Monday, November 23, 2009

ആസിയാന്‍ സമരത്തിന്റെ അകാലചരമം കണ്ട കേരളം

ആസിയാന്‍ കരാറിനെതിരേ കാഹളം മുഴക്കിയ ഇടതുമുന്നണിയെ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ജനം നിരാകരിച്ചതിന്റെ അര്‍ഥം, ഈ കരാര്‍ കേരളത്തെ കടലില്‍ മുക്കുമെന്നു മഹാഭൂരിപക്ഷം കേരളീയരും വിശ്വസിക്കുന്നില്ല എന്നുതന്നെയാണ്‌.

എന്തു കരാര്‍ വന്നാലും കേരളത്തിലെ 95% വരുന്ന സാധാരണക്കാരുടെയും ഉപഭോക്‌താക്കളുടെയും ആവശ്യം തങ്ങള്‍ക്കു താങ്ങാനാവുന്ന വിലയ്‌ക്കു നാളികേരവും മത്സ്യവും റബര്‍ ചെരുപ്പുകളും ടയറുകളും മറ്റും കിട്ടണമെന്നുതന്നെയാണ്‌. ആ 95% ഉപഭോക്‌താക്കള്‍ക്ക്‌ ആശ്വാസം നല്‍കുകയാണു ഭരണകൂടത്തിന്റെ ചുമതല. അതുമൂലം കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സംഭവിക്കാവുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കണമെങ്കില്‍ ലോകത്തിലെ എല്ലാ

വികസ്വരരാജ്യങ്ങളും ചെയ്യുന്നതുപോലെ ആ വിഭാഗത്തിനു സബ്‌സിഡിയോ മറ്റു സഹായമോ നല്‍കാന്‍ സര്‍ക്കാര്‍ തയാറാവുകയാണു വേണ്ടത്‌. അല്ലാതെ, എട്ടു രൂപയ്‌ക്കു നാളികേരവും കിലോഗ്രാമിന്‌ 250 രൂപ കൊടുത്തു നെയ്‌മീനും സാധാരണക്കാര്‍ വാങ്ങണമെന്നു ഭരണകൂടം നിര്‍ബന്ധിക്കുന്നതിനേക്കാള്‍ വേറെ എന്തു ക്രൂരതയാണുള്ളത്‌?

കോമണ്‍വെല്‍ത്ത്‌, ജി-8, ജി-20 തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടം പോലെയുള്ള ഒരു കൂട്ടായ്‌മയാണ്‌ ആസിയാന്‍ എന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മ. ചൈനയും ഇന്ത്യയും വിയറ്റ്‌നാമും മറ്റുമടങ്ങിയ ആ സംഘടനയിലെ രാജ്യങ്ങള്‍ പരസ്‌പരം നടത്തുന്ന കൊടുക്കല്‍വാങ്ങല്‍ എന്ന പാക്കേജാണ്‌ ഈ കരാര്‍.

ആ കൊടുക്കല്‍വാങ്ങലില്‍ ചിലതില്‍ ലാഭമുണ്ടാകും. ചിലതില്‍ ചില നഷ്‌ടവുമുണ്ടാകും. അതു നികത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനാവാതെ, ഞങ്ങള്‍ക്കു മറ്റൊരു രാജ്യവുമായി വ്യാപാരബന്ധം വേണ്ട എന്ന നിലപാടു സ്വീകരിച്ചാല്‍ സ്വതന്ത്രവ്യാപാരം നടക്കുന്ന ആധുനിക ലോകത്തില്‍ ഒറ്റമരത്തിലെ കുരങ്ങായി ജീവിക്കാനേ ഇന്ത്യക്കു കഴിയൂ.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആസിയാന്‍ കരാര്‍ തുലച്ചുകളയുമെന്നു പറയുന്നത്‌ അവര്‍ പിടിക്കുന്ന അയല, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്‌ത് ഇവിടെ വില്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയാണ്‌. ആ രംഗത്തു മത്സരിക്കാന്‍ ഒരു ഏഷ്യന്‍ രാജ്യത്തിനും കഴിയില്ല. മറിച്ച്‌, സംസ്‌കരിച്ചു വിദേശത്തയയ്‌ക്കാനുള്ള പ്രത്യേകതരം മത്സ്യം ഇറക്കുമതിവഴി ലഭ്യമാകുന്നതോടെ നമ്മുടെ സമുദ്രോല്‍പ്പന്ന സംസ്‌ക്കരണമേഖല സജീവമാകും.

