ഹവാനയില്‍ എന്നെ കാത്തിരുന്നത് നിരവധി അസാധാരണ കാര്യങ്ങളായിരുന്നു. ഡോള്‍ഫിന്‍ പ്രദര്‍ശനമുള്‍പ്പെടെയുണ്ട് അവയില്‍. എങ്കിലും ഫിഡല്‍ കാസ്‌ട്രോയുടെ സ്വയവിമര്‍ശനമായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി എനിക്ക് തോന്നിയത്. കമ്മ്യൂണിസ്റ്റ് ഏകാധിപതികളുമായി എനിക്ക് ഏറെ പരിചയമില്ല. അതിലുമധികം കമ്മ്യൂണിസ്റ്റേതര ഏകാധിപതികളുമായാണ് ഞാന്‍ സംവദിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ക്യൂബന്‍ മിസൈല്‍ പ്രശ്‌നം കൈകാര്യം ചെയ്തത് തെറ്റായ രീതിയിലാണെന്ന് കാസ്‌ട്രോ സമ്മതിക്കാന്‍ തയ്യാറായപ്പോള്‍ ഞാനൊന്ന് അമ്പരന്നു. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു. ഞങ്ങള്‍ ആദ്യം കണ്ട ദിനത്തില്‍ ഉച്ചഭക്ഷണത്തിനിരിക്കുമ്പോഴായിരുന്നു കാസ്‌ട്രോയുടെ മറ്റൊരു കുമ്പസാരം. ചെറിയൊരു മേശയ്ക്കു ചുറ്റുമിരിക്കുകയായിരുന്നു ഞങ്ങള്‍. കാസ്‌ട്രോ, അദ്ദേഹത്തിന്റെ പത്‌നി ഡാലിയ, മകന്‍ അന്റോണിയോ, സര്‍ക്കാരിന്റെ വാര്‍ത്താമാധ്യമ വകുപ്പിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്‍ റാന്‍ഡി അലോന്‍സോ, എന്നോടൊപ്പം വന്ന പരിഭാഷകയും ലാറ്റിന്‍ അമേരിക്കന്‍ പണ്ഡിതയുമായ ജൂലിയ സ്വെയ്ഗ് എന്നിവരായിരുന്നു അപ്പോഴുണ്ടായിരുന്നത്.
കാസ്‌ട്രോ ഭക്ഷണം കഴിക്കുന്നതിലായിരുന്നു ഞാന്‍ ശ്രദ്ധയൂന്നിയത്. ഉദരരോഗങ്ങളായിരുന്നല്ലോ അദ്ദേഹത്തെ മരണവക്രത്തിലെത്തിച്ചത്. അതിനാല്‍ അദ്ദേഹം കഴിച്ച ഓരോ ഇനവും കൃത്യമായി ഞാന്‍ മനസില്‍ കുറിച്ചിട്ടു. കുറച്ചേ അദ്ദേഹം ഭക്ഷിച്ചുള്ളൂ-ഒരല്‍പ്പം മീന്‍, സാലഡ്, ഒലീവ് എണ്ണയില്‍ മുക്കിയ റൊട്ടി, പിന്നെ ഒരു ഗ്ലാസ് റെഡ് വൈന്‍. ഭക്ഷണത്തിനിടെ കൊച്ചുകാര്യങ്ങളായിരുന്നു ഞങ്ങള്‍ സംസാരിച്ചിരുന്നത്. നേരത്തെ ഇറാനെക്കുറിച്ചും ഗള്‍ഫ് മേഖലയെക്കുറിച്ചും മൂന്നുമണിക്കൂറോളം അദ്ദേഹം വര്‍ത്തമാനം പറഞ്ഞിരുന്നു. അതിനാല്‍ അത് പിന്നീട് വിഷയമാക്കിയില്ല. ''അന്യരാജ്യങ്ങള്‍ക്ക് ക്യൂബന്‍ മോഡല്‍ പിന്തുടരാനാവുമെന്ന് കരുതുന്നുണ്ടോ?'' - പെട്ടെന്ന് ഞാന്‍ ചോദിച്ചു
ഉടനെയായിരുന്നു ഉത്തരം -'' ഞങ്ങള്‍ക്കുപോലും ഒരിക്കലും പറ്റുന്നതല്ല അത്!''.
ഞാന്‍ നടുങ്ങിപ്പോയി. ക്യൂബന്‍ വിപ്ലവ നായകനാണോ ഇപ്പറയുന്നത്? അദ്ദേഹത്തിന്റെ വാചകങ്ങള്‍ പൂര്‍ണമായി വ്യാഖ്യാനിക്കാന്‍ ഞാന്‍ ജൂലിയയോട് പറഞ്ഞു.
