Sunday, November 22, 2009

അസംഘടിതരുടെ പക്ഷം

ആയിരത്തിതൊള്ളായിരത്തി നാല്‍പത്തിയേഴില്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ഇന്നത്തെ കേരളം ഭാരതത്തിന്റെ ഭൂപടത്തില്‍ ഇല്ലായിരുന്നു. ഇന്നത്തെ കേരളത്തിന്റെ മലബാര്‍ ഭാഗം മദ്രാസ്‌ സംസ്ഥാനത്തിന്റെ കീഴില്‍ വരുന്ന മദ്രാസ്‌ പ്രവിശ്യ എന്ന പേരില്‍ ആണ്‌ അറിയപ്പെട്ടിരുന്നത്‌.

പിന്നെ കൊച്ചിയും തിരുവിതാംകൂറും പ്രത്യേകം പ്രത്യേകം സംസ്ഥാനങ്ങളായി ഇന്ത്യന്‍ യൂണിയനില്‍ നിലനിന്നിരുന്നു. ഈ സംസ്ഥാനങ്ങള്‍ക്ക്‌ വെവ്വേറെ ഗവണ്‍മെന്റുകളും ഉണ്ടായിരുന്നു. പിന്നീട്‌ തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേര്‍ന്ന്‌ തിരുക്കൊച്ചി സംസ്ഥാനം രൂപംകൊണ്ടു. അതോടെ തിരുക്കൊച്ചി ഗവണ്‍മെന്റ്‌ രൂപീകൃതമായി. പട്ടം മുതല്‍ പനമ്പിള്ളി വരെയുള്ള ഒരു തലമുറ തിരുവിതാംകൂറും, കൊച്ചിയും പിന്നീട്‌ തിരുക്കൊച്ചിയും ഭരിച്ചു. ഇവരുടെ ഭരണകാലം അഴിമതി വിമുക്തമായിരുന്നു എന്ന്‌ അവരുടെ ശത്രുക്കള്‍ പോലും സമ്മതിക്കും. ഇ.ജെ ജോണ്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശുപാര്‍ശയ്ക്കുവേണ്ടിചെന്ന സ്വന്തം ഭാര്യാസഹോദരനെ ഐ.ജി യെ വിളിപ്പിച്ച്‌ അറസ്റ്റ്‌ ചെയ്യിച്ച സംഭവം ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ആ തലമുറയ്ക്ക്‌ സ്ഥിരതയുള്ള ഒരു ഭരണം കാഴ്ച്ചവെയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും പട്ടം മുതല്‍ പനമ്പിള്ളി വരെയുള്ള കോണ്‍ഗ്രസ്സ്‌ നേതാക്കന്മാരുടെ ഭരണകാലം ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ്‌ കാഴ്ചപ്പാടുകള്‍ക്ക്‌ അനുസൃതമായിരുന്നു.

ഈ ജനാധിപത്യ ഭരണകാലത്ത്‌ തിരുക്കൊച്ചി ഗുണപരമായ എല്ലാ കാര്യങ്ങള്‍ക്കും ഒന്നാം സ്ഥാനത്തായിരുന്നു. 1957-ല്‍ ഐക്യകേരളം നിലവില്‍ വന്നശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ കേരളത്തിലെ ജനസംഖ്യയില്‍ 46 ശതമാനം പേര്‍ വോട്ടു ചെയ്തപ്പോള്‍ അവര്‍ക്ക്‌ ഭരിക്കുവാനുള്ള എം.എല്‍.എമാരെ കിട്ടി എന്നുള്ളത്‌ സത്യമാണ്‌. ഇതിന്‌ കാരണം 54 ശതമാനം വരുന്ന കമ്മ്യണിസ്റ്റുകാരല്ലാത്തവരുടെ വോട്ടുകള്‍ ശിഥിലമായിപ്പോയതാണ്‌. ഇത്‌ ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌ സമ്പ്രദായത്തിലെ ന്യൂനതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. സ്വാതന്ത്ര്യ സമരങ്ങളുടേയും നവോത്ഥാനസമരങ്ങളുടേയും പൊരിവെയിലത്ത്‌ നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ചുവളര്‍ന്ന മാന്യന്മാരും രാജ്യസ്നേഹികളുമായ നേതാക്കന്മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജനാധിപത്യകക്ഷികളുടെ ഒരു ഐക്യനിര ഈ രാജ്യത്തിന്‌ ആവശ്യമാണെന്നും അങ്ങനെ വന്നാല്‍ മാത്രമേ രാജ്യതാല്‍പ്പര്യത്തിന്‌ ദോഷം ചെയുന്ന കമ്മ്യൂണിസ്റ്റ്‌ ഭരണം ഒഴിവാക്കി ഐശ്വര്യപൂര്‍ണ്ണമായ ജനാധിപത്യ കേരളം കെട്ടിപ്പടുക്കുവാന്‍ സാധിക്കുകയുള്ളു എന്നും കമ്മ്യൂണിസ്റ്റിതര ജനാധിപത്യകക്ഷികളുടെ നേതാക്കന്മാര്‍ക്ക്‌ ബോധ്യപ്പെട്ടു. 1957ല്‍ അധികാരം ഏറ്റ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഭരണകൂടം കേരളം 26 മാസം ഭരിച്ചു. ഈ 26 മാസംകൊണ്ട്‌ കേരളത്തിന്റെ പുരോഗതി 26 വര്‍ഷത്തേക്ക്‌ പുറകോട്ടടിച്ചു.

