Wednesday, November 18, 2009

ഇതാണ് കാരാട്ടേ സോഷ്യലിസം

ഒക്ടോബര്‍ ഒന്നിന്‌ അറുപതാമത്‌ ചൈനീസ്‌ വിപ്ലവവാര്‍ഷികദിനത്തില്‍ ദേശാഭിമാനി ചൈനീസ്‌ വാര്‍ഷിക സപ്ലിമെന്റ്‌ പ്രസിദ്ധികരിച്ചു. മുഖ്യലേഖനം പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റേതുതന്നെ. ഉള്‍പേജുകളില്‍ സീതാറാം യെച്ചൂരി മുതല്‍ ഇങ്ങ്‌ പിണറായി വരെ ചൈനയെ പാടിപൂകഴ്ത്തിയിരിക്കുന്നു.

ഇത്രമാത്രം പാടിപുകഴ്ത്താന്‍ പ്രഥമവും പ്രധാനവുമായി ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഇവര്‍ക്കെന്താവേശം.? ചൈനയും ഇന്ത്യയും തമ്മില്‍ മഞ്ഞുരുകാന്‍ തുടങ്ങിയിട്ട്‌ അധികമായിട്ടില്ല. എന്നും അമേരിക്കയെപ്പോലെ ചൈനയും പാകിസ്ഥാന്‌ സാമ്പത്തികസൈനിക സഹായം നല്‍കി ഇന്ത്യയുടെ അതിര്‍ത്തികളില്‍ കുഴപ്പമുണ്ടാക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ച ചരിത്രത്തിനുപുറമെ ചതികാണിച്ച രാജ്യമാണ്‌. ചൈനീസ്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഫ്യൂഡലിസത്തെയും കോളനിവാഴ്ചയെയും എതിര്‍ത്തു എന്നുപറയുമ്പോള്‍ അത്‌ സാമ്രാജ്യത്വത്തിനെതിരായ സമരമെന്നുകൂടി കാണണം.
കോളനികളുണ്ടാക്കി അവിടത്തെ മുതലുകള്‍ കൊള്ളയടിച്ച ബ്രിട്ടീഷ്‌ ആധിപത്യം തന്നെയായിരുന്നു ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പിറവിയ്ക്കുകാരണമെങ്കിലും വിപ്ലവത്തിനുശേഷമുണ്ടായ പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈന സാമ്രാജ്യത്വപാതയല്ലേ സ്വീകരിച്ചത്‌.? ഹോങ്കോങ്ങിനെ ലയിപ്പിച്ചത്‌ ഭീഷണിപ്പെടുത്തിയായിരുന്നു. ഒരു മിലിറ്ററി ഓപ്പറേഷന്‍ വേണ്ടിവന്നാല്‍ ആവാമെന്നമട്ടില്‍ നിന്ന ചൈനയ്ക്കുമുമ്പില്‍ ഹോങ്കോങ്ങ്‌ തലകുനിച്ചു. അന്താരാഷ്ട്രസമൂഹത്തിന്റെ സമ്മര്‍ദ്ദഫലമായി സ്വതന്ത്രസമ്പദ്‌വ്യവസ്ഥയുള്‍പ്പെടെ പത്രസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നിവഅനുവദിച്ചു. അതും ചൈന ഈയിടെ ലംഘിച്ചു.

