കൊച്ചി: മറയൂരില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ ലോക്കപ്പില്‍ മൂത്രം കുടിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കാന്‍ നീക്കം. സിപിഎം നേതൃത്വമാണ് ഈ നീക്കത്തിന് പിന്നില്‍. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വരുത്താനാണ് ശ്രമം. അതേസമയം മറയൂരില്‍ സിപിഎം-എന്‍ഡിഎഫ് സഖ്യം പോലീസിന്റെ ഒത്താശയോടെ നരവേട്ട തുടരുകയാണ്. ആര്‍എസ്‌എസ് ദേവികുളം താലൂക്ക് കാര്യവാഹ് കോവില്‍ക്കടവ് പുത്തന്‍മഠം സുധാകരന്റെ സഹോദരന്‍ ബിജു(34)വിനെയാണ് പോലീസ് ലോക്കപ്പില്‍ മൂത്രം കുടിപ്പിച്ചത്. പ്രദേശത്ത് 'റഫീഖ്' എന്ന മുസ്ലീം യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ നവംബര്‍ 25 ന് കസ്റ്റഡിയിലെടുത്ത ബിജുവിനെ ലോക്കപ്പില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു.
എഎസ്‌ഐ എം.നസിറുദ്ദീന്റെ നേതൃത്വത്തിലായിരുന്നു മൂത്രം കുടിപ്പിക്കല്‍. മര്‍ദ്ദനമേറ്റ് അവശനിലയിലായ ബിജു വെള്ളം ചോദിച്ചപ്പോള്‍ നസിറുദ്ദീന്‍ മിനറല്‍വാട്ടറിന്റെ കുപ്പിയില്‍ മൂത്രമൊഴിച്ച് നല്‍കുകയായിരുന്നു. ഇത് കൈകൊണ്ട് തട്ടിയ ബിജുവിനെ നസിറുദ്ദീന്‍ പോലീസുകാരായ പ്രദീപ്, ജോഷി എന്നിവരുമായി ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ബലമായി മൂത്രം വായില്‍ ഒഴിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഉന്നത പോലീസ് അധികാരികള്‍ക്കും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി. മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ബിജു. സംസ്ഥാന സര്‍ക്കാര്‍ ജനമൈത്രി പോലീസ് പദ്ധതി നടപ്പിലാക്കുന്നതിടെയാണ് കേരളാ പോലീസിനാകെ അപമാനകരമായ മൂത്രം കുടിപ്പിക്കല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.
സുധാകരന്റേതുള്‍പ്പെടെ പ്രദേശത്തെ പന്ത്രണ്ടോളം ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ എന്‍ഡിഎഫ്-സിപിഎം അക്രമിസംഘം തകര്‍ത്തിട്ടുണ്ട്. ഇരുന്നൂറോളം വരുന്ന അക്രമിസംഘം മാരകായുധങ്ങളുമായി വീട് വളയുമ്പോള്‍ സുധാകരന്റെയും ബിജുവിന്റെയും രണ്ട് സഹോദരിമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടുകയായിരുന്നു. വീട് പൂര്‍ണമായും തകര്‍ത്തുകളഞ്ഞു. സ്ഥലം എംഎല്‍എ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് സിപിഎം-എന്‍ഡിഎഫ് അക്രമികള്‍ അഴിഞ്ഞാടിയത്.
മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം കാവല്‍നില്‍ക്കെ ഇരുന്നൂറോളം അക്രമികള്‍ വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നു. ഈ സമയമത്രയും മറയൂരിലെ സിപിഎം ഓഫീസില്‍ എംഎല്‍എ രാജേന്ദ്രന്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. എംഎല്‍എയുടെയും സിപിഎം നേതാക്കളുടെയും നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് നിഷ്ക്രിയത്വം പാലിച്ചത്. 25 ന് രാവിലെ ക്ഷീരസൊസൈറ്റിയില്‍ പാല്‍ കൊടുത്ത് മടങ്ങിവരവെ ബിജുവിനെ ഒരുസംഘം സിപിഎം അക്രമികള്‍ വളഞ്ഞു. പിന്നീട് പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് വൈകിട്ടാണ് പോലീസ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. 25 മുതല്‍ 30 വരെ അഞ്ചുദിവസം ബിജുവിനെ കസ്റ്റഡിയില്‍ വച്ച് ക്രൂരമായി പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. 30 നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് സംഭവസ്ഥലത്തെത്തിയതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് തയ്യാറായത്. ബിജുവിനൊപ്പം കസ്റ്റഡിയിലെടുത്ത മൂന്നുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ബിജുവിനെ അവിടെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ല. റഫര്‍ ചെയ്തതനുസരിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ മേലാസകലം ക്രൂരമര്‍ദ്ദനത്തിന്റെ അടയാളങ്ങളുണ്ട്.
1 comment:
ഇതാണ്, യഥാര്‍ത്ഥ ജനാധിപത്യം
Post a Comment