ഉടനെയായിരുന്നു ഉത്തരം -'' ഞങ്ങള്‍ക്കുപോലും ഒരിക്കലും പറ്റുന്നതല്ല അത്!''.
ഞാന്‍ നടുങ്ങിപ്പോയി. ക്യൂബന്‍ വിപ്ലവ നായകനാണോ ഇപ്പറയുന്നത്? അദ്ദേഹത്തിന്റെ വാചകങ്ങള്‍ പൂര്‍ണമായി വ്യാഖ്യാനിക്കാന്‍ ഞാന്‍ ജൂലിയയോട് പറഞ്ഞു.
വ്യാഖ്യാനം ഇങ്ങനെ: ''വിപ്ലവത്തിന്റെ ആശയങ്ങള്‍ അദ്ദേഹം നിരാകരിക്കുന്നില്ല. എന്നാല്‍ ക്യൂബന്‍ മോഡലില്‍ രാജ്യത്തിന്റെ സാമ്പത്തിക ജീവിതത്തില്‍ സര്‍ക്കാരിന് വലിയ പങ്ക് വഹിക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്.''
ജൂലിയ വീണ്ടും വിശദീകരിച്ചു: ''സഹോദരന്‍ കൂടിയായ നിലവിലുള്ള പ്രസിഡന്റ് റൗളിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിന് വേണ്ടി കളമൊരുക്കുകയാണ് കാസ്‌ട്രോ. യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് ആശയങ്ങളിലുണ്ടാക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് പാര്‍ട്ടിയിലും ഉദ്യോഗസ്ഥവൃന്ദത്തിലുമുണ്ടാകുന്ന എതിര്‍പ്പിനെ മറികടക്കാനുള്ള ഒരു തന്ത്രമാണിത്. രാജ്യത്തിന്റെ സമ്പദ് രംഗത്ത് പാര്‍ട്ടിക്കുള്ള സ്വാധീനം റൗള്‍ ഇപ്പോള്‍ത്തന്നെ അയച്ചുകൊണ്ടിരിക്കുകയാണ്.
ചെറുകിട ബിസിനസുകാര്‍ക്ക് പ്രവര്‍ത്തിക്കാമെന്നും വിദേശനിക്ഷേപകര്‍ക്ക് ക്യൂബയിലെ റിയല്‍ എസ്റ്റേറ്റില്‍ പ്രവേശിക്കാമെന്നും അദ്ദേഹം ഈയിടെ പ്രഖ്യാപിച്ചിരുന്നു. (ഈ പ്രഖ്യാപനത്തിലൊരു രസകരമായ വശം കൂടിയുണ്ട്. അമേരിക്കക്കാര്‍ക്ക് ക്യൂബയില്‍ നിക്ഷേപം നടത്താനാകില്ല എന്നതാണത്. ഇതുപക്ഷേ, ക്യൂബന്‍ നയംകൊണ്ടല്ല, അമേരിക്കന്‍ നയം മൂലമാണ്. യു എസ് സര്‍ക്കാരിന്റെ ഉപരോധനയങ്ങള്‍ നിമിത്തമാണ് ഈ സ്വതന്ത്ര വിപണി പരീക്ഷണത്തില്‍ പങ്കുകൊള്ളാന്‍ അമേരിക്കക്കാര്‍ക്ക് സാധിക്കാതാവുന്നത്. പിന്നീടിതില്‍ സര്‍ക്കാരിന് ഖേദിക്കേണ്ടിവരുമെന്നുറപ്പ്. കാരണം യൂറോപ്യന്മാരും ബ്രസീലിയന്മാരുമായി ചേര്‍ന്ന് ക്യൂബക്കാര്‍ മികച്ച ഹോട്ടലുകളെല്ലാം സ്വന്തമാക്കിയിരിക്കും.)
ക്ഷമിക്കുക, മുഖ്യവിഷയത്തില്‍ നിന്ന് വ്യതിചലിച്ചുപോയി. ഏറെ നേരമെടുത്ത് ഉച്ചഭക്ഷണം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു കാര്യം വ്യക്തമായി-കാസ്‌ട്രോ വളരെ ക്ഷീണിതനാണ്, ഏതാണ്ട് പൂര്‍ണമായി വിരമിച്ച അവസ്ഥയിലാണ് അദ്ദേഹം. പിറ്റേന്ന് തിങ്കളാഴ്ച. നേതാക്കളൊക്കെ സാമ്പത്തിക ഇടപാടുകള്‍ തിരക്കിട്ട് നടത്തുന്ന ദിനം, വിമതര്‍ തടങ്കല്‍ പാളയങ്ങളിലേക്ക് നീങ്ങുന്നു. പക്ഷേ ഫിഡലിന് മാത്രം തിരക്കില്ല. അതുകൊണ്ട് അദ്ദേഹം ചോദിച്ചു - ''എന്നോടൊപ്പം ഡോള്‍ഫിന്‍ ഷോ കാണാന്‍ താല്‍പര്യമുണ്ടോ?''