സിങ്ങ്ജിയാംഗില്‍ ഉറുംഖിയിലെ ഉഗര്‍മുസ്ലീങ്ങളുടെ ഹാന്‍ ചൈനക്കാരുമായുള്ള വംശീയസംഘട്ടനം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ ഹോങ്കോങ്ങില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരെ സൈന്യത്തെവിട്ട്‌ അടിച്ചുപപ്പടമാക്കി. 1997ല്‍ ഹോങ്കോങ്ങ്‌ സമാധാനപരമായി ചൈനീസ്‌ വന്‍കരയുമായി ലയിച്ചു എന്നുപറയുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ 1959ല്‍ ടിബറ്റില്‍ എന്താണ്‌ ചൈന ചെയ്തതെന്ന്‌ പറയാത്തതെന്താണ്‌? മിലിറ്ററി ടാങ്കുകള്‍ ലാസയില്‍ ഇരച്ചുകയറിപ്പോള്‍ പതിമൂന്നുകാരനായ ദലൈലാമ ഇന്ത്യയിലേക്ക്‌ വന്നു. പഞ്ചന്‍ലാമയെ പീക്കിങ്ങില്‍ കൊണ്ടുപോയി പട്ടാഭിഷേകം നടത്തി ടിബറ്റിന്റെ ലാമയാക്കി. ആ ടിബറ്റിന്റെ മതപരമായ, വംശീയമായ സമാനതയുടെ പേരിലാണ്‌ അരുണാചല്‍ തങ്ങളുടേതെന്ന്‌ ചൈന പറയുന്നത്‌. ഇത്‌ ഇന്ത്യന്‍ സഖാക്കള്‍ കേള്‍ക്കുന്നില്ലേ? കാണുന്നില്ലേ.?. ഇനി ചൈനയുടെ വന്‍കരവികസനത്തിന്റെ ലക്ഷ്യം തായ്‌വാനാണ്‌. തായ്‌വാന്‍ വഴങ്ങുന്നില്ല. ചൈനയ്ക്ക്‌ അവിടെ ഒരു മിലിറ്ററി ഓപ്ഷനേ ഉണ്ടാവൂ. അതവര്‍ ചെയ്തിരിക്കും. സമയത്തിന്റെ കാര്യം മാത്രമാണ്‌.

ചൈനക്ക്‌ ഏഷ്യയില്‍ സാമന്തരാജ്യങ്ങളുണ്ട്‌. നീപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നിങ്ങനെ പോവുന്നു അവരുടെ പട്ടിക. ഇവര്‍ക്കൊക്കെ ചൊല്ലും ചെലവും കൊടുത്ത്‌ ഇന്ത്യയെ ഒതുക്കുക എന്നതാണ്‌ ചൈനക്കാരന്റെ പ്രഥമലക്ഷ്യം. ചൈനക്ക്‌ ലക്ഷ്യം അമേരിക്കയൊന്നുമല്ല. അമേരിക്ക ഇന്ത്യയെക്കാള്‍ പ്രാധാന്യമുള്ള സാമ്പത്തിക പങ്കാളിയാണ്‌. അമേരിക്കന്‍ വ്യവസായങ്ങള്‍ ചൈനയില്‍ വന്‍ തോതിലുണ്ടായിരിക്കുന്നു. അതുകൊണ്ട്‌ ഇന്ത്യാചൈന പങ്കാളിത്തം ചൈനയുടെ പ്രഥമഗണത്തില്‍ പെടുന്നില്ല.ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തന്നെ സോഷ്യലിസം അപ്രാപ്യമെന്ന്‌ നേരത്തെ പറഞ്ഞിട്ടുണ്ട്‌. സോഷ്യലിസത്തില്‍ സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണം, അതും സ്റ്റേറ്റിന്റെ നിയന്ത്രണത്തിലെന്ന കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തം ചൈനക്കില്ല. ചൈന വന്‍ സാമ്പത്തിക ശക്തിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന്‌ കാരണങ്ങള്‍ ഉണ്ട്‌. ഒന്നാമതായി വളരെ ചിലവുകുറഞ്ഞുകിട്ടുന്ന മനുഷ്യശക്തി. 150 കോടിയിലെത്തിയ ചൈനയുടെ ജനസംഖ്യ ദമ്പതികള്‍ക്ക്‌ ഒരുസന്താനം എന്ന കര്‍ശനനിബന്ധനയും അതുലംഘിച്ചാല്‍ ശിക്ഷയെന്ന അവസ്ഥവരുത്തിയിട്ടുപോലും കുതിയ്ക്കുകയാണ്‌. ഈ അളവില്ലാത്ത മനുഷ്യവിഭവം തന്നെയാണ്‌ ചൈനയുടെ കുതിപ്പിന്റെ ചാലകശക്തി.