അത്‌ ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ നല്‍കും. കാരണം, മത്സ്യദൗര്‍ലഭ്യം മൂലം കേരളത്തിലെ സംസ്‌ക്കരണശാലകളുടെ 60% ശേഷിയും ഇന്നു വിനിയോഗിക്കപ്പെടാതെ കിടക്കുകയാണ്‌. സംസ്‌ഥാനസര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്‌ മത്സ്യബന്ധനമേഖലയില്‍ നടക്കുന്ന ക്രൂരവും നഗ്നവുമായ ചൂഷണം അവസാനിപ്പിക്കുകയാണ്‌.

മത്സ്യത്തൊഴിലാളികള്‍ക്ക്‌ അവര്‍ പിടിക്കുന്ന മത്സ്യത്തിന്റെ ഒരംശമേ വിലയായി കിട്ടുന്നുള്ളൂ. കൊള്ളലാഭമെടുക്കുന്നതു ദല്ലാളന്‍മാരും വന്‍വ്യാപാരികളുമാണ്‌. അവരെ പരമാവധി ഒഴിവാക്കി, മീന്‍പിടിത്തക്കാര്‍ക്ക്‌ അവരുടെ അദ്ധ്വാനത്തിനു ന്യായമായ പ്രതിഫലവും താങ്ങാവുന്ന വിലയ്‌ക്കു ജനത്തിനു മത്സ്യം ലഭ്യമാക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ആസിയാന്‍ കരാറിനെതിരേ കൊടി പിടിച്ചിറങ്ങുന്നതില്‍ എന്താണു യുക്‌തി?

കേരളത്തിലെ കശുമാവു കൃഷിക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കേരളത്തിലേക്കു തോട്ടണ്ടി ഇറക്കേണ്ട എന്ന ആവശ്യമുയര്‍ന്നാല്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ?

വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി കേരളത്തില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ക്കാണ്‌ ഉപജീവനം നല്‍കുന്നതെന്നോര്‍ക്കണം. കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാനുള്ള മാര്‍ഗം കാര്‍ഷികവിളകളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ അവരെ പഠിപ്പിക്കുകയും ആവശ്യമായ സഹായം നല്‍കുകയുമാണ്‌. അത്തരം സമീപനംമൂലം റബര്‍കൃഷിയില്‍ അദ്‌ഭുതകരമായ നേട്ടം കേരളം കൈവരിച്ചില്ലേ?

ലോകത്തില്‍ കാര്‍ഷികരംഗത്തുണ്ടാകുന്ന വികസനത്തിനു മുന്നില്‍ നോക്കുകുത്തിയായി നില്‍ക്കാനുള്ളതല്ല നമ്മുടെ കൃഷിവകുപ്പും അതിന്റെ ഉദ്യോഗസ്‌ഥപ്പടയും. കേരളം 100 രൂപയ്‌ക്കു വില്‍ക്കുന്ന ഉല്‍പ്പന്നം എങ്ങനെ 40 രൂപയ്‌ക്ക് നമ്മുടെ വിപണിയില്‍ മറ്റു രാജ്യങ്ങള്‍ എത്തിക്കുന്നു എന്നതു പഠിച്ചു പരിഹാരം കാണാന്‍ കൃഷിവകുപ്പിനു കഴിയണം. കാര്‍ഷികവായ്‌പകള്‍ കാര്‍ഷികാവശ്യത്തിനാണു വാങ്ങുന്നതെന്ന്‌ ഉറപ്പുവരുത്താന്‍ കൃഷിവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കു കഴിഞ്ഞാല്‍ത്തന്നെ കേരളത്തില്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂടും. ഭൂമിയുള്ളവര്‍ മുഴുവന്‍ വാഹനങ്ങള്‍ വാങ്ങാനും മക്കളുടെ വിവാഹം ധൂര്‍ത്തോടെ നടത്താനും കെട്ടിടം പണിയാനും കാര്‍ഷികവായ്‌പയെന്ന പേരില്‍ വളരെ കുറഞ്ഞ പലിശനിരക്കില്‍ സര്‍ക്കാരില്‍നിന്നു വായ്‌പ വാങ്ങുകയാണ്‌. അതായത്‌ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി കാര്‍ഷികവായ്‌പ! ഒടുവില്‍ കാര്‍ഷികരംഗത്തു പ്രതിസന്ധി എന്നു സംഘടിതമായി ശബ്‌ദമുയര്‍ത്തുമ്പോള്‍ വോട്ട്‌ കിട്ടാന്‍ വേണ്ടി ഈ കാര്‍ഷികവായ്‌പയത്രയും സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. കല്യാണം നടത്താനും കാര്‍ വാങ്ങാനുമെടുത്ത വായ്‌പ എഴുതിത്തള്ളുമ്പോള്‍ ഉണ്ടാകുന്ന നഷ്‌ടമെല്ലാം ചുമലേറ്റി ഞെരിയുന്നതു പാവം നികുതിദായകര്‍തന്നെ. ക്രൂരമായ ചൂഷണമല്ലേ ഇത്‌?

