-ഡോ. എം.ജി.എസ്. നാരായണന്‍
മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ പ്രത്യയശാസ്‌ത്രം എന്നു പറയുമ്പോള്‍ വേശ്യ പാതിവ്രത്യത്തെപറ്റി പ്രസംഗിക്കുന്നതുപോലെ മാത്രമേ കണക്കാക്കേണ്ടതുള്ളു. പണം സമ്പാദിക്കാനും അധികാരം വര്‍ദ്ധിപ്പിക്കാനും ഉള്ള വഴിക്ക് സഞ്ചരിച്ച്, മുദ്രാവാക്യങ്ങള്‍ അപ്പപ്പോഴത്തെ ആവശ്യം മനസ്സിലാക്കുന്നവിധം രൂപപ്പെടുത്തുകയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത്. പ്രത്യയശാസ്‌ത്രം അവരെന്നോ മറന്നുപോയിരിക്കുന്നു. അല്ലെങ്കില്‍ ഭൗതികവാദികള്‍ക്ക് മതസംഘടനകളില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കാനോ മതവിശ്വാസികള്‍ക്ക് വോട്ടു കൊടുക്കുവാനോ സാധിക്കുകയില്ലല്ലോ. അക്രമസ്വഭാവമുള്ള വിപ്ലവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അക്രമരഹിതമായ ജനാധിപത്യ പരിപാടികളില്‍ പ്രവര്‍ത്തിക്കാനും സാധ്യമാവില്ല.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തുവന്ന സ്ഥിതിക്ക് ക്രിസ്‌ത്യന്‍,മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ക്രിസ്‌ത്യന്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നുവെന്നാണ് പറയുന്നത്. ഈ പ്രസ്‌താവന പതിവുപോലെ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി അന്യോന്യം മത്സരിപ്പിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃസ്വഭാവം മനസ്സിലാക്കുന്നവര്‍ അത് കാര്യമായി എടുക്കേണ്ടതില്ല. എന്നാല്‍, ആ തിരിച്ചറിവ് ഇല്ലാത്ത സാധാരണ പൗരന്മാരില്‍ ചിലര്‍ ഇതുകണ്ട് പരിഭ്രമിക്കുകയും നിലപാടില്‍ മാറ്റം വരുത്തുകയും ചെയ്‌തേക്കാം. ഇതാണ് സി.പി.എം നേതാക്കളുടെ ആവശ്യം.
തങ്ങള്‍ വളരെക്കാലമായി വാദിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോഴെങ്കിലും മാര്‍ക്‌സിസ്റ്റുകാര്‍ മനസ്സിലാക്കിയല്ലോ എന്നാലോചിച്ച് ഹിന്ദുത്വവാദികള്‍ സന്തോഷിക്കണം. എന്നിട്ട് മാര്‍ക്‌സിസ്റ്റുകളുടെ കൂടെ കൂടി അവരെ പിന്താങ്ങി, അവര്‍ക്ക് വോട്ട് ചെയ്യണം. സി.പി.എം നേതാക്കള്‍ പ്രതീക്ഷിക്കുന്നത് ഇതാണ്. ഹിന്ദുത്വവാദികള്‍ക്ക് മാര്‍ക്‌സിസ്റ്റുകളോട് പ്രേമവും ക്രിസ്‌ത്യന്‍, മുസ്‌ലിം ന്യൂനപക്ഷങ്ങളോട് വിദ്വേഷവും ഉണ്ടാകണമെന്ന് അവര്‍ (സി.പി.എം) സങ്കല്‍പ്പിക്കുന്നു. അതുപോലെ മാര്‍ക്‌സിസ്റ്റുകള്‍ തങ്ങളെ ഉപേക്ഷിച്ചുപോയാല്‍ ആപത്താണല്ലോയെന്ന് ഭയപ്പെട്ട് മതന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളെ കൂടുതല്‍ വെറുക്കുകയും മാര്‍ക്‌സിസ്റ്റുകളെ പ്രീണിപ്പിക്കാന്‍ എന്തു ചെയ്യണം എന്ന് ആലോചിക്കുകയും വേണം-ഇതാണ് സി.പി.എം നേതൃത്വം ആഗ്രഹിക്കുന്നത്. ഇങ്ങനെ കുതന്ത്രങ്ങളിലൂടെ സമുദായങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് മുമ്പും ഓരോ അവസരത്തിലും ചെയ്‌തിട്ടുള്ളതാണ്.