രണ്ടാമത്‌ ചൈനീസ്‌ വന്‍കരയുടെ അളവറ്റ ശ്രോതസ്സുകള്‍ തന്നെ. കമ്മ്യൂണിസ്റ്റ്‌ മിലിറ്ററിസത്തില്‍ മനുഷ്യന്‍ മൃഗങ്ങളെപ്പോലെ പണിയുമ്പോള്‍ അത്‌ ഫ്യൂഡലിസത്തിന്റെ മറ്റൊരുപതിപ്പാണ്‌. സാമ്പത്തിക കുതിപ്പിലും ചൈനീസ്‌ പൗരന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നില്ല. സമ്പത്തിന്റെ സിംഹഭാഗവും സൈനിക ശക്തി വര്‍ദ്ധിപ്പിക്കാന്‍ ചിലവിടുമ്പോള്‍ സോഷ്യലിസം എന്ന സാമ്പത്തിക ക്രമം ചൈനക്ക്‌ അന്യമാകുന്നു.ഭൂമിശാസ്ത്രപരമായും സാംസ്ക്കാരികപരമായും പാരമ്പര്യം കൊണ്ടും ചരിത്രം കൊണ്ടും ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാവേണ്ടത്‌ ചൈനതന്നെയാണ്‌. പക്ഷെ ചരിത്രം അതൊന്നുമല്ല. ഇന്ത്യയുടെ സ്വാഭാവികപങ്കാളി ചൈനയ്ക്കുപുറത്തുകിടക്കുന്ന ഏഷ്യയുംയൂറോപ്പും വരെ വ്യാപിച്ചുകിടക്കുന്ന റഷ്യതന്നെയാണ്‌. 200 ആറ്റം ബോംബുകള്‍ ചൈനയ്ക്കുണ്ട്‌. ഒന്നിന്റെ ശക്തി 10 മില്യന്‍ ടി.എന്‍.ടി. (ട്രെയിനൈട്രോടൊളുവിന്‍) ആണ്‌. ഹിറോഷിമയിലും നാഗസാക്കിയിലും ഇട്ട ബോംബിന്റെ ആയിരമിരട്ടി ശക്തിവരും. ചൈനീസ്‌ പ്രതിരോധബഡ്ജറ്റ്‌ മുന്നിലാണ്‌. ഇന്ത്യയുടെ സൈനികശക്തി ചൈനയുടെ മൂന്നിലൊന്നേവരൂ. നമുക്ക്‌ പിടിച്ചുനില്‍ക്കാന്‍ ഒരുകൂട്ടാളിവേണം. ചരിത്രവും അനുഭവവും ഉള്‍ക്കൊണ്ടുതന്നെയാണ്‌ റഷ്യയുമായി അകന്നുനിന്നിരുന്ന ബന്ധം ഊര്‍ജ്ജ്വസ്വലമാക്കാന്‍ ഇന്ത്യതയ്യാറായിവരുന്നത്‌.

