Thursday, November 19, 2009

വേണം ഒരു തെറ്റുതിരുത്തല്‍

ഉമ്മന്‍ ചാണ്ടി മാതൃഭൂമിയില്‍ എഴുതിയ ലേഖനം (19/11/2009)

പശ്ചിമ ബംഗാളിലെയും കേരളത്തിലെയും സി.പി.എമ്മിന്റെ കനത്ത തോല്‍വിയാണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. ഇത്രയും ദയനീയമായ ഒരു പരാജയം സി.പി.എമ്മിനു സമീപഭാവിയില്‍ ഉണ്ടായിട്ടില്ല. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വീശിയ സി.പി.എം. വിരുദ്ധ ജനകീയകാറ്റ് ബംഗാളിലും കേരളത്തിലും ആഞ്ഞുവീശുകയാണ്.

കേന്ദ്രസേനയുടെ സാന്നിധ്യമാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്. പോളിങ് ബൂത്തില്‍വരെ പട്ടാളം കാവല്‍ നിന്നപ്പോള്‍ വ്യാജവോട്ടര്‍മാരും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന ഗുണ്ടകളും പത്തിമടക്കി. ബംഗാളും കണ്ണൂരും സി.പി.എമ്മിന്റെ ശക്തികേന്ദ്രമായത് കൈയൂക്കിലൂടെയും കള്ളവോട്ടിലൂടെയുമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. നീതിപൂര്‍വകവും ജനാധിപത്യപരവുമായ രീതിയില്‍ തിരഞ്ഞെടുപ്പു നടന്നാല്‍ ഈ സ്ഥലങ്ങള്‍ സി.പി.എമ്മിന്റെ ശവപ്പറമ്പായി മാറുന്ന കാലം വിദൂരമല്ല എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് നല്കുന്ന ഏറ്റവും വലിയ പാഠം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന് ആറുമാസംപോലും പൂര്‍ത്തിയാകും മുമ്പേ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ പുതുതായി 9357 വോട്ടര്‍മാരെ ചേര്‍ക്കുകയും 6386 വോട്ടര്‍മാരെ ഒഴിവാക്കുകയും ചെയ്തു. വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മറ്റു മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരില്‍ എത്തിക്കുകയായിരുന്നെന്ന് വ്യക്തം.

ഇതിന്റെ നൂറുകണക്കിനു തെളിവുകളാണ് പുറത്തുവന്നത്. യു.ഡി.എഫ്. ഇതിനെതിരേ നല്കിയ പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും കേന്ദ്രസേനയെ വിന്യസിക്കുകയുമാണ് ഉണ്ടായത്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഏതറ്റം വരെ പോകാമെന്ന് സി.പി.എം. കാട്ടിത്തന്നു. ഇത് സി.പി.എമ്മിന്റെ മുഖം നഷ്ടപ്പെടുത്തി.

10 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന ബംഗാളില്‍ സി.പി.എമ്മിന് ഒരു സീറ്റും നിലനിര്‍ത്താനായില്ല. സി.പി.എം. നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവര്‍ത്തി 1977 മുതല്‍ ഈയിടെ മരിക്കുന്നതുവരെ വിജയിച്ച ബല്‍ഗാച്ചിയ ഈസ്റ്റ് സീറ്റുപോലും നിലനിര്‍ത്താന്‍ സി.പി.എമ്മിന് ആയില്ല. സഹതാപതരംഗം സൃഷ്ടിക്കാന്‍ സുഭാഷ്ചക്രവര്‍ത്തിയുടെ വിധവയെയാണ് സി.പി.എം. സ്ഥാനാര്‍ഥിയാക്കിയത്. മുന്‍മുഖ്യമന്ത്രി ജ്യോതിബസു ഈ മണ്ഡലത്തിലെ വോട്ടറാണ്. രോഗശയ്യയിലായ അദ്ദേഹത്തെപോലും രംഗത്തിറക്കി സി.പി.എം. വോട്ട് തേടി.

