Saturday, June 12, 2010

സി.പി.എമ്മിനെ ഭരിക്കുന്നത്‌.....

-ഡോ. എം. ഗംഗാധരന്‍

കൂടുവിട്ട്‌ കൂടുമാറുന്ന മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ അവസരവാദ രാഷ്‌ട്രീയം കേരളത്തിന്റെ സാമൂഹ്യപരിസരങ്ങളില്‍ മുളപ്പിക്കുന്ന വിഭാഗീയതയുടെ വിഷവിത്തുകള്‍ എഴുത്തുകാരും സാമൂഹ്യ - സാംസ്‌കാരിക - രാഷ്‌ട്രീയ രംഗങ്ങളിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളും ഏറെ ഉല്‍ക്കണ്‌ഠയോടെയാണ്‌ കാണുന്നത്‌. അവസരത്തിനൊത്ത്‌ ന്യൂനപക്ഷ - ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ കാര്‍ഡുകള്‍ മാറിമാറി പിടിച്ച്‌ സി.പി.എം. നടത്തുന്ന രൗദ്ര നടനത്തിനെതിരെ ജനപക്ഷത്തുനിന്ന്‌ ചിന്തിക്കുന്ന എഴുത്തുകാര്‍ അവരുടെ ഉള്ളിലെ ഭയപ്പാടുകളും ഉല്‍ക്കണ്‌ഠകളും ഇവിടെ പങ്കുവെക്കുകയാണ്‌. നേരെഴുത്തും കേട്ടെഴുത്തുമായി ചില കുറിപ്പുകള്‍കൂടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായിക്കുക. പ്രശസ്‌ത ചരിത്രകാരന്‍ ഡോ. എം. ഗംഗാധരനുമായി എ.പി. ഇസ്‌മായില്‍ സംസാരിച്ചു തയ്യാറാക്കിയ അഭിമുഖത്തിന്റെ തുടര്‍ച്ച.

മുസ്‌ലിംതീവ്രവാദ സംഘടനകളെ മുസ്‌ലിംലീഗ്‌ സംഘടിപ്പിക്കുന്നുവെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവന എങ്ങനെ കാണുന്നു?

കേരളത്തിന്റേത്‌ തികഞ്ഞ മതേതര പാരമ്പര്യമാണ്‌. വിവിധ മതങ്ങളും ജാതികളുമെല്ലാം ഇത്ര സൗഹൃദത്തില്‍ കഴിയുന്ന നാട്‌ ഇന്ത്യയില്‍ എന്നല്ല, ലോകത്തൊരിടത്തും വേറെയുണ്ടാവില്ല. കേരളത്തിന്റെ മതേതരസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ മുസ്‌ലിംകളും ക്രിസ്‌ത്യാനികളും വഹിച്ച പങ്ക്‌ ചെറുതായി കാണാനാവില്ല. പ്രത്യേകിച്ച്‌ ഈ വിഷയത്തില്‍ മുസ്‌ലിംലീഗിനെപ്പോലുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനം വഹിച്ച പങ്ക്‌. മുസ്‌ലിംസമൂഹത്തിന്റെ സാമൂഹ്യ, വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട്‌ പക്വതയുള്ള ഒരുകൂട്ടം നേതാക്കളാണ്‌ മുസ്‌ലിംലീഗിന്‌ രൂപംനല്‍കിയത്‌. മുസ്‌ലിംകള്‍ക്കിടയിലെ വര്‍ഗ്ഗീയ ശക്തികളെ മുസ്‌ലിംലീഗ്‌ സംഘടിപ്പിക്കുന്നു എന്നൊക്കെ ആഭ്യന്തരമന്ത്രി പറയുന്നത്‌ ചരിത്രം അറിയാത്തതുകൊണ്ടാണ്‌. കേരളത്തില്‍ മുസ്‌ലിംലീഗ്‌ ഏതെങ്കിലും തരത്തിലുള്ള വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‌ യാതൊരു തെളിവുമില്ല. മുസ്‌ലിംസമൂഹത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിയില്‍ ലീഗ്‌ വഹിച്ച പങ്കു ചെറുതല്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മതേതരത്വം കാത്തുസൂക്ഷിക്കുന്ന മുസ്‌ലിം സംഘടനയാണ്‌ ലീഗ്‌. കേരളത്തിലെ മുസ്‌ലിംകളെല്ലാം വര്‍ഗ്ഗീയവാദികളാണ്‌ എന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഒന്നും ശരിയല്ല. അതേസമയം മാധ്യമങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാനാവില്ല. സെന്‍സേഷനല്‍ വാര്‍ത്തകള്‍ക്ക്‌ അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്‌. അത്‌ കേരളത്തിന്റെ ട്രന്റ്‌ ആ രീതിയില്‍ ആയതുകൊണ്ടാണ്‌. അതേസമയം മുസ്‌ലിംകള്‍ക്കിടയിലെ ചില തെറ്റായ പ്രവണതകള്‍, യുവാക്കളെ തെറ്റിലേക്ക്‌ നയിക്കുന്നുണ്ട്‌. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ ഏറ്റവും ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്ന മുസ്‌ലിം സംഘടന മുസ്‌ലിംലീഗാണ്‌. അതിനുവേണ്ടി മുസ്‌ലിംലീഗ്‌ അതിന്റെ മാധ്യമസാന്നിധ്യം ശക്തിപ്പെടുത്തണം.