പ്രകാശ്‌ കാരാട്ട്‌ പറയുന്നതുപോലെ അമേരിക്കയും ചൈനയും തമ്മില്‍ താല്‍പര്യസംഘട്ടനമില്ല. അവര്‍ തമ്മില്‍ വന്‍ സഹകരണത്തിലാണ്‌. സഖാവ്‌ പറയുന്നതുപോലെ ഇംപീരിയലിസത്തിന്റെ അമരക്കാരുമായി വന്‍ ചങ്ങാത്തത്തിലാണ്‌ സഖാവിന്റെ ചൈനയിലെ യജമാനന്മാര്‍. ഇന്ത്യചൈനറഷ്യ ത്രികക്ഷിസഖ്യം തകര്‍ക്കാന്‍ അമേരിക്കനോക്കുന്നതിനേക്കാള്‍ ശക്തിയോടെ അത്‌ തകര്‍ക്കാന്‍ ചൈനനോക്കും. കാരണം അതിന്റെ ഗുണഭോക്താവ്‌ ഇന്ത്യ എന്നതുതന്നെ. ആ സഖ്യത്തില്‍ ചൈനക്ക്‌ ലാഭമില്ല. ആ സഖ്യത്തിനകത്തൊരു ഇന്ത്യറഷ്യാ സഖ്യം രൂപപ്പെടുമെന്ന്‌ കുശാഗ്രബുദ്ധിയായ ചൈനയ്ക്കറിയാം. അതുകൊണ്ട്‌ കാരാട്ട്‌ പറഞ്ഞ ആ സഖ്യം അമേരിക്കയുടെ ശ്രമം കൊണ്ട്‌ ഉണ്ടാവാതിരിയ്ക്കുകയില്ല. ഉണ്ടായാല്‍ അമേരിക്കയാല്‍ പൊളിയുകയുമില്ല. കാരാട്ട്‌ പറയുന്ന ബ്രിക്ക്‌ (ബ്രസീല്‍റഷ്യഇന്ത്യചൈന) ഉച്ചകോടിയൊക്കെ തീര്‍ത്തും ഔപചാരികമാണ്‌. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളെ ചൈന ടോര്‍പ്പിഡോ ചെയ്യും. ഇന്ത്യ ഘടകമായതുതന്നെ പ്രശ്നം. എന്തിനാണ്‌ ചൈന സെക്യൂരിറ്റി കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകാര്യത്തില്‍ നിസ്സംഗമായിരിക്കുന്നത്‌.?

എന്തിനാണ്‌ അരുണാചലിലേക്കുള്ള എ.ഡി.ബി. ലോണ്‍ തടയാന്‍ നോക്കിയത്‌?.
അന്താരാഷ്ട്ര ആണവോര്‍ജ്ജഏജന്‍സിയിലും ന്യൂക്ലിയര്‍ സപ്ലൈസ്‌ ഗ്രൂപ്പിലും ഇന്ത്യയ്ക്കെതിരെ ചൈന എന്തിനാണ്‌ കുത്തിതിരിപ്പുണ്ടാക്കിയത്‌.? ചൈനയുമായി ഒരാണവകരാറുണ്ടാക്കിയിരുന്നെങ്കില്‍ പ്രകാശ്‌ കാരാട്ട്‌ യു.പി.എ. സര്‍ക്കാരിന്‌ പിന്തുണ പിന്‍വലിക്കുമായിരുന്നോ?. ചൈനയും അമേരിക്കയും തമ്മില്‍ വ്യത്യാസമില്ലെന്ന്‌ കാരാട്ടിനറിയാം. എഴുത്തും വായനയുമറിയുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കറിയാം. അമേരിക്കയെപ്പോലെ ചൈനയും സാമ്രാജ്യത്വമോഹവും ചട്ടമ്പിത്തരവും കാണിക്കുന്നതില്‍ മിടുക്കും മികവും കാണിയ്ക്കുന്നുണ്ട്‌. ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ ചൈന നടത്തുന്ന നീക്കങ്ങളെക്കുറിച്ച്‌ കാരാട്ടിനെന്തുപറയാനുണ്ട്‌?. ഇത്രയും പ്രകോപനപരമായ പെരുമാറ്റങ്ങള്‍ ചൈയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടും കഴുപ്പങ്ങളുണ്ടാക്കാതെയിരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിനെ കുറ്റം ചാര്‍ത്തുന്ന കാരാട്ട്‌ 1962 ല്‍ ചൈന പിടിച്ചുവച്ചിട്ടുള്ള പിന്നീട്‌ അവര്‍ മാന്തിയെടുത്തതുമായ ഒന്നരലക്ഷത്തോളം ച.കീ. മീറ്റര്‍ സ്ഥലം ഇന്ത്യക്ക്‌ വിട്ടുതരാന്‍ ഈ വിപ്ലവ സപ്ലിമെന്റിലൂടെയെങ്കിലും ഒന്നാവശ്യപ്പെട്ട്‌ ഈ നാടിനോടും നാട്ടുകാരോടും തനിക്ക്‌ അല്‍പമെങ്കിലും കൂറുണ്ടെന്ന്‌ കാണിക്കാമായിരുന്നു. 1988ല്‍ രാജീവ്‌ ഗാന്ധിയാണ്‌ ബീജിംഗില്‍ ചെന്നത്‌. ചൈനയുടെ ഭരണാധികാരികള്‍ ഇന്ത്യയിലെയ്ക്കുവന്നിട്ടില്ല അതിനുമുന്‍പ്‌. ആരാണ്‌ സമാധാനം, സൗഹാര്‍ദ്ദം വാക്കിലും പ്രവര്‍ത്തിയിലും കാണിയ്ക്കുന്നതെന്ന്‌ യജമാനഭക്തിയില്‍ അന്ധനാവുന്ന കാരാട്ടിനുകഴിയുന്നില്ലെങ്കില്‍ അപാകതയൊന്നുമില്ല.