''ഡോള്‍ഫിന്‍ ഷോ?''-ഞാന്‍ ചോദിച്ചു.
''അതേ. ഡോള്‍ഫിനുകള്‍ അസാമാന്യ ബുദ്ധിയുള്ള ജീവികളാണ്'' - കാസ്‌ട്രോയുടെ നിരീക്ഷണം.
പിറ്റേന്ന് രാവിലെ ക്യൂബയിലെ യഹൂദ വിഭാഗത്തിന്റെ അധ്യക്ഷയായ അഡെല ഡ്വോറിനുമായി കാണാമെന്ന് നിശ്ചയിച്ചിരുന്ന കാര്യം അപ്പോഴാണോര്‍ത്തത്. അക്കാര്യം ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു.
''അവരെയും കൊണ്ടുവരൂ'' - കാസ്‌ട്രോയുടെ ഉപദേശം.
തിങ്കളാഴ്ചകളില്‍ അക്വേറിയം അവധിയായിരിക്കുമെന്ന് തീന്‍മേശയുടെ അരികിലിരുന്ന ആരോ പറഞ്ഞു.
അപ്പോള്‍ കാസ്‌ട്രോയുടെ കടുത്ത സ്വരം -''എന്തായാലും നാളെ അത് തുറന്നിരിക്കും.''
പിറ്റേന്ന് പ്രഭാതത്തില്‍ അഡെലയെ സിനഗോഗില്‍നിന്ന് കൂട്ടി ഞങ്ങള്‍ ഡോള്‍ഫിന്‍ ഹൗസിലെത്തി. വാതില്‍പ്പടിയില്‍ വച്ചുതന്നെ കാസ്‌ട്രോയെ കണ്ടു. ക്യാമറക്കണ്ണില്‍പ്പെടാതെ അദ്ദേഹം അഡെലയെ ചുംബിച്ചു (ഒരു പക്ഷേ അത് അഹമ്മദ് നെജാദിനുള്ള സന്ദേശമാകാം).
നീലവെളിച്ചം നിറഞ്ഞ വലിയൊരു മുറിയിലേക്കാണ് ഞങ്ങള്‍ പോയത്. നേരെനോക്കിയാല്‍ ചില്ലുകൊണ്ടുള്ള കൂറ്റന്‍ ഡോള്‍ഫിന്‍ ടാങ്ക് കാണാം. ഹവാന അക്വേറിയത്തിലെ ഡോള്‍ഫിന്‍ ഷോയാണ് ലോകത്തില്‍ ഏറ്റവും മികച്ചതെന്ന് കാസ്‌ട്രോ വിശദീകരിച്ചു. പൂര്‍ണമായും സവിശേഷമാണിത്. വെള്ളത്തിനടിയിലുള്ളതായതുകൊണ്ടാകാം ഇങ്ങനെയൊരു വിശേഷണം. മൂന്ന് മുങ്ങല്‍ വിദഗ്ധര്‍ ശ്വസനോപകരണങ്ങളില്ലാതെയെത്തി ഡോള്‍ഫിനുകളോടൊപ്പം അക്രോബാറ്റിക്‌സ് നടത്തി.
''ഡോള്‍ഫിനെ ഇഷ്ടമാണോ?''-കാസ്‌ട്രോയുടെ ചോദ്യം.
അതെ എന്ന് ഞാന്‍ മറുപടി നല്‍കി.
കാസ്‌ട്രോ ഉടനെ അക്വേറിയം ഡയറക്ടര്‍ ഗ്വില്ലര്‍മോ ഗാര്‍ഷ്യയോട് വരാന്‍ പറഞ്ഞു. (അവധിയായിട്ടും എല്ലാ ജീവനക്കാരും അക്വേറിയത്തില്‍ സ്വയമെത്തിയിരുന്നു)
ഗില്ലര്‍മോ എത്തി ഞങ്ങളോടൊപ്പമിരുന്നു.
''ഗോള്‍ഡ്‌ബെര്‍ഗ്, ഡോള്‍ഫിനുകളെക്കുറിച്ച് ചോദിച്ചോളൂ'' - കാസ്‌ട്രോ പറഞ്ഞു.
''എന്തുതരം ചോദ്യങ്ങള്‍?'' - ഞാന്‍.