കോണ്‍ഗ്രസ്സുകാര്‍ സി.പി.എമ്മിനു വോട്ടുചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന. യു.പി.എ. സര്‍ക്കാറിനു മുമ്പ് സി.പി.എം. പിന്തുണ നല്കിയതിനു പ്രത്യുപകാരം എന്ന നിലയ്ക്കാണ് ബസു കോണ്‍ഗ്രസ്സിന്റെ പിന്തുണ തേടിയത്.എന്നാല്‍ യു.പി.എ. സര്‍ക്കാറിനെ സി.പി.എം. ചതിച്ച കാര്യം ജനം മറന്നില്ല. അവര്‍ എണ്ണിയെണ്ണി പകരംവീട്ടി. 28,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ്- തൃണമൂല്‍ സഖ്യം ബല്‍ഗാച്ചിയ പിടിച്ചെടുത്തത്. യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച അന്നുമുതല്‍ സി.പി.എമ്മിനു ശനിദശയാണ്. അതിനുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അവര്‍ തോറ്റു.

തെറ്റുതിരുത്തല്‍


ബംഗാളില്‍ ഇത്രയും വലിയ തോല്‍വി സംഭവിച്ചപ്പോള്‍ അതിനോട് സി.പി.എം. നേതൃത്വം നടത്തിയ പ്രതികരണം ശ്രദ്ധേയമായി. പരാജയകാരണങ്ങള്‍ കണ്ടെത്തുമെന്നും അവ പരിഹരിച്ച് വീണ്ടും ജനങ്ങളുടെ മുമ്പില്‍ എത്തുമെന്നുമായിരുന്നു സി.പി.എം. ബംഗാള്‍ സെക്രട്ടറി ബിമന്‍ ബോസിന്റെ പ്രതികരണം. അതേസമയം, കേരളത്തിലെ സി.പി.എമ്മിന്റെ പ്രതികരണം ഒരിക്കല്‍ക്കൂടി അവരുടെ ധാര്‍ഷ്ട്യം വെളിപ്പെടുത്തി. സി.പി.എമ്മിന്റെ വോട്ട് കൂടി, ജനപിന്തുണ കൂടി തുടങ്ങിയ അവകാശവാദങ്ങളാണ് ഉന്നയിക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ തോല്ക്കുക സ്വാഭാവികമാണ്.

അപ്പോള്‍ തെറ്റുതിരുത്തി വീണ്ടും ജനങ്ങളുടെ അംഗീകാരം നേടാനാണ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. സി.പി.എമ്മിന് ഇനിയും അതു ചെയ്യാവുന്നതേയുള്ളൂ. വോട്ടര്‍പട്ടികയില്‍ കാട്ടിയ കൃത്രിമങ്ങള്‍ ഏറ്റുപറഞ്ഞ് അതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുത്തുകൊണ്ടാകട്ടെ തെറ്റുതിരുത്തല്‍. ജനാധിപത്യ മര്യാദകള്‍ അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ജനങ്ങളുടെ മുമ്പില്‍ വാഗ്ദാനം ചെയ്യണം. അല്ലാതെ തോറ്റ് തൊപ്പിയിടുമ്പോഴും ഞങ്ങള് ജയിച്ചേ എന്ന് പറഞ്ഞ് പടക്കം പൊട്ടിക്കുകയല്ല ചെയ്യേണ്ടത്.

പൊള്ളയായ അവകാശവാദം


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനു വോട്ടുകൂടിയെന്ന സി.പി.എമ്മിന്റെ അവകാശവാദം വെറും പൊള്ളയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ പോള്‍ ചെയ്ത വോട്ട് വര്‍ധിച്ചതു മറച്ചുവെച്ചാണ് സി.പി.എം. മൊത്തം വോട്ടില്‍ നേരിയ വര്‍ധന ഉണ്ടായതിനെ ആഘോഷമാക്കിയത്. കണ്ണൂരില്‍ ഇത്തവണ 8564 വോട്ട് കൂടുതല്‍ പോള്‍ ചെയ്തു. മുന്‍ തവണത്തേക്കാള്‍ യു.ഡി.എഫിനു 4242 വോട്ടും എല്‍.ഡി.എഫി.ന് 812 വോട്ടും കൂടുതല്‍ ലഭിച്ചു. കഴിഞ്ഞ തവണത്തെ വോട്ടിനോട് ഈ 812 വോട്ട് കൂട്ടിയാണ് തങ്ങള്‍ നില മെച്ചപ്പെടുത്തി എന്ന് സി.പി.എം. അവകാശപ്പെടുന്നത്.

