാക്കാമെന്നാണ് ഈ അല്‍പബുദ്ധി സംഘം കരുതുന്നത്. കേരളത്തിന്റെ ബദല്‍ വികസന ശ്രമങ്ങളെ ഭൂമിക്കച്ചവടക്കാര്‍ക്കും പ്രമാണിമാര്‍ക്കും വേണ്ടി നശിപ്പിച്ച ഒരു നേതാവിന്റെ പ്രതിച്ഛായ നന്നാക്കാന്‍ വ്യാജ വിവാദനിര്‍മ്മാണത്തിലുടെ ശത്രുസംഹാരം നടത്തിയാല്‍ സാധ്യമാകുമെന്ന് കരുതുന്നവരുടെ വിവരദോഷത്തിന് `നല്ല നമസ്‌ക്കാരം' പറയാന്‍ മാത്രമെ കേരള സമൂഹത്തിന് കഴിയൂ. സ്ഥാപിത താല്‍പര്യക്കാരുടെയും അല്‍പബുദ്ധികളുടെയും മനസ്സില്‍ തോന്നുന്ന പദ്ധതികള്‍ ഒരു അഴിമതിക്കാരനെയും രക്ഷിച്ചെടുക്കാന്‍ ശേഷിയുള്ളതായിരിക്കില്ല. ചരിത്രം അതാണ് നമ്മോട് പറയുന്നത്
(ജനശക്തിയില്‍ നരേന്ദ്രന്‍ എഴുതിയത്)
3 comments:
വിവാദങ്ങൾ എന്നും ഉണ്ടാകും.
വായിച്ചു. ബൂലോകത്ത് എല്ലാ വീക്ഷണകോണുകളില്‍ നിന്നുമുള്ള ചര്‍ച്ചകള്‍ നടക്കട്ടെ.
പിറ്റേ ദിവസം ഇറങ്ങിയ ദേശാഭിമാനിയുടെ മുഖപ്രസംഗം (2008 നവംബര്‍ 23) അതേക്കുറിച്ചായിരുന്നു
തെറ്റ് തിരുത്തുമെന്ന് കരുതുന്നു.
Post a Comment