''നിങ്ങളൊരു പത്രപ്രവര്‍ത്തകനാണ്. നല്ല ചോദ്യങ്ങള്‍ ചോദിക്കാം'' - അദ്ദേഹം വിശദമാക്കി. ഞാന്‍ ചോദിക്കാനൊരുമ്പെടുംമുമ്പേ ഗില്ലര്‍മോയെ ചൂണ്ടി കാസ്‌ട്രോയുടെ വാചകം - ''ഡോള്‍ഫിനെക്കുറിച്ച് ഇയാള്‍ക്ക് ഒന്നുമറിയില്ല. ശരിക്കും ഇയാളൊരു അണുശാസ്ത്രജ്ഞനാണ്.''
''ആണോ?''
''അതെ''- ഖേദപൂര്‍വമായിരുന്നു ഗില്ലര്‍മോയുടെ ഉത്തരം.
''എന്തിനാണ് നിങ്ങള്‍ അക്വേറിയത്തിന്റെ ചുമതല നോക്കുന്നത്?'' എന്റെ ചോദ്യത്തിന് പൊട്ടിച്ചിരിയോടെ കാസ്‌ട്രോയാണ് മറുപടി പറഞ്ഞത്.
''അണുബോംബ് ഉണ്ടാക്കാതിരിക്കാനാണ് ഞങ്ങള്‍ ഇയാളെ ഇവിടെ തളച്ചിട്ടിരിക്കുന്നത്.''
''ക്യൂബയില്‍ സമാധാനകാര്യങ്ങള്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ ആണവോര്‍ജം ഉപയോഗിക്കുന്നത്'' - ഗില്ലര്‍മോ വിശദീകരിച്ചു.
''ഇറാനില്‍ ഇങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല''- ഞാന്‍ മറുപടി നല്‍കി.
അംഗരക്ഷകര്‍ കൊണ്ടുവന്ന പ്രത്യേക കസേരയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന ചെറിയൊരു കമ്പിളിപ്പുതപ്പ് ചൂണ്ടിക്കാട്ടി കാസ്‌ട്രോ പറഞ്ഞു, '' ഇത് പേര്‍ഷ്യനാണ്.'' വീണ്ടും ചിരി.
''ഇനി ഡോള്‍ഫിനെക്കുറിച്ച് ചോദിക്കു?'' കാസ്‌ട്രോ എന്നെ വിടുന്ന മട്ടില്ല.
''ഡോള്‍ഫിന് എത്ര തൂക്കം വരും?'' എന്റെ ചോദ്യം.
''നൂറ് നൂറ്റമ്പത് കിലോ വരും''
''ഇവയെ എങ്ങനെയാണ് പരിശീലിപ്പിക്കുന്നത്?''
അത് നല്ലൊരു ചോദ്യമാണെന്ന് കാസ്‌ട്രോ ഇടക്കുകയറി പറഞ്ഞു.
വിശദമായ ഉത്തരം നല്‍കാന്‍ അക്വേറിയത്തിലെ മൃഗഡോക്ടര്‍മാരിലൊരാളെ ഗില്ലര്‍മോ വിളിച്ചുവരുത്തി. സീലിയ എന്ന യുവതി. അല്‍പനേരം കഴിഞ്ഞ് അന്റോണിയോ കാസ്‌ട്രോ അവളുടെ രണ്ടാമത്തെ പേരും പറഞ്ഞു. ഗുവേരയെന്നായിരുന്നു അത്.
''നിങ്ങള്‍ ചെഗുവേരയുടെ മകളാണോ?'' - ഞാന്‍ അവളോട് ചോദിച്ചു.
അതേ എന്ന് അവള്‍ മറുപടി നല്‍കി.
''നിങ്ങളിവിടെ ഡോള്‍ഫിനുകളുടെ ഡോക്ടറാണോ?''
''അക്വേറിയത്തിലെ എല്ലാത്തരം ജീവികളെയും ഞാന്‍ നോക്കാറുണ്ട്'' - സീലിയ പറഞ്ഞു. ചെഗുവേരയ്ക്ക് മൃഗങ്ങളെയും ഇഷ്ടമായിരുന്നുവെന്ന് അന്റോണിയോ കൂട്ടിച്ചേര്‍ത്തു.
ഷോ തുടങ്ങാന്‍ നേരമായി. ലൈറ്റുകള്‍ മങ്ങിത്തുടങ്ങി. മുങ്ങല്‍ വിദഗ്ദ്ധര്‍ വീണ്ടും ജലോപരിതലത്തിലെത്തി. പിന്നെ ഷോ. കാസ്‌ട്രോ അവകാശപ്പെട്ടതു ശരിതന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഡോള്‍ഫിന്‍ ഷോ ആയിരുന്നു അത്.
- പരിഭാഷ: ക്ലീറ്റസ് കാക്കനാട്
1 comment:
ഞാന്‍ കണ്ട ബൂലോകം, അഥവാ അവശ ബ്ലോഗര്‍ക്കുള്ള സഹായം
Post a Comment