എറണാകുളത്ത് 5544 വോട്ടാണ് കൂടുതല്‍ പോള്‍ ചെയ്തത്. മൊത്തം വോട്ടില്‍ എല്‍.ഡി.എഫിന്റെ വര്‍ധന വെറും 151 വോട്ട്. യു.ഡി.എഫിന്റെ വര്‍ധന 2971 വോട്ട്. അതേസമയം, സി.പി.ഐ. മത്സരിച്ച ആലപ്പുഴയില്‍ അവര്‍ നില അല്പം മെച്ചപ്പെടുത്തി. യു.ഡി.എഫ്. അവിടെ 4745 വോട്ടിന്റെ ലീഡിനാണ് ജയിച്ചതെങ്കിലും സി.പി.ഐ. മുന്‍തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്ന് യു.ഡി.എഫ്. പരിശോധിച്ചു വരുന്നു.

ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ്. തുടര്‍ച്ചയായി വിജയിച്ച ചരിത്രമാണുള്ളത്. യു.ഡി.എഫ്. രൂപവത്കരിച്ചതിനുശേഷം 1982 മുതല്‍ നടന്ന 28 ഉപതിരഞ്ഞെടുപ്പുകളില്‍ 20 എണ്ണവും ഇടതുപക്ഷമാണ് ജയിച്ചത്. യു.ഡി.എഫിന് എട്ടെണ്ണത്തിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തിനാണെന്ന് പൊതുവെ ഒരു ധാരണയും ഉണ്ടായി. ഇതും നിലംപരിശാക്കാന്‍ ഇത്തവണ യു.ഡി.എഫിനു സാധിച്ചു.

വി.എസ്. ചിരിച്ചില്ല


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടി സി.പി.എമ്മിലെ ആഭ്യന്തര ഭിന്നത മൂലമായിരുന്നെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇടഞ്ഞുനിന്നതു കൊണ്ടാണെന്നുമൊക്കെ പ്രചരിപ്പിച്ചിരുന്നു. ഇത്തവണ വി.എസ്സിനെയാണ് സി.പി.എം. സ്റ്റാര്‍ പ്രചാരകനായി രംഗത്തിറക്കിയത്. അദ്ദേഹം മൂന്ന് മണ്ഡലങ്ങളും സന്ദര്‍ശിച്ചു. കണ്ണൂരിനു പ്രത്യേക പ്രാധാന്യം നല്കി. കേന്ദ്രസേനയെ വിരട്ടി ബാരക്കിലിരുത്താന്‍ നോക്കി. വിധിയെഴുത്ത് സര്‍ക്കാറിനുള്ള മാര്‍ക്കിടല്‍ ആയിരിക്കുമെന്നു പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വി.എസ്സിന്റെ ചിരി കേരളം കേട്ടിരുന്നു.

ഇത്തവണ അതുണ്ടായില്ല. വി.എസ്. അച്യുതാനന്ദന് ഉണ്ടായിരുന്നതായി പറയപ്പെടുന്ന സ്വാധീനത്തിന് അന്ത്യം കുറിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. വി.എസ്. സര്‍ക്കാര്‍ കനത്ത പരാജയമാണെന്ന് ജനം വിധിയെഴുതി. ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ മറക്കുകയും അവരെ പുച്ഛിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ മാര്‍ക്കു പ്രതീക്ഷിക്കാനില്ല.

ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ കിളിരൂര്‍ കേസിലെ ശാരിയുടെ അച്ഛനും അമ്മയും മകളും കുത്തിയിരിപ്പ് സമരം വരെ നടത്തുന്നതു കേരളം കണ്ടു. കേരളത്തില്‍ നടന്ന നിരവധി സ്ത്രീപീഡനവിഷയങ്ങള്‍ ഏറ്റെടുത്താണ് വി.എസ്. വീരപരിവേഷം ഉണ്ടാക്കിയത്. അതില്‍ ഒന്നാംസ്ഥാനത്തു കിളിരൂര്‍ കേസുണ്ട്. ശാരിയുടെ മരണത്തിന് അഞ്ചുവര്‍ഷം തികഞ്ഞ നവംബര്‍ 13നാണ് അവര്‍ നീതിക്കുവേണ്ടിയുള്ള നിലവിളിയുമായി വീണ്ടും മുഖ്യമന്ത്രിയെ തേടിയെത്തിയത്. ഓര്‍മയുണ്ടോ മുഖ്യമന്ത്രിക്ക് ഈ കുടുംബത്തെ?

അധികാരം ലഭിച്ചാല്‍ ആറുമാസത്തിനകം കിളിരൂര്‍- കവിയൂര്‍ കേസിലെ പ്രതികളെ കൈയാമം വെക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രിയാണിത്. ഈ സംഭവത്തില്‍ ഒരു വി.ഐ.പി. ഉണ്ടെന്നു വെളിപ്പെടുത്തിയതും അദ്ദേഹമാണ്. അധികാരം കിട്ടി കുറേക്കഴിഞ്ഞിട്ടും ഒന്നും നടക്കാതെ വന്നപ്പോള്‍, കുട്ടിയുടെ അച്ഛന്‍ സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്കി. അങ്ങനെയൊരു പരാതിപോലും തനിക്കു കിട്ടിയില്ലെന്ന് ഈ മുഖ്യമന്ത്രി പിന്നീടു പറഞ്ഞു!

അഞ്ചാം വാര്‍ഷികദിനത്തില്‍ ശാരിയുടെ കുടുംബത്തിനു മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ സമരം നടത്താന്‍ സാധിച്ചില്ല. പോലീസ് അവരെ അവിടെനിന്ന് ആട്ടിയോടിച്ചു. ഔദ്യോഗികപക്ഷം കൂച്ചുവിലങ്ങിട്ടതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പല കാര്യങ്ങളും നടപ്പാക്കാന്‍ കഴിയാതെ പോയത് എന്നൊരു പ്രചാരണം ഉണ്ടല്ലോ. സ്ത്രീപീഡനക്കേസുകളില്‍ എവിടെയാണ് ഔദ്യോഗികപക്ഷം വിലങ്ങുതടിയിട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

വാഗ്ദാനപ്രളയം നിലച്ചു


നീതി ലഭിക്കുംവരെ താന്‍ താടിയെടുക്കില്ലെന്നു പ്രതിജ്ഞ ചെയ്ത സുരേന്ദ്രന്റെ താടി മുഖ്യമന്ത്രിയുടെ വാഗ്ദാനലംഘനത്തിന്റെ സ്മാരകമായി നീണ്ടുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ ജനങ്ങളോടു ചെയ്തതും സമാനമായ വാഗ്ദാനലംഘനങ്ങളാണ്. യു.ഡി.എഫ്. യാഥാര്‍ഥ്യത്തിന് അടുത്തെത്തിച്ച സ്വപ്ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റിയുടെ തറക്കല്ലിട്ടിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായി. അതില്‍ പായല്‍ വളര്‍ന്നു നിലംമുട്ടി. വിഴിഞ്ഞം, കൊച്ചി മെട്രോ തുടങ്ങിയ എത്രയെത്ര പദ്ധതികളാണ് പായല്‍ വളര്‍ന്നും കരിപുരണ്ടും കിടക്കുന്നത്.

മുഖ്യമന്ത്രിയുടെയും ഇടതുമുന്നണിയുടെയും വാഗ്ദാനങ്ങളുടെ ഭ്രമരത്തില്‍ ഭ്രമിച്ചുപോയ ജനങ്ങള്‍ തങ്ങള്‍ വഞ്ചിതരായി എന്നു തിരിച്ചറിയുന്നു. നാലുവര്‍ഷം പാഴാക്കിയതിനെതിരെ ജനം മൗനത്തിന്റെ വല്മീകം പൊട്ടിച്ച് പ്രതികരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പുകളില്‍ കാണുന്നത്.

No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com