ആസിയാന്‍ കരാര്‍മൂലം സേവനമേഖലയില്‍ കേരളീയര്‍ക്ക്‌ ഏറെ നേട്ടമുണ്ടാകുമെന്ന സത്യം എന്തിനു നാം മറച്ചുവയ്‌ക്കണം. ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും രക്‌തം വിയര്‍പ്പാക്കി മലയാളികള്‍ പണിയെടുക്കുമ്പോള്‍ കേരളത്തില്‍ ദേഹത്തു ചെളിയും വിയര്‍പ്പും പറ്റാതെ വെള്ളക്കോളര്‍ ജോലി ചെയ്‌തു കാശുണ്ടാക്കുക എന്ന സ്വപ്‌നവും പേറി നടക്കുന്ന യുവാക്കളെയാണു നാം കാണുന്നത്‌. ഐടി, വാര്‍ത്താവിനിമയം, ഐടി. അധിഷ്‌ഠിത വ്യവസായം, ഗതാഗതം എന്നീ സേവനമേഖലകളില്‍ പുതിയ കരാര്‍മൂലം കേരളീയര്‍ക്കു വന്‍്ന്‍ തൊഴില്‍സാധ്യതയുണ്ടാകും. ഇന്ത്യയുടെ കയറ്റുമതിയില്‍ 40% മനുഷ്യശേഷിയും ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 55% സേവനമേഖലയില്‍നിന്നുമാണെന്ന സത്യം കാണാതിരിക്കരുത്‌. നെല്ല്‌ വിതയ്‌ക്കാനും കൊയ്യാനും തേങ്ങയിടാനും ആളെ കിട്ടാത്ത സംസ്‌ഥാനമാണു കേരളമെന്ന യാഥാര്‍ഥ്യത്തിന്റെ നേര്‍ക്കു നാം കണ്ണടയ്‌ക്കരുത്‌.

ക്ഷീരോല്‍പ്പാദകനെ സഹായിക്കാന്‍ പാല്‍വില കുത്തനെ കൂട്ടണമെന്ന ആവശ്യമുന്നയിക്കുന്നവര്‍ കാര്യം മനസിലാക്കാത്തതുപോലെയാണ്‌ ആസിയാന്‍ കരാറിന്റെ കാര്യവും. സാധാരണക്കാര്‍ വളര്‍ത്തുന്ന നാടന്‍ പശുവിന്റെ അകിടില്‍ തൂങ്ങി കറവക്കാരന്‍ ഊഞ്ഞാലാടിയാല്‍പോലും രണ്ടുലിറ്റര്‍ പാല്‍ കിട്ടുന്ന യുഗം കടന്നുപോയിരിക്കുന്നു. ദിവസം 40 ലിറ്റര്‍ പാല്‍ കിട്ടുന്ന പശുക്കളെ വളര്‍ത്താന്‍ അവരെ പഠിപ്പിക്കുകയും അതിനു സഹായം നല്‍കുകയുമാണു സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ലോകവും എന്തിനു നമ്മുടെ അയല്‍സംസ്‌ഥാനങ്ങളും ഈ കാഴ്‌ചപ്പാട്‌ സ്വീകരിച്ചുകഴിഞ്ഞു എന്നു മനസിലാക്കണം.

എന്തായാലും ഉപതെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം ജനങ്ങളും ആസിയാന്‍ കരാര്‍വിരുദ്ധ സമരം തള്ളിക്കളഞ്ഞിരിക്കുന്നു. കമ്പ്യൂട്ടറിനെതിരെയും എ.ഡി.ബി. വായ്‌പയ്‌ക്കെതിരെയും എക്‌സ്പ്രസ്‌ വേയ്‌ക്കെതിരെയും സി.പി.എം. നടത്തിയ പ്രചണ്ഡസമരം സ്വാഭാവികചരമമടഞ്ഞതുപോലെതന്നെ. അമേരിക്കയുമായി ഇന്ത്യ ഉണ്ടാക്കിയ ആണവോര്‍ജ കരാറിനെതിരേ സി.പി.എമ്മും ഇടതുകക്ഷികളും നടത്തിയ ഉഗ്രസമരവും ചരമമടഞ്ഞതുപോലെ ഒരു ദാരുണാന്ത്യം.

No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com