ഇന്ത്യയുടെ യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വത്തെ പിന്‍തുണയ്ക്കാത്ത അമേരിക്കന്‍ നിലപാടിനോട്‌ ചൈനയ്ക്ക്‌ യോജിപ്പില്ലേ.? ചൈനയുടെ തന്ത്രപരമായ പങ്കാളി അമേരിക്കയായതിനാലല്ലേ അങ്ങിനെ സംഭവിയ്ക്കുന്നത്‌.? അമേരിക്കയുടെ കടപ്പത്രം മുഴുവന്‍ വാങ്ങിയത്‌ അമേരിക്കയെ ചൈനീസ്‌ ഉത്പ്പന്നങ്ങളുടെ ഡംപിഗ്‌ യാഡാക്കാനല്ലേ.? ആഗോളവത്ക്കരണഉദാരവത്ക്കരണ സദ്ധാന്തത്തിന്റെ അമരക്കാരനായിരുന്ന അമേരിക്ക വാള്‍ സ്ട്രീറ്റിലും മെയിന്‍സ്ട്രീറ്റിലും തകര്‍ന്നുവിണപ്പോള്‍ അതുമുതലാക്കിയത്‌ ചൈനയല്ലേ?. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സാന്നിദ്ധ്യം പാകിസ്ഥാന്‌ പ്രശ്നമാണെന്നതുകണ്ട്‌ പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്‌ ചൈനയല്ലേ.? ഒബാമ ഗത്യന്തരമില്ലാതെ ഇറാക്ക്‌അഫ്ഗാന്‍ അധിനിവേശം അവസാനിപ്പിച്ചാല്‍ ശക്തിപ്പെടുന്ന താലിബാന്‍, പാക്‌അഫ്ഗാന്‍ മേഖലയെ വിഴുങ്ങിയാല്‍ ഇന്ത്യ പരുങ്ങലിലല്ലേ.?