കേരളത്തിലെ മുസ്‌ലിം സാമൂഹ്യപരിഷ്‌കരണ രംഗത്തുണ്ടായ ചലനങ്ങളുടെ സൃഷ്‌ടിയായിരുന്നു മുസ്‌ലിംലീഗ്‌. 1922ല്‍ കൊടുങ്ങല്ലൂരില്‍ തുടങ്ങിയ മുസ്‌ലിം ഐക്യസംഘമാണ്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ സാമുദായികാടിസ്ഥാനത്തില്‍ സംഘടിക്കുന്നതിനുള്ള ആദ്യ പ്രചോദനമാകുന്നത്‌. പ്രാദേശിക പ്രമാണി കുടുംബങ്ങളിലെ തര്‍ക്കം പരിഹരിക്കാന്‍ രൂപംകൊടുത്ത ഈ പ്രസ്ഥാനം പിന്നീട്‌ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുകയും വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത്‌ പരിഷ്‌കരണ ചിന്താഗതിയോടെ പ്രവര്‍ത്തിക്കുയും ചെയ്‌തു. വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവിയെപ്പോലുള്ളവരാണ്‌ അന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. മുസ്‌ലിം സാമൂഹ്യപുരോഗതിക്ക്‌ പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു ഇതിലൂടെ വക്കം മൗലവിയെപ്പോലുള്ള നേതാക്കള്‍ ചെയ്‌തത്‌. ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങിയ ഈ സംഘാടനമാണ്‌ പിന്നീട്‌ രാഷ്‌ട്രീയമായി സംഘടിക്കുന്നതിനും കേരളത്തിലെ മുസ്‌ലിംകളെ പ്രേരിപ്പിപ്പിച്ചത്‌.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അലയൊലികള്‍ കേരളത്തില്‍, പ്രത്യേകിച്ച്‌ മലബാറില്‍ ഏറെ ശക്തിയാര്‍ജ്ജിച്ച്‌ തുടങ്ങിയ കാലമായിരുന്നു അത്‌. മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസിനു കീഴില്‍ സ്വാതന്ത്ര്യസമരത്തിന്‌ ശക്തിപകരാന്‍ രംഗത്തിറങ്ങിയപ്പോള്‍ അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനായിരുന്നു ഐക്യസംഘത്തെ വളര്‍ത്തിയ നേതാക്കളുടെ തീരുമാനം. അഖിലേന്ത്യാ ലീഗിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴും പരിഷ്‌കരണ ആശയങ്ങള്‍ അത്‌ കൈവിട്ടിരുന്നില്ല. 1947ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷം കേരളത്തിലെ മുസ്‌ലിംലീഗ്‌ നേതാക്കള്‍ മുഹമ്മദലി ജിന്നയെപ്പോയി കണ്ടു. എന്നാല്‍ മുസ്‌ലിംലീഗ്‌ പിരിച്ചുവിട്ട്‌ മറ്റ്‌ പ്രസ്ഥാനങ്ങളില്‍ ചേരാനായിരുന്നു ജിന്ന നല്‍കിയ നിര്‍ദ്ദേശം. ഇതില്‍ തൃപ്‌തരാകാതെയാണ്‌ മുഹമ്മദ്‌ ഇസ്‌മാഈല്‍ സാഹിബും സീതി സാഹിബും പോലുള്ള നേതാക്കള്‍ മദ്രാസിലെത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്‌ രൂപം നല്‍കുന്നത്‌. ഇന്ത്യന്‍ ഭരണഘടനെയും ഇന്ത്യന്‍ മതേതര ജനാധിപത്യ മൂല്യങ്ങളെയും പൂര്‍ണമായി അംഗീകരിച്ചുകൊണ്ട്‌ രൂപംകൊടുത്ത സംഘടനയായിരുന്നു അത്‌. എന്നാല്‍ പലപ്പോഴും പഴയ അഖിലേന്ത്യാ ലീഗിനെ വെച്ചാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ പലരും വിമര്‍ശിക്കുന്നത്‌. ഇത്‌ തെറ്റിദ്ധാരണ കൊണ്ടാണ്‌. സാക്ഷാല്‍ നെഹ്‌റു പോലും കോഴിക്കോട്ടുവന്ന്‌ മുസ്‌ലിംലീഗ്‌ ചത്ത കുതിരയാണെന്ന്‌ പ്രഖ്യാപിച്ചത്‌ പഴയ അഖിലേന്ത്യാ ലീഗാണ്‌ കേരളത്തിലേതെന്ന്‌ തെറ്റിദ്ധരിച്ചതുകൊണ്ടാണെന്നാണ്‌ മനസ്സിലാക്കുന്നത്‌. ഇത്തരം തെറ്റിദ്ധാരണകളെ നീക്കേണ്ടത്‌ ലീഗ്‌ തന്നെയാണ്‌.
മലബാറിലെ ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ആത്മവിശ്വാസം പകര്‍ന്നത്‌ കേരളത്തില്‍ മിഷണറി പ്രവര്‍ത്തനങ്ങളുമായെത്തിയ സയ്യിദുമാരായിരുന്നു. ജന്മിമാരോട്‌ എതിര്‍ക്കാനും സ്വയം ആത്മാഭിമാനം വളര്‍ത്തിയെടുക്കാനും മമ്പുറം തങ്ങളെപ്പോലുള്ളവര്‍ പകര്‍ന്നുകൊടുത്ത ധൈര്യം ചെറുതായിരുന്നില്ല. മലബാര്‍ കലാപകാലത്ത്‌ ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ പോരാടാന്‍ മാപ്പിളമാര്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നുനല്‍കിയതും സയ്യിദുമാരായിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബന്റെ പങ്ക്‌ ഒരിക്കലും വിസ്‌മരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ്‌ നേതാവ്‌ എന്നതിലുപരി മുസ്‌ലിംകളുടെ പുരോഗതിക്കുവേണ്ടി കഠിനപ്രയത്‌നം ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. മുസ്‌ലിംകളുടെ നേതാവ്‌ എന്ന രീതിയില്‍ ലീഗ്‌ അദ്ദേഹത്തെ കൂടുതല്‍ ആദരിക്കേണ്ടിയിരുന്നു എന്ന്‌ അഭിപ്രായമുണ്ട്‌.

