Showing posts with label ലൈംഗികസദാചാരം. Show all posts
Showing posts with label ലൈംഗികസദാചാരം. Show all posts

Monday, February 1, 2010

ഒളിഞ്ഞുനോട്ടവും നിയമവാഴ്ചയും

ലയാളികള്‍ പൊതുവില്‍ അനുഭവിക്കുന്ന ലൈംഗിക പട്ടിണിയുടെ സ്വാഭാവിക പരിണതഫലമാണ് ഒളിഞ്ഞുനോട്ടപ്രവണത. ആണ്‍-പെണ്‍ വിഭജനം ഇത്ര കൃത്രിമമായി നിലനിര്‍ത്തുന്ന പ്രദേശം ലോകത്ത് മറ്റെവിടെയും ഉണ്ടെന്നു തോന്നുന്നില്ല. മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തും സ്ഥിതി ഇത്ര ഭീകരമല്ല. കൊച്ചുകുട്ടിക്കാലം മുതല്‍ക്കേ, സ്‌കൂളിലും സമൂഹത്തിലും ആണ്‍-പെണ്‍ ഇടപെടലിനെ ബോധപൂര്‍വം തടഞ്ഞുനിര്‍ത്തുന്ന ഒരു സാമൂഹികാന്തരീക്ഷമാണ് ഇവിടെ നിലനില്ക്കുന്നത്.

പട്ടണങ്ങളില്‍പ്പോലും ബസ്സിലും ട്രെയിനിലും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇടകലര്‍ന്നിരിക്കാന്‍ തീരെ സാധ്യമല്ലാത്ത സംസ്ഥാനവും കേരളം മാത്രമായിരിക്കും. പൗരാണികമായി, താരതമ്യേന സ്വതന്ത്രാന്തരീക്ഷം നിലനിന്നിരുന്ന കേരളത്തില്‍, ഇപ്പോള്‍ ആണുങ്ങളും പെണ്ണുങ്ങളും ഇടപഴകുന്നതുപോകട്ടെ സംസാരിക്കുന്നതുപോലും സദാചാരപ്രശ്‌നമായി കാണുന്ന അന്തരീക്ഷം വളര്‍ന്നുവന്നത് എങ്ങനെ എന്നത് ഗവേഷണവിഷയമാണ്.

ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാം. ഏതാനും വര്‍ഷം മുമ്പ് ഗുരുവായൂരില്‍ ലോഡ്ജില്‍ റൂമെടുത്തു താമസിച്ച കാമുകീകാമുകന്മാരെ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തതിന്റെ പേരില്‍ പിറ്റേ ദിവസം ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായി. ദിവസേനയെന്നോണം നടക്കുന്ന ഇത്തരം സംഭവങ്ങള്‍ എല്ലാം ആത്മഹത്യയിലേക്ക് നയിക്കാറില്ലെങ്കിലും ഇങ്ങനെ കേസില്‍പ്പെടുന്നവരുടെ ഭാവിജീവിതം ദുരന്തപൂര്‍ണമായിത്തീരും.

കൊച്ചിയിലെ തോപ്പുംപടിയില്‍ ലോഡ്ജില്‍ റൂമെടുത്ത ഭാര്യാഭര്‍ത്താക്കന്മാരെ പോലീസ് റെയ്ഡ് ചെയ്ത് കേസെടുത്തു. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞിട്ടും പോലീസ് ആദ്യം വിശ്വസിച്ചില്ല. സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതിനുശേഷമാണ് വിട്ടയച്ചത്. സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടലില്‍ മുറിയെടുക്കണമെങ്കില്‍ ഭാര്യാഭര്‍ത്തൃബന്ധം തെളിയിക്കുന്ന രേഖകളുമായി നടക്കേണ്ടിവരുന്നത് എത്ര ഭീകരമാണ്!

ഏഷ്യാനെറ്റില്‍ 'കേരളസ്‌കാന്‍' എന്ന പരിപാടിയില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ക്യാമറയ്ക്കു മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത് നാട്ടുകാരുടെ സമ്മര്‍ദം മൂലമാണ് അറസ്റ്റ് ചെയ്തതെന്നാണ്. നിലവിലുള്ള നിയമപ്രകാരം അറസ്റ്റിനുസാധൂകരണമില്ലെന്നും സമ്മതിച്ചു.

തിരുവനന്തപുരം ഭാഗത്ത് ഒരുയര്‍ന്ന എകൈ്‌സസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ഒരു സ്ത്രീ ചെന്നതിനു പിന്നാലെ പോലീസും ചെന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ആ സ്ത്രീയുടെ ഹാന്‍ഡ്ബാഗില്‍നിന്ന് കുറച്ചുപണം കണ്ടെടുത്തു എന്നതായിരുന്നു ഏക തെളിവായി ഉണ്ടായിരുന്നത്. അവരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനും ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത് നിയമമൊന്നുമില്ലെന്നും ജനം കൂടിയതുകൊണ്ട് അറസ്റ്റ് ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ലാതെ വന്നു എന്നുമാണ്.

ഇതു സംബന്ധമായി ഇന്ത്യയില്‍ നിലവിലുള്ള നിയമം 1956-ലെ വ്യഭിചാരനിരോധനനിയമമാണ്. ലൈംഗികചൂഷണം മൂന്നാമതൊരു കൂട്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ ദുരുപയോഗപ്പെടുത്തുമ്പോള്‍ മാത്രമാണ് ഈ നിയമപ്രകാരം കുറ്റമാകുന്നത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും പരസ്​പരസമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ഒരു തരത്തിലും കുറ്റമാകുന്നില്ല.