ടിബറ്റിലെ മനുഷ്യാവകാശലംഘനങ്ങളും പൗരാവകാശനിഷേധങ്ങളും എന്തുകൊണ്ടാണ്‌ കാരാട്ട്‌ കാണാതെപോവുന്നത്‌?. ഇവിടെയും അതിനെതിരെ ഒരു ചങ്ങലപിടുത്തം ആവരുതോ?. ആളുണ്ടല്ലോ? ചൈന സാമ്പത്തികമായികുതിയ്ക്കുന്നു എന്ന്‌ പറയുന്നത്‌ ശരി. പക്ഷെ ചൈനീസ്‌ പൗരന്‌ സ്വാതന്ത്ര്യമുണ്ടോ?. അഭിപ്രായം പറയാമോ?. ഭരണകൂടക്രൂരതകളെ വിമര്‍ശിയ്ക്കാമോ?. സ്വാതന്ത്യം കൊതിച്ച ചെറുപ്പക്കാരെ ടിയാനന്‍മെന്‍ സ്ക്വയറില്‍ ടാങ്കുകള്‍ കയറ്റി ചതച്ചരച്ച 1989 ലെ ജൂണ്‍മാസം കാരാട്ട്‌ ഓര്‍ക്കുന്നുണ്ടോ? അവിടെ വര്‍ഷംതോറും തങ്ങളുജടെ മക്കളുടെ ഓര്‍മ്മയ്ക്കായി പാത്തുംപതുങ്ങിയും ഒരു പൂ കൊണ്ട്‌വയ്ക്കുന്ന കണ്ണീര്‍തൂവുന്ന മാതാപിതാക്കളെ കാരാട്ട്‌ ഓര്‍ക്കുന്നുണ്ടോ?. ഇതിനെല്ലാം സ്വാതന്ത്ര്യമുള്ള മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുഖസൗകര്യങ്ങളനുഭവിയ്ക്കുന്ന സഖാവ്‌ കാരാട്ട്‌ ചൈനയിലെ പാവം ജനതയ്ക്കുവേണ്ടി വെന്‍ജിയാവോഹൂജിന്റാവോ പ്രഭൃതികളോടൊന്ന്‌ അപേക്ഷിയ്ക്കുമോ!.

മനഃസാക്ഷിയുണ്ടെങ്കില്‍ കാരാട്ടും യെച്ചൂരിയും ഒന്നംഗീകരിയ്ക്കണം. തുറന്നുപറയണം. കമ്മ്യൂണിസ്റ്റ്‌ ഭരണകൂട ആധിപത്യത്തില്‍ മനുഷ്യസ്വാതന്ത്ര്യമില്ല. പൗരാവകാശങ്ങള്‍ ചോദിച്ചുവാങ്ങാനാവില്ല. ഭരണകൂടം അനുവദിയ്ക്കുന്ന പൗരാവകാശങ്ങളേയുള്ളൂ. അതുകൊണ്ടാണ്‌ സോള്‍ സെനിറ്റ്സണ്‍ എനിക്ക്‌ ശ്വാസംമുട്ടുന്നു എന്നുപറഞ്ഞ്‌ സ്വതന്ത്രവായുതേടി സാമ്രാജ്യലോകത്ത്‌ ചെന്നത്‌. എഴുത്തുകാരന്‍ സോവിയറ്റ്‌ യൂണിയനില്‍ നിന്ന്‌ പലായനം ചെയ്തത്‌. ചൈനയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനമോ സര്‍ഗാത്മക ക്രിയകളോ ഇല്ലെന്ന്‌ കാരാട്ടിനറിയാം. ചൈനയുടെ നിലപാടുകള്‍ ഉപഭൂഖണ്ഡത്തില്‍ ഭീകരത വളര്‍ത്തും. അമേരിക്കന്‍ ഭീഷണിയില്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഭീകരതഅമര്‍ച്ചചെയ്യുന്ന പാകിസ്ഥാന്‍ ചൈനയുടെ ഒത്താശയോടെ ഭീകരര്‍ക്ക്‌ വീണ്ടും ഉയിര്‍ക്കാനുള്ള അവസരമൊരുക്കും. പക്ഷെ ഒന്നുണ്ട്‌. സിന്‍ജിയാങ്ങില്‍ മുസ്ലീങ്ങളെ ദ്രോഹിക്കുന്ന ചൈന അല്‍ക്വയ്ദയുടെ ഹിറ്റ്ലിസ്റ്റില്‍ പെട്ടിട്ടുണ്ട്‌. സ്വതന്ത്ര ടര്‍ക്കിസ്ഥാന്‍ എന്ന ആശയം രൂപപ്പെടുന്നത്‌ ചൈനക്ക്‌ ആശങ്കയോടെ കാണേണ്ടിവരും.