മാര്‍ക്‌സിസ്റ്റുകളുടെ യഥാര്‍ത്ഥ സ്വഭാവത്തെപറ്റി ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാവുകയും അവര്‍ രാഷ്‌ട്രീയമായി പക്വത സമ്പാദിക്കുകയും ചെയ്‌താല്‍ ഈ വഞ്ചനാപരമായ പദ്ധതി വിജയിക്കില്ല. ജനങ്ങളെ എന്നും മണ്ടന്മാരാക്കി നിലനിര്‍ത്താനാണ് സര്‍വ്വാധിപത്യ മോഹികളായ മാര്‍ക്‌സിസ്റ്റുകാര്‍ ആഗ്രഹിച്ചിട്ടുള്ളത്. അവര്‍ അതില്‍ കുറേയൊക്കെ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പശ്ചിമബംഗാളില്‍ കൂടി ജനങ്ങള്‍ കാര്യം മനസ്സിലാക്കി പ്രതിരോധം സംഘടിപ്പിച്ചതോടെ കേരളത്തില്‍ പഴയപോലെ ഈ തന്ത്രങ്ങള്‍ ചെലവാകാന്‍ ഇടയില്ല.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സാമ്രാജ്യവാദികളുടെ നയത്തെ അതികഠിനമായി വിമര്‍ശിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ആ തരം നയം സ്വയം ആവിഷ്‌കരിച്ചിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഅ്‌ദനിയെ കൂട്ടുപിടിച്ചതിന്റെ തിക്തഫലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മനസ്സിലാക്കി. ഇനിയിപ്പോള്‍ എന്‍.ഡി.എഫിനെ തൊട്ടാല്‍ കൈപൊള്ളും എന്ന് അവര്‍ കണ്ടുപിടിച്ചു. അതുകൊണ്ടാണ് എന്‍.ഡി.എഫ് തുടങ്ങിയ കക്ഷികളെ ഇപ്പോള്‍ തള്ളിപ്പറയാന്‍ ശ്രമിക്കുന്നത്. ബോംബ് നാടകങ്ങളില്‍ എന്‍.ഡി.എഫിന്റെ പങ്കിനെപറ്റിയുള്ള ആരോപണങ്ങള്‍ ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കുന്ന തരത്തിലാണ് നാട്ടില്‍ തുടരെ തുടരെ ഉണ്ടാവുന്ന സ്‌ഫോടനങ്ങളും മറ്റും. ആ നിലക്ക് പഴയ കൂട്ടുകെട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു ഒഴികഴിവ് കൂടിയായിട്ടാണ് ഇപ്പോഴത്തെ പ്രസ്‌താവനകള്‍.
കേരളത്തില്‍ എല്ലാ സമുദായങ്ങളിലും വര്‍ഗ്ഗീയത ഏറെ കാലമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ മുഖ്യ കാരണം ഇടതു കക്ഷികളുടെ ഒളിച്ചുകളികളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമാണ്. ഒരിക്കല്‍ ന്യൂനപക്ഷങ്ങളെയും പിന്നീട് ഭൂരിപക്ഷങ്ങളെയും വിമര്‍ശിച്ച് സി.പി.എം ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഒരു തരം പരിഭ്രാന്തിയുടെ ഫലമാണ്. മറ്റു രാജ്യങ്ങളിലെന്നപോലെ കേരളത്തിലും തങ്ങളുടെ കള്ളിപൊളിഞ്ഞെന്ന് തിരിച്ചറിയുമ്പോഴാണ് അവര്‍ പുതിയ ചപ്പടാച്ചികള്‍ രംഗത്തിറക്കുന്നത്. ഒരു തരത്തിലുള്ള നിരാശാബോധമാണ് സി.പി.എമ്മിന്റെ ഇത്തരം മലക്കംമറിച്ചിലുകള്‍ക്ക് പിന്നിലുള്ളത്.
ഇപ്പോഴത്തെ ഭൂരിപക്ഷ പ്രീണനം ഹൈന്ദവജനതയുടെ പ്രീതിക്കും ക്രൈസ്‌തവ, മുസ്‌ലിം ജനതയുടെ ഭയപ്പെട്ടുകൊണ്ടുള്ള പരക്കം പാച്ചിലിനും ഇടയാക്കണമെന്നില്ല. അങ്ങനെ സംഭവിക്കുമോ എന്നത് കേരള ജനതയുടെ വിവേചന ശേഷിയുടെ അളവുകോലായി കണക്കാക്കാവുന്നതാണ്.
സ്വത്വരാഷ്‌ട്രീയം പോലുള്ള ചര്‍ച്ചകള്‍ ആളുകളെ ആശയക്കുഴപ്പത്തിലാക്കാന്‍ മാത്രമാണ്. സ്വത്വരാഷ്‌ട്രീയം വേണ്ടെന്നും സ്വത്വബോധമാണ് വേണ്ടതെന്നും പറയുന്ന കെ.ഇ.എന്‍ കുഞ്ഞഹമ്മദും വാക്കുകള്‍ കൊണ്ട് കളിക്കുകയാണ് ചെയ്യുന്നത്. ഏതായാലും സി.പി.എമ്മിന്റെ വിലകുറഞ്ഞ രാഷ്‌ട്രീയതന്ത്രം കേരളത്തില്‍ വിലപ്പോവില്ല എന്നാണ് കരുതുന്നത്. ജനങ്ങളില്‍നിന്ന് അകലുന്ന ഒരു പ്രസ്ഥാനത്തിന് ഉണ്ടാവുന്ന പരിഭ്രാന്തിയും ഭീതിയും സി.പി.എമ്മിനെ ബാധിച്ചിരിക്കുകയാണ്. ബംഗാളില്‍ ഉണ്ടായ തിരിച്ചടി അവരെ കൂടുതല്‍ വിഷമസന്ധിയിലാക്കിയിരിക്കുകയാണ്. പ്രത്യയശാസ്‌ത്രത്തിന്റെ മറവില്‍ അവര്‍ നടത്തുന്ന വിലകുറഞ്ഞ രാഷ്‌ട്രീയനാടകം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.
No comments:
Post a Comment