1957,1967,1978,1986,1996 എന്നീ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍കൂടി മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റുകാര്‍ മന്ത്രിസഭകള്‍ ഉണ്ടാക്കി. ഈ സര്‍ക്കാരുകളുടെയെല്ലാം നേതൃത്വത്തില്‍ മാന്യതയില്ലാത്തവരും രാജ്യതാല്‍പ്പര്യ വിരുദ്ധരുമായ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ വന്നത്‌ നിമിത്തം കേരളത്തിലെ എല്ലാ സ്ഥാപനവല്‍ക്കരിക്കപ്പെട്ട അധികാര കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും അത്തരം ആളുകള്‍ തന്നെ തലപ്പത്ത്‌ കയറിക്കൂടി. അതുകൊണ്ട്‌ കേരളം രണ്ട്‌ ചേരിയായി തിരിഞ്ഞു. സംഘടിതരുടെ ചേരിയും അസംഘടിതരുടെ ചേരിയും. കമ്മ്യൂണിസ്റ്റുകാരുടെ സംഘടിത ചേരി ജാതി-മത നേതാക്കളേയും എല്ലാ രംഗങ്ങളിലും വളര്‍ന്നുവരുന്ന മാഫിയാകളേയും കൂട്ടുപിടിച്ച്‌
സമാധാനപരമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ജനങ്ങളുടെ സ്വൈരജീവിതം തകര്‍ത്തു. ജനാധിപത്യഭരണത്തില്‍ ജനസേവനം നടത്തേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മാര്‍ക്സിസ്റ്റുകാരുടെ കെടുകാര്യസ്ഥത നിറഞ്ഞ ഭരണസൗകര്യമുപയോഗിച്ച്‌ കൈക്കൂലിയിലും അഴിമതിയിലും മുങ്ങിനിന്ന്‌ ജനദ്രോഹം നടത്തി. ഈ അവസ്ഥയില്‍ ഒരു പരിധി വരെയെങ്കിലും ജനങ്ങള്‍ക്ക്‌ നീതിയും സംരക്ഷണവും ഉറപ്പാക്കിയത്‌ കോണ്‍ഗ്രസിന്റെ പൂര്‍വ്വികര്‍ കെട്ടിപ്പടുത്ത ജൂഡീഷ്യറിയാണ്‌.
ഈ ജൂഡീഷ്യറിയുടെ ഭാഗമായ കോടതികളില്‍പോലും കടന്നുകയറി അവകളെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കാന്‍ മാര്‍ക്സിസ്‌ററുകാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

നീതിക്ക്പകരം ഭീതി നല്‍കുന്ന അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണവൈകല്യംകൊണ്ട്‌ സമ്പന്നര്‍ക്ക്‌ മാത്രം കടന്നുചെല്ലാവുന്ന ഇടത്താവളങ്ങളായി ഇന്ന്‌ കോടതികള്‍ മാറിയിരിക്കുന്നു. ജനാധിപത്യ ഭരണസംവിധാനം നിലനിര്‍ത്തുന്ന തൂണുകളിലൊന്നാണ്‌ പത്രമാധ്യമങ്ങള്‍. ഇവയിലൂടെയാണ്‌ ഭരണത്തിന്റെ അപാകതകള്‍ ചൂണ്ടിക്കാണിക്കേണ്ടത്‌. മാന്യന്മാരായ ഭരണകര്‍ത്താക്കന്മാര്‍ ഈ ചൂണ്ടിക്കാണിക്കലുകള്‍ സഹിഷ്ണുതയോടെ സ്വീകരിച്ച്‌ ഭരണകൂടത്തിലെ തെറ്റുകുറ്റങ്ങള്‍ പരിഹരിക്കും. കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിന്റെ ഭരണകാലഘട്ടങ്ങളിലെല്ലാം മാധ്യമങ്ങളെ വളര്‍ത്താനല്ല, തകര്‍ക്കാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. വര്‍ത്തമാനകാല ഭരണത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ആക്ഷേപിക്കുന്ന മറ്റു പാര്‍ട്ടികളില്‍ പോലും ഇല്ലാത്ത ഗ്രൂപ്പുവഴക്കിലും അഭിപ്രായവ്യത്യാസങ്ങളിലും കിടന്ന്‌ ഉഴലുന്നു. അതിനുപുറമേ ജാതിമതവര്‍ഗീയ നേതാക്കളുമായും ഭൂ-മദ്യ മാഫിയകളുമായും കൂട്ടുകൂടി
പരിസ്ഥിതിയേപ്പോലും തകര്‍ത്ത്‌ ജനജീവിതം ദുസ്സഹമാക്കുന്നു.