ഒരു രാഷ്ട്രീയ ആവശ്യമെന്നനിലയില്‍ ടിബറ്റന്‍ അഭയാര്‍ത്ഥികളെ ഇന്ത്യ തടയുമെങ്കില്‍ ടിബറ്റുകാര്‍ക്ക്‌ മതസ്വാതന്ത്ര്യവും സാംസ്കാരിക തനിമ നിലനിര്‍ത്താനും സാമ്പത്തിക സ്വയംനിയര്‍ണ്ണയാവകാശത്തിനും ഹോങ്കോങ്ങിലെന്നപോലെ ഒരുകരാറുണ്ടാക്കുവാനും ചൈന തയ്യാറാവുമോ?. ടിബറ്റ്‌ മുഴുവന്‍ റെയില്‍റോഡ്‌മിലിറ്ററി എയര്‍ബേസുകളുണ്ടാക്കി അതിര്‍ത്തിയില്‍ ഇതൊന്നുമില്ലാത്ത ഇന്ത്യയെ ചൈന പ്രതിരോധത്തിലാക്കിയിരിക്കുന്നതെന്തിനാണെന്ന്‌ കാരാട്ട്‌ പറയുമോ?. ഇന്ത്യസൗഹൃദരാഷ്ട്രമെങ്കില്‍ സ്വാഭാവിക പങ്കാളിയെങ്കില്‍ എന്തിനീ പടയൊരുക്കം?. 1954ലും 2003ലും ഇക്കാര്യത്തില്‍ ഉണ്ടാക്കിയ കരാര്‍ പാലിയ്ക്കാന്‍ ഇന്ത്യ തയ്യാറാണ്‌. പ്രകൃതിപരവും ചരിത്രപരവുമായ കാരണംകൊണ്ട്‌ തന്നെ തത്വാധിഷ്ഠിതമായ ഒരു ഇന്ത്യാചൈനാസഹകരണം സാധ്യമാണോ.? അതിനുള്ള സാധ്യത ഇന്ന്‌ തീരെയില്ല.