ഡല്‍ഹി ഹൈക്കോടതിയുടെ വിധിപ്രകാരം വാണിജ്യാടിസ്ഥാനത്തിലല്ലാത്ത വേശ്യാവൃത്തിപോലും കുറ്റകരമല്ല. ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം റെയ്ഡ് ചെയ്ത് മുറികളില്‍ താമസിക്കുന്ന സ്ത്രീയെയും പുരുഷനെയും അവിഹിതബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്ന പോലീസാണ് യഥാര്‍ഥത്തില്‍ കുറ്റം ചെയ്യുന്നത്; നിയമം ലംഘിക്കുന്നത്.

നിയമവാഴ്ചയുടെ കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമായി കണക്കാക്കപ്പെടുന്ന കേരളം ഇക്കാര്യത്തില്‍ നിയമവാഴ്ചയെ പരിഹസിക്കുന്ന അവസ്ഥയിലാണെന്നു കാണാം. ഒളിച്ചുനോട്ടക്കാരായ നാട്ടുകാരും അവരോടൊപ്പം ചേരുന്ന പോലീസുകാരും ചേര്‍ന്നാല്‍ ആരുടെയും സ്വകാര്യജീവിതത്തിലേക്ക് കടന്നുചെല്ലാനും അവരുടെ സാമൂഹികജീവിതം താറുമാറാക്കാനും കഴിയും. എളുപ്പത്തില്‍ ലഭ്യമാവുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായമുണ്ടെങ്കില്‍ വൈരാഗ്യമുള്ളവരെ നശിപ്പിക്കാന്‍ ആര്‍ക്കുമാകും. രാഷ്ട്രീയശത്രുക്കളെ തകര്‍ക്കാനുള്ള ഏറ്റവും ഏളുപ്പവഴിയായും കേരളത്തില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഏറ്റവും അവസാനം കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കേസ് നോക്കുക. ഉണ്ണിത്താന്റെയോ കൂടെ സഞ്ചരിച്ച സഹപ്രവര്‍ത്തകയുടെയോ വ്യക്തിപരമായ പശ്ചാത്തലത്തെക്കുറിച്ച് എനിക്കറിയില്ല; അറിയേണ്ട ആവശ്യവുമില്ല. പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും അറിഞ്ഞ വിവരങ്ങള്‍ വെച്ചുനോക്കിയാല്‍ ഉണ്ണിത്താനെതിരായി നാട്ടുകാര്‍ ഇടപെടേണ്ടതോ പോലീസ് കേസെടുക്കേണ്ടതോ ആയ ഒന്നും സംഭവിച്ചിട്ടില്ല.

ഉണ്ണിത്താന്‍ ആരോപിക്കുംപോലെ സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടായിക്കൊള്ളണമെന്നുമില്ല. നാട്ടുകാരുടെ ഒളിഞ്ഞുനോട്ട പ്രവണതയായിരിക്കണം പ്രശ്‌നം സൃഷ്ടിച്ചത്. രാഷ്ട്രീയ എതിരാളികള്‍ അതിനെ മുതലാക്കിയിട്ടുമുണ്ടാകാം. എന്തായാലും ആരംഭത്തില്‍ സൂചിപ്പിച്ച മലയാളിയുടെ പ്രാകൃത മാനസികാവസ്ഥയുടെ സൃഷ്ടിതന്നെയാണ് ഈ സംഭവവും. എന്നിട്ടും ഒരു ഡിവൈ.എസ്.പി. കേസ് ചാര്‍ജ് ചെയ്തിരിക്കുന്നു എന്നത് ഇവിടത്തെ നിയമവാഴ്ചയുടെ പരിഹാസ്യമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

ഇത്തരം വിഷയങ്ങളില്‍ കേരളത്തില്‍ നിയമവാഴ്ച പുനഃസ്ഥാപിക്കുക എളുപ്പമല്ല. ആദ്യംതന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയം തീരുമാനിക്കണം. നിലവിലുള്ള നിയമപ്രകാരമല്ലാത്ത നടപടികളൊന്നും ജനങ്ങളുടെ പേരുംപറഞ്ഞ് എടുക്കരുതെന്ന് പോലീസിനു കര്‍ശനമായ നിര്‍ദേശം നല്കണം. എന്നാലും പഴയ ശൈലികള്‍ തുടരാനിടയുണ്ട്. അങ്ങനെ തുടരാതിരിക്കാനുള്ള മേല്‍നോട്ടത്തിനു സംവിധാനമുണ്ടാക്കുകയും വേണം.

നാട്ടുകാരുടെ മനോഭാവത്തിലും മാറ്റമുണ്ടാവണം. നിലവിലുള്ള നിയമപ്രകാരം ലൈംഗികപ്രശ്‌നങ്ങളിലും മറ്റും ഏതുതരം പ്രവൃത്തികളാണ് കുറ്റകരമാവുന്നതെന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാവുന്നതാണ്. ജനങ്ങളെ ബോധവത്കരിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങളാണ് പ്രധാന കര്‍ത്തവ്യം ഏറ്റെടുക്കേണ്ടത്.

പക്ഷേ, മാധ്യമങ്ങള്‍ പലപ്പോഴും ഒളിഞ്ഞുനോട്ട പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതു കാണാറുണ്ട്. ആ സമീപനം മാറ്റി, നിയമവാഴ്ചയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാന്‍ മാധ്യമങ്ങള്‍തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. എങ്കില്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും മലയാളിയുടെ പ്രാകൃതമായ ഈ ഒളിഞ്ഞുനോട്ട മനോഭാവത്തിന് അറുതിവരുത്താനാകൂ.

(മാതൃഭൂമിയില്‍ കെ.വേണു എഴുതിയ ലേഖനം)
വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com