പരിസ്ഥിതിവാദികളെ കടന്നാക്രമിക്കുന്നു. പെണ്‍വാണിഭ സംഘങ്ങള്‍ വിലസുന്നു. ഇന്ന്‌ കേരളത്തിലെ അടിസ്ഥാനവര്‍ഗം എന്നുപറയുന്നവരുടെ കൂട്ടത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ കേരളത്തിലെ സമ്പന്നകൃഷിക്കാരെയും ശമ്പളവും കൈക്കൂലിയും ഒരുമിച്ചുവാങ്ങുന്ന ഉദ്യോഗസ്ഥ പ്രഭുക്കന്മാരേയും ഒക്കെയാണ്‌. എന്നാല്‍ സത്യം ഇതില്‍നിന്നും ഒക്കെ എത്രയോ ദൂരെയാണ്‌. കേരളത്തിലെ യഥാര്‍ത്ഥ അടിസ്ഥാനവര്‍ഗം ഇവിടത്തെ ആദിവാസികളും സാധാരണ കര്‍ഷകരും അസംഘടിത തൊഴിലാളികളുമാണ്‌. ഈ സമൂഹം ഇന്ന്‌ നിലനില്‍പിന്റെ ഭീഷണിയിലാണ്‌. ഇങ്ങനെപോയാല്‍ ഈ സമൂഹം വരുന്ന 25 വര്‍ഷത്തിനകം കുറ്റിയറ്റുപോകും. ഇതൊന്നും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ വിഷയമല്ല. അവര്‍ക്ക്‌ വിഷയം ആണവകരാറും ആസിയാന്‍ കരാറുമൊക്കെയാണ്‌. ഇവര്‍ക്ക്‌ വേണ്ടത്‌ ലോട്ടറി മാഫിയക്കാരെയും, മന്ത്രിമാരും മന്ത്രിപുത്രന്മാരും ഉള്‍ക്കൊള്ളുന്ന ഭൂ-മാഫിയകളേയും ക്വട്ടേഷന്‍ സംഘങ്ങളെയും പെണ്‍വാണിഭക്കാരേയും ഒക്കെയാണ്‌. ഇവര്‍ കോടികള്‍ വാരിക്കൂട്ടുന്നു.

സാമ്പത്തികദ്രോഹങ്ങളും നീതിനിഷേധവും കൊണ്ട്‌ ജീവിതം വഴിമുട്ടിയ അസംഘടിത ജനവിഭാഗം ജീവിതത്തിനും മരണത്തിനും ഇടയില്‍ കിടന്ന്‌ ഞെളിപിരികൊള്ളുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ട ബുദ്ധിജീവികള്‍ പോലും ബുദ്ധിപൂര്‍വ്വം നിസ്സംഗത പാലിക്കുന്നു. സമ്പത്തും നീതിയും നിഷേധിക്കുന്ന അസംഘടിതരുടെ അവകാശം നേടിയെടുക്കുവാന്‍ വഴിതടയലും മനുഷ്യച്ചങ്ങലയും അല്ല വേണ്ടത്‌, രണ്ടാം സ്വാതന്ത്ര്യസമരമാണ്‌. ഭാരതസമൂഹത്തിനുണ്ടാകേണ്ട ഏതു ഗുണപരമായ മാറ്റത്തിനും മാര്‍ഗദീപമായി കാണേണ്ടത്‌ മഹാത്മാഗാന്ധിയേയാണ്‌. ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ക്കൂടിയല്ലാതെ ഒരു നവോത്ഥാനവും സ്വാതന്ത്ര്യവും പൂര്‍ണ്ണമാകുകയില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രമ്യമായ ഇടപെടലില്‍ക്കൂടിയുള്ള വികസനനയം മാത്രമേ നാടിന്‌ ഗുണം ചെയ്യൂ. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള പരക്കംപാച്ചില്‍ വികസനം അല്ല. അവ സമൂഹത്തിന്‌ അശേഷം സംതൃപ്തി നല്‍കുകയുമില്ല. സമൂഹത്തിലെ ഏററവും ദുരിതമനുഭവിക്കുന്നവന്റെ മോചനമാണ്‌ ഐശ്വര്യത്തിലേക്കുള്ള ആദ്യപടി. സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരോടുള്ള പക്ഷം ചേരലാണ്‌ ഉത്തമഭരണകൂടത്തിന്റെ ലക്ഷണം.

No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com