ഇന്നത്തെ സാഹചര്യത്തില്‍ പ്രകാശ്‌ കാരാട്ടിന്റെ ശത്രുവായ അമേരിക്കയും ചൈനയും സാമ്പത്തിക താല്‍പര്യങ്ങളാല്‍ പ്രതിബദ്ധരാണ്‌. അതുകൊണ്ട്‌ തന്നെ അവരുടെ സഹകരണം അലംഘനീയമാണ്‌. അമേരിക്കന്‍ താല്‍പര്യങ്ങളുടെ ചിലവില്‍ ഇന്ത്യാചൈന സൗഹൃദം അങ്ങിനെ ഉണ്ടാവില്ല. അങ്ങിനെയൊരുസൗഹൃദത്തിന്‌ ചൈനയ്ക്കും തീരെ താല്‍പര്യമില്ല. കാശ്മീരിലും അരുണാചലിലും നിന്ന്‌ ചൈനയിലേക്ക്‌ പോവുന്നവര്‍ക്ക്‌ പേപ്പറില്‍ സീലടിച്ച്‌ വിസ നല്‍കുമ്പോള്‍ പാസ്പോര്‍ട്ടില്‍ സീലടിയ്ക്കുന്നില്ല. അവര്‍ക്കും ചൈനയില്‍ പോയതായി രേഖയുമുണ്ടാവില്ല. വിധ്വംസകപ്രവര്‍ത്തനത്തിന്‌ ചൈനയൊരുക്കുന്ന കിളിവാതില്‍. അമ്പതിലേറെ വംശങ്ങളും ടായോയിസം ബുദ്ധിസം തുടങ്ങി ഇസ്ലാംവരെ വിശ്വാസങ്ങളും കുഴഞ്ഞുകിടക്കുന്ന ചൈന ആരെയോ ഭയക്കുന്നുണ്ട്‌. ടിയാനന്‍മെന്‍ സ്ക്വയറില്‍ അതുകണ്ടു. ചൈനക്കാര്‍ ടെലിവിഷനുമുന്നിലിരുന്നാണ്‍്‌ 60ാ‍ംപിറന്നാള്‍ കണ്ടത്‌. യുദ്ധസാമഗ്രികളുടെ എഴുന്നുള്ളിപ്പ്‌ ഇന്ത്യയെ പേടിപ്പിയ്ക്കാനാണ്‌. ലോകത്ത്‌ വേറെയാരെയും ചൈനക്ക്‌ ഉമ്മാക്കികാണിച്ച്‌ വിറപ്പിയ്ക്കേണ്ട കാര്യമില്ല. 1962ല്‍ ചൈനക്ക്‌ കൂറ്‌
പ്രഖ്യാപിച്ച്‌ നന്ദികേട്‌ മാതൃരാജ്യത്തോട്‌ കാണിച്ചു കമ്മ്യൂണിസ്റ്റുകള്‍.

ഒരുകോടി ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ചൈനയുടെ മനസ്സില്‍ സാമ്രാജ്യത്വവികസനമാണ്‌. അതിന്‌ അയല്‍രാജ്യങ്ങളുടെ അതിര്‌ മാന്തുകയാണ്‌. നേരല്ലാത്ത വഴി. ഇതുതന്നെയാണ്‌ നേരസ്ഥന്മാരെന്നു ഭാവിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ജീനും. സോഷ്യലിസമാണ്‌ രക്ഷയെന്ന്‌ ഹൂജിന്റാവോ ഇപ്പോള്‍ പറയുന്നു. ചൈനയില്‍ നടക്കുന്നത്‌ സോഷ്യലിസമാണെങ്കില്‍ ആ സോഷ്യലിസം അമേരിക്കയിലുമുണ്ട്‌. മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനുമിടയിലുള്ള ട്രാന്‍സിഷന്‍ സോഷ്യലിസമാണ്‌. ചൈനയിലെ ആ രക്തതാരക ന്യൂയോര്‍ക്കിനമുകളിലും ഉദിച്ച്‌ കുതിച്ച്‌ പ്രകാശം വിതറും. ചൈനയിലെ സോഷ്യലിസത്തിനും അമേരിക്കയിലെ സോഷ്യലിസത്തിനും തമ്മില്‍ ഒരു വലിയ വ്യത്യാസമുണ്ട്‌. അമേരിക്കയില്‍ പൗരാവകാശമുണ്ട്‌, മനുഷ്യസ്വാതന്ത്ര്യമുണ്ട്‌, മനുഷ്യാവകാശങ്ങളുണ്ട്‌, ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട്‌. ചൈനീസ്‌ സോഷ്യലിസത്തില്‍ ചൈനക്കാരന്‍ ചങ്ങലയിലാണ്‌. അതുകൊണ്ട്‌ കാരാട്ട്‌ പറഞ്ഞ ആ ചെന്താരക ബിജിംഗിനുമുകളില്‍ ഉദിയ്ക്കാന്‍ സാധ്യതയില്ല. സ്വാതന്ത്ര്യദാഹം ചൈനക്കാരെനെ ഫയറിങ്‌ സ്ക്വാഡിന്‌ മുന്നിലേക്ക്‌ എടുത്തിടും! ഇതാണ്‌ കാരാട്ടേ സോഷ്യലിസം.

No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com