Monday, November 30, 2009

വിനീത കോട്ടായി;പ്രതിരോധത്തിന്റെ പ്രതീകം

കോഴിക്കോട്: കുറ്റിയാടി പാതിരപ്പറ്റയിലെ വിനീത കോട്ടായിയെയും കല്ലുള്ളപറമ്പത്ത് കേളപ്പനെയും ആക്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ക്ക് നാലുവര്‍ഷം കഠിന തടവ് വിധിച്ചു. കോഴിക്കോട് അതിവേഗ കോടതി (ഒന്ന്) ജഡ്ജി പി.ഡി. ധര്‍മരാജാണ് ശിക്ഷ വിധിച്ചത്.

മുന്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കുറ്റിയാടി ഇടപ്പള്ളിച്ചിറയില്‍ ഇ.സി. ബാലന്‍ , ഭാര്യ നാരായണി, ചിറക്കല്‍ വീട്ടില്‍ മോഹനന്‍ എന്നിവരെയാണ് കഠിനതടവിന് ശിക്ഷിച്ചത്. ഇവര്‍ പതിനായിരം രൂപവീതം നഷ്ടപരിഹാരവും നല്‍കണം. ഇന്ത്യന്‍ ശിക്ഷാ നിയമം 323 പ്രകാരം പരിക്കേല്‍പ്പിക്കല്‍, 324 പ്രകാരം ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, 427 പ്രകാരം നാശനഷ്ടം വരുത്തല്‍, 308 പ്രകാരം വധശ്രമം എന്നിവ പ്രകാരം പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.

2004 ജനവരി 31നാണ് കേസിനാസ്​പദമായ സംഭവം നടന്നത്. തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിനീതയ്ക്ക്‌ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെപ്പറ്റി നാട്ടുകാരനായ കേളപ്പന്‍ ഒരു സ്വകാര്യ ചാനലിനെ അറിയിച്ചിരുന്നു.

ചാനല്‍ വിനീത കോട്ടായിയില്‍ നിന്നും കേളപ്പനില്‍ നിന്നും വിവരം ശേഖരിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിനീത കോട്ടായിയുടെ അയല്‍വാസികളായ പ്രതികള്‍ കേളപ്പനെയും വിനിതാ കോട്ടായിയെയും അക്രമിക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുറ്റിയാടി പോലീസാണ് അന്വേഷണം നടത്തിയത്. ഇരുഭാഗത്തുനിന്നായി 12 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകള്‍ ഹാജരാക്കി. പ്രതികളെ കോടതി റിമാന്‍ഡുചെയ്തു.

തൊഴില്‍നിഷേധത്തിന്റെ പേരില്‍ തുടങ്ങിയ ഉപരോധത്തിനും അക്രമങ്ങള്‍ക്കുമെതിരെ വിനീത കോട്ടായി നയിച്ച ഒറ്റയാള്‍ പോരാട്ടത്തിനാണ് ഒടുവില്‍ നീതിപീഠം തുണയായത്. 2001 ഡിസംബറിലാണ് വിധവയായ വിനീതയ്ക്കും രണ്ടു മക്കള്‍ക്കുമെതിരെ സി.പി.എമ്മിന്റെ ഉപരോധം വാര്‍ത്തയാവുന്നത്. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും അയല്‍വാസിയുമായിരുന്ന ഇ.സി.ബാലന്റെ ഭാര്യ നാരായണിക്ക് വിനീത തൊഴില്‍ നിഷേധിച്ചുവെന്നായിരുന്നു ഉപരോധത്തിന് കാരണമായി പറഞ്ഞത്. എന്നാല്‍ അങ്കണവാടി വര്‍ക്കറായ നാരായണി തന്റെ സ്ഥിരം ജോലിക്കാരിയല്ലെന്ന് വിനീത വാദിച്ചു.

വീനീതയ്ക്ക് പിന്നീട് നേരിടേണ്ടിവന്ന് കൊടിയ പീഡനങ്ങളായിരുന്നു. അവിടെ തേങ്ങ പറിക്കുന്നതില്‍നിന്നും പാര്‍ട്ടി തൊഴിലാളികളെ വിലക്കി. 2004 ജൂലായില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് പ്രശ്‌നത്തിന് താത്കാലിക പരിഹാരമുണ്ടാക്കി. എന്നാല്‍ 2005 മെയില്‍ രാത്രി വീട്ടില്‍ക്കടന്നവര്‍ അവരെ മണ്ണെണ്ണയൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തില്‍ ബാലനെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടു. 2005-ല്‍ സി.പി.എം. ഉപരോധം പിന്‍വലിച്ചെങ്കിലും വിനീതയ്ക്കും കുടുംബത്തിനുമെതിരെ പലപ്പോഴും ആക്രമണമുണ്ടായി. മക്കളുടെ പഠനവും തടസ്സപ്പെട്ടു.

കേസില്‍ വിനീതയ്ക്ക് അനുകൂലമായി സാക്ഷി പറഞ്ഞ ഏക വ്യക്തി നാരായണിയുടെ ബന്ധു കേളപ്പനാണ് എന്നതും ശ്രദ്ധേയമാണ്.

(വിവിധ പത്രങ്ങളില്‍ നിന്ന്)

No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com