പില്‍ക്കാലത്ത്‌ മുസ്‌ലിംസമൂഹത്തെ മുസ്‌ലിംലീഗിനൊപ്പം അടുപ്പിച്ചുനിര്‍ത്തുന്നതില്‍ പാണക്കാട്‌ കുടുംബം വഹിച്ച പങ്ക്‌ ചെറുതല്ല. ശിഹാബ്‌ തങ്ങളെ ഒന്നിലധികം തവണ പോയി കണ്ട്‌ സംസാരിച്ചിട്ടുണ്ട്‌. യഥാര്‍ത്ഥ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്തായ പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. തന്റെ മുന്നിലെത്തുന്നവര്‍ക്ക്‌ സാന്ത്വനവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കുന്നു, അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അഗാധമായ പാണ്ഡിത്യവും മനസ്സിന്റെ വിശാലതയുമായിരുന്നു ശിഹാബ്‌ തങ്ങളുടെ മഹത്വം. ബാബ്‌രി മസ്‌ജിദ്‌ തകര്‍ച്ചയുടെ ഘട്ടത്തിലൊക്കെ കേരളത്തിലെ മുസ്‌ലിംലീഗ്‌ സ്വീകരിച്ചനിലപാടായിരുന്നു ഏറ്റവും വിവേകമുള്ളത്‌. അത്തരം ഘട്ടങ്ങളിലൊക്കെ വര്‍ഗ്ഗീയ ചിന്തയിലേക്ക്‌ നീങ്ങാതെ മുസ്‌ലിംകളെ പിടിച്ചുനിര്‍ത്തുന്നതില്‍ മുസ്‌ലിംലീഗ്‌ വഹിച്ച പങ്ക്‌ അനിഷേധ്യമാണ്‌.

തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാണോ സി.പി.എമ്മിനെ പുതിയ രീതിയില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌?

സമീപകാലത്ത്‌ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി ഒരുപക്ഷേ, അവരുടെ നയംമാറ്റത്തിന്‌ കാരണമായിട്ടുണ്ടാവാം. ഒരു ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന്‌ പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലെന്ന സാധാരണക്കാരുടെ വിശ്വാസം പരാജയ കാരണങ്ങളില്‍ ഒന്നാണ്‌. സി.പി.എമ്മിനെതിരെ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം വാര്‍ത്തകള്‍ മെനയുകയാണെന്ന ആരോപണമൊന്നും ശരിയല്ല. വാര്‍ത്തകളുണ്ടെങ്കില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കും. കേരളത്തില്‍ പനി പടരുന്നത്‌ മാധ്യമങ്ങള്‍ പറയുന്നതാണെന്നതാണ്‌ കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പറഞ്ഞത്‌. കേരളത്തില്‍ പനി പടരുന്നു എന്നത്‌ വാര്‍ത്തയാണ്‌. അത്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കും. അല്ലാതെ വാര്‍ത്തകള്‍ക്കു പിന്നില്‍ മാധ്യമ സിണ്ടിക്കേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങളൊന്നും ശരിയല്ല.

കേരളത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക്‌?

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയില്‍ മുസ്‌ലിംകളും ക്രിസ്‌ത്യാനികളും വഹിച്ച പങ്ക്‌ വിസ്‌മരിക്കാന്‍ കഴിയില്ല. മുസ്‌ലിംകള്‍ കോഴിക്കോട്ട്‌ താമസമാക്കിയിരുന്നില്ലെങ്കില്‍ ഇന്നൊരു പതിനഞ്ച്‌ കടപോലും കോഴിക്കോട്ടങ്ങാടിയില്‍ തികച്ചുണ്ടാകുമായിരുന്നില്ല. ഗള്‍ഫ്‌ രാജ്യങ്ങളുമായുള്ള ബന്ധവും അവിടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിച്ചതും കേരളത്തിന്‌ നേട്ടം ചെയ്‌തു. അതേസമയം വാണിജ്യ രംഗത്ത്‌ ഏറെ മുന്നേറിയപ്പോഴും വ്യാവസായിക രംഗത്തേക്ക്‌ കടക്കുന്നതില്‍ അവര്‍ ശ്രദ്ധിച്ചില്ല. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ ഇത്രയധികം അഭിവൃദ്ധിപ്പെടുത്തിയത്‌ ക്രിസ്‌ത്യാനികളാണ്‌. മലകളും കാടുകളും വെട്ടിനിരത്തി കൃഷിക്ക്‌ യോഗ്യമാക്കിയത്‌ അവരായിരുന്നു. എന്നാല്‍ ഏറെ സാധ്യതകളുള്ള റബ്ബര്‍ പോലുള്ള ഉത്‌പന്നങ്ങളില്‍നിന്ന്‌ പോലും വ്യാവസായിക ഉത്‌പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്‌ അവര്‍ക്കും കഴിഞ്ഞില്ല. ഇടക്കാലത്ത്‌ അത്തരം ശ്രമങ്ങള്‍ നടന്നെങ്കിലും ട്രേഡ്‌ യൂണിയനുകളുടെ അതിപ്രസരം അതിന്‌ തടസ്സമായി. ആംഗലേയ കഥയിലെ ഫ്രാങ്ക്‌ ഐന്‍സ്റ്റീന്‍ പിശാചിനെപ്പോലെയാണ്‌ സി.പി.എമ്മിനിന്ന്‌ അതിന്റെ തൊഴിലാളി സംഘടന. പാര്‍ട്ടിക്ക്‌ പോലും നിയന്ത്രിച്ചാല്‍ കിട്ടാത്ത വിധം വളര്‍ന്ന അത്‌ ഇന്ന്‌ സി.പി.എമ്മിന്‌ തന്നെ ദ്രോഹമാവുകയാണ്‌. ആലപ്പുഴയില്‍ തുറമുഖ വികസനത്തിന്‌ ഏറെ സാധ്യതകളുള്ള പ്രദേശമായിരുന്നു. അത്‌ ഇല്ലാതാക്കിയത്‌ ട്രേഡ്‌ യൂണിയനുകളാണ്‌. അവകാശ പോരാട്ടങ്ങള്‍ക്കുവേണ്ടിയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി തൊഴിലാളികളെ സംഘടിപ്പിച്ചത്‌. എന്നാല്‍ ഇന്നത്‌ വ്യവസായങ്ങള്‍ക്ക്‌ തുരങ്കംവെക്കുകയാണ്‌. കേരളത്തില്‍ ഏതെങ്കിലും വ്യവസായം വന്നാല്‍ തൊട്ടുപിന്നാലെ അവിടെ ഇങ്ക്വിലാബ്‌ വിളി ഉയരും. അത്‌ മാറണം.

കിനാലൂര്‍ പോലുള്ള സംഭവങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന്‌ കരുതുന്നുണ്ടോ?

സാധാരണക്കാരന്റെ അഞ്ചും പത്തും സെന്റ്‌ പിടിച്ചടക്കിയുള്ള റോഡ്‌ വികസനത്തോട്‌ യോജിക്കാനാവില്ല. കേരളം ജനസാന്ദ്രത കൂടിയ പ്രദേശമാണ്‌. വെള്ളവും വെളിച്ചവും ഒരുപോലെ ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥയാണ്‌ ഈ ജനസാന്ദ്രതക്കു കാരണം. നമ്മുടെ നാട്ടില്‍ നടക്കുന്ന പല റോഡ്‌ വികസനങ്ങള്‍ക്കും റിയല്‍എസ്റ്റേറ്റ്‌ ലക്ഷ്യമുണ്ട്‌. സാധാരണക്കാരെ കുടിയൊഴിപ്പിച്ച്‌ റോഡ്‌ വീതി കൂട്ടുന്നതിന്‌ പകരം കാറുകളുടെയും മറ്റ്‌ ആഡംബരവാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയാണ്‌ വേണ്ടത്‌. അത്‌ പ്രകൃതിക്കും ജനങ്ങള്‍ക്കും ഒരുപോലെ ഗുണംചെയ്യും. ബംഗാളില്‍ സി.പി.എമ്മിന്‌ സംഭവിച്ചതും ഇതുതന്നെയാണ്‌. സിംഗൂര്‍ പോലുള്ള പ്രദേശങ്ങളില്‍ ടാറ്റയുടെ കാര്‍പ്ലാന്റിനുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിച്ചത്‌ മഹാ അപരാധമായിരുന്നു. അപ്പര്‍മിഡില്‍ക്ലാസ്‌ വിഭാഗക്കാരായ ബാബുവര്‍ഗ്ഗത്തെ പ്രീണിപ്പിക്കാന്‍ നടത്തിയ ശ്രമമാണ്‌ ബംഗാളില്‍ സി.പി.എമ്മിന്‌ തിരിച്ചടിയായത്